DCBOOKS
Malayalam News Literature Website

മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കണം: കരണ്‍ ഥാപ്പര്‍


പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ സാന്നിധ്യം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ സവിശേഷ ശ്രദ്ധ നേടി. തന്റെ മാധ്യമജീവിതത്തിലെ ചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങള്‍ സദസ്സുമായി പങ്കുവെച്ച കരണ്‍ ഥാപ്പര്‍ ഇന്ത്യന്‍ രാഷ്ട്രീയവും സംസാരവിഷയമാക്കി. മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കറാണ് കരണ്‍ ഥാപ്പറുമായി അഭിമുഖസംഭാഷണം നടത്തിയത്.

ഗുജറാത്ത് കലാപശേഷം നരേന്ദ്രമോദിയുമായി നടത്തിയ തന്റെ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം സദസ്സില്‍ പങ്കുവച്ചു. ഗുജറാത്തിലെ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം മോദി ‘ഒരു കൊലയാളിയാണ്’ എന്ന തന്റെ ചോദ്യത്തോടുള്ള മോദിയുടെ പ്രതികരണവും അദ്ദേഹം പങ്കുവച്ചു. മോദി തന്റെ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും പിന്നീട് പല ബിജെപി നേതാക്കളും തന്റെ അഭിമുഖത്തോട് വിമുഖത പ്രകടിപ്പിച്ചു എന്നും ഥാപ്പര്‍ ഓര്‍ത്തെടുത്തു. തന്റെ അഭിമുഖങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം വസ്തുനിഷ്ഠവും നിഷ്പക്ഷവുമാണെന്നും മാധ്യമപ്രവര്‍ത്തനം അത്തരത്തില്‍ ആയിരിക്കേണ്ടത് ആവശ്യമാണെന്നും കരണ്‍ ഥാപ്പര്‍ സൂചിപ്പിച്ചു.

കപില്‍ ദേവുമായി നടത്തിയ അഭിമുഖത്തില്‍ താങ്കള്‍ക്ക് അഭിമാനം തോന്നുന്നുവോ എന്ന അഞ്ജനയുടെ ചോദ്യത്തിന് അന്ന് താന്‍ അഭിമാനം കൊണ്ടിരുന്നുവെന്നും എന്നാല്‍ ഇന്നത് പൂര്‍ണ്ണമായും ശരിയായിരുന്നില്ല എന്ന് മനസ്സിലാക്കുന്നതായി ഥാപ്പര്‍ പറഞ്ഞു. താന്‍ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് എ.ആര്‍. റഹ്മാനുമായുള്ളതായിരുന്നു. ഏറ്റവുമധികം സമ്മര്‍ദ്ദത്തോടെ നേരിട്ട അഭിമുഖം ജയലളിതയുടേതും. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ വൈകാരികമായി ഏറ്റവും സത്യസന്ധനായി അനുഭവപ്പെട്ടത് എല്‍.കെ. അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു. കാണികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യവും ഹാസ്യാത്മകവുമായ ഉത്തരങ്ങള്‍ നല്‍കിയ കരണ്‍ ഥാപ്പര്‍, കേരളം നല്‍കിയ സ്‌നേഹത്തില്‍ സന്തുഷ്ടനാണെന്ന് അറിയിക്കുകയും വീണ്ടും കേരളത്തില്‍ വരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

Comments are closed.