DCBOOKS
Malayalam News Literature Website

വര്‍ണധര്‍മത്തിന്റെ ഉടലുയിരുകള്‍

കെ.വി. ശശി

വര്‍ത്തമാന കേരളത്തില്‍ പ്രത്യക്ഷമായ ജാതി വധങ്ങള്‍ ഇല്ല; അബോധത്തില്‍, പക്ഷെ, ജാത്യഭിമാനവും ജാത്യധികാരവും സ്വയം പെരുകുന്ന, ബ്രാഹ്മണികതയുടെ ശാശ്വതീകരണത്തിന് സ്വയം ചാവേറുകളായിത്തീരാന്‍ വെമ്പുന്ന ശൂദ്രബോധം പതിയിരിക്കുന്നു. വിവാഹ പരസ്യങ്ങളില്‍, ജാതി ഏതുമാവാം എന്ന് ഉറക്കെ പറയുകയും തൊട്ടടുത്ത വാക്യത്തില്‍, ശബ്ദം താഴത്തി, പട്ടികവിഭാഗക്കാര്‍ അപേക്ഷിക്കേണ്ടതില്ല എന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത് ജാതിയുടെ ഈ അക്രാമകബോധമാണ്. കുറ്റിപ്പുഴയുടെ സാഹിത്യലോകം വിലയിരുത്തുന്നു.

1892 ല്‍, ഇന്ദുലേഖ (1889)ക്ക് ശേഷം കേവലം മൂന്നു വര്‍ഷം കഴിഞ്ഞ് പ്രസിദ്ധീകരിച്ച ‘സരസ്വതീവിജയം’ എന്തുകൊണ്ട് സാഹിത്യമായി പരിഗണിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് വരെ-ദിലീപ് എം. മേനോനും കെ.കെ.കൊച്ചും അവയെ സാഹിത്യമായി കണ്ടെടുക്കുന്നത് വരെ-കാത്തിരിക്കേണ്ടിവന്നു? പ്ര/ദേശം ജനത എന്നീ നിലകളില്‍ മലയാളം ഉടലാര്‍ന്ന വര്‍ണാശ്രമധര്‍മമായിരുന്നു എന്നതുതന്നെ പ്രധാന കാരണം. പുരാണേതിഹാസങ്ങള്‍ ഭക്ഷിച്ചുവളര്‍ന്ന പദ്യസാഹിത്യം അതിന്റെ അനുഭൂതിപ്രത്യക്ഷവും. വര്‍ണാശ്രമധര്‍മം ഉടല്‍പൂണ്ട മലയാളം എന്ന സൗന്ദര്യദേശത്തെ രൂപപ്പെടു
ത്തുന്നതില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള യുടെ വിമര്‍ശനം നിര്‍വഹിച്ച ധര്‍മം ഈ പശ്ചാത്തലത്തില്‍ അപഗ്രഥിക്കുക, സൗന്ദര്യവ്യവഹാരത്തിന്റെ ജനായത്തവല്കരണപ്രക്രിയതന്നെയാണ്. ഈയര്‍ഥത്തില്‍ ഇത് സാഹിത്യവിമര്‍ശനമല്ല.

pachakuthiraകുറ്റിപ്പുഴയുടെ സന്ദര്‍ഭം കുറ്റിപ്പുഴയെ മലയാളവിമര്‍ശനം വിശദീകരിച്ചത് ഈ ആശയമണ്ഡലത്തിന് വെളിയില്‍ പ്രവര്‍ത്തിക്കുന്ന, യുക്തിവാദി, തത്വചിന്തകന്‍, ശാസ്ത്രവാദി എന്നിങ്ങനെ കോളനി ആധുനികതയുടെ ജ്ഞാനമണ്ഡലത്തിന്റെ പതാകാവാഹകനായാണ്. എന്നാല്‍ ഇതിന്റെ സൂക്ഷ്മാര്‍ഥം എന്താണ്? അദ്ദേഹത്തിന്റെ എഴുത്തുകള്‍ നല്കുന്ന സൂചനയെന്താണ്? സാഹിതീയം (1936), ഗ്രന്ഥവിഹാരം (1959), സാഹിതീകൗതുകം (1965), വിമര്‍ശനവും വീക്ഷണവും (1976) എന്നീ സമാഹാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന (ആനുഭൂതിക) വ്യവഹാരങ്ങള്‍, പക്ഷെ, ഇതിനോടിണങ്ങിപ്പോകുന്നില്ല. മേല്‍സൂചിപ്പിച്ച വര്‍ണധര്‍മത്തിന്റെ സൗന്ദര്യവല്ക്കരണം ആയിത്തീര്‍ന്നു ആ എഴുത്തുകളുടെ ഫലശ്രുതി.

വര്‍ണധര്‍മത്തിന്റെ വൃത്തിവല്ക്കരണം കേസരി എ.ബാലകൃഷ്ണപിള്ള എഴുതുന്ന കാലംകൂടിയാണിത്
എന്നത് പ്രത്യേകം ഓര്‍മ്മിക്കുമ്പോഴേ കുറ്റിപ്പുഴയുടെ എഴുത്തുകള്‍ നിര്‍മ്മിച്ച ജാതി-ജന്മിവ്യവഹാരങ്ങളുടെ ബലം വെളിപ്പെടൂ. ‘ഫാസിസ്റ്റ് സംസ്‌കാരവും ഭാരതീയസംസ്‌കാരവും ഒന്നുപോലെ പുരുഷനെ വിത്തുകാളയും വീട്ടുതമ്പ്രാനും, സ്ത്രീയെ പേറ്റുമൃഗവും അടുക്കളച്ചക്കിയുമാക്കുകയാണു ചെയ്തിട്ടുള്ളത്’ എന്ന് ഇന്ത്യന്‍വ്യവഹാരങ്ങളുടെ മനുഷ്യവിരുദ്ധത കേസരി (2011:854) നിശിതമായി തുറന്നുകാട്ടിക്കൊണ്ടിരുന്ന കാലമാണ് അതെന്നും മറന്നുകൂടാ. കേസരിയുടെ എഴുത്തുകളില്‍ അക്ഷരത്തെറ്റും വാക്യത്തെറ്റുകളുമുണ്ടെന്ന് കണ്ടെത്തിനടക്കുന്നതായിരുന്നു കുറ്റിപ്പുഴയുടെ അക്കാലത്തെ പ്രധാനപ്രവൃത്തികളിലൊന്ന് എന്ന് എം. ലീലാവതി (1996:14) മറ്റൊന്ന് ബഷീറിന്റെ രചനകള്‍ തിന്മകളെ ആഘോഷിക്കുന്നുവെന്നും സമൂഹത്തെ ദുഷിപ്പുകളിലേക്ക് വലിച്ചിടുന്നു എന്നും സ്ഥാപിക്കലായിരുന്നു. ഈ രണ്ടു സമീപനങ്ങളും സാമാന്യേന, കേസരി സൂചിപ്പിച്ച, ആ ഭാരതീയസംസ്‌കാരമെന്ന വര്‍ണധര്‍മത്തിന്റെ സൗന്ദര്യാത്മകസാധൂകരണത്തിലാണ് ആത്യന്തികമായി പര്യവസാനിക്കുക. സാഹിതീയം, ഗ്രന്ഥാവലോകനം (1959) എന്നീ സമാഹാരങ്ങള്‍ മുന്‍നിര്‍ത്തി ഈയാശയം വിശദീകരിക്കാം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.