DCBOOKS
Malayalam News Literature Website

സെമീര എന്‍. രചിച്ച ‘ഡിസംബറിലെ കാക്കകള്‍

ഭൂതാനം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സെമീര എന്‍. എഴുതിയ നോവലാണ് ഡിസംബറിലെ കാക്കകള്‍. മിത്തുകളിലും സ്വന്തം വിശ്വാസങ്ങളിലും ജീവിതത്തെ സമൂഹത്തോടു ചേര്‍ത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ പാര്‍ത്തിരുന്ന ഇടമായിരുന്നു ആ ഗ്രാമം. ഇന്ത്യയുടെ മനസ്സിനെ വിഭജിച്ച ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെ ഭൂതാനവും പലതായി പിളരുന്നു. വര്‍ഗ്ഗീയ ലഹളകളുടെ അവിശ്വാസങ്ങളും വര്‍ത്തമാനങ്ങളും ഒരു ഗ്രാമത്തെ അപ്പാടെ തകര്‍ക്കുന്ന ഭീതിദമായ കാഴ്ചകളാണ് ഈ നോവലില്‍ തെളിയുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഡിസംബറിലെ കാക്കകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

നോവലില്‍ നിന്ന്

“പഴങ്കഥയില്‍ ഭൂതാനം കടലിനടിയിലെ വലിയ ഒരു നിരപ്രദേശമായിരുന്നു. അവിടെ ഒരു കടല്‍ പ്രക്ഷുബ്ധത വിട്ട് ശാന്തമായി കിടന്നു. ജലോപരിതലം ഒരു ചെറുകാറ്റിന്റെ തലോടലിനുപോലും വശംവദയാകാതെ ചലനമറ്റുകിടന്നു. ഇപ്പോള്‍ കോട്ട നില്ക്കുന്നിടം, ആ വലിയ പാറക്കെട്ടുകളില്‍മാത്രം തിരമാലകള്‍ രാത്രിയില്‍ കടലിന്റെ അന്തവിക്ഷോഭങ്ങളെ ശിഥിലമായ തിരകളാക്കി തലതല്ലിക്കരഞ്ഞു.

നിരപ്രദേശത്തേക്ക് സ്രാവുകള്‍ കൂട്ടംകൂട്ടമായി പ്രജനനത്തിനായി എത്തി. മെയ്, ജൂണ്, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ അവ അവിടെ കാമക്കൂത്തിലേര്‍പ്പെട്ടു. ജലോപരിതലം അപ്പോള്‍ ഒരു യുദ്ധക്കോളിലെന്ന പോലെ വിറയ്ക്കുകയും പിടയുകയും വേലിയേറ്റങ്ങളാല്‍ വിക്ഷുബ്ദമാവുകയും ചെയ്യും. അന്തരീക്ഷത്തിലാകമാനം അപ്പോള്‍ കാമനീരിന്റെ ദുര്‍ഗന്ധം നിറയും. അതിനു മുകളില്‍ വട്ടമിട്ടുപറക്കാന്‍ അന്നേരം കഴുകന്‍മാര്‍ക്കുപോലും ധൈര്യമുണ്ടാകില്ല.

അക്കാലത്ത് ഘോരമായ ശബ്ദങ്ങള്‍ അവിടെനിന്നുയര്‍ന്നിരുന്നു. സ്വതവേ പ്രകാശം, തീരെയില്ലാത്ത ഇരുണ്ടു കിടന്നിരുന്ന ഒരു ഭൂഖണ്ഡമായിരുന്നു അത്. അതിലെ കടന്നുപോകുന്ന കപ്പലുകളിലും ചെറുബോട്ടുകളിലും സ്രാവുകളുടെ കാമനീരു പടര്‍ന്നിരുന്നു. പുറംകടലിലെത്തുമ്പോഴേയ്ക്കും അതിന്റെ മണം പിടിച്ചെത്തുന്ന തിമിംഗലങ്ങള്‍ അവയെ കൂട്ടത്തോടെ മുക്കിക്കൊന്നു രസിച്ചു. അങ്ങനെ അനാഥമാകുന്ന ചെറുബോട്ടുകള്‍ ആ നിരപ്രദേശത്തിന്റെ ചെളി നിറഞ്ഞ ഗര്‍ഭ അറകളില്‍ നൂറ്റാണ്ടുകളോളം അമര്‍ന്നുകിടന്നു…”

സെമീര എന്‍.: മലപ്പുറം ജില്ലയിലെ ചാലിയാര്‍ തീരയോരഗ്രാമമായ മൂര്‍ക്കനാട്ടില്‍ ജനിച്ചു. 2008 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട കറുത്ത ലോകത്തെ കുട്ടി ആണ് ആദ്യത്തെ കഥ. പ്രഥമ നോവലായ ‘തസ്രാക്കിന്റെ പുസ്തകം’ 2016-ലെ ഡി.സി നോവല്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നു.

Comments are closed.