DCBOOKS
Malayalam News Literature Website

വെല്ലുവിളികളുടെയും പ്രതിസന്ധികളുടെ കാര്യകാരണങ്ങള്‍ തുറന്നു പറഞ്ഞ് ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം

ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ, തന്റെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ തുറന്നു പറഞ്ഞുകൊണ്ട് ജേക്കബ് തോമസ്സിന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്താതിരുന്നതും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ കോളിളക്കമുണ്ടാക്കാവുന്നതുമായ ഒട്ടേറെ വിവാദങ്ങള്‍ കാര്യവും കാരണവും – നേരിട്ട വെല്ലുവിളികള്‍ ‘ എന്ന ഈ പുസ്തകത്തിലും ജേക്കബ് തോമസ് പങ്കുവയ്ക്കുന്നു. ഡിസി ബുക്‌സാണ് പ്രസാധകര്‍.

മുപ്പതിലധികം വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ താന്‍ കടന്നുപോയ വകുപ്പുകളും അവിടുത്തെ അഴിമതിക്കഥകളും അഴിമതിക്കെതിരെ നിലകൊണ്ടപ്പോള്‍ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളും അതിനെ നേരിട്ടതുമൊക്കെ മറയില്ലാതെ തുറന്നു പറയുന്നുണ്ട് ഈ പുസ്തകത്തില്‍. സമകാലികവാര്‍ത്തകളില്‍ ഇടംനേടിയ പാറ്റൂര്‍ ഭൂമിയിടപാടിനെക്കുറിച്ചും, ഇതില്‍ അന്നത്തെ മുഖ്യമന്ത്രിയയായിരുന്ന ഉമ്മന്‍ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടതിനെക്കുറിച്ച് വളരെ വ്യക്തമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. വന്‍കിട ഫ്‌ളാറ്റുകള്‍ക്കും ആശുപത്രി കെട്ടിടങ്ങള്‍ക്കും ഫയര്‍ എന്‍ ഒ സി കൊടുക്കുന്നതില്‍ വന്‍ അഴിമതി നിലനില്‍ക്കുന്നുവെന്നും ഫയര്‍ഫോഴ്‌സിന്റെ അംഗീകാരമെന്നത് ചില ‘ഉന്നതരുടെ’ കാര്യം വരുമ്പോള്‍ വെറും പൊറാട്ടു നാടകം മാത്രമാണെന്നും പുസ്തകത്തിലൂടെ ജേക്കബ് തോമസ് തുറന്നടിക്കുന്നുണ്ട്.

ചേരാനല്ലൂരില്‍ നിയമം ലംഘിച്ച് വയല്‍ നികത്തി ഉന്നതാധികാരികളുടെ മൗനാനുവാദത്തോടെ ആശുപത്രി നിര്‍മ്മിച്ച ആസ്റ്റര്‍ മെഡിസിറ്റിയുടെ വയല്‍-കായല്‍ കയ്യേറ്റത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോകായുക്തയുടെ പരിഗണനയില്‍ കേസ് നിലനില്‍ക്കേ ആശുപത്രിയുടെ ഉദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ന്‍ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും പോയത് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായിരുന്നുവെന്നും പറയുന്നു.

വിജിലന്‍സിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്കൊടുവിലായിരുന്നുവെന്നും, ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കുവാനായി അവിടെനിന്നും തൂത്തെറിയുവാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും പറയുന്നും, എം. എം. മണിയുടെ മാനറിസങ്ങള്‍ ഒരു മന്ത്രിക്കു ചേര്‍ന്നതല്ല എന്ന വിമര്‍ശനവും കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ബ്രെയിന്‍ വാഷിങ്ങും മൂടിവയ്ക്കുന്നത് വോട്ടുബാങ്ക് പോകുമോ എന്ന ഭയം മൂലമാണെന്ന പ്രസ്ഥാവനയും പുസ്തകത്തിലുണ്ട്.

കൂടാതെ ഇടതുസര്‍ക്കാരിന്റെ മദ്യനയവും വികസനകാഴ്ച്ചപ്പാടിനു വരുദ്ധമാണെന്നും തോമസ് ജേക്കബ് കാര്യവും കാരണവും നിരത്തി വ്യക്തമാക്കുന്നു. 296 പേജുകളുള്ള പുസ്തകത്തിന്റെ ഓരോ പുറത്തിലും വിവാദത്തിന്റെ തീക്കനല്‍ കത്തിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വന്‍ കൊടുങ്കാറ്റുയര്‍ത്താവുന്ന ചോദ്യങ്ങളും പ്രസ്ഥാവനകളുമായാണ് പുതിയ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. കാര്യവും കാരണവും എന്ന പുസ്തകം പഠിപ്പിക്കുന്നത് ഒഴുക്കിനെതിരേ നീന്തുവാനും ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനാണെന്നും തോമസ് പറഞ്ഞുവയ്ക്കുന്നു.

 

 

Comments are closed.