DCBOOKS
Malayalam News Literature Website

ടി.ഡി രാമകൃഷ്ണനുമായി ഒരു അഭിമുഖസംഭാഷണം

വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കു ശേഷം ടി.ഡി രാമകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്ക ഉടന്‍ പുറത്തിറങ്ങുകയാണ്.പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമാകുന്ന നോവല്‍ ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ പശ്ചാത്തലത്തില്‍ ടി.ഡി രാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

എഴുത്തില്‍ ചരിത്രം, മിത്ത്, ഫാന്റസി എന്നിവ കടന്നുവന്നതിനെക്കുറിച്ച് വ്യക്തമാക്കാമോ?

വളരെ സ്വാഭാവികമായി എഴുത്തില്‍ സംഭവിച്ചുപോകുന്നതാണ് ഇക്കാര്യം. എഴുത്തുകാരന്‍ ഒരു വിഷയത്തെക്കുറിച്ച് എഴുതുന്നത് അത് വായനക്കാരിലെത്തണം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ്. പലരുടെയും കഥ പറച്ചില്‍ വ്യത്യസ്തമായ രീതിയിലാണ്. ഈ സങ്കേതങ്ങളെല്ലാം കഥ പറയാനുള്ള സാധ്യതകളായി ഞാന്‍ ഉപയോഗിക്കുന്നുവെന്നുമാത്രം. കഥ പറച്ചിലിനിടെ ചിലപ്പോള്‍ റിയാലിറ്റിയില്‍ നിന്ന് ഹൈപ്പര്‍ റിയാലിറ്റിയിലേക്ക് സഞ്ചരിക്കും. വെറും യാഥാര്‍ത്ഥ്യങ്ങളില്‍ നില്‍ക്കാതെ മറ്റ് സാധ്യതകളെ കൂടി തേടുകയാണ് ചെയ്യുന്നത്. എഴുത്തുകാരന്‍ എന്ന രീതിയില്‍ എഴുത്തിനെ സര്‍ഗ്ഗാത്മകമാക്കുക എന്നതു മാത്രമാണ് ഞാന്‍ മുന്നില്‍ കാണുന്നത്.

ചരിത്രം രേഖപ്പെടുത്തുക എന്നത് എന്റെ ലക്ഷ്യമേയല്ല. പകരം കഥ പറയാനുള്ള ഒരു വഴി മാത്രമാണ് ചരിത്രം. പല എഴുത്തുകാരും ചരിത്രത്തെ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. മിത്തുകള്‍ക്കും ഫാന്റസികള്‍ക്കും ഭാവനയുടെ അനന്തമായ സാധ്യതകളാണ് മുന്നിലുള്ളത്. വൈല്‍ഡ് ഫാന്റസികളുടെ ഒരു ആരാധകനാണ് ഞാന്‍. പല ഭ്രാന്തമായ ചിന്തകളും എഴുത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അതിനു ചെറിയൊരു കാരണം കൂടിയുണ്ട്. മൂന്നര വര്‍ഷത്തോളം ഗുഡ്‌സ് ട്രെയിനുകളുടെ ഗാര്‍ഡായി ജോലി ചെയ്തിരുന്നു. ഒരു മനുഷ്യനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ച അവസ്ഥക്കു സമാനം. തൊഴില്‍ തടങ്കല്‍ എന്ന് തമാശയായി പറയാം. പകല്‍സമയങ്ങളില്‍ മണിക്കൂറുകളോളം ഒറ്റക്കായിരുന്നു. ആ സമയത്ത് വെറുതെയിരിക്കുമ്പോള്‍ ചിന്തകളിലേക്ക് ഊളിയിടുമായിരുന്നു. അന്നുണ്ടായ കുറേയധികം ചിന്തകളില്‍ നിന്നാണ് ആല്‍ഫയെന്ന ആദ്യ നോവല്‍ രൂപപ്പെടുന്നത്.

സയന്‍സ് ഫിക്ഷന്‍ കൃതികളോടാണോ കൂടുതല്‍ താത്പര്യം?

ഫിസിക്‌സായിരുന്നു ഡിഗ്രിക്ക് തിരഞ്ഞെടുത്തത്. ഏറ്റവും ഇഷ്ടമുള്ളത് ഗണിതമായിരുന്നു. വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. സാഹിത്യത്തേക്കാള്‍ താത്പര്യമുള്ള വിഷയങ്ങളുണ്ടായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യവും ചരിത്രവും തുടങ്ങി ഏത് തരത്തിലുള്ള ജ്ഞാനമാതൃകകളോടും താത്പര്യമുണ്ട്. അതിലെല്ലാം ഫിക്ഷന്റെ സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം. ഫിക്ഷനെഴുത്തില്‍ ശാസ്ത്രീയമായൊരു സമീപനം-അതാണ് ഞാന്‍ സ്വീകരിച്ചത്.

സംഭവങ്ങളില്‍നിന്ന് സാധ്യതകളെ കണ്ടെത്തുന്നതിനെക്കുറിച്ച്?

ചുറ്റുമുള്ള കാര്യങ്ങള്‍ കഴിയുന്നത്ര ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്. അത് കഥ പറച്ചിലില്‍ ഉപയോഗിപ്പെടുത്തുന്നുവെന്നുമാത്രം. രൂപപ്പെടുന്ന ആശയങ്ങള്‍ പലപ്പോഴും ദൃശ്യമായി മനസ്സില്‍കണ്ട് ഉറപ്പിച്ച ശേഷമാണ് എഴുത്ത് നടത്തുന്നത്. പിന്നീടായിരിക്കും അതില്‍ ഭാവന കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

പുതിയ നോവലായ മാമ ആഫ്രിക്കയെക്കുറിച്ച് ?

മാമ എന്നാല്‍ മദര്‍, അമ്മ എന്ന് അര്‍ത്ഥം. ആഫ്രിക്കയിലാണ് മനുഷ്യരുണ്ടായതെന്ന ഒരു മിത്തില്‍ നിന്നാണ് ഈ കഥ രൂപപ്പെട്ടത്. ലോകത്തിന്റെ അമ്മയാണ് ആഫ്രിക്കയെന്ന സങ്കല്പം കടന്നുവരുന്നുണ്ട്. 1895 മുതല്‍ 1901 വരെ കിഴക്കന്‍ ആഫ്രിക്കയിലെ മൊംബാസയില്‍നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയില്‍വേ നിര്‍മ്മാണത്തിന്റെ ഭാഗമായി മുപ്പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആഫ്രിക്കയിലേക്ക് പോയത്. അവരില്‍ കേരളത്തില്‍ നിന്നും പോയ ചിലരുമുണ്ടായിരുന്നു. ആഫ്രിക്കയില്‍ ഇപ്പോഴുമുള്ള അവരുടെ പിന്‍ തലമുറകളുടെ കഥയാണ് നോവലിന്റെ കഥാപശ്ചാത്തലം.

മലയാളത്തില്‍ എഴുതി ഇംഗ്ലീഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഉഗാണ്ടയില്‍ നൈല്‍ നദിയുടെ ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ജിംജാര്‍ എന്ന പ്രദേശം കഥയിലെ സ്ഥലം അടയാളപ്പെടുത്തുന്നു.

എന്തുകൊണ്ട് ആഫ്രിക്കയെന്ന സ്ഥലം നോവലില്‍ കടന്നുവന്നു?

ചെറുപ്പകാലത്തെ ഒരു തൂലികാസൗഹൃദത്തില്‍ നിന്നാണ് ആഫ്രിക്കയെന്ന വലിയ ഭൂഖണ്ഡം മനസ്സിലേക്കു കടന്നുവരുന്നത്. മുന്‍പ് ഇന്നുള്ളതുപോലെ സമൂഹമാധ്യമങ്ങളോ ആശയവിനിമയ മാര്‍ഗ്ഗങ്ങളോ ഉണ്ടായിരുന്നില്ല. തൂലികാസൗഹൃദം ആഗ്രഹിച്ച് ഇംഗ്ലീഷില്‍ എഴുതിയ ഒരു കത്തിന് നല്ല ശുദ്ധമായ മലയാളത്തില്‍ ആഫ്രിക്കയില്‍നിന്ന് ഒരു കത്തുവന്നു. ഉഗാണ്ടയെന്ന രാജ്യത്തെക്കുറിച്ചും അവിടത്തെ ഫലഭൂയിഷ്ഠമായ പ്രദേശത്തെക്കുറിച്ചും നൈല്‍ നദിയുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ചുമൊക്കെ എഴുത്തിലൂടെ അറിഞ്ഞപ്പോള്‍ വലിയ ആകാംക്ഷയായിരുന്നു. ഇതിലെ ഒരു ഫിക്ഷണല്‍ സാധ്യതയില്‍ നിന്നാണ് മാമ ആഫ്രിക്കയെന്ന നോവല്‍ രൂപപ്പെട്ടത്.

Comments are closed.