DCBOOKS
Malayalam News Literature Website

അപസര്‍പ്പക അപകടവഴിയിലേക്ക്…

ഒരിക്കല്‍കൂടി നമസ്‌കാരം. കുറ്റാന്വേഷണകഥകളില്‍ മിക്കപ്പോഴും വായനക്കാരെ എഴുന്നള്ളിക്കാറുള്ളത് അന്വേഷകന്റെ പ്രതാപവഴികളിലൂടെയാണ്. എഴുത്തുകാരന്‍ തന്നെ നേരത്തേ കല്ലും മുള്ളും നീക്കി വിശാലമായി വെട്ടിയൊരുക്കിയിരിക്കുന്നു. പകരം വിധി വിരിച്ചിരിക്കുന്ന ഒരു വലയുണ്ട്. അതിനെ കണക്കിലെടുക്കുന്നു. ജീവിതത്തിനൊരു ഗണിതമുണ്ട്. ആകയാല്‍ അസത്യത്തിന്റെ, അനീതിയുടെ പാതയില്‍ പറക്കുന്ന ഒരുത്തന്റെ ചിറകരിഞ്ഞിടേണ്ടതു പ്രപഞ്ചത്തിന്റെകൂടി നിലനില്പിന്റെ ആവശ്യമാണ്. ആ കണിശതകൂടി ഉപയോഗപ്പെടുത്തി ഇത്തരം കഥ പറഞ്ഞുപോകാനാകുമോ എന്നു ശ്രമിക്കുകയാണ് ഇവിടെ. അതിനു നിമിത്തമാകുന്നത് ഒരു പാവപ്പെട്ട മനുഷ്യന്‍. ആ നിമിത്തത്തിനെ വേണമെങ്കില്‍ കുറ്റാന്വേഷകന്‍ എന്നു വിളിക്കാം, വെറും അന്വേഷകനെന്നും.

അതിനാല്‍ ജീവിതത്തിന്റെ ഈ കൊടുങ്കാട്ടില്‍, അന്വേഷകനായി വെടിപ്പായുംവിശാലമായും Textവെട്ടിയ വഴിത്താര ഇല്ല. ജീവന്റെ, ജീവിതത്തിന്റെ വ്യഥകള്‍, മനുഷ്യന്റെ അപൂര്‍ണതകള്‍ തുടങ്ങിയവയിലൂടെയാണ് ഇതിലെ അന്വേഷകന്‍ കടന്നുപോകുന്നത്. അയാള്‍ക്ക് പ്രത്യേകതകളൊന്നുമില്ല. ഏക ഗുണം, അയാളുടെ മനസ്സിന് അശ്രദ്ധകള്‍ കുറവാണ് എന്നതാണ്. സൂക്ഷ്മമായ നിരീക്ഷണചിന്തകളിലൂടെ, യുക്തിയിലൂടെ, പ്രശ്‌നത്തിന്റെ മധ്യത്തില്‍, അപകടത്തില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടാണ് അയാള്‍ സത്യം ചികയുന്നത്. എഴുത്തുകാരന്റെ യുക്തി (അങ്ങനൊന്ന് ഉണ്ടെങ്കില്‍) അയാളെ സഹായിച്ചേക്കും. പക്ഷേ, ക്ലൈമാക് സിലേക്ക് എളുപ്പം സുഗമമായി എത്താന്‍ അയാള്‍ക്ക് എക്‌സ്പ്രസ് വേയും ബെന്‍സ് കാറുമൊന്നും കൊടുത്തിട്ടില്ല. ഇടവഴികളും കല്ലും മുള്ളുമുള്ള വഴികളിലൂടെയും അയാളെത്തും. അങ്ങേര്‍ക്കും അതാണ് ഇഷ്ടം. അയാളെ നിര്‍മിച്ച ആള്‍ക്കും അങ്ങനെതന്നെ.

അങ്ങനെയങ്ങനെ, ഇങ്ങനെ അപസര്‍പ്പകകഥകളുടെ പുതിയൊരു പരമ്പര തുടങ്ങിവയ്ക്കുകയാണ്. ഇത് ആദ്യപുസ്തകമാണ്. കഴിയുമെങ്കില്‍ ഈയിനത്തില്‍ കുറച്ചു പുസ്തകങ്ങള്‍ ഇറക്കണമെന്നുണ്ട്.

വായനക്കാരില്‍നിന്നു തക്ക പ്രതികരണമില്ലെങ്കില്‍ മുഷിപ്പിക്കാതെ പിന്‍വാങ്ങണം. കാരണം അപസര്‍പ്പകരചനതന്നെ യുക്തിയാണ്. ഇതിനാല്‍ ഇക്കാര്യത്തില്‍ യുക്തിരാഹിത്യം കാണിച്ച് അപഹാസ്യനാകാതിരിക്കുകയാണു യുക്തി.

പക്ഷേ, ഇതില്‍ ഒരാളെ ഓര്‍ക്കാനുണ്ട്. വയോധികനായ, എന്റെ പ്രിയസുഹൃത്തും പോലീസ് ചരിത്രകാരനുമായ കെ. രമേശന്‍നായരെ. അദ്ദേഹം പോലീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ചരിത്രകമ്പക്കാരനായിരുന്നതിനാല്‍ പോലീസിന്റെ പഴയ കേസ്ഡയറികളൊക്കെ ഉപയോഗപ്പെടുത്തി അദ്ദേഹം കഥാരൂപത്തില്‍ കുറിച്ചിട്ടിരുന്നു. അതിലൊരു കഥയുടെ ക്ലൈമാക്‌സ് വളരെ വിചിത്രമായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്തു നടന്ന ഒരു സംഭ വമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആ കഥയില്‍ കുറ്റംചെയ്ത രീതിയുടെ സൂക്ഷ്മതയും തന്മയത്വവുംമൂലം വായനക്കാരനു കുറ്റംചെയ്ത വ്യക്തിയോട് ഒരു കൂരാധന തോന്നണം. (പ്രശസ്തിക്കു കുപ്രസിദ്ധി എന്നതുപോലെ ക്രൂരന്മാരോടു തോന്നുന്ന ഒരു ആരാധനയാണ് കൂരാധന) അങ്ങനെ ഞെട്ടലോടുകൂടിയ ഒരു കൂരാധന തോന്നിപ്പോയപ്പോള്‍ ഞാന്‍ രമേശന്‍സാറിനോട് സംസാരിച്ചു. ആ കഥയിലെ സ്ത്രീയുടെ കുറ്റബുദ്ധിയുടെ ആ ഒരു അംശം ക്ലൈമാക്‌സില്‍ ഉപയോഗിച്ചിട്ടുണ്ട്.

ലോകത്തെങ്ങും അപസര്‍പ്പകകഥകള്‍ക്കു വലിയ ആസ്വാദകരുണ്ട്. കേരളത്തിലും അങ്ങനെതന്നെ. പക്ഷേ, ഇവിടെ സാഹിത്യത്തിന്റെ വരാന്തയിലേ പലപ്പോഴും ഇടമുള്ളൂ. അപസര്‍പ്പകകഥകള്‍ക്കു മാത്രമല്ല, നമ്മുടെ തനതായ മാന്ത്രികകഥകള്‍, പ്രേതകഥകള്‍ തുടങ്ങിയവയൊക്കെ മുഖ്യധാരാസാഹിത്യത്തിന്റെ പടിക്കു പുറത്തുകിടക്കുകയാണ്.

നമ്മുടെ മണ്ണിന്റെ കഥകള്‍ ഉദ്വേഗത്തോടെ പറയാമെന്നിരിക്കെ, പടിഞ്ഞാറുനിന്ന് കെട്ടിക്കൊണ്ടുവന്ന പുതിയ സിദ്ധാന്തങ്ങള്‍ സാഹിത്യത്തില്‍ കുറച്ചുനാള്‍ തങ്ങി. പിന്നീടത് അപ്രത്യക്ഷമായി. വീണ്ടും, വായനയുടെ രസം, ഒഴുക്ക്, ധാരമുറിയാതുള്ള പ്രവാഹം തുടങ്ങിയ നമ്മുടെ പാരമ്പര്യരീതികള്‍ വീണ്ടും സാഹിത്യത്തില്‍ ഉത്സാഹത്തിലായി. ഇതിന്മേലുള്ള പരീക്ഷണങ്ങളാകും കൗതുകകരം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ നമ്മള്‍ വന്നുപെട്ടിരിക്കുന്നതെന്നു തോന്നുന്നു. ഉത്സാഹമുള്ള വായനയെ പ്രചോദിപ്പിക്കുന്ന ഈ കാലത്തോട് ഇണക്കാവുന്ന ഒരു ശ്രമംകൂടിയാകുമോ എന്നു നോക്കാം.കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് വലിയ സമയക്കുറവ്. പക്വതയെത്തുംമുമ്പേ അണു
കുടുംബത്തിലെ ഗൃഹനാഥനോ നാഥയോ ആയി പരിണമിക്കുന്നു. പാകത ഇല്ലാത്തതിനാല്‍ വിവിധ കുടുംബപ്രശ്‌നങ്ങളില്‍ ഇരട്ടിവേദനയില്‍ നട്ടംതിരിയുകയാണ്. ഇതിനിടയില്‍വായിക്കാന്‍ ശ്രമിക്കുമ്പോള്‍, നിനക്കു വേറൊരു പണിയുമില്ലായിരുന്നോ എന്നതരത്തിലുള്ള പുസ്തകങ്ങള്‍. ഈ ശൃംഖലയിലെ പുസ്തകങ്ങള്‍ വായനയുടെ ധാരയെ നിരുത്സാഹപ്പെടുത്തില്ല; അതുറപ്പ്.

ഈ അണുകുടുംബവ്യവസ്ഥ എങ്ങനെ ബുദ്ധിപരമായി കൈകാര്യം ചെയ്യാമെന്നു മലയാളി പഠിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഒന്നോ രണ്ടോ തലമുറകൊണ്ടതു പഠിച്ച്, അടുത്ത തലമുറയ്ക്ക് ആ പാഠങ്ങള്‍ കൈമാറി, അതു സ്ഫുടംചെയ്ത് ഒരു വ്യവസ്ഥയായി രൂപാന്തരപ്പെടാന്‍ സമയമെടുക്കും. അന്ന് മലയാളിയുടെ ജീനില്‍തന്നെ സ്ഥായിയായുള്ള വായന വലിയ ഉല്ലാസത്തോടെ തിരിച്ചുവരും… എന്നൊക്കെയാണ് എന്റെ അബദ്ധമോ സുബദ്ധമോ ആയുള്ള ധാരണ.

അങ്ങനെങ്ങാനും വന്നാല്‍, സ്വാഭാവികമായി അത്തരത്തില്‍ ഉള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ എന്റെയും ഒന്നോ രണ്ടോ പുസ്തകം ഉണ്ടായിരിക്കണമെന്ന് ഒരു എഴുത്തുകാരന്‍ ആശിക്കുന്നതില്‍ തെറ്റില്ലല്ലോ.

 ‘ഡിറ്റക്റ്റീവ് പ്രഭാകരന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ആമുഖത്തില്‍ നിന്നും

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

 

Comments are closed.