DCBOOKS
Malayalam News Literature Website

എന്നെ കൊതിപ്പിക്കുന്ന കുന്നും മലഞ്ചെരിവും കാടുകളും തേടി…

ഉത്തരാധുനിക മലയാള ചെറുകഥയിലെ ശ്രദ്ധേയസാന്നിദ്ധ്യമായ ഫ്രാന്‍സിസ് നൊറോണയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് കാതുസൂത്രം. അതിശയ ചേര്‍പ്പ്, തെമ്മാടി പുണ്യാളന്‍, ച്യൂയിങ് ചെറീസ്, എനം, വെരോണയിലെ പെണ്ണ്, വര, ഉറുക്ക്, കാതുസൂത്രം തുടങ്ങി എട്ട് കഥകളുടെ സമാഹാരമാണിത്. ഒട്ടും പോളിഷ് ചെയ്തു മിനുക്കാതെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ കൊണ്ടുപോകാനുള്ള കഴിവാണ് നൊറോണക്കഥകളുടെ മുഖമുദ്ര. അതോടൊപ്പം സമൂഹത്തിന്റെ സമകാലിക സംഭവങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങളായി ഓരോ കഥയും മാറുകയും ചെയ്യുന്നു.

കാതുസൂത്രത്തിലെ കഥകളെക്കുറിച്ചും എഴുത്ത് വഴികളെക്കുറിച്ചും ഫ്രാന്‍സിസ് നൊറോണ എഴുതുന്നു…

തൊട്ടപ്പനും പെണ്ണാച്ചിയും കക്കുകളിയും പ്രാദേശികതയോടു ചേര്‍ന്നുള്ള എഴുത്തായിരുന്നു. കണ്ടും അനുഭവിച്ചും കടന്നുപോയ കണ്ടലും പൊഴിച്ചാലും തീരവും, അവിടത്തെ വിയര്‍പ്പുപൊടിഞ്ഞ മനുഷ്യരും രാത്രിയെഴുത്തിന് കൂട്ടുവന്നു. ആവുംവിധമൊക്കെ അതൊക്കെ പകര്‍ത്തപ്പെട്ടു. ആ ബലത്തില്‍ നിന്നാണ് തീരം വിട്ടൊരു യാത്ര. എഴുത്തന്നത്തിനു ഒരിക്കലും മുട്ടുണ്ടാവാത്ത ചൊരിമണ്ണിനെയാണ് മറികടന്നുപോകുന്നത്. എന്നിട്ടും സാഹിത്യത്തിലെ കുന്നും മലഞ്ചെരിവും കാടുമൊക്കെ എന്നെ കൊതിപ്പി ച്ചുകൊണ്ടിരുന്നു.

കാതുസൂത്രത്തിലെ വ്യത്യസ്തമായ എട്ടുകഥകളുടെ വഴി ആ ഒരു വിചാരത്തില്‍ നിന്നാണ് തുടങ്ങുന്നത്. അതിശയചേര്‍പ്പില്‍ മലമുകളിലെ കാഴ്ചകളിലേക്കാണ് പേനയുടെ ചരിഞ്ഞുകയറ്റം. ഉറുക്കിലത് വിഭ്രാന്തിയുടെ മഷിയാല്‍ താളുകളെ വെഞ്ചരിക്കുന്നു. ‘ച്യൂയിംഗ് ചെറീസ്’ മെട്രോ നഗരത്തെ അടിമുടി ഒപ്പാനുള്ള ശ്രമം. നഗരവത്കരിക്കപ്പെട്ട പരിഷ്‌കൃത സമൂഹത്തിന്റെ ആഴപ്പെട്ട ജാതീയതയുടെ ചിഹ്നങ്ങളാണ് എനത്തില്‍ വരഞ്ഞിട്ടത്. തീരം പാടെ കുടഞ്ഞിട്ടിട്ടുള്ള പോക്കായിരുന്നില്ല. ഇടയ്ക്ക് തെമ്മാടി പുണ്യാളനും, വെരോണയിലെ പെണ്ണുമായി പഞ്ചാരമണ്ണ് തൊട്ടു.

കാതുസൂത്രത്തിലെ എട്ടുകഥകളും ഭാഷയിലും ശില്പഭംഗിയിലും ഭൂമികയിലും വ്യത്യസ്തമാണ്. തൊട്ടപ്പനേക്കാള്‍ എന്നിലെ വായനക്കാരനെ അത് ആഹ്‌ളാദിപ്പിക്കുന്നുണ്ട്. ടൈറ്റില്‍ സ്റ്റോറിയായ കാതുസൂത്രം പാളിപ്പോകാവുന്ന പ്രമേയമായിരുന്നു. ചെറിയ വാചകങ്ങളില്‍ കഥ പറയാനാണ് ശ്രമിച്ചത്. മലയാളത്തിലെ പ്രിയ എഴുത്തുകാരായ സേതു, സാറാജോസഫ്, സക്കറിയ, എം.മുകുന്ദന്‍ എന്നിവരുടെ കൊച്ചുവാചകങ്ങളിലുള്ള ജീവിതം പറച്ചില്‍ എന്നെ കൊതിപ്പിച്ചിരുന്നു. അതുപോലെയൊന്ന് പറയാനാണ് കാത്തിരുന്നത്. തൊട്ടപ്പനും കക്കുകളിയുമൊന്നും അത്തരം രചനയ്ക്കുള്ള ഇടം തന്നില്ല. കാതുസൂത്രം കടഞ്ഞുതുടങ്ങിയപ്പോള്‍ ലളിതാഖ്യാനമായിരുന്നു മനസ്സില്‍. ഭാമയുടെ മകളുടെ കൈപിടിച്ചു തുടങ്ങിയതും അതുകൊണ്ടാണ്.

ചുറ്റുപാടുമുള്ള നിരീക്ഷണം പൊടിപ്രായത്തിലേ തുടങ്ങിയതാണ്. കാണുന്ന ജീവിതങ്ങളിലെ ചുഴിയും ഒടിച്ചുകുത്തിയുമൊക്കെ അതേ കനലോടെ ഉള്ളില്‍ പതിഞ്ഞിരുന്നു. മനുഷ്യരെ കാണുകയല്ല അവരുടെ ഞെരുക്കങ്ങളും പെടച്ചിലും നുറുങ്ങലും അന്തമില്ലാതെ ഏറ്റുവാങ്ങിയുള്ള ഇഴചേരല്‍ ആയിരുന്നു എഴുത്തിലെ എന്റെ ഒളിനോട്ടങ്ങള്‍.

കാതുസൂത്രത്തിലെ ഭാമയെ അടുത്തുനിന്നും അകലെനിന്നും അറിയാം. ആര്‍ക്കാണ് അവള്‍ അപരിചിത?. കഥയിലുടനീളം ഒരിറ്റുപോലും കുറ്റപ്പെടുത്താനാവാത്ത വിധം ഭാമയെന്റെ ചങ്കിനെ തൊടുന്നുണ്ട്. ആണ്‍കോയ്മ ഒരുക്കുന്ന സുരക്ഷിതവേലിക്കുള്ളില്‍ ആത്മവും, സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടുപോയ സ്ത്രീയുടെ എല്ലാ നിസ്സഹായതയും കാതുസൂത്രം മുന്നോട്ടുവെയ്ക്കുന്നു. മനസ്സില്‍ മുള്ളു പാകിയ മതിലിലെ ക്യാമറയില്‍ കുടുങ്ങിയ കാതുസൂത്രത്തിലെ വീട് ലോകത്തിന്റെ മിനിയേച്ചറാണ്. മീന്‍ഭരണിപോലെ മനോഹരമായ അവിടത്തെ കാഴ്ചകളെ അനാവരണം ചെയ്യുന്ന ഒളിനോട്ടങ്ങളിലേക്ക് എഴുതാന്‍ കഴിയുന്നത് ഞാനും അതേ വീട്ടിലെ ഒരാളാവുന്നതിനാലാവും.

കാതുസൂത്രം ആരെയും കാഴ്ചക്കാരായി നിര്‍ത്തുന്നില്ല. വാക്കില്‍ മെനഞ്ഞ കുഴിയാനക്കുഴിയിലേക്ക് വീഴാനും പിടയാനുമുള്ള ഒരു ലോകവിളി അതില്‍ ഒളിഞ്ഞുകിടക്കുന്നു.

Comments are closed.