DCBOOKS
Malayalam News Literature Website

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപിന്റെ ആരോപണം.

ഇക്കാര്യത്തില്‍ അന്വേഷണസംഘത്തോട് കോടതി വിശദീകരണം തേടുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോര്‍ന്നത് അനുബന്ധ കുറ്റപത്രമല്ലെന്നും കരട് കുറ്റപത്രത്തിലെ ഭാഗങ്ങളാണെന്നും അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുബന്ധ കുറ്റപത്രം പൂര്‍ത്തിയാകുന്നതിന് മുമ്പ് സമര്‍പ്പിച്ച കരട് കുറ്റപത്രം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം നല്‍കിയിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

ഈ കുറ്റപത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. യഥാര്‍ത്ഥ കുറ്റപത്രത്തില്‍ പാരഗ്രാഫ് തിരിച്ച് നമ്പര്‍ ഇട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച കരട് കുറ്റപത്രത്തില്‍ നമ്പര്‍ ഇട്ടിട്ടുള്ളതും അന്വേഷണസംഘം ചൂണ്ടികാട്ടിയിട്ടുണ്ട്. കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് ചോര്‍ന്നത്. കോടതി പരിശോധിച്ച് അംഗീകരിക്കും മുന്‍പായിരുന്നു ഇത്. പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.

Comments are closed.