DCBOOKS
Malayalam News Literature Website

മഹാകവി പന്തളം കേരളവര്‍മ്മ ചരമശതാബ്ദിയാഘോഷം ആരംഭിച്ചു

മഹാകവി പന്തളം കേരളവര്‍മ്മയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരമശതാബ്ദി ആഘോഷം പന്തളത്ത് തുടങ്ങി. കേരള സാഹിത്യ അക്കാദമിയും പന്തളം കേരളവര്‍മ്മ സ്മാരക സമിതിയും ചേര്‍ന്ന് നടത്തുന്ന പരിപാടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധുനികതയിലേക്കുള്ള നടപ്പാത തെളിച്ചതിനൊപ്പം ലളിതവും ഗഹനവുമായ ആശയങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പന്തളം കേരളവര്‍മ്മ ചെയ്തതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. ഭിന്നിച്ച് അവനവന്റെ കൂടാരത്തിലേക്കൊതുങ്ങുന്ന സമൂഹത്തെ ഒന്നിച്ചുചേര്‍ക്കുന്നത് സാഹിത്യകൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. കവിതയില്‍ ജനിച്ച് കവിതയില്‍ ജീവിച്ച് കവിതയില്‍ മരിച്ച കവിയാണ് പന്തളം കേരളവര്‍മ്മയെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രതിമ സ്ഥാപിക്കണമെന്നും ബാലകവിതകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും സാഹിത്യ അക്കാദമിയില്‍ അദ്ദേഹത്തിന്റെ ചിത്രം വെയ്ക്കണമെന്നും ബെന്യാമിന്‍ പറഞ്ഞു.

പന്തളം കേരളവര്‍മ്മ സാഹിത്യസമിതി പ്രസിഡന്റ് ഡോ. കെ.എസ്.രവികുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി.നായര്‍, നോവലിസ്റ്റ് സി. റഹിം, വായനക്കൂട്ടം സംഘാടകന്‍ ജി. രഘുനാഥ്, കെ.സി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സാഹിത്യസമിതി വൈസ് പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.അജയകുമാര്‍, രവിവര്‍മ്മ തമ്പുരാന്‍, ഡോ. എസ്.എസ്. ശ്രീകുമാര്‍, പി. രവിവര്‍മ്മ, അമ്മിണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.