DCBOOKS
Malayalam News Literature Website

ഡി സി ഇയര്‍ബുക്ക് 2018

വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി സി ഇയര്‍ബുക്ക് 2018 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തിലെ എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ഇയര്‍ബുക്കിന് കഴിഞ്ഞിരിക്കുന്നുവെന്ന് നിസംശയം പറയാം. പ്രകൃതി, ആരോഗ്യം, കല, വിവരസാങ്കേതികത, സാമ്പത്തികം, ചരിത്രം, സാഹിത്യം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയോടൊപ്പം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ആവശ്യമായവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തികമേഖലകളെ സംബന്ധിച്ചിടത്തോളം നിരവധി മാറ്റങ്ങള്‍ക്കാണ് 2017 സാക്ഷിയായത്. 2017-ന്റെ തുടക്കത്തില്‍ ഏറെ തിടുക്കത്തോടെ നടപ്പിലാക്കിയ ജി എസ് ടിയുടെ പ്രായോഗിക വൈഷമ്യങ്ങളില്‍നിന്നും കരകയറാനുള്ള തത്രപ്പാടിലായിരുന്നു ഇന്ത്യ. ലോകത്തെമ്പാടും കൂടുതല്‍ വ്യക്തമായ രൂപം കൈവരിക്കുകയും പ്രബലമാകുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയം, പരിഹാരമില്ലാത്ത ആഗോളദുരന്തമായി തുടരുന്ന അഭയാര്‍ത്ഥികളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍, ഓഖിയില്‍ വന്നു നില്‍ക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍, സാമ്പത്തികരംഗത്തെ പ്രതിസന്ധികള്‍, സ്വകാര്യത മൗലികാവകാശമാക്കിയതുള്‍പ്പെടെയുള്ള വിധിന്യായങ്ങള്‍, വാക്‌സിനേഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടങ്ങി പോയവര്‍ഷത്തിന്റെ സമസ്ത മേഖലകളെയും ഡി സി ബുക്‌സ് ഇയര്‍ബുക്ക് 2018 അടയാളപ്പെടുത്തുന്നു.

വിവരസാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലും വായനയിലൂടെ നേടുന്ന വിജ്ഞാനത്തിന് പ്രാധാന്യം നഷ്ടപ്പെടുന്നില്ല. 2017-ല്‍ ചര്‍ച്ചയായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂര്‍, വി. പി. ബാലഗംഗാധരന്‍, ഡോ. ബി. പദ്മകുമാര്‍, ഡോ. ടി. പി. സേതുമാധവന്‍ തുടങ്ങി പത്തോളം വിഷയവിദഗ്ധര്‍ തയ്യാറാക്കിയ സമഗ്രമായ ലേഖനങ്ങള്‍ വായനയെ കൂടുതല്‍ ആഴമുള്ളതാക്കുന്നു.

2018-ല്‍ നടക്കാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരിയര്‍ അവസരമാണ്. ഈ വിഷയത്തെക്കുറിച്ച് ഡോ. ബി. അശോക് കുമാര്‍ ഐ എ എസ് എഴുതിയിട്ടുള്ള ആമുഖം പഠനവഴിയില്‍ മികച്ച ഒരു വഴികാട്ടിയായിരിക്കും. ഒബ്ജക്റ്റീവ് മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന കറന്റ് അഫയേഴ്‌സ് & ജി കെ 2017 പി എസ് സി മത്സരാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ലോകം, ഇന്ത്യ, കേരളം, ശാസ്ത്രം, കായികം, സിനിമ, ഐ ടി, സാഹിത്യം എന്നിങ്ങനെ മത്സരപ്പരീക്ഷകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന PSC Sure Shots അറിവിന്റെ വിശാലമായ ജാലകമാണ് തുറക്കുന്നത്. ഏതു തലത്തിലുള്ള പരീക്ഷകള്‍ക്കും അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു. വിഭവസമൃദ്ധമായ ഒരു വായനാനുഭവംതന്നെയാണ് ഡി സി ഇയര്‍ബുക്ക് 2018 വായനക്കാര്‍ക്കായി കാഴ്ചവച്ചിരിക്കുന്നത്. മികച്ച വായനാനുഭവം പ്രതീക്ഷിച്ച് പുസ്തകക്കടയിലെത്തുന്ന ഒരു വായനക്കാരനെയും ഈപുസ്തകം നിരാശപ്പെടുത്തില്ല.

Comments are closed.