DCBOOKS
Malayalam News Literature Website

ദീപക് ഉണ്ണികൃഷ്ണന് ‘ദി ഹിന്ദു പുരസ്‌കാരം’

പ്രവാസി എഴുത്തുകാരനായ ദീപക് ഉണ്ണികൃഷ്ണന് 2017 ലെ ‘ദി ഹിന്ദു പുരസ്‌കാരം’. അദ്ദേഹത്തിന്റെ ‘Temporary People'( ടെമ്പററി പീപ്പിള്‍) എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ ഫോക്‌സില്‍ നിന്നും ദീപക് ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പാശ്ചാത്യലോകം ഉത്സാഹപൂര്‍വ്വം ഏറ്റെടുത്ത ഇംഗ്ലീഷ് കഥാസമാഹാരമാണ് ദീപക് ഉണ്ണികൃഷ്ണന്റെ ടെമ്പററി പീപ്പിള്‍. പ്രവാസജീവിതം നയിക്കുന്ന ഒരുപാട് അദൃശ്യരായ മനുഷ്യരുടെ ഇതുവരെ പറയാത്ത കഥകളാണ് ഇതിലൂടെ ദീപക് പറയുന്നത്.മദ്ധ്യപൂര്‍വപ്രദേശത്തെ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുകയും, പൗരത്വമോ, തൊഴിലവകാശങ്ങളോ ഇല്ലാതെ ആ രാജ്യത്തിന്റെ വികസനത്തിനായി കാലങ്ങളോളം വിയര്‍പ്പൊഴുക്കുകയും, ശേഷം ആ പ്രദേശത്തിന്റെ ഒരു ഭൂപടത്തിലും ഒരു ചരിത്രത്തിലും അടയാളപ്പെടാതെ,അവിടെ ആരോരുമല്ലാതെ, ജീവനോടെയോ അല്ലാതെയോ മടങ്ങുകയും ചെയ്യേണ്ടിവരുന്ന അദൃശ്യനായ അന്യദേശത്തൊഴിലാളിയുടെ ദുരിതങ്ങളുടെ കഥ.സര്‍റിയലിസവും മാജിക്കല്‍ റിയലിസവും ഒന്നിക്കുന്ന കഥനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ അബുദാബി കാമ്പസ്സിലെ റൈറ്റിംഗ് പ്രോഗ്രാമില്‍ അധ്യാപകനാണ് ഇപ്പോള്‍ ദീപക് ഉണ്ണികൃഷ്ണന്‍. ജനിച്ചതു കേരളത്തിലാണെങ്കിലും, ഒരു മാസം പ്രായമുള്ളപ്പോള്‍ പ്രവാസികളായ അച്ഛന്റെയും അമ്മയുടെയും കൂടെ അബുദാബിയിലേക്ക് പോയതാണ് ദീപക്. പിന്നെ വളര്‍ന്നതും, പഠിച്ചതുമൊക്കെ അവിടെയാണ്.

Comments are closed.