DCBOOKS
Malayalam News Literature Website

വലിയൊരു നഷ്ടബോധം തോന്നുന്നു…ഇർഫാൻ ഖാന്റെ ഓർമകളിൽ ഇ. സന്തോഷ്‌ കുമാർ

മഹാനായ നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ച ദിവസം, പോയ വാരത്തില്‍ ലഞ്ച് ബോക്‌സ് എന്ന ചിത്രം വീണ്ടും കണ്ടു. ആറുവര്‍ഷം മുമ്പായിരുന്നു അത് ആദ്യം കാണാനുള്ള അവസരമുണ്ടായത്. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ സിനിമകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ജീവിതങ്ങളും പ്രമേയങ്ങളും അപ്പാടെ മാറി. കാണുന്നയാളുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടായി. ലഞ്ച് ബോക്‌സ് അവതരിപ്പിച്ച മുംബൈ മഹാനഗരത്തില്‍, അതില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ലോക്കല്‍ തീവണ്ടികളുടെ കെണിയില്‍പ്പെട്ടിട്ടെന്നവണ്ണം ഒരു വര്‍ഷം ജീവിച്ചു. അതിനു ശേഷവും ഇടയ്ക്കിടെ അവിടെ പോയിവന്നു. സബ്‌ടൈറ്റിലുകളുടെ സഹായമില്ലാതെയും ചിത്രം കാണാമെന്നായി.

റിതേഷ് ബത്ര സംവിധാനം ചെയ്ത ലഞ്ച് ബോക്‌സ്, ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാല്‍, ഒരസാധാരണ സിനിമയാകുന്നു. ജീവിതത്തിലെ പതിവുകളുടെ ആവര്‍ത്തനം, അഗാധവും അനിഷേധ്യവുമായ വിരസത, നൈരാശ്യം, കൊടിയ ഏകാന്തത ഇവയെയെല്ലാം ഇത്ര സൂക്ഷ്മമായി സാക്ഷാല്‍ക്കരിച്ചിട്ടുള്ള സിനിമകള്‍ ചുരുക്കമാവും. ഓരോ ഷോട്ടിലും പുലര്‍ത്തിയിരിക്കുന്ന മിതത്വം, ചിത്രത്തിന്റെ സമഗ്രതയെ എല്ലാ അണുവിലും പ്രതിനിധീകരിക്കുന്നതു പോലെ തോന്നും.

വലിയ കഥയെന്നു പറയാനൊന്നുമില്ല ഈ സിനിമയില്‍. മുംബൈയിലെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെ ഭക്ഷണം ശേഖരിച്ച് ഓഫീസിലെത്തിച്ചുകൊടുക്കുന്ന ഡബ്ബാവാലകളുടെ ജോലിയില്‍ നിന്നുമാണ് സിനിമയുടെ കഥാതന്തു കണ്ടെടുത്തിരിക്കുന്നത്. ഡബ്ബാവാലകളുടെ അതിശയിപ്പിക്കുന്ന കര്‍മ്മകുശലത, മുംബൈ നഗരത്തിലെ മറ്റനേകം പതിവുകളുടെ കൃത്യതയ്ക്കു സമാനമാണ്. പക്ഷേ, അത്യപൂര്‍വ്വമായി സംഭവിക്കാവുന്ന ഒരു ചെറിയ പിശക്, ഭക്ഷണപ്പാത്രം മാറിപ്പോകുന്നു എന്ന ഒരു പിഴ, എത്ര പെട്ടെന്ന് രണ്ടു മനുഷ്യരുടെ ജീവിതത്തിലേക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു!

അക്കാലത്ത് ഇള (നിമ്രത കൗര്‍) എന്ന യുവതി, തന്റെ ജീവിതത്തിലെ ഏറ്റവും വിരസമായ ദിനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ട അവളുടെ ദാമ്പത്യം സ്‌നേഹശൂന്യമായി മാറിയിരിക്കുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അവള്‍ക്കു മനസ്സിലാവുന്നു. (അയാളുടെ അലക്കാനിട്ട വസ്ത്രങ്ങള്‍ അവള്‍ മണത്തുനോക്കുന്ന രംഗങ്ങള്‍ കാണുക; എത്ര മുഷിഞ്ഞ ജീവിതം, അല്ലേ?) ഒരു പക്ഷേ, അയാളുടെ സ്‌നേഹം തിരിച്ചുപിടിക്കാനാവും എന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനു വേണ്ടി അവള്‍ തയ്യാറാക്കുന്ന ഇഷ്ടഭക്ഷണങ്ങള്‍ പക്ഷേ, ഡബ്ബാവാലയുടെ പിഴവിലൂടെ എത്തിച്ചേരുന്നത് അയാളുടെ മേശയിലേക്കായിരുന്നു: സാജന്‍ ഫെര്‍ണാണ്ടസ് എന്ന റിട്ടയര്‍ ചെയ്യാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ആ അന്തര്‍മുഖനായ മനുഷ്യനടുത്തേക്ക്.

അയാള്‍ തികച്ചും ഏകാകിയായിരുന്നു. ഭാര്യ മരിച്ചുപോയതിനു ശേഷം എല്ലാ മനുഷ്യബന്ധങ്ങളില്‍ നിന്നും അയാള്‍ നിര്‍ബ്ബന്ധമായ ഒരകലം പാലിച്ചു. അയാളില്‍ നിന്നും ആര്‍ക്കും ഒന്നും പ്രതീക്ഷിക്കാനില്ല; ഒരു പുഞ്ചിരി പോലും. എല്ലാ ദിവസവും തീവണ്ടിയില്‍ നിന്നുകൊണ്ടു യാത്ര ചെയ്ത് മിക്കവാറും എല്ലാ ബോംബേക്കാരെയും പോലെ അയാളും ഈ നഗരത്തില്‍ ജീവിക്കും, സ്വയം മാഞ്ഞു പോകും. അയാളുടെ വിധി അതാണെന്ന് നമുക്കറിയാം. പക്ഷേ, അപ്പോഴാണ് ആ ജീവിതത്തില്‍ ഒരു ഭക്ഷണപ്പാത്രത്തിന്റെ കുഴമറിച്ചിലിലൂടെ അയാളിലേക്ക് ആ മാറ്റം എത്തുന്നത്. ഡബ്ബകള്‍ കൈമാറ്റം ചെയ്യുന്നതു തുടരുന്നു. അതേ തെറ്റു തുടര്‍ന്നുപോവുന്നു. അതിനിടെ ഈ യുവതിയും അയാളും ഡബ്ബ കൈമാറുന്നതിനിടയില്‍ കത്തുകള്‍ കൈമാറാന്‍ തുടങ്ങുന്നു.

അവള്‍ ഹിന്ദിയിലാണ് എഴുതുന്നത്. മിക്കവാറും നിത്യജീവിതത്തിന്റെ പ്രശ്‌നങ്ങള്‍. അയാളാവട്ടെ, കുറേക്കൂടി സാഹിത്യബന്ധമുള്ള ഒരു ദാര്‍ശനീകശൈലിയില്‍, ഇംഗ്ലീഷില്‍. അത്തരം അസാധാരണമായി വിനിമയങ്ങളിലൂടെ ഒരു സിനിമ മുന്നോട്ടുപോവുക എളുപ്പമല്ല. പക്ഷേ, അതാണ് ലഞ്ച് ബോക്‌സില്‍ സംഭവിക്കുന്നത്. വിജയിക്കുന്നതും. അനുബന്ധമായി വരുന്ന ജീവിതം, കൂടെ വരുന്ന കഥാപാത്രങ്ങള്‍: ഓരോന്നിനും, ഓരോരുത്തര്‍ക്കും വജ്രത്തിളക്കമാണിതില്‍. ഫെര്‍ണാണ്ടസിന്റെ ഫ്‌ളാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അയാളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണമാവട്ടെ, ഇളയുടെ ഉപദേശക എന്നു പറയാവുന്ന ‘ഓണ്‍ടി’ (അവരുടെ ശബ്ദം മാത്രമേയുള്ളൂ സിനിമയില്‍)യുമായുള്ള പതിവുസംസാരങ്ങളാവട്ടെ, ഫെര്‍ണാണ്ടസിന്റെ ഓഫീസില്‍ ജോലിക്കു വരുന്ന ഷേക്ക് എന്ന നവാസുദ്ദീന്‍ സിദ്ദിഖി അനശ്വരമാക്കിയ ചെറുപ്പക്കാരനാവട്ടെ, അയാളുടെ വിവാഹചിത്രീകരണമാവട്ടെ – എവിടേയും പ്രതിഭയുടെ പ്രകാശം നമുക്കു കാണാനാവും.

ഈ സിനിമയുടെ കഥ വിശദീകരിച്ചു പറയാനുള്ള കുറ്റകരമായ പ്രലോഭനത്തില്‍ നിന്നും ഞാന്‍ മാറി നില്ക്കുന്നു. അല്ലെങ്കില്‍ കഥ പ്രധാനമല്ല. അലക്കാനിടുന്ന വസ്ത്രം പോലെ മുഷിഞ്ഞ ജീവിതങ്ങളുടെ ചിത്രീകരണങ്ങള്‍ അനുഭവിക്കുക തന്നെയാണ് ഉചിതം.

വലിയൊരു നഷ്ടബോധം തോന്നുന്നു; ഇനിയും എത്രയോ കൊടുമുടികള്‍ കയറാന്‍ ശേഷിയുണ്ടായിരുന്നു മഹാനടനായിരുന്നു ഇര്‍ഫാന്‍. പല മരണങ്ങളുടെയും മുന്നില്‍ നിന്നുകൊണ്ട് തീര്‍ത്തും കാല്പനികമായി നാം പറയുന്ന ആ വാക്കുകളുണ്ടല്ലോ – നികത്താനാവാത്ത ശൂന്യത എന്നോ മറ്റോ. അത്തരം വാക്കുകളെ അര്‍ത്ഥവത്താക്കുന്നതില്‍ മരണം വിജയിച്ചിരിക്കുന്നു ഇവിടെ. എത്ര നിര്‍ദ്ദയം!

Comments are closed.