DCBOOKS
Malayalam News Literature Website

ജുനൈദ് അബൂബക്കറുമായി ഒരു അഭിമുഖസംഭാഷണം

മലയാളി വായനക്കാര്‍ക്ക് പ്രായേണ പരിചിതമല്ലാത്ത വ്യത്യസ്തമായൊരു ഭൂമികയുടെ കഥ പറയുകയാണ് ജുനൈദ് അബൂബക്കര്‍ സഹറാവീയം എന്ന പുതിയ നോവലിലൂടെ. ബേം എന്ന് പേരുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാല്‍ ചിതറിക്കപ്പെട്ടു പോയൊരു സമൂഹത്തിന്റെ സഹനത്തിന്റെ കഥ.നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജസീക്ക ഒമര്‍ എന്ന യുവതിയുടെ സാഹസികയാത്രയിലൂടെ അഭയാര്‍ത്ഥികളുടെ വര്‍ത്തമാനകാല രാഷ്ട്രീയം സജീവമായ ചര്‍ച്ചക്കു വിധേയമാക്കുകയാണ് ഈ നോവല്‍.

നോവലിന്റെ പശ്ചാത്തലത്തില്‍ ജുനൈദ് അബൂബക്കറുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍നിന്ന്

1.നോവലിന്റെ പശ്ചാത്തലം സംക്ഷിപ്തമായി ഒന്നു വിവരിക്കാമോ?

ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ ജോലിചെയ്യുന്ന ജെസീക സഹറാവികള്‍ എന്നറിയപ്പെടുന്നവരെക്കുറിച്ച് ‘അഭയാര്‍ത്ഥിത്വത്തിന്റെ അകവും പുറവും’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചെയ്യാന്‍ പോകുന്നതാണ് നോവലിന്റെ പശ്ചാത്തലം. ലോകത്തിലെ രണ്ടാമത്തെ വലിയ മതിലായ ബേം എന്ന മണ്മതിലിനാലും, അതിനോടു ചേര്‍ന്നുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയമൈന്‍ പാടത്താലും വിഭജിക്കപ്പെട്ട് വിപ്രവാസത്തില്‍ കഴിയുന്ന സഹറാവികള്‍!! ആരാണ് സഹറാവികള്‍? എന്തുകൊണ്ടാണവര്‍ വിപ്രവാസത്തില്‍ കഴിയേണ്ടി വരുന്നത്? എന്തുകൊണ്ടാണ് ജെസീക സഹറാവികളെ തേടിപ്പോകുന്നത്? ഇതിനുള്ള ഉത്തരങ്ങളാണ് സഹറാവീയം.

2.ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ നോവലും. എന്തുകൊണ്ട് ആഫ്രിക്കയെന്ന ഭൂമികയോട് താത്പര്യം?

മനഃപ്പൂര്‍വ്വം ആഫ്രിക്കന്‍ ഭൂമിക തിരഞ്ഞെടുത്തതല്ല. പടിഞ്ഞാറന്‍ സഹാറ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ആയതുകൊണ്ട് നോവലും അവിടെയെത്തിയതാണ്. എനിക്കിവിടെ അയല്‍ക്കാരായി ഒരു മൊറോക്കന്‍ കുടുംബമുണ്ട്. അവരില്‍ നിന്നാണ് പടിഞ്ഞാറന്‍ സഹാറയുടെ രാഷ്ട്രീയമാനം കൂടുതലായി അറിഞ്ഞത്.
യൂറോപ്പുമായി അതിര്‍ത്തി പങ്കിടുന്ന ഏക ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. ഹീത്രോയില്‍നിന്നും നിന്നും മൂന്നര മണിക്കൂര്‍ വിമാനയാത്രകൊണ്ട് മൊറോക്കോയിലെ ഏറ്റവും വലിയ പട്ടണമായ കാസാബ്ലാങ്കയിലെത്തിച്ചേരാം. യൂറോപ്പിന്റെ ശൈത്യം അവിടെയില്ലതാനും. അതുകൊണ്ട് ധാരാളം യൂറോപ്യന്മാര്‍ മോറോക്കോയിലേക്ക് യാത്രചെയ്യുന്നു. ഒരു സുഖവാസകേന്ദ്രം എന്നതിലുപരി ഒരു സമൂഹത്തിന്റെ നിഷ്‌കാസനത്തിനു കാരണമായ രാഷ്ട്രീയം മൊറോക്കോയിലുണ്ട് എന്നതും നോവല്‍ മോറോക്കോ, പടിഞ്ഞാറന്‍ സഹാറ, തിന്ദൗഫ്, അള്‍ജീരിയ എന്നിങ്ങനെയുള്ള ഭൂമികയിലൂടെ കടന്നുപോകാന്‍ ഇടയാക്കി.

3.അഭയാര്‍ത്ഥികളുടെ വര്‍ത്തമാനകാല രാഷ്ട്രീയം പറയണമെന്ന് തോന്നിയത് എന്തുകൊണ്ട്?

1975-ല്‍ നടന്ന ഗ്രീന്‍മാര്‍ച്ച് എന്ന രക്തരഹിത അധിനിവേശത്തിലൂടെയാണ് മൊറോക്കോ പടിഞ്ഞാറന്‍ സഹാറ കൈയടക്കുന്നത്. അവടത്തെ തദ്ദേശവാസികളായ സഹറാവികള്‍ കഴിഞ്ഞ നാലുപതിറ്റാണ്ടിലധികം കാലമായി വിപ്രവാസത്തില്‍ കഴിയുന്നുവെന്നും, അതിനെക്കുറിച്ചും, അവര്‍ സ്വന്തം രാജ്യത്ത് പ്രവേശിക്കാതിരിക്കാനായി മോറോക്കോ പണിത ബേം എന്ന മതിലിനെക്കുറിച്ചുമൊന്നും കാര്യമായ വാര്‍ത്തകള്‍ പുറംലോകത്ത് എത്തുന്നില്ല. അല്ലെങ്കില്‍ അവയെല്ലാം വെറും പ്രാദേശിക വാര്‍ത്തകളായിരിക്കും. ബേം ആദ്യമൊരു കൗതുകമായിരുന്നു. 2700 കിമോമീറ്റര്‍ നീളമുള്ള, ചൈനീസ് വന്മതില്‍ കഴിഞ്ഞാല്‍ ഏറ്റവും വലുപ്പമുള്ള മതില്‍! ഇതുവരെ അങ്ങനെയൊരു മതിലിനെക്കുറിച്ച് കേട്ടിട്ടില്ല. ആ മതില്‍ ഒരു ജനതയെ
അഭയാര്‍ത്ഥികളാക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നു.

അഭയാര്‍ത്ഥികള്‍ക്ക് വര്‍ത്തമാന രാഷ്ട്രീയമുണ്ടോ? അവര്‍ രാഷ്ട്രീയ കരുക്കള്‍ മാത്രമാണ്. സിറിയ, ലെബനോന്‍, ടുണീഷ്യ, പലസ്തീന്‍, ബോസ്‌നിയ, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് നമുക്കറിയാും. അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതുകൊണ്ടുമാത്രം. അറബ് വസന്തും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊണ്ടുവന്ന/തുടരുന്ന രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍/ വൈരുദ്ധ്യങ്ങള്‍ ഒക്കെ ഒരു തരത്തില്‍ അഭയാര്‍ത്ഥികളുടെ സംഖ്യ ഭയാനകമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് പ്രകൃതിവിഭവങ്ങളുടെ അധികസ്‌ത്രോതസ്സുകളുള്ള ഇത്തരം രാജ്യങ്ങള്‍ മാത്രം അഭയാര്‍ത്ഥികളെ ധാരാളമായി ജനിപ്പിക്കുന്നു? എങ്ങനെയാണ് ആ രാജ്യങ്ങളില്‍മാത്രം ഭീകരപ്രവര്‍ത്തനങ്ങള്‍ മുഖ്യ അജണ്ടയായി മാറുന്നു. ആരാണ് അല്ലെങ്കില്‍ എന്താണ് ആ രാജ്യങ്ങളിലെ ജനങ്ങളെ ജനിച്ചുവളര്‍ന്ന സ്ഥലം ഉപേക്ഷിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത്? ഇത്തരം ചിന്തകളൊക്കെ അഭയാര്‍ത്ഥികളെക്കുറിച്ച് കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

സഹറാവികള്‍ 45 വര്‍ഷമായി വിപ്രവാസത്തിലാണെങ്കിലും അവരില്‍ നിന്നൊരു തീവ്രവാദപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സഹറാവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്രതലത്തില്‍ എത്തിച്ചേരാത്തതും ചിലപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളെ അവരുടെ കൂടാരത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതുകൊണ്ടുമാകാം. തീവ്രവാദ രാഷ്ട്രീയം ഉപയോഗിക്കാതെയും അഭയാര്‍ത്ഥികള്‍ക്ക് അവരുടെ നിലനില്‍പ്പിനുവേണ്ടി പോരാടാന്‍ സാധിക്കുമെന്നതും സഹറാവികളെ വേറിട്ടുനിര്‍ത്തുന്നു. അവരുടെ രാഷ്ട്രീയത്തെയും.

4.അറബ് വസന്തത്തിനു ശേഷം ലോകത്ത് അഭയാര്‍ത്ഥികളുടെ എണ്ണം പെരുകിയിട്ടുണ്ട്. ഈ അവസ്ഥാവിശേഷത്തെ നോവലിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍?

അറബ് വസന്തം എന്നറിയപ്പെടുന്നത് മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും 2010-ന്റെ അവസാനത്തോടെ തുടങ്ങിയ പ്രക്ഷോഭപരമ്പരകള്‍ക്കാണല്ലോ? എന്നാല്‍ സഹറാവികള്‍ 2010 ഒക്ടോബറില്‍ അധിനിവേശ മൊറോക്കന്‍ സര്‍ക്കാരിനെതിരെ നടത്തിയ ഖദീം ഇസിക് എന്ന അധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട, കൂടാരപ്രക്ഷോഭത്തില്‍ നിന്നാണ് അറബ് വസന്തം ആരംഭിച്ചതെന്ന് നോം ചോംസ്‌കി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനുശേഷം അതേവര്‍ഷം ഡിസംബറില്‍ ടുണീഷ്യയില്‍ മുഹമ്മദ് ബുഅസീസിയെന്ന തെരുവുകച്ചവടക്കാരന്റെ ആത്മഹത്യയിലൂടെയാണ് അറബ് വസന്തത്തിനും തീ പിടിക്കുന്നത്. അതോടുകൂടി പ്രതിഷേധ പ്രകടനങ്ങള്‍ വര്‍ദ്ധിക്കുകയും ഗദ്ദാഫിയുടെയും മുബാറക്കിന്റെയും ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും അനിശ്ചിതാവസ്ഥ ആ രാജ്യങ്ങളില്‍ വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. അതോടൊപ്പം പലായനങ്ങളും. എന്നാല്‍ അറബ് വസന്തത്തിനു ശേഷമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഒരു സ്വാഭാവിക പ്രക്രിയയായി കാണാന്‍ സാധിക്കില്ല. അതിനു നിശിതമായ രാഷ്ട്രീയ കാരണങ്ങളുണ്ട്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളുടെ ബാക്കിയായി ധാരാളം അഭയാര്‍ത്ഥികള്‍ അന്നേ സിറിയയിലുണ്ടായിരുന്നു. അറബ് വസന്തത്തിനു ശേഷം അവര്‍ വീണ്ടും പലായനം ചെയ്യപ്പെടേണ്ടി വന്നു.

ഏകാധിപതികളെ ഇല്ലാതാക്കുക, രാജ്യത്തെ ശിഥിലമാക്കി പ്രകൃതിവിഭവങ്ങള്‍ കൈക്കലാക്കുക, ജനങ്ങളെ പലായനത്തിന് നിര്‍ബന്ധിതരാക്കുക, പട്ടാളഭരണം കൊണ്ടുവരിക, മറ്റൊരു ഭൂപ്രദേശം തന്ത്രപരമായി ഏറ്റെടുക്കുക.യുദ്ധം തന്നെയാണിത്. അതിന്റെ ഉപോല്‍പ്പന്നമാണ് അഭയാര്‍ത്ഥികള്‍.

5.ഇത് ഒരു പ്രവാസ കഥയെങ്കിലും മലയാളികളോ ഇന്ത്യന്‍ സാഹചര്യമോ നോവലില്‍ കടന്നുവരുന്നില്ല. അപൂര്‍വ്വമായ ഒന്നാണിത്. അതിനെക്കുറിച്ച്?

ആദ്യ നോവലായ പൊനോന്‍ ഗോംബെയിലും മലയാളികളും ഇന്ത്യന്‍ സാഹചര്യവുമില്ല. എന്നാല്‍ സഹറാവീയത്തില്‍ കൊല്‍ക്കത്തയെക്കുറിച്ച് പരാമര്‍ശമുണ്ട്. മലയാളികളാരും രണ്ടു നോവലിലുമില്ല. കഥയോ പരിസരങ്ങളോ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല എന്നതുമാത്രമാണ് കാരണം.

Comments are closed.