DCBOOKS
Malayalam News Literature Website

ജന്മനാ ഇന്ത്യന്‍ ദേശീയവാദിയായ ഒരാള്‍…

DESIYATHAYUDE UTHKANDA : ENTHANU BHARATHEEYATHA
DESIYATHAYUDE UTHKANDA : ENTHANU BHARATHEEYATHA

എന്നെ സംബന്ധിച്ച് ദേശീയത എന്നത് ബൗദ്ധികവാദമോ രാഷ്ട്രീയ തത്ത്വചിന്തയോ ഉള്‍പ്പെടുന്ന കേവലമായ സൈദ്ധാന്തിക പ്രശ്‌നമല്ലാതെ മറ്റൊന്നുമല്ല. തീര്‍ത്തും വ്യക്തിപരമായ കാര്യമാണത്. ഇന്ത്യ റിപ്പബ്ലിക്കായി ആറുവര്‍ഷം കഴിഞ്ഞ,് പുതുതായി സ്വതന്ത്രമായ രാഷ്ട്രത്തിന്റെ പാസ്‌പോര്‍ട്ടുമായി കുടിയേറിയ ഇന്ത്യന്‍ദമ്പതിമാരുടെ മകനായി 1956-ല്‍ ലണ്ടനിലാണ് ഞാന്‍ ജനിച്ചത്. ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും ജനനം മുതല്‍ എന്നെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് അര്‍ഹനാക്കുന്ന ഇംഗ്ലണ്ടിലെ നിയമങ്ങള്‍ക്ക് നന്ദി. ബോധപൂര്‍വ്വമാണ് ഞാനത് ഉപയോഗിക്കാതിരുന്നതെങ്കിലും ആ അവസരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്:

ആ പ്രശ്‌നം എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. 1975-ല്‍ എന്റെ 19-ാം വയസ്സില്‍ അമേരിക്കയില്‍ ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ യാത്രാമധ്യേ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനായി ലണ്ടനില്‍ ഇറങ്ങാന്‍ ഞാന്‍ തീരുമാനിക്കുകയുണ്ടായി. എന്‍ട്രി പെര്‍മിറ്റിനായി യഥാവിധി അപേക്ഷിക്കുകയും കല്‍ക്കത്തയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഓഫീസിലെ കാത്തിരിപ്പു മുറിയില്‍ എന്റെ ഊഴവും കാത്ത് ഞാനിരിക്കുകയും ചെയ്തു. എന്നാല്‍ കാത്തിരിപ്പിന് ഇടനല്‍കാതെ എന്നെ പരിഭ്രമിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തുകൊണ്ട് പെട്ടെന്നുതന്നെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഓഫീസിലേക്കു വിളിപ്പിച്ചു. ഇത്തരത്തില്‍ മുന്‍ഗണന ലഭിക്കാന്‍ എന്താണ് ഞാന്‍ ചെയ്തതെന്ന് അതിശയപ്പെട്ടുകൊണ്ട് ഭയചകിതനായി ഓഫീസില്‍ പ്രവേശിച്ച എനിക്ക് ‘താങ്കള്‍ക്കൊരു എന്‍ട്രി പെര്‍മിറ്റ് നല്‍കാന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന മറുപടിയാണ് ലഭിച്ചത്.

‘ഞാനെന്ത് അപരാധമാണ് ചെയ്തത്?’ വിക്കലോടെ ഞാന്‍ ആരാഞ്ഞു. ‘അതോ അപേക്ഷയില്‍ എന്തെങ്കിലും തകരാറുണ്ടോ?’

‘ഇല്ല, ഒന്നുമില്ല.’ പുഞ്ചിരിയോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ‘നോക്കൂ, താങ്കളുടെ ജനനസര്‍ട്ടിഫിക്കറ്റു പ്രകാരം താങ്കള്‍ക്കൊരു ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ട്.’

‘പക്ഷേ, എനിക്കൊരു ബ്രിട്ടീഷ് പാസ്‌പോര്‍ട്ടല്ല, എന്‍ട്രി പെര്‍മിറ്റാണ് വേണ്ടത്.’ ഞാന്‍ ന്യായം പറഞ്ഞു.

‘എനിക്കറിയാം. പക്ഷേ, പാസ്‌പോര്‍ട്ടിന് അര്‍ഹതയുള്ള ഒരു വ്യക്തിക്ക് എന്‍ട്രി പെര്‍മിറ്റ് നല്‍കാന്‍ ഞങ്ങള്‍ക്കാവില്ല. അത് നിയമവിരുദ്ധമാണ്.’ ഹൈക്കമ്മീഷണര്‍ പറഞ്ഞു.

അപ്രതീക്ഷിതമായ ഈ സംഭവവികാസത്തില്‍ ഞാന്‍ നിര്‍ന്നിമേഷനായി. ‘ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് എടുക്കാതെ എനിക്ക് ലണ്ടന്‍ സന്ദര്‍ശിക്കാനാവില്ലെന്നാണോ അങ്ങ് പറയുന്നത്?’

ഹായിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ‘ഞങ്ങള്‍ക്ക് ഒരു എന്‍ട്രി പെര്‍മിറ്റ് നല്‍കാന്‍ കഴിയില്ലെന്നാണു പറഞ്ഞത്. പക്ഷേ, ലണ്ടനില്‍ ജീവിക്കാന്‍ അവകാശമുള്ള സ്ഥിതിക്ക് താങ്കളെ അങ്ങോട്ടു പ്രവേശിക്കുന്നതില്‍നിന്നും അവര്‍ക്ക് തടയാനാവില്ല. നേരേ ലണ്ടനിലേക്കു പോവുകയും താങ്കള്‍ അവിടെ ജനിച്ചതാണെന്ന് ഇമിഗ്രേഷന്‍ ഓഫീസറെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അവര്‍ നിങ്ങള്‍ക്ക് പ്രവേശനാനുമതി തരും. പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുകപോലുമില്ല.’

ഈ ഉറപ്പില്‍ ഞാന്‍ സംശയാസ്പദമായി തലയാട്ടി. എന്‍ട്രി പെര്‍മിറ്റ് നല്‍കാനുള്ള എന്റെ അപേക്ഷ നിരസിച്ചതിനാല്‍ അദ്ദേഹം എന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചുതരികയും എനിക്ക് ആശംസകള്‍ നേരുകയും ചെയ്തു. അദ്ദേഹം പറഞ്ഞതുപോലെതന്നെ എല്ലാം
സംഭവിച്ചു: ഞാന്‍ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുകയും ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവുകയും ചെയ്തു. എന്നെ ഒരു ബ്രിട്ടീഷ് പൗരനായി പരിഗണിക്കുന്നതുകൊണ്ട് ഭാവിയില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കുള്ള ലളിതമായ മാര്‍ഗ്ഗം ഉപയോഗപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ എന്നെ ഉപദേശിച്ചു.

1979-ല്‍ മാര്‍ഗരറ്റ് താച്ചര്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ക്കുള്ള പ്രവേശനാനുമതി വളരെ ഉദാരമാണെന്നതിനാല്‍ എല്ലാവര്‍ക്കും വിസ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ ഈ രീതിയിലുള്ള പ്രവേശനം പലപ്രാവശ്യം തുടരുകയുണ്ടായി.

അക്കാലത്ത് ഞാന്‍ ജീവിച്ചിരുന്ന ജനീവയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ ഒരിക്കല്‍
പരിശോധനയ്ക്ക് ഹാജരായപ്പോള്‍ വിസയില്‍നിന്നും ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളൊന്നും അപ്പോള്‍ നിലവിലില്ലെന്ന് എന്നോട് പറയുകയുണ്ടായി. അങ്ങനെ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്നതിനായി ബ്രിട്ടീഷുകാര്‍ അന്യായമായി ഈടാക്കിയിരുന്ന ഫീസ് അടച്ചുകൊണ്ട് ഞാനൊരു വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു.

പക്ഷേ, ജനീവയില്‍നിന്നും കേവലം എട്ടു മണിക്കൂര്‍ മാത്രം വാഹനമോടിച്ചും ജലമാര്‍ഗ്ഗവും എത്താവുന്ന ദൂരത്തുള്ള, തിയേറ്ററുകളുടെയും ക്രിക്കറ്റിന്റെയും പുസ്തകങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും ആകര്‍ഷണീയതകൊണ്ട് എനിക്കും ഭാര്യയ്ക്കും പലപ്പോഴും ബ്രിട്ടനിലേക്കു പോകേണ്ടതിനാല്‍ തുടര്‍ച്ചയായി വിസയ്ക്ക് അപേക്ഷിക്കാനായി പണം മുടക്കുന്നത് ഒരു വലിയ ചെലവായിരുന്നു. ഞാനെന്റെ ഉത്തരവാദിത്വങ്ങളിലേക്ക് മടങ്ങുകയും പാസ്‌പോര്‍ട്ടിന് അര്‍ഹതയുള്ള ഒരു രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഓരോ പ്രാവശ്യവും വിസ ലഭ്യമാക്കുന്നതിന്റെ വിരോധാഭാസത്തെക്കുറിച്ച് ജനീവയിലുള്ള സുഹൃത്തുകൂടിയായ ബ്രിട്ടീഷ് കൗണ്‍സിലറോട് പറയുകയും എനിക്ക് നിയമപരമായി ജീവിക്കാന്‍ അര്‍ഹതയുള്ള ഒരു രാജ്യത്തേക്ക് കാലെടുത്തുവെക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.

അവതാരികയില്‍നിന്ന് ഒരു ഭാഗം

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.