DCBOOKS
Malayalam News Literature Website

തിലകന്‍; അഭിനയകലയുടെ പെരുന്തച്ചൻ

മലയാള സിനിമയുടെ പെരുന്തച്ചനായി അറിയപ്പെടുന്ന തിലകന്‍ മരിച്ചിട്ട് ഇന്ന് 9 വര്‍ഷം പൂര്‍ത്തിയായി

മലയാളിയുടെ സ്വകാര്യമായ അഹങ്കാരമായിരുന്നു തിലകൻ എന്ന മഹാനടൻ. ആ അഭിനയപ്രതിഭയെ നമ്മൾ അഭിനയകലയുടെ പെരുന്തച്ചൻ എന്നുവിളിച്ചു. മലയാള സിനിമയുടെ പെരുന്തച്ചനായി അറിയപ്പെടുന്ന തിലകന്‍ മരിച്ചിട്ട് ഇന്ന് 9 വര്‍ഷം പൂര്‍ത്തിയായി.

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ തിലകന്റെ അഭിനയജീവിതസ്മരണകളും അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകരുടെ ഓർമ്മകുറിപ്പുകളും ‘തിലകൻ: ജീവിതം ഓർമ്മ’എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. തിലകന്റെ എഴുതാതെ പോയ ആത്മകഥയ്ക്ക് പകരംവയ്ക്കാവുന്ന പുസ്തകം സജില്‍ ശ്രീധറാണ് തയ്യാറാക്കിയത്. ദേശീയ പുരസ്‌കാരം, രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരവും തിലകന് ലഭിച്ചിട്ടുണ്ട്.

1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകന്‍, 1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണസമയ നാടക നടന്‍ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടക സമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയ യോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവ ഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.

പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടക സംവിധായനത്തിലേക്ക് കടക്കുന്നത്. 1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുന്‍പ്, അദ്ദേഹം അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

 

 

Comments are closed.