DCBOOKS
Malayalam News Literature Website

ചാരുലതകള്‍ ദൂരദര്‍ശിനികള്‍

DC Corner

ഡോ.വി.മോഹനകൃഷ്ണന്‍

ചലനദൃശ്യത്തില്‍ ഭൂതവും ഭാവിയും ഒഴുക്കിന്റെ രണ്ടറ്റങ്ങളാണെങ്കില്‍ നിശ്ചലദൃശ്യത്തില്‍ അവശേഷിപ്പിക്കപ്പെടുന്ന സാധ്യതകളിലൊന്ന് അസന്നിഹിതമായ ഭൂതഭാവികളെക്കുറിച്ചുള്ള ഭാവനയാണ്. ഭൂതകാലം അതുവരെയുള്ള സിനിമാ ദൃശ്യങ്ങളിലുണ്ട്. ഭാവികാലമാണ് പ്രേക്ഷകന് പൂരിപ്പിക്കാനുള്ളത്. നോട്ടങ്ങളുടെ ഭാരം ചാരുലതയില്‍നിന്നെടുത്തുമാറ്റി പ്രേക്ഷകന് പൂര്‍ണ്ണമായും നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. : സത്യജിത്ത്‌റായിയുടെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഒരു വിശകലനം.

ആധുനികലോകം പ്രകാശത്തിന്റെ വിനിമയവും നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് അതിന്റെ വ്യവ ഹാരങ്ങളേറെയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മനുഷ്യവംശം യാന്ത്രികമായും ആശയപരമായും വെളിച്ചത്തിന്റെ പാതയിലേക്ക് പൂര്‍ണ്ണമായി നയിക്കപ്പെട്ടത്. കാഴ്ചകളുടെ വൈവിദ്ധ്യപൂര്‍ണ്ണമായ ലോകങ്ങള്‍ യന്ത്രസഹായത്താല്‍ തുറക്കപ്പെട്ടു. വെറും കണ്ണുകള്‍ക്ക് കാണാനാവാത്തത് ദൂര/സൂക്ഷ്മദര്‍ശിനികള്‍ കാട്ടിത്തരുമെന്നായി. അകലങ്ങള്‍ അസാധു വാക്കപ്പെട്ടു. ഫോട്ടോഗ്രാഫി, സംഭവങ്ങളെ സ്ഥലകാലങ്ങളില്‍നിന്ന് മുക്തമാക്കി. ഇന്ന് പ്രകൃതിയായി നാമറിയുന്നതെല്ലാം പ്രകാശത്തോടുള്ള പ്രതികരണങ്ങള്‍ മാത്രമാണ്. അതേ പ്രകാശരാജിതന്നെയാണ് സംസ്‌കാരത്തിന്റെ തലങ്ങളും ദൃശ്യമാക്കുന്നത്.

വെളിച്ചത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത പ്രധാന ഉപകരണങ്ങളില്‍ ഒന്ന് ടെലസ്‌കോപ്പ് ആണ്. പ്രപഞ്ചമാകെ കാണാന്‍ ടെലസ്‌കോപ്പുകള്‍ തുറന്നുവയ്ക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടുമുതലും. അതോടെ പ്രപഞ്ച വിജ്ഞാനീയത്തിന്റെ അടിസ്ഥാനങ്ങള്‍ മാറ്റിയെഴുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രകാശവുമായി ബന്ധപ്പെട്ട രണ്ടുപകരണങ്ങള്‍കൂടി കണ്ടുപിടിക്കപ്പെട്ടു. ഫോട്ടോഗ്രാഫിക് ക്യാമറയും ബയസ്‌കോപ്പും ആയിരുന്നു അവ. അക്കാലത്തുതന്നെ വ്യാപകമായ കാലിഡോസ്‌കോപ്പുകള്‍ കാഴ്ചയുടെ വര്‍ണ്ണ വൈവിദ്ധ്യങ്ങളെ സൂചിപ്പിക്കാനുള്ള രൂപകപദമായി പിന്നീട് മാറി. ടെലസ്‌കോപ്പുകള്‍ യാത്രികരുടെയും പുതിയ
ദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നവരുടെയും ഉപകരണമായി. ബയസ്‌കോപ്പുകള്‍ കാഴ്ചയുടെയും നോട്ടങ്ങളുടെയും ലോകം ചലനാത്മകമാക്കി. 1900-ല്‍ പുറത്തിറങ്ങിയ ഒരുമിനുട്ടില്‍ താഴെദൈര്‍ഘ്യമുള്ള As Seen Through a Telescope എന്ന സിനിമയില്‍ ടെലസ്‌കോപ്പിക്കാഴ്ചയുടെ ക്ലോസപ്പ് സാദ്ധ്യതകള്‍ അവതരിപ്പിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ അതൊരു ഒളിഞ്ഞുനോട്ടത്തെയും കാണിച്ചുതരുന്നു. വെളിച്ചവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ യന്ത്രങ്ങളെല്ലാം ചേര്‍ന്നാണ് ആധുനികത എന്ന ആശയത്തിന് തെളിച്ചമേകിയത്. സിനിമയെന്നാല്‍ വെളിച്ചം ആഗിരണംചെയ്യുന്ന ഒരു യന്ത്രവും വെളിച്ചം പ്രസരിപ്പിക്കുന്ന മറ്റൊരുയന്ത്രവും തമ്മിലുള്ള വിനിമയത്തിന്റെ പേരുമാണ്.

ഡോ.വി.മോഹനകൃഷ്ണന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.