DCBOOKS
Malayalam News Literature Website

‘ഏകാന്തതയുടെ മ്യൂസിയ’ത്തിലൂടെ കടന്നുപോയവന്റെ ഓര്‍മ്മക്കുറിപ്പ്…

എം.ആര്‍.അനില്‍ കുമാറിന്റെ ‘ഏകാന്തതയുടെ മ്യൂസിയം’ എന്ന നോവലിന് അരുണ്‍ മോഹന്‍ എഴുതിയ വായനാനുഭവം

അതൊരു ഗംഭീരന്‍ അനുഭവം ആയിരുന്നു. കുറച്ചു കാലത്തിനു ശേഷം വലിയൊരു നോവലിലൂടെ കടന്നുപോകാന്‍ കഴിഞ്ഞു. വലിപ്പം എന്നതുകൊണ്ട് ഉദ്ദേശിച്ചത് താളുകളുടെ എണ്ണം മാത്രമല്ല; കഥകളുടെ ബാഹുല്യവും അവ നമ്മെ നയിക്കുന്ന ലോകങ്ങളുടെ ആഴവും പരപ്പുമാണ്. വായനയുടെ ആലസ്യത്തില്‍ നിന്നും ഞാനിനിയും പുറത്തേക്കു കടന്നിട്ടില്ല.
അട്ടപ്പാടിയിലെ ഔദ്യോഗിക ജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് പട്ടാമ്പിയിലേക്ക് കൂടു മാറുമ്പോള്‍ മഴ ഇത്രമേല്‍ കനത്തിരുന്നില്ല. ഇപ്പോള്‍ മഴ തോരാതെ പെയ്യുന്നുണ്ട്.

ജൂണ്‍ എട്ടിന് കോളജ് ലൈബ്രറിയില്‍ നിന്നും ഏകാന്തതയുടെ മ്യൂസിയം എന്ന പുസ്തകം വായിക്കാന്‍ എടുത്തു. ആദ്യത്തെ പത്തുമുപ്പത് താളുകള്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്നെ പുറത്തേക്ക് തള്ളുകയും അകത്തേക്ക് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു. വേണമെങ്കില്‍ അകത്തേക്ക് കയറാം അല്ലെങ്കില്‍ ഒഴിഞ്ഞു പോകാം എന്ന എഴുത്തുകാരന്റെ ഭാവം പുസ്തകവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ഒരു വായനക്കാരന്‍ എന്ന നിലയില്‍ മറ്റൊരാനന്ദം ഒരു മേശക്കപ്പുറം എഴുത്തുകാരന്‍ ഉണ്ടെന്നതായിരുന്നു. (അദ്ദേഹം പട്ടാമ്പി കോളേജിലെ മലയാള വിഭാഗത്തില്‍ അധ്യാപകനാണ്). ഏകാന്തതയെ സംബന്ധിക്കുന്ന നോവലിസ്റ്റിന്റെ നിലപാടുകള്‍ വെറും കെട്ടുകഥ ആയിരുന്നില്ല; ജീവിതത്തിന്റെ ഭാഗമായതു തന്നെയെന്ന് അപ്രകാരം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഏകാന്തതയുടെ മ്യൂസിയത്തെ ക്രൈം ത്രില്ലറിലേക്ക് ഒതുക്കാനുള്ള ചിലരുടെ ബാഹ്യമായ ഇടപെടലുകള്‍ അതീവ ദുഃഖകരമാണെന്ന് അദ്ദേഹവുമായുള്ള ദിനാന്ത്യങ്ങളിലെ ഹ്രസ്വയാത്രകള്‍ക്കിടയില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഈ പുസ്തകം ഒരിക്കലും ഒരു ക്രൈം ത്രില്ലര്‍ ആയിരുന്നില്ല; ചില വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനും ഒരുപാട് നല്ല വായനക്കാരെ നോവലിന്റെ ആത്മശരീരത്തില്‍നിന്ന് അകറ്റിനിര്‍ത്താനും ഈ ഇടപെടലിന് കഴിഞ്ഞിരിക്കണം (ഇതൊരു ഗംഭീരന്‍ ത്രില്ലറാണ്).

2020-ല്‍ കോവിഡ് നിയന്ത്രണങ്ങളൊട്ടൊഴിഞ്ഞൊരു ഘട്ടത്തില്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കുകയുണ്ടായി; അവരുടെ മേശമേല്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏകാന്തതയുടെ മ്യൂസിയം കണ്ടിരുന്നു. ഇത്ര വലിയ ഒരു പുസ്തകം വായിക്കുന്ന സുഹൃത്തിനെ അത്ഭുതത്തോടെ നോക്കി. അവര്‍ പറഞ്ഞു ‘അതിഗംഭീരമായൊരു നോവലാണിത്. വളരെ ശ്രമകരമാണിതിലേക്ക് പ്രവേശിക്കാന്‍. പ്രവേശിച്ചാല്‍ പുറത്തു കടക്കല്‍ അതിലേറെ ശ്രമകരമാണ്’. അതെ, അതങ്ങനെ തന്നെയാണ്. കഥാപാത്രങ്ങളായ വ്യക്തികളും കല്പിതദേശവും ചരിത്രസന്ദര്‍ഭങ്ങളും നമ്മെ ആവേശിക്കുന്നു. ചിലരെങ്കിലും ഗൂഢമായി നമ്മെ മോഹിപ്പിക്കുന്നു. Textപ്രണയവും സൌഹൃദവും രതികാമനകളും വനസഞ്ചാരവും നീലത്തടാകവും സുഖാനുഭവസ്വപ്നങ്ങളുടെ മുറിയും നാല്പത് വര്‍ഷത്തോളമെങ്കിലും ആന്ത്രയോസ് കട്ടക്കാരനെ അടച്ചിട്ട മുറിയും അതില്‍ ഏറ്റവുമവസാനം ഭ്രാന്ത്മൂത്ത് സ്വയം പ്രാപിക്കാന്‍ മുറിവേറ്റ് വിവസ്ത്രയാക്കപ്പെട്ട രുചിക്കൂട്ടുകളുടെ സൂക്ഷിപ്പുകാരി റോസാ സെലിനും ആന്ത്രയോസ് കട്ടക്കാരനാല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടവളും അനന്തരം സ്വയം കീറിമരണവക്ത്രത്തെ ചുംബനത്താല്‍ വശീകരിച്ചവളും മരണാനന്തരം സ്വയം പുണ്യവതിയായിത്തീര്‍ന്ന് കിടപ്പുമുറിയില്‍ അടക്കം ചെയ്യപ്പെട്ട സാന്യാ ഡയാനയെന്ന ജെന്നിയും ചാരസുന്ദരി മൃണാളിനി സുഭാഷും പെരുംനുണയനും മിലിറ്റന്റ് കരുണന്‍സാറും എനിക്കും സിദ്ധാര്‍ത്ഥനും പ്രിയപ്പെട്ടവളും, അനിതരസാധാരണമായ രത്യാനന്തരം തടാകത്തിന്റെ മോഹിപ്പിക്കുന്ന ശാന്തിയിലേക്ക് മരണമയൂരത്തിന്റെ നൃത്തംകണ്ട് സ്വര്‍ണത്താമര പറിക്കാന്‍ നിയുക്തനായവനും, വടവനാല്‍ക്കല്‍ കുടുംബത്തിന്റെ ചരിത്രകാരന്‍ കൂടിയായ ക്ലെമന്റ് ആല്‍ബര്‍ട്ടോയുടെയും ഭ്രാന്തനായ യൂറോപ്യന്‍ ചിത്രകാരന്റെയും ഓടക്കുഴല്‍പ്പാട്ടുകാരനായ ലാന്റ് സര്‍വേയറുടെയും ഷാര്‍പ്പ് ഷൂട്ടറായ രണ്ടാം ഗ്രേഡ് ഫോറസ്റ്ററുടെയും പ്രണയഭാജനം മഗ്ദലേന സലോമിയും നമ്മെ പിന്തുടരാതിരിക്കില്ല.

രണ്ടുവര്‍ഷത്തോളമെടുത്ത് എഴുതിയ നോവല്‍ പിന്നീടുള്ള ആറു വര്‍ഷം ഒരാള്‍ വായിക്കുകയും തിരുത്തുകയും (അത്രതന്നെ പിന്തുണച്ചവരെയും നോവലിസ്റ്റ് പരാമര്‍ശിക്കുന്നുണ്ട്) ചെയ്‌തെങ്കില്‍ ഈ പുസ്തകം അയാള്‍ക്ക് ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള സര്‍ഗ്ഗാത്മകോപാധിയാണെന്ന് വായനക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ജ്ഞാനാന്വേഷിയുടെ ധീരവും അര്‍പ്പിതവുമായ സഞ്ചാരം നമ്മെ അമ്പരപ്പിക്കും. പാശ്ചാത്യ സാഹിത്യമീമാംസയില്‍ പരിചിതനായ ഹൊരേസ് തന്റെ കവിശിക്ഷയില്‍ ചെറുപ്പക്കാരനായ എഴുത്തുകാരന് നല്കിയ ഉപദേശം എം.ആര്‍ പ്രാവര്‍ത്തികമാക്കി. അയാള്‍ക്കങ്ങനെയൊന്നിലും തിടുക്കമില്ല; വെപ്രാളപ്പെട്ട ചില എടുത്തു ചാട്ടങ്ങളൊഴിച്ചാല്‍. ഗബ്രിയേല്‍ ജോസഫ് കട്ടക്കാരനും സിദ്ധാര്‍ത്ഥനും ദേശത്തെപ്പറ്റിയുള്ള ആയിരം നുണകളുടെ കര്‍ത്താവും കര്‍തൃസ്വത്വത്തെ വായനക്കാരില്‍ പതിപ്പിക്കാന്‍ പോന്ന നിലപാടുകളുള്ളവരാണ്.

എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അനുഭവ ലോകങ്ങളെ ചേര്‍ത്തുവച്ച് ഏകാന്തതയുടെ മ്യൂസിയം എന്ന് നോവലിന്റെ പേര് അവതരിച്ചു. മ്യൂസിയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തുകാരന്‍ സ്വയം വിലയിരുത്തി:

‘ഇതെഴുതിയ ആള്‍ അവിദഗ്ദ്ധനായ ഒരു എഴുത്തുകാരനാണ്. ഒരുപാട് തവണ തിരുത്തി എഴുതിയാല്‍ മാത്രം വൃത്തിയായി തെളിഞ്ഞുവരുന്ന പുരാതന ശിലാലിഖിതങ്ങള്‍ മാതിരി അസംസ്‌കൃതമായ ഒരുതരം ഭാഷയാണ് എന്റേത്’ ഇതൊരിക്കലും വായനക്കാരെ സ്പര്‍ശിക്കില്ലെന്ന് ഈ നോവലിലൂടെയുള്ള സഞ്ചാരം എന്നെ ബോധ്യപ്പെടുത്തി. എഴുത്തുകാരന്റെ അവിദഗ്ദ്ധത പരതാന്‍ നമുക്കിതിനകത്ത് കയറിയാല്‍ സമയം കിട്ടാനിടയില്ല.
‘ആദ്യം, വല്ലാത്ത ഒരു ഭീതി വന്ന് മനസ്സിനെ തൊടുകയായിരുന്നു’ ഈ വാക്യത്തോടെ നോവല്‍ ആരംഭിക്കുന്നു. രണ്ടു ഭാഗങ്ങളാണ് നോവലിനുള്ളത് ഒന്നാം ഭാഗത്തില്‍ കണ്ടമ്പററി ന്യൂസിലെ സിദ്ധാര്‍ത്ഥന്റെ സ്വപ്നാനുഭവങ്ങളും എക്‌സകവേഷന്‍സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട നോവല്‍ ഭാഗവുമായി ബന്ധപ്പെട്ട സിദ്ധാര്‍ത്ഥന്റെ അന്വേഷണവും അനവധി സംഭവങ്ങളുടെ ആഖ്യാനവും ആണെങ്കില്‍ രണ്ടാംഭാഗം (നോവലിനകത്തെ ഗബ്രിയേല്‍ ജോസഫ് കട്ടക്കാരനല്ലാത്ത) എഴുത്തുകാരന്റെ നോവലും പരിണാമവുമാണെന്ന് എനിക്ക് ചുരുക്കിപ്പറയാന്‍ തോന്നുന്നു. (ഒരുപക്ഷേ, ഇനിയൊരാവൃത്തി വായിച്ചാല്‍ ഈ അഭിപ്രായം മാറുമെന്ന് ന്യായമായും ഞാന്‍ സന്ദേഹിക്കുന്നു. നോവലിസ്റ്റിനെപ്പോലെ എല്ലാ സംഭവങ്ങളുടെയും വിശദാംശങ്ങളിലേക്ക് പോകാന്‍ വായനക്കാരനാകണമെന്നില്ല. ഈ നോവലിന്റെ എട്ടുവര്‍ഷത്തോളമെടുത്ത പരുവപ്പെടല്‍ എഴുത്തുകാരനും ഇതിലേറെ വേദനാഭരിതവും സന്ദേഹാസ്പദവും സര്‍ഗ്ഗാത്മകവുമായ അനേകാനുഭവങ്ങളിലൂടെ കടന്നുപോയെന്നതിന് തെളിവാണെന്നും ധരിക്കാനുള്ള വായനക്കാനെന്ന നിലയിലുള്ള എന്റെ അവകാശത്തെ ഞാന്‍ വിലമതിക്കുന്നു).

ഒന്നാം ഭാഗത്തില്‍ രണ്ടു കൊലപാതകങ്ങളുടെ പ്രത്യക്ഷ വിവരണമുണ്ട്.  രണ്ടാം ഭാഗത്തില്‍ നോവലിലെ നോവലില്‍ അനവധി കൊലപാതകങ്ങള്‍ അരങ്ങേറുന്നു, അടുത്ത നിമിഷം സംഭവിക്കാനിരിക്കുന്ന അഥവാ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന കൊലപാതകത്തിനു മുമ്പില്‍ വായനക്കാരെ ഉപേക്ഷിച്ച് എഴുത്തുകാരന്‍ മടങ്ങുന്നു.

ഒരാവൃത്തി മാത്രം ഈ നോവലിലൂടെ കടന്നുപോയതിന്റെ പ്രാഥമിക ആസ്വാദനക്കുറിപ്പ് മാത്രമാണിത്. ഇനിയും പല കാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ കടന്നു പോകേണ്ടതുണ്ട്. പ്രത്യേകിച്ചും ഗബ്രിയേല്‍ ജോസഫ് കട്ടക്കാരനും സിദ്ധാര്‍ത്ഥനും തമ്മില്‍ നടക്കുന്ന, എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള, സംവാദം എന്നിലെ വായനക്കാരന്‍ എഴുത്തുകാരന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായതിനാല്‍ പൂര്‍ണ്ണമായും എനിക്കുള്‍ക്കൊള്ളാനായിട്ടില്ല.

ഇരട്ടഗ്രാമങ്ങളുടെ കരുത്തുറ്റ പ്രാരംഭകന്‍ വെള്ളിങ്കീരിമൂപ്പന്റെ ശരീഘടനയും പ്രവൃത്തികളും സിയാറ്റില്‍ മൂപ്പനെ നോവലില്‍ പരാമര്‍ശിച്ചതും ഞാനിപ്പോളോര്‍ത്തു. ലാറ്റിനമേരിക്കനിതിഹാസം മാര്‍ക്കേസും എഴുത്തുകാരനും തമ്മിലുള്ള ചില ആന്തരസംവാദങ്ങളുടെ അനുരണനങ്ങളും ഇതിലദൃശ്യമായി ഇനിതിരിച്ചറിയാനാകാത്ത വിധം ഞാന്‍ കണ്ടെടുത്തിരുന്നു. സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയില്‍ മഞ്ഞഗ്രാമം ഇല്ലാതാകുന്നതുപോലെ വായനയോടുള്ള ആര്‍ത്തിക്കിടയില്‍ അന്നേരമുണ്ടായ ചില വെളിവുകള്‍ പിന്നീടെനിക്കും നഷ്ടമായി.

വൈറ്റിലത്തമ്പാന്റെ വിശ്വസ്തനായ സാരഥി സുബ്രുവിനെപ്പോലെ ഇടയില്‍ വെടിയേറ്റ് വീണു പോയേക്കാമെങ്കിലും ഇനിയും ആസക്തിയുടെയും അടിച്ചമര്‍ത്തലിന്റെയും കീഴ്‌പ്പെടുത്തലിന്റെയും ചരിത്രവും പ്രദര്‍ശനാത്മകതയുടെ ഗ്രന്ഥവൈപുല്യവും സുപ്രധാനരേഖകളുടെയും സാധനങ്ങളുടെയും ബലികുടീരം കൂടിയായ വെള്ളഗ്രാമത്തിലെ വടവനാല്‍ക്കല്‍ കുടുംബത്തിന്റെ കൊളോണിയല്‍ കെട്ടുപുരയിലേക്കും അഥവാ എഴുത്തുകാരന്റെ പ്രിയപ്പെട്ട ബംഗ്ലാവിലേക്കും ഇനിയും പോകേണ്ടതുണ്ട്. ടെറിന്‍ തോമസ് – റിമ – സിദ്ധാര്‍ത്ഥന്‍ – വര്‍ഷ – ഗോകുല്‍, തുടങ്ങിയവരിലൂടെ എഴുത്തുകാരന്‍ അലസമല്ലാതെ രേഖപ്പെടുത്തിയ പ്രണയം, സൌഹൃദം, പരിഗണന, പരിലാളന എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. നോവലിലെ മിലിറ്റന്റ് കരുണന്‍ സാറിനേപ്പോലെ സാഹിത്യത്തിലും സമൂഹത്തിന്റെ നിലയിലും സന്ദേഹിയെങ്കിലും സര്‍ഗ്ഗാത്മകമായിടപെടുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്രാമത്തിലെ ബാറില്‍ മൂലയിലെ സീറ്റിലമര്‍ന്നിരുന്ന് രണ്ട് പെഗ്ഗ് റമ്മോ വിസ്‌ക്കിയോ അപ്പോഴത്തെ ലഭ്യതയ്ക്കനുസരിച്ച് മോന്തേണ്ടതുണ്ട്. വന്യമായ മാംസം ഭുജിക്കേണ്ടതുണ്ട്. കട്ടക്കാരനെക്കൂടാതെ റോസാസെലിനും, പഴക്കൃഷിക്കാരനും കാവല്‍പ്പോരാളിയും കൂടിയായ സുലൈമാന്‍ ജഹ്നാരിയും, പുറത്ത് കാത്തു നില്ക്കുന്നുണ്ടാകും. ഗ്രാമത്തിലെവിടെയും വീടുള്ള ജൂഹു ചില പ്രേതകഥകള്‍ പറയാനിടയുണ്ട്. അതിനുശേഷം ദീര്‍ഘദൂരം കാട്ടില്‍ പുഴതീര്‍ത്ത അരികുകളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. മഗ്ദലേന സലോമിയുടെ സൌന്ദര്യത്തിലലിഞ്ഞ് തടാകത്തില്‍ അടക്കപ്പെട്ട അവളുടെ കാമുകന്മാരോട് സംവദിക്കേണ്ടതുണ്ട്. കട്ടക്കാരന്‍ പറഞ്ഞതു പ്രകാരം അവള്‍ മാലാഖയല്ല ചെകുത്താനാണെന്ന വാക്യം സിദ്ധാര്‍ത്ഥനെപ്പോലെ എന്നെയും വേദനിപ്പിച്ചിരുന്നു. ബാഗ്മയെന്ന വിഷാദം പൊഴിക്കുന്ന പുഴയുടതീരത്തിരുന്നു അപകടമരണം അനശ്വരനാക്കിയവന്റെ വയലിന്‍ സംഗീതം പശ്ചാത്തലമാക്കി ഒരു പക്ഷേ, ഞാനുമിങ്ങനെ പറഞ്ഞേക്കാം:

‘എനിക്ക് അളവറ്റ സങ്കടം തോന്നി. മഗ്ദലേന സലോമി എനിക്ക് സുന്ദരിയും വിശുദ്ധമായ മാലാഖ മാത്രമായിരുന്നില്ലല്ലോ. എന്റെ അന്വേഷണ യാത്രകളുടെ മുഴുവന്‍ ആവേശവും അവളായിരുന്നു. എന്റെ അയസ്‌കാന്തം. ഞാനോ കാറ്റിലൂടെ അവളിലേക്കു പാറി വീണുകൊണ്ടേയിരിക്കുന്ന അയോഭസ്മം പോലുള്ള പൂമ്പൊടി.’

ഒരു തിരുത്ത്: ഏകാന്തതയുടെ മ്യൂസിയത്തിന്റെ രചയിതാവ് ചിലപ്പോള്‍ ആത്മനിന്ദയിലോളം പോയി പറഞ്ഞതാകണം നോവലിലേക്കു നമ്മെ ക്ഷണിച്ചുകൊണ്ട് ‘അവിദഗ്ദ്ധനായ എഴുത്തുകാരനാണ്’ താനെന്ന്. ഒരുപക്ഷേ, ഊടുള്ളവരേക്കൊണ്ട് മാറ്റിപ്പറയിക്കാനുള്ള അബോധശ്രമം പോലുമാകാം. വലിയ ഊടും ഈടുമൊന്നുമില്ലെങ്കിലും ഇപ്രകാരം പറയാന്‍ ഞാനാഗ്രഹിക്കുന്നു; അതിവിദഗ്ദ്ധനും ബുദ്ധിമാനും അത്യധ്വാനിയുമാണീ എഴുത്തുകാരന്‍. അപാരമായൊരു ലോകക്രമം അയാള്‍ സൃഷ്ടിച്ചു. കുഴിവട്ടുകാരന്റെ മകളും ജീവനോടെ കുഴിച്ചുമൂടപ്പെട്ട, നിയമബാധയില്ലാത്ത, എറിറ്റീന ലാസറസ്സിനെ പോലുള്ളവരെ ഞാന്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങളും മുന്തിയ സന്ദര്‍ഭങ്ങളും പ്രവചനങ്ങളുടെ പുസ്തകവും അനശ്വരതയുടെ പുസതകവുമെല്ലാം വെള്ള ഗ്രാമത്തോടൊപ്പം പുതുവായനക്കാരെ കാത്തിരിക്കുന്നുണ്ട്. ദേശാടനപ്പക്ഷികളെപ്പോലെ അവരവിടേക്കൊഴുകിയെത്തും. അത് കാലത്തിന്റെ കാവ്യനീതി പോല്‍ സുന്ദരമായിരിക്കുമെന്നും എനിക്കുതോന്നുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.