DCBOOKS
Malayalam News Literature Website

കൊവിഡ് മറയത്തെ വികസനങ്ങള്‍

ഗീതാദേവി ടി.വി.

കൊവിഡ് കാലഘട്ടത്തില്‍ രാജ്യമൊട്ടാകെ പരിസ്ഥിതിയെ അപ്രസക്തമാക്കുന്ന രാഷ്ട്രീ
യതീരുമാനങ്ങള്‍ ഉണ്ടായതു അവിചാരിതമായല്ല. മറിച്ച് സര്‍ക്കാരുകളുടെ ‘വികസന’ വഴികളിലെ അവിശുദ്ധ കൂട്ടുകെട്ട് മൂലവും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പരിസ്ഥിതി അവബോധത്തിന്റെയും അഭാവത്താലുമാണ്.: കോവിഡ് അടച്ചിടല്‍ സമയത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച പരിസ്ഥിതിനിലപാടുകളെ ‘സുസ്ഥിര വികസന’മെന്ന ആശയത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ലേഖിക.

കൊവിഡ് 19 കാലഘട്ടം പരിസ്ഥിതി സംബന്ധിയായ ഗൗരവതരമായ പുനര്‍ വിചിന്തനങ്ങള്‍ക്ക് വിധേയമായ ഒരു സമയമാണ്. പ്രകൃതിയില്‍ മനുഷ്യരുടെ ഇടപെടല്‍ ഏറ്റവും കുറഞ്ഞിരുന്ന ഒരു സമയം എന്ന നിലയ്ക്കും വികസന പദ്ധതികള്‍ യഥേഷ്ടം നടത്താനുള്ള കരുനീക്കങ്ങള്‍ നടത്തപ്പെട്ട സമയം എന്ന നിലയ്ക്കും. കോവിഡ് അടച്ചിടല്‍ സമയത്ത് എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൂട്ട് വീണതിനാല്‍ പ്രകൃതിക്കു സ്വാഭാവികമായുണ്ടാകുന്ന പരിണാമപ്രക്രിയനിര്‍ബാധം നടന്നു എന്നത് ലോകമൊട്ടുക്കും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍, മറുവശത്ത് നമ്മള്‍ കണ്ടത്, അടച്ചിടലിന് ശേഷമുള്ള ഇളവുകളില്‍ സാമൂഹികജീവിതം പച്ചപിടിച്ചു തുടങ്ങും മുന്‍പു തന്നെ പലതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും പൂര്‍വാധികം ശക്തിയായി തുടങ്ങുകയും ചെയ്തതാണ്. ഈ നടപടികള്‍ അദ്ഭുതമുളവാക്കുന്നതല്ലെങ്കിലും കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ഇതിനു പ്രസക്തി വരുന്നത് ഈ സന്ദര്‍ഭം ചില യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്നുണ്ട് എന്നതിനാലാണ്. ഒന്നാമതായി, ‘സുസ്ഥിര വികസനം’ എന്ന പേരിലാണെങ്കിലും വലിയ തോതില്‍ ‘പ്രകൃതിയെ തന്നെ ആശ്രയിച്ചുള്ള വികസന പദ്ധതികളാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആധാരം’ എന്ന ഇപ്പോഴും തുടരുന്ന വികലമായ വികസനനയം തന്നെയാണ് ദേശീയ, സംസ്ഥാന തലങ്ങളില്‍ അനുവര്‍ത്തിച്ചു പോരുന്നത് എന്നതാണ്. രണ്ടാമതായി, കഴിഞ്ഞ കുറച്ചു കാലങ്ങളായി പല വികസന പദ്ധതികള്‍ക്കും നിര്‍മ്മാണ പ്രക്രിയകള്‍ക്കും പ്രാദേശികമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വികസന പദ്ധതികള്‍ക്ക് എതിരെ ഉണ്ടാകാമായിരുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കഴിഞ്ഞു.

മേല്‍പറഞ്ഞ രണ്ട് കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതായത്, ഇന്ത്യയിലെപെതുവായതോ കേരളത്തിലെമാത്രമായുള്ളതോ ആയ സാഹചര്യമായാലും വികസനപ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ടാവും നടപ്പിലാക്കുക എന്നതുകൊണ്ട് പൊതുജനങ്ങളുടെ എതിര്‍പ്പ് എന്നത് അവഗണിക്കാനാകാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. പലപ്പോഴും ഈ എതിര്‍പ്പ് അവര്‍ നിത്യജീവിതത്തില്‍ ആശ്രയിക്കുന്ന പലവിധ പ്രകൃതിവിഭവങ്ങളിന്‍ മേലുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. അതിനാല്‍, ഈ സന്ദര്‍ഭം ഉയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ ഉണ്ട്. എന്താണ് വികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന മുഖ്യധാരാ വികസനം ആരെയൊക്കെയാണ് ഉള്‍ക്കൊള്ളുന്നത്, ആരെയാണ് പുറം തള്ളുന്നത്, ഈ വികസനം പ്രകൃതിയെ അല്ലെങ്കില്‍ പരിസ്ഥിതിയെ1 എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ഇവയൊന്നും തന്നെ കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ഉയര്‍ന്നു വന്നവയല്ല, 1980 കള്‍ മുതല്‍ തന്നെ പ്രശ്‌നവല്‍കൃതമാണ്. എന്നാല്‍ കോവിഡ് രോഗബാധയുടെ സമയത്ത് സര്‍ക്കാരുകളുടെ പരിസ്ഥിതി വിഷയങ്ങളോടുള്ള സമീപനങ്ങളാണ് ഈ സങ്കീര്‍ണ്ണാവസ്ഥകളെ പൂര്‍വ്വാധികം ഗൗരവത്തോടെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

കൊവിഡ് കാലഘട്ടത്തില്‍ രാജ്യമൊട്ടാകെ പരിസ്ഥിതിയെ അപ്രസക്തമാക്കുന്ന രാഷ്ട്രീയതീരുമാനങ്ങള്‍ ഉണ്ടായതു അവിചാരിതമായല്ല. മറിച്ച് സര്‍ക്കാരുകളുടെ ‘വികസന’ വഴികളിലെ അവിശുദ്ധ കൂട്ടുകെട്ട് മൂലവും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പരിസ്ഥിതി അവബോധത്തിന്റെയും അഭാവത്താലുമാണ്. അതിനാല്‍ ഈ പാരിസ്ഥിതിക അജ്ഞതയുടെ ചരിത്രപരമായ ഒരു വിശകലനം ഈ സന്ദര്‍ഭം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ത്യയില്‍ പൊതുവെയും കഴിഞ്ഞ ഒരു നൂറ്റാണ്ടായി പിന്തുടര്‍ന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങളെ ‘സുസ്ഥിരവികസന’മെന്ന സങ്കല്‍പനത്തെ മുന്‍നിര്‍ത്തി ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

പുരോഗതി’യില്‍ നിന്നും ‘വികസന’ത്തിലേക്ക്

സുസ്ഥിര വികസനം എന്ന ആശയം രൂപപ്പെടും മുന്‍പ് ‘വികസന’ സങ്കല്പനം എന്തായിരുന്നു എന്ന് ആദ്യം നോക്കേണ്ടതുണ്ട്. 16-17 നൂറ്റാണ്ടുകളില്‍ മനുഷ്യന്റെ ‘ഭൗതിക
പുരോഗതി’ എന്നതായിരുന്നു ലക്ഷ്യം വച്ചിരുന്നതെങ്കിലും പിന്നീട് ഈ സങ്കല്‍പനത്തിന്റെ വ്യംഗ്യാര്‍ത്ഥങ്ങള്‍ മാറിക്കൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ആദം സ്മിത്തിനെയും ഫെര്‍ഗൂസനെയും പോലെയുള്ള മുഖ്യധാരാ സാമ്പത്തിക വിദഗ്ദ്ധര്‍ സാമ്പത്തികോല്‍പാദനം അടിസ്ഥാനമാക്കിയുള്ള പുരോഗതി ആയിരുന്നു അര്‍ത്ഥമാക്കിയത്. ജ്ഞാനോദയ ഘട്ടത്തില്‍ വ്യവസായവിപ്ലവത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും മേളനത്തില്‍ ‘പുരോഗതി’ അതിന്റെ പാരമ്യത്തിലെത്തുകയും മുതലാളിത്ത വ്യവസ്ഥിതി ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടു കൂടി ‘സാമ്പത്തികവും ഭൗതികവുമായ വളര്‍ച്ച’യെന്ന ലക്ഷ്യത്തിലേക്ക് പുരോഗതി മാറ്റപ്പെട്ടു. ഈ കാലഘട്ടത്തില്‍ മനുഷ്യന് പ്രകൃതിക്കു മേലുള്ള ആധിപത്യത്തിന് അടിവരയിട്ടു.

എന്നാല്‍, കൊളോണിയല്‍ കാലഘട്ടത്തില്‍ വ്യവസായവത്കരണമല്ല, വ്യവസായങ്ങള്‍ക്കുവേണ്ടി അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്നതിനാല്‍ ഒരു കൊളോണിയല്‍ സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കാനാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചത്. അതിന് വേണ്ടി ഭക്ഷ്യവിളകളായ നെല്ല്, ഗോതമ്പ് തുടങ്ങിയവയില്‍ നിന്നും നാണ്യവിളകളിലേക്കുള്ള നിര്‍ബന്ധിത ചുവടു മാറ്റവും വലിയ തോതില്‍ തോട്ടങ്ങളാക്കുന്നതിനു വേണ്ടിയുള്ള ഭൂമി പിടിച്ചെടുക്കലുമൊക്കെ ഇക്കാലയളവില്‍ നടന്നു. അങ്ങനെ പ്രകൃതി വിഭവങ്ങള്‍ പൊതുസ്വത്തായി കണ്ട് ഉപജീവനം നടത്തിയിരുന്ന ഗ്രാമീണ സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും അതിന്റെ പേരില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നതും തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ തുടങ്ങുന്നതും കൊളോണിയല്‍ കാലഘട്ടത്തിലാണ്.

രണ്ടാം ലോക മഹായുദ്ധാനന്തരം ക്രമേണ കോളനികളായിരുന്ന പ്രദേശങ്ങള്‍ സ്വതന്ത്രമാകുന്നതോടു കൂടിയാണ് ‘ഭൗതികസാമ്പത്തിക പുരോഗതി’ എന്നതില്‍ നിന്നും ‘വികസനം’ എന്ന ആശയത്തിലേക്ക് ഒന്നാം ലോകരാജ്യങ്ങള്‍ ചുവടു മാറ്റുന്നത്. 1949 ല്‍, അമേ
രിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി എസ് ട്രൂമാന്‍ ദക്ഷിണാര്‍ദ്ധഗോളത്തെ ( ‘അവി
കസിത പ്രദേശ2’മെന്നു ചരിത്രത്തിലാദ്യമായി പരാമര്‍ശിക്കുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങള്‍ നിലവില്‍ അവികസിതമാണെന്നും അവ വികസിതമാകേണ്ടതുണ്ടെന്നും ഒന്നാം ലോക രാജ്യങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം താല്പര്യങ്ങളനുസരിച്ച് എത്തിച്ചേരേണ്ട സാ
മ്പത്തിക അവസ്ഥയാണ് വികസനം എന്നുമാണ് ട്രൂമാന്‍ ആഹ്വാനം ചെയ്തത്. സങ്കല്‍പനപരമായി പറഞ്ഞാല്‍ ‘സാമ്പത്തിക വളര്‍ച്ച’ എന്ന അര്‍ത്ഥത്തില്‍, അതായത് മൊത്തം ദേശീയ ഉത്പാദനം, മൊത്തം ആഭ്യന്തര ഉത്പാദനം തുടങ്ങിയ കണിശങ്ങളായ സാമ്പത്തിക ശാസ്ത്ര സൂചികകള്‍ വികസനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സ്ഥിതിയിലേക്കാണ് ലോകരാജ്യങ്ങള്‍ മാറുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.