DCBOOKS
Malayalam News Literature Website

കോവിഡ് 19; വ്യാജസന്ദേശങ്ങള്‍ അരുതേ! മുന്നറിയിപ്പുമായി ഡോ.ഷിംന അസീസ്

കോവിഡ് 19 രോഗമുണ്ടാക്കുന്നത് SARS COV2 വൈറസല്ല പകരം ബാക്റ്റീരിയയാണെന്ന് ഇറ്റലിയിലെ ഡോക്ടർമാർ കണ്ടെത്തിയെന്ന ഒരു ഫേക്ക് മെസേജ് പരക്കെ പ്രചരിക്കുന്നുണ്ട്.

ഇത് ആരോ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരു വാർത്തയാണെന്നതാണ്‌ ഇതിന്റെ സത്യം. കോവിഡ് 19 രോഗം ഉണ്ടാക്കുന്നത് SARS COV 2 വൈറസ് ആണ് എന്നതിന് ഏറ്റവും വിശ്വാസയോഗ്യമായ മെഡിക്കൽ ജേർണലുകളിൽ ഒന്നായ ലാൻസെറ്റിന്റേത്‌ ഉൾപ്പെടെ വ്യക്തമായ തെളിവുകളും പഠനങ്ങളുണ്ട്.

ഈ രോഗത്തിന് ലോകത്തിന്റെ പല ഭാഗത്തും പല രീതിയിൽ, പല ലക്ഷണങ്ങളുമായാണ് രോഗികൾ ഡോക്ടർമാരുടെ മുൻപിൽ എത്തുന്നത്‌. മൂക്കൊലിപ്പും പനിയും വയറിളക്കവും ഗന്ധം നഷ്‌ടപ്പെടലും തുടങ്ങി ന്യുമോണിയയും ഹൃദയപേശികൾക്കുണ്ടാവുന്ന സങ്കീർണതകളും പോലും ലക്ഷണങ്ങളുടെ ലിസ്‌റ്റിലുണ്ട്‌. ഇവയുടെ കൂട്ടത്തിൽ മെസേജിൽ പറയുന്ന രക്തം കട്ട പിടിക്കുന്നതിലുള്ള അപാകതകളും ചെറിയൊരു ശതമാനം പേരിൽ കണ്ടു വരുന്നുണ്ട് എന്നത്‌ സത്യമാണ്‌.

പക്ഷേ ആറ്റിക്കുറുക്കി കുറച്ച്‌ അതിശയോക്‌തിയും, സമം അശാസ്‌ത്രീയതയും കുത്തിക്കേറ്റി വൈറസല്ല, ബാക്‌ടീരിയ മാത്രമാണ് ഇതിനുള്ള കാരണമെന്നും രക്‌തം കട്ട പിടിക്കുന്നതിന്‌ എതിരെയുള്ള മരുന്ന് നൽകിക്കഴിഞ്ഞാൽ രോഗി അത്ഭുതകരമായി രക്ഷപ്പെടും എന്നും പറഞ്ഞ്‌ വെച്ചിരിക്കുന്നത്‌ ഒന്നൊന്നര ഫേക്ക്‌ മെസേജാണ്‌. ചുമ്മാ ഇതൊന്നും ഫോർവേഡ്‌ ചെയ്‌ത്‌ കളിക്കാതെ. അബദ്ധജഡിലവും അടിസ്‌ഥാനരഹിതവും ആണ്‌ ഈ കേശവൻ മാമൻ മെസേജ്‌.

ഒരു പണീം ഇല്ലാത്ത കണക്ക്‌ ഇതൊക്കെ കുത്തിയിരുന്ന്‌ എഴുതി ഉണ്ടാക്കുന്നവൻമാർക്ക്‌ ഇതിൽ നിന്ന്‌ എന്ത്‌ സുഖമാണോ കിട്ടുന്നത്‌ !!

Dr. Shimna Azeez

Comments are closed.