DCBOOKS
Malayalam News Literature Website

ഉടലിനെക്കുറിച്ചുള്ള ആലോചനകൾ!

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ബുദ്ധപഥ- ത്തിന് ഡി. യേശുദാസ് എഴുതിയ വായനാനുഭവം

ഷിനിലാൽ തത്വചിന്തകനായ കഥാകാരനാണ്. ചരിത്രബോധവും ശാസ്ത്രീയതയും ഭരണഘടനാപര മായ മനുഷ്യാവകാശ ബോധ്യങ്ങളും അദ്ദേഹത്തിനുണ്ട്. ആഴമേറിയ ദേശബോധവും മാധുര്യമേറിയ നിരീക്ഷണകൗതുകവും ഒക്കെ ഷിനിലാലിൽ സമ്മേളിച്ചിട്ടുണ്ട്. എഴുത്ത് ഷിനിലാലിന് ധ്വനിപ്പിച്ചു പൊലിപ്പിക്കലാണ്. അതിൽ ധാരാളം വെളിച്ചമുണ്ട്. ചരിത്രത്തിന്റെ വേരുകളെ അശ്ലേഷിക്കുന്ന സറ്റയർ ഉണ്ട്. അത് നാട്യങ്ങളിൽ വിശ്വസിക്കുന്നില്ല. എക്സ്ട്രീമിസങ്ങളെ കണക്കിന് കൈകാര്യം ചെയ്യുന്നുമുണ്ട് .

Textതന്റെ നാടിനെ ഷിനിലാൽ വിദഗ്ദമായി എഴുതുന്നു . തന്റെ ദേശഭാഷയെ പൊതുമലയാളമായി ഉയർ ത്തികൊണ്ടു വന്നിരിക്കുന്നു. ഈ ഭാഷയെ ഷിലിലാൽ പൊതു മലയാളമാക്കി സൗന്ദര്യവൽക്കരിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരിക്കുന്നു . പ്രാദേശിക ഭാഷാ പദങ്ങൾ പ്രയോഗിക്കുമ്പോൾ പൊതുവെ കണ്ടുവരുന്ന മുഴച്ചു നിൽപ്പ് ഇവിടെയില്ല.

തന്റെ നാട്ടെഴുത്തിൽ ഭാഷയെ സ്വാംശീകരിക്കുക മാത്രമല്ല, തന്റെ പരിസരങ്ങൾ സമ്മാനിച്ച ജീവിതത്തെയും ജീവിതവീക്ഷണത്തെയും അവതരിപ്പിക്കുകയും ചെയ്യൂന്നുണ്ട്. ഇത് തന്റെ നാട്ടിലെ അനുഭവങ്ങളിലും വിശ്വാസങ്ങളിലും നിറഞ്ഞു നിൽക്കുന്ന മനുഷ്യബോധ്യങ്ങളുടെ കഥപ്പെടലാണ്.അങ്ങനെ ദേശത്തിന്റെ മിത്തുകളെ കഥയിൽ വിലയിപ്പിച്ചു വയ്ക്കുകയാണ് ഷിനിലാൽ ചെയ്യുന്നത്.ചിലപ്പോൾ ഐതിഹ്യത്തിന്റെ തലത്തിലേക്കും കഥ വികസിക്കുന്നത് കാണാം.

ചരിത്രത്തെയും ഐതിഹ്യത്തെയും മിത്തുകളെയും ഒപ്പം സമകാലികതയെയും എങ്ങനെ വിളക്കിച്ചേർക്കണമെന്ന് ഈ കഥാകൃത്തിന് നന്നായി അറിയാം. അതിന് ഫാന്റസിയെ വിദഗ്ദമായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ഉടലിനെ കുറിച്ചുള്ള ആലോചനകൾ ഈ കഥകളിൽ സുലഭമാണ്. പ്രത്യേകിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട പര്യാലോചനകൾ. മധ്യവയസ്സിന്റെ
ഉടൽ സംഘർഷങ്ങൾ മൃത്യു ഭീതിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ് എന്ന് നമുക്കറിയാം . ആയുസിന്റെ നിഷ്ഫലതയുമായാണ് അതിന് ബന്ധം .ആ നിലയ്ക്ക് പ്രണയം തീവ്രമായ ശരീരിക അനുഭവം എന്ന നിലയിലാണ് ഇവിടെ കാണാൻ കഴിയുക. അസഫലമായ കാമനകളുടെ വേട്ടയാടൽ ഷിനി ലാൽ കഥയുടെ കേന്ദ്രത്തിൽ വരുന്നുണ്ട്.

തട്ടും തടവുമില്ലാത്ത ഒരു കഥനരീതിയുടെ അകൃത്രിമ കാന്തി നിറഞ്ഞ 17 കഥകളാണ് ഈ സമാഹാരത്തി ലുള്ളത്.എക്സ്ട്രീമിസത്തിൽ അഭിരമിക്കുന്നവർ തീർച്ചയായും ബുദ്ധ പഥം വായിക്കണം. തിരുവനന്തപുരത്തെ രാജഭക്തന്മാർ കുളച്ചൽ യുദ്ധം വായിക്കണം. വംശശുദ്ധിയിൽ അഭിമാനിക്കുന്നവർ വേടൻ തൊടി വായിക്കണം. അഭി കിത് നാ ദൂർ ഹെ ? കുടിയിറക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ആകുലപ്പെടുത്തുന്ന കഥയാണ്. സ്പർശം ഉടലിനെ കുറിച്ചുള്ള അന്വേഷണമായി മാറിയ കഥയാണ്. മൈക്രോ ഗ്രീൻ ജീവനിൽ വിശ്വസിക്കുന്ന ഹരിത ബോധ്യത്തിൻ്റെ കഥയാണ്. കാക്കാല സദ്യ ,മച്ചിപ്ലാവ്, കാലുകൾ, ഏഴ് വളവുകൾ എന്നീ കഥകളിൽ നാട്ടു വിശ്വാസങ്ങളുടെ ഐതിഹ്യ ലാവണ്യം അനുഭവിക്കാനാകും. ഈ നിലക്ക് ഈ സമാഹാരത്തിലെ ഓരോ കഥയും ഓരോ അന്വേഷണം കൂടിയാണ്. തീർച്ചയായും ഷിനിലാലിൻ്റെ കഥകൾ ഈടുറപ്പുള്ള ഒന്നാന്തരം കഥകളാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.