DCBOOKS
Malayalam News Literature Website

രോഗവിവരം കൃത്യമായറിയാവുന്ന പതിനഞ്ച്‌ വയസ്സുള്ള കാൻസർ രോഗിക്ക്‌ ഇത്രയും ധൈര്യവും പക്വതയോ!

Shimna Azeez

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആകുമോ എന്ന പേടിയില്‍ ജനങ്ങള്‍ ജീവിക്കുന്ന ഇക്കാലത്ത് കാന്‍സറാണെന്ന് ഒരു ജലദേഷത്തിന്റെ ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ച പതിനഞ്ചു വയസ്സുകാരിയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് ഡോ.ഷിംന അസീസ്. കനല്‍പ്പെണ്ണ് എന്നാണ് ഡോക്ടര്‍ ആ കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡോ.ഷിംന അസീസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വിളിക്കാൻ പറഞ്ഞപ്പോ ഓൾ മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോ വിളിച്ചു. “പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വിളിക്കാൻ പറഞ്ഞിട്ടിപ്പോ എത്ര പതിനഞ്ച് മിനിറ്റായി?” എന്ന്‌ പകുതി തമാശയും ഇച്ചിരെ കാര്യവുമായി ചോദിച്ചപ്പോ “ഇങ്ങക്ക്‌ തിരക്കായിറ്റ്‌ണ്ടാവും എന്ന്‌ വിചാരിച്ച്‌…” എന്ന്‌ മറുപടി.

“ആയിക്കോട്ടേ… പേരെന്താ, എന്താ വേണ്ടേ?” എന്ന എന്റെ രണ്ടാം ചോദ്യത്തിന്റെ മറുപടി തൊട്ട്‌ ഗോളടിച്ചത്‌ മുഴുവൻ അവളാണ്‌. മേം ഞെട്ടി തരിപ്പൺ ഹോഗയാ !!

പത്താം ക്ലാസിൽ പഠിക്കാണത്രേ. ആൾക്ക്‌ കാൻസറാണ്‌. “ഈ കീമോ ചെയ്യുമ്പോ പോഷകാഹാരം കഴിക്കണംന്ന്‌ നിർബന്ധാ ഡോക്‌ടറേ? എന്നാലേ പ്രതിരോധശേഷി തിരിച്ച്‌ കിട്ടൂ? ” എന്നതാണ്‌ സംശയം.

ചോദിച്ച ചോദ്യവും ടോണും പ്രായവും തമ്മിൽ ചേരുന്നില്ല- ‘മൂക്കൊലിപ്പ്‌ മാറാൻ സിട്രിസിൻ കഴിച്ചപ്പോ ഉറക്കം വരുന്നു’ എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ്‌ അവൾ ചോദിക്കുന്നത്‌. രോഗവിവരം കൃത്യമായറിയാവുന്ന വെറും പതിനഞ്ച്‌ വയസ്സുള്ള കാൻസർ രോഗിക്ക്‌ ഇത്രയും ധൈര്യവും പക്വതയുമോ !! കൊതുക്‌ കടിച്ച്‌ ദേഹം തടിച്ച്‌ പൊങ്ങിയാലും രണ്ട്‌ മുഖക്കുരു വന്നാലും വരെ ”എനിക്ക്‌ കാൻസറാണേ”ന്ന്‌ കാറിക്കൂവി നെഞ്ചത്തടിച്ച്‌ നിലവിളിച്ച്‌ വരുന്നവരെ കണ്ടാണ്‌ ശീലം.

പറഞ്ഞത്‌ മൊത്തമായങ്ങ്‌ ഉൾക്കൊള്ളാനാവാതെ സകല ടെസ്‌റ്റ്‌ റിപ്പോർട്ടും വാട്ട്‌സ്ആപിൽ വാങ്ങി സസൂക്ഷ്മം വായിച്ചു. സത്യമാണ്‌, പല കീമോ റേഡിയേഷൻ കഴിഞ്ഞിരിക്കുന്നു. മുടി കൊഴിഞ്ഞു, ഛർദ്ദിച്ചു എന്നൊക്കെ എന്തൊരു സിംപിൾ ആയിട്ടാ പറയുന്നത്‌. ധൈര്യമുള്ളോൾ, പെണ്ണ്‌ !!

പോസിറ്റീവ്‌ ആകുമോന്ന്‌ പേടിച്ച്‌ നടക്കുന്ന കോവിഡ്‌ കാലത്ത്‌ പരിചയപ്പെട്ടൊരു കനൽപ്പെണ്ണ്‌… അവൾക്ക്‌ നടക്കാനാവില്ലെന്ന്‌ പറയുമ്പോഴും നടുക്കമില്ല. ഓക്കാനമെന്നൊക്കെ പറയുന്നത്‌ കേൾക്കുമ്പോ ഓമനത്തമാ തോന്നുന്നത്‌… അത്രേം കുഞ്ഞാണവൾ… രോഗം സംബന്ധിച്ച് എല്ലാമറിയാം പോലും…

ചില രോഗീസമാഗമങ്ങൾ ഡോക്‌ടറെയാണ്‌ ശരിക്കും ചികിത്സിക്കുന്നത്‌ !

ഡോ.ഷിംന അസീസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനായി സന്ദര്‍ശിക്കുക

Dr. Shimna Azeez

Comments are closed.