DCBOOKS
Malayalam News Literature Website

ദല്‍ഹി: ആധുനികതയുടെ അപാവരണങ്ങള്‍

ഡോ.കെ.എസ്. രവികുമാര്‍

ദല്‍ഹിഗാഥകള്‍-പ്രവാസം/യുദ്ധം/രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്നും

സ്വതന്ത്ര ഇന്ത്യ 1960-കളുടെ തുടക്കംമുതല്‍ നേരിട്ട പ്രധാനപ്പെട്ട ചരിത്രാനുഭവങ്ങള്‍, ഡല്‍ഹി നഗരത്തിലെ സാധാരണക്കാരും പ്രാന്തവത്കൃതരുമായ മനുഷ്യരുടെ ജീവിതത്തില്‍ ഉളവാക്കിയ ആഘാതങ്ങളെയും പ്രതികാരങ്ങളെയും ചിതറിയ ചിത്രങ്ങളായി രേഖപ്പെടുത്തുന്ന കൃതിയാണ് ദല്‍ഹിഗാഥകള്‍. കേന്ദ്രീകൃതമായ ഇതിവൃത്തമോ രേഖീയ ആഖ്യാനമോ ഈ നോവലില്‍ കാണാനാവില്ല. ചിതറിക്കിടക്കുന്ന ആഖ്യാനഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നത് 1959-ല്‍ തൊഴില്‍ തേടി ഡല്‍ഹിയിലെത്തിയ പ്രവാസി മലയാളിയായ സഹദേവനാണ്. ഡല്‍ഹിയില്‍ വന്നകാലം മുതല്‍ അയാള്‍ ഒരു നോവലെഴുതുകയാണ്. ആ രചനയാണ് എം. മുകുന്ദന്റെ ദല്‍ഹിഗാഥകള്‍ എന്ന നോവലെന്ന് അന്ത്യത്തിലെ അനുബന്ധ ഖണ്ഡത്തില്‍ വെളിവാക്കപ്പെടുന്നു. കൃതി എഴുത്തുകാരന്റെ സ്വകാര്യ സൃഷ്ടിയാണ് എന്ന കാഴ്ചപ്പാടിനെ പ്രശ്‌നവത്കരിക്കുകയാണ് ഇവിടെ.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പ്രാന്തവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് അവര്‍ക്ക് ഏല്‍ക്കേണ്ടിവന്ന അധികാരത്തിന്റെ ആഘാതങ്ങളെയും പ്രതിരോധങ്ങളെയും ആവിഷ്‌കരിക്കുന്ന രചനയാണ് ദല്‍ഹി ഗാഥകള്‍. ചില ചരിത്രസന്ദര്‍ഭങ്ങളെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ ആഖ്യാനം പുരോഗമിക്കുന്നത്. അതിലാദ്യത്തേത് 1962-ലെ ചൈനീസ് ആക്രമണമാണ്. 1965-ലെ പാകിസ്ഥാന്‍ യുദ്ധം, 1971-ലെ ബംഗ്ലാദേശ് വിമോചനവും അഭയാര്‍ത്ഥിപ്രവാഹവും, 1975-77 കാലത്തെ അടിയന്തരാവസ്ഥ, 1984 ലെ ഇന്ദിരാഗാന്ധി വധവുംസിഖ്‌വിരുദ്ധ കലാപവും. ഇവയൊക്കെയാണ് അവയില്‍ പ്രധാനം. 1990-കളോടെ സാമ്പത്തിക ഉദാരീകരണം നടപ്പിലാക്കിയതോടെ ഉയര്‍ന്നുവരുന്ന പുതിയ സമ്പന്നText വര്‍ഗ്ഗത്തെക്കുറിച്ചും നോവലിന്റെ അന്ത്യത്തില്‍ ആനുഷംഗികപരാമര്‍ശമുണ്ട്.

ഈ ചരിത്രസന്ധികളിലെ ദല്‍ഹിജീവിതം നേരിട്ട് ആഖ്യാനം ചെയ്യുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ അപ്പോഴത്തെ അനുഭവാഘാതം ഏറ്റ സാധാരണ മനുഷ്യരുടെ ജീവിതചിത്രീകരണമാണ് ഏറെയും. ആ കഥാപാത്രങ്ങള്‍ അതിജീവനത്തിനായി പോരടിക്കുന്നവരാണ്. നോവലില്‍ കടന്നുവരുന്ന കഥാപാത്രങ്ങളില്‍ ഏറെപ്പേരും മലയാളികളാണ്. അതിനുപുറമേ കാനേഷുമാരിക്കണക്കില്‍പോലും പെടാത്തവര്‍ നിരവധി വേറേയുമുണ്ട്. ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് പ്രാന്തവത്കൃതരുടെയും നിരാകൃതരുടെയും പക്ഷത്തുനില്ക്കുന്ന രാഷ്ട്രീയ സമീപനമാണ്. രാഷ്ട്രീയവും വംശീയവുമായി അധികാരശക്തികളുടെ ഇരയായിത്തീരുന്നവരുടെ ദൈന്യജീവിതത്തെ ഉള്‍ക്കൊള്ളുന്ന ഈ സമീപനം മുകുന്ദന്റെ മുന്‍കാല കൃതികളിലെ സന്ദിഗ്ദ്ധതകളില്‍ നിന്നുള്ള മുന്നേറ്റമാണ്. നോവലിലാകെ പടര്‍ന്നുകിടക്കുന്ന ഈ സമീപനം മൂര്‍ത്തമായിത്തീരുന്നുണ്ട് അന്ത്യത്തില്‍. പല സന്ദര്‍ഭങ്ങളില്‍ കണ്ടുകിട്ടിയ യാചകരും യാചകതുല്യമായ ജീവിതം നയിക്കുന്നവരുമായ കഥാപാത്രങ്ങള്‍ മുന്‍നില്ക്കുന്ന ആയിരക്കണക്കായ യാചകപ്പട ‘ഞങ്ങള്‍ക്കു വിശക്കുന്നു, ഞങ്ങള്‍ക്കു വിശക്കുന്നു’ എന്നാര്‍ത്തുവിളിച്ചുകൊണ്ടു ലോകസഭാമന്ദിരത്തിലേക്ക് അതിക്രമിച്ചുകടക്കുന്നതും അവര്‍ വെടിയേറ്റുവീഴുന്നതുമായ ദൃശ്യത്തില്‍ ദല്‍ഹി എന്ന അധികാരസ്ഥലത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു. ‘ദല്‍ഹി ഗാഥകള്‍’ എന്ന നോവലിന്റെയും.

‘ദല്‍ഹിഗാഥകള്‍-പ്രവാസം/യുദ്ധം/രാഷ്ട്രീയം’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

‘ദല്‍ഹിഗാഥകള്‍’ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.