DCBOOKS
Malayalam News Literature Website

വര്‍ത്തമാനനിമിഷത്തിന്റെ നഷ്ടം: കാതലായ മിഥ്യാബോധം

എക്ഹാര്‍ട് ടൊളെയുടെ ‘ഈ നിമിഷത്തില്‍ ജീവിക്കൂ’ എന്ന പുസ്തകത്തില്‍ നിന്നും

അന്തിമമായി സമയം ഒരു മിഥ്യയാണെന്നു ഞാന്‍ പൂര്‍ണ്ണമായി അംഗീ കരിച്ചാലും എന്റെ ജീവിതത്തില്‍ അത് എന്തു വ്യത്യാസമാണുണ്ടാക്കുക? സമയത്താല്‍ പൂര്‍ണ്ണമായും ഭരിക്കപ്പെടുന്ന ഒരു ലോകത്തു തന്നെ എനിക്കു ജീവിക്കേണ്ടേ?

ബുദ്ധിപരമായ ഐകമത്യം മറ്റൊരു വെറും വിശ്വാസം മാത്രമാണ്. അതു നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കുകയില്ല. സത്യം തിരിച്ചറിയണമെങ്കില്‍ നിങ്ങള്‍ അതു ജീവിതത്തില്‍ കൊണ്ടു വരണം. ജീവന്‍ തുടിക്കുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ കോശവും സന്നിഹിതമാവുമ്പോള്‍, ജീവിതത്തിന്റെ ഓരോ നിമിഷവും ഉണ്മയുടെ ആനന്ദമായി നിങ്ങള്‍ക്ക് അനുഭവവേദ്യമാകുമ്പോള്‍, നിങ്ങള്‍ സമയത്തില്‍നിന്നു സ്വതന്ത്രനായി എന്നു പറയാനാവും.

പക്ഷേ, നാളെ എനിക്കു പതിവുപോലെ ബില്ലുകള്‍ അടയ്ക്കണം. മറ്റേതൊരാളെയുംപോലെ എനിക്കും വയസ്സാവുകയും ഞാന്‍ മരിക്കുകയും ചെയ്യും. പിന്നെ ഞാന്‍ സമയത്തില്‍നിന്നു സ്വതന്ത്രനാണെന്ന് എങ്ങനെ പറയാന്‍ കഴിയും?

Textനാളത്തെ ബില്ലുകളല്ല പ്രശ്‌നം. ശരീരത്തിന്റെ വിഘടനവും ഒരു പ്രശ്‌നമല്ല. വര്‍ത്തമാനനിമിഷത്തിന്റെ നഷ്ടമാണു പ്രശ്‌നം. അല്ലെങ്കില്‍ ഒരു വെറും സന്ദര്‍ഭത്തെയോ സംഭവത്തെയോ വികാരത്തെയോ വ്യക്തിപരമായ പ്രശ്‌നവും ദുരിതവുമാക്കി മാറ്റുന്ന കാതലായ മിഥ്യാ ബോധമാണ് പ്രശ്‌നം. വര്‍ത്തമാനനിമിഷത്തിന്റെ നഷ്ടമെന്നാല്‍ ഉണ്മയുടെ നഷ്ടമാണ്.

സമയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമെന്നാല്‍, സ്വന്തം വ്യക്തിത്വത്തിനായി ഭൂതകാലത്തെയും നിര്‍വൃതിക്കായി ഭാവിയെയും മാനസികമായി ആശ്രയിക്കുന്നതില്‍ നിന്നുള്ള മോചനമാണ്. ബോധത്തിന്റെ, നിങ്ങള്‍ക്കു സങ്കല്പിക്കാവുന്നതില്‍ വച്ച് ഏറ്റവും അഗാധമായ പരിവര്‍ത്തനത്തെയാണ് അതു പ്രതിനിധീകരിക്കുന്നത്. വിരളമായ ചില സന്ദര്‍ഭങ്ങളില്‍, ബോധത്തിന്റെ ഈ മാറ്റം നാടകീയമായും മൗലികമായും എന്നെന്നേക്കുമായി സംഭവിക്കുന്നു. തീവ്രമായ ദുരിതത്തിനിടയിലുള്ള പൂര്‍ണ്ണമായ സമര്‍പ്പണത്തിലൂടെയാണ് അതു സാധാരണ സംഭവിക്കുക. പക്ഷേ, മിക്ക ആളുകള്‍ക്കും അതിനായി പരിശ്രമം ചെയ്യേണ്ടിവരും.

സമയരഹിതമായ ബോധാവസ്ഥയുടെ ആദ്യത്തെ നൈമിഷിക ദര്‍ശനങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, സമയത്തിന്റെയും സാന്നിദ്ധ്യത്തിന്റെയും മാനങ്ങള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും നിങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ വര്‍ത്തമാന നിമിഷത്തില്‍ എത്ര വിരളമായാണു നിങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത് എന്നതിനെക്കുറിച്ച് ആദ്യമായി നിങ്ങള്‍ക്ക് അവബോധമുണ്ടാകും. പക്ഷേ, നിങ്ങള്‍ സന്നിഹിതനല്ല എന്നറിയുന്നതും തന്നെ വലിയൊരു വിജയമാണ്. ആ അറിവുതന്നെ സാന്നിദ്ധ്യമാണ്. അതു ഘടികാരസമയത്തിന്റെ ഏതാനും നിമിഷങ്ങള്‍ മാത്രം നിലനിന്നു മാഞ്ഞുപോകുന്നതാണെങ്കില്‍ക്കൂടി. പിന്നീട്, കൂട കൂടെ ഭൂതകാലത്തിലോ ഭാവിയിലോ അല്ലാതെ വര്‍ത്തമാനനിമിഷത്തില്‍ നിങ്ങളുടെ ബോധത്തെ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ തീരുമാനിക്കും. വര്‍ത്തമാനനിമിഷത്തെ നഷ്ടപ്പെട്ടു എന്നു തിരിച്ചറിയുമ്പോഴൊക്കെ ഏതാനും നിമിഷത്തേക്കല്ലാതെ ഘടികാരസമയത്തിന്റെ ബാഹ്യമായ വീക്ഷണകോണില്‍നിന്നു കണക്കാക്കപ്പെടുമ്പോള്‍ കൂടുതല്‍ നേരത്തേക്കുതന്നെ വര്‍ത്തമാനനിമിഷത്തില്‍ നിങ്ങള്‍ക്കു വസിക്കാനാവും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.