DCBOOKS
Malayalam News Literature Website

‘ദേവരതി’ താന്ത്രികയാത്രകളിലെ മായക്കാഴ്ചകള്‍

“ത്രിവേണിഘട്ടിലെ ഒരു പുസ്തകശാലയില്‍ വച്ചാണ് ഞാനവരെ കണ്ടത്. താന്ത്രിക് രചനകള്‍ തിരയുകയായിരുന്നു ഞാന്‍. പുസ്തകശാലയിലെ ഹിന്ദിക്കാരനായ വില്പനക്കാരനോട് ഓരോരോ പുസ്തകത്തെക്കുറിച്ചു ചോദിക്കുമ്പോഴും അലമാരയ്ക്കരികെ മറിച്ചുനോക്കുന്ന പുസ്തകത്തില്‍നിന്നു മുഖം പൊന്തിച്ച് അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

‘ഗുഹ്യസമാജ തന്ത്രയുണ്ടോ?’ ഞാന്‍ വില്പനക്കാരനോട് ഹിന്ദിയില്‍ ചോദിച്ചു.

‘ഇല്ല’ ഹിന്ദിയിലയാള്‍ പറഞ്ഞു.

‘മഞ്ജുശ്രീ മൂലകല്പ?’

‘ഇല്ല’

അരികെ കണ്ട അലമാരയില്‍ പരതുന്നതിനിടയില്‍ ഞാന്‍ പിന്നെയും ചോദിച്ചു. ‘കൗളയോഗ?’

‘ഇല്ല’ അയാള്‍ നീരസത്തോടെ മുഖം വെട്ടിച്ചു.

യോഗയെക്കുറിച്ച് നിരവധി പുസ്തകങ്ങളുണ്ടായിരുന്നു ആ കടയില്‍. നിരാശനാവാതെ പുസ്തകങ്ങള്‍ക്കിടയില്‍ പിന്നെയും പരതി. അലമാരയുടെ നേര്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു ഞാന്‍. എനിക്കരികിലൂടെ ഒരു തണുത്ത കാറ്റ് കടന്നുവന്നു. കാറ്റിന് വിഭൂതിയുടെ ഗന്ധം. ഞാന്‍ തിരിഞ്ഞു നോക്കി.

എന്റെ കണ്ണുകളിലേക്കു നോക്കി ഹിന്ദി ഉച്ചാരണശൈലിയില്‍നിന്നു വഴുതി മാറാത്ത ഇംഗ്ലീഷിലവര്‍ ചോദിച്ചു.

‘ആര്‍ യു ഇന്ററസ്റ്റഡ് ഇന്‍ താന്ത്രിക് യോഗ?’

ഞാനറിയാതെ എന്റെ ചുണ്ടിലൊരു വെളിച്ചത്തിന്റെ ചീള് പറന്നു വീണു? അവരുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ ഞാനാ തീക്ഷ്ണമായ കണ്ണുകളില്‍ കുടുങ്ങി. നീണ്ടു കൂര്‍ത്ത നാസിക. അത്തരമൊരു മൂക്ക് അതിനു മുന്നെയോ പിന്നെയോ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ദശ വറ്റിയ മുഖം. കൈകള്‍ മെല്ലിച്ചതായിരുന്നു. നീണ്ട വിരലുകള്‍ക്കിടയില്‍ ഹിന്ദിയിലെഴുതിയ ഏതോ പുസ്തകം വിറയാര്‍ന്നു. ശിരസ്സിനെ മറച്ച് നിറംമങ്ങിയ ദുപ്പട്ട. ചരടില്‍ കോര്‍ത്ത ഏകമുഖരുദ്രാക്ഷം. ഒറ്റനോട്ടത്തില്‍ അവരൊരു രജപുത്രവനിതയാണെന്നെനിക്കു തോന്നി. പ്രായം നാല്പതിനുമേല്‍ ഉണ്ടാവണം….”

മൃത്യുവിന്റെ ഗന്ധം പരത്തുന്ന മഹാശ്മശാനങ്ങളും താന്ത്രികസാധനയുടെ മൂര്‍ത്തരതി പൂക്കുന്ന ഉപാസനാകേന്ദ്രങ്ങളും കടന്ന് കേവലശരീരത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന കണികയിലേക്ക് ലയിപ്പിക്കുന്ന അനശ്വരതയെ അന്വേഷിക്കുകയാണ് ഈ അനുഭവക്കുറിപ്പ്. ഇതില്‍ ദേവഭൂമിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും താന്ത്രിക ബുദ്ധിസത്തിന്റെയും ശാക്തേയതന്ത്രയുടെയും വേരുകള്‍ തേടി നടത്തിയ യാത്രാനുഭവങ്ങളാണ് കെ.വി മോഹന്‍ കുമാര്‍ രചിച്ച ദേവരതിയെന്ന ഈ ഉജ്ജ്വലകൃതി.

“മൈഥുനം ഉടലുകള്‍ തമ്മിലല്ല, ആത്മാവുകള്‍ തമ്മിലാവണം. രതിയില്‍ ഉടലുകള്‍ പ്രാര്‍ത്ഥനയിലെന്നോണം ധ്യാനനിരതമാവണം. പുരുഷന്‍ പ്രകൃതിക്കു നല്‍കുന്ന അര്‍ച്ചനയാവണമത്. അതാണ് തന്ത്ര അനുശാസിക്കുന്ന രതി- ദേവരതി.”

Comments are closed.