DCBOOKS
Malayalam News Literature Website

KLF മൂന്നാം പതിപ്പില്‍ ദി ഹിന്ദു പുരസ്‌കാര ജേതാവ് ദീപക് ഉണ്ണികൃഷ്ണനും

2017 ലെ ‘ദി ഹിന്ദു പുരസ്‌കാരത്തിന് അര്‍ഹനായ പ്രവാസലോകത്തെ പ്രശസ്ത എഴുത്തുകാരന്‍ ദീപക് ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യവും മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുണ്ടാകും. ഫെബ്രുവരി 10ന് രാവിലെ 10.45 മുതല്‍ 11. 45 വരെ നടക്കുന്ന ” പ്രവാസം സാഹിത്യം” (Literature and Exile) എന്ന സെഷനില്‍ എന്‍ ഇ സുധീറുമായുള്ള മുഖാമുഖത്തിലാണ് ദീപക് ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുക. പ്രാവാസ സാഹിത്യവും പ്രമേയവുമൊക്കെ ചര്‍ച്ചയാകുന്ന വേദിയില്‍ ദീപകിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകും.

പാശ്ചാത്യലോകം ഉത്സാഹപൂര്‍വ്വം ഏറ്റെടുത്ത ഇംഗ്ലീഷ് കഥാസമാഹാരമാണ് ദീപക് ഉണ്ണികൃഷ്ണന്റെ ടെമ്പററി പീപ്പിള്‍. പ്രവാസജീവിതം നയിക്കുന്ന ഒരുപാട് അദൃശ്യരായ മനുഷ്യരുടെ ഇതുവരെ പറയാത്ത കഥകളാണ് ഇതിലൂടെ ദീപക് പറയുന്നത്.മദ്ധ്യപൂര്‍വപ്രദേശത്തെ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുകയും, പൗരത്വമോ, തൊഴിലവകാശങ്ങളോ ഇല്ലാതെ ആ രാജ്യത്തിന്റെ വികസനത്തിനായി കാലങ്ങളോളം വിയര്‍പ്പൊഴുക്കുകയും, ശേഷം ആ പ്രദേശത്തിന്റെ ഒരു ഭൂപടത്തിലും ഒരു ചരിത്രത്തിലും അടയാളപ്പെടാതെ,അവിടെ ആരോരുമല്ലാതെ, ജീവനോടെയോ അല്ലാതെയോ മടങ്ങുകയും ചെയ്യേണ്ടിവരുന്ന അദൃശ്യനായ അന്യദേശത്തൊഴിലാളിയുടെ ദുരിതങ്ങളുടെ കഥ.സര്‍റിയലിസവും മാജിക്കല്‍ റിയലിസവും ഒന്നിക്കുന്ന കഥനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഈ കൃതിക്കാണ് 2017 ലെ ‘ദി ഹിന്ദു പുരസ്‌കാരം ലഭിച്ചത്.

ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ അബുദാബി കാമ്പസ്സിലെ റൈറ്റിംഗ് പ്രോഗ്രാമില്‍ അധ്യാപകനാണ് ഇപ്പോള്‍ ദീപക് ഉണ്ണികൃഷ്ണന്‍. ജനിച്ചതു കേരളത്തിലാണെങ്കിലും, ഒരു മാസം പ്രായമുള്ളപ്പോള്‍ പ്രവാസികളായ അച്ഛന്റെയും അമ്മയുടെയും കൂടെ അബുദാബിയിലേക്ക് പോയതാണ് ദീപക്. പിന്നെ വളര്‍ന്നതും, പഠിച്ചതുമൊക്കെ അവിടെയാണ്.

2018 ഫെബ്രുവരി 8 മുതല്‍ 11 വരെയുള്ള നാലുനാളുകളിലായി കോഴിക്കോട് കടപ്പുറത്താണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ലിന്റെ മൂന്നാമത് പതിപ്പ് നടക്കുന്നത്. 5 വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മുന്നൂറ്റിയന്‍പതോളം എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്.

Comments are closed.