DCBOOKS
Malayalam News Literature Website

യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതാവിഷ്‌കരണമായിരിക്കണം സാഹിത്യം: ജി.ആര്‍. ഇന്ദുഗോപന്‍

ജി.ആര്‍ ഇന്ദുഗോപനുമായി നടത്തിയ അഭിമുഖസംഭാഷണം

മൂന്നു ചെറു നോവലുകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന പുതിയ കൃതിയെക്കുറിച്ച്?

തിരുവനന്തപുരത്തിന്റെ അധോലോകത്തെ സംബന്ധിക്കുന്ന മൂന്ന് വ്യത്യസ്തമായ കഥകളാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലുള്ളത്. അവിടത്തെ രാഷ്ട്രീയം, അധികാരം, പണം എന്നിവയെല്ലാം കഥകള്‍ക്ക് പശ്ചാത്തലമാകുന്നു. മൂന്നു വ്യത്യസ്തമായ ചെറുനോവലുകള്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും ഈ കഥകളുടെയെല്ലാം അന്തര്‍ധാര ഒന്നാണ്. മൂന്നു നോവലുകളിലൂടെയും കടന്നുപോകുന്ന പൊതുവായ ചില കഥാപാത്രങ്ങള്‍ പോലുമുണ്ട്.

വളരെ ദുര്‍ബ്ബലരായ ആളുകളെ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നിരവധി പേരുണ്ട് ഇവിടെ. അത്തരം ചില മനുഷ്യരുടെ മണ്ടത്തരങ്ങളും അവരുടെ സാഹസികതയുമൊക്കെയാണ് കഥകള്‍ക്ക് വിഷയമാകുന്നത്. സാധാരണ മനുഷ്യരാണ് അവരെല്ലാംതന്നെ. ജീവിതത്തില്‍ ചില യുക്തിരാഹിത്യങ്ങളുള്ള, വേറൊരുതരം മസ്തിഷ്‌കം കൊണ്ടുനടക്കുന്നവരാണ് അവര്‍.

നാം സിനിമകളിലൂടെയോ നോവലുകളിലൂടെയോ അറിഞ്ഞിട്ടുള്ള അധോലോകങ്ങള്‍ പോലയല്ല തിരുവനന്തപുരത്തുള്ളത്. സാധാരണ ജീവിതത്തെ അത് അല്പംപോലും ബാധിക്കുന്നില്ല. പക്ഷെ, നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സമാന്തരമായി ഇവരുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ശംഖുമുഖിയെന്ന കഥ പൂര്‍ണ്ണമായും തിരുവനന്തപുരത്തിന്റെ അധോലോകത്തിന്റെ കഥയാണ് പറയുന്നത്.

കഥകളില്‍ ഒരു ത്രില്ലര്‍ സ്വഭാവം തോന്നിയിട്ടുണ്ട്. ആഖ്യാനത്തിന്റെ ഒരു സവിശേഷതയാണോ അത് ? 

ദിനംപ്രതിയുള്ള ഓരോ സംഭവങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. ഇതുതന്നെയാണ് സാധാരണക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നത്. പരമ്പരാഗതമായ രീതിയിലുള്ള ക്രൈംസ്‌റ്റോറികളോ കുറ്റാന്വേഷമോ ഞാന്‍ എഴുത്തില്‍ ഉദ്ദേശിച്ചിട്ടില്ല. അതില്‍ ഒരു ഉദ്വേഗം ഉണ്ട് എന്നു തോന്നുന്നുണ്ടെങ്കില്‍ ആ കഥാപാത്രമോ കഥയോ ആവശ്യപ്പെടുന്ന കാര്യമാണത്. കഥാപാത്രങ്ങളായ മനുഷ്യരുടെ നിഷ്‌കളങ്കതയും അവരുടെ യുക്തിരഹിതമായ എടുത്തുചാട്ടങ്ങളുമാണ് എഴുത്തിന് ത്രില്ലര്‍ സ്വഭാവം നല്‍കുന്നത്. ഒരു സാധാരണ മനുഷ്യനെ അവതരിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി അത് സംഭവിക്കുന്നതാകാം.

കണ്ടുപരിചയിച്ചിട്ടുള്ള ഫിക്ഷന്റെ മട്ടോ മാതിരിയോ അല്ല ഞാന്‍ എഴുത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. സാധാരണക്കാരായ, ഏറ്റവും അടിസ്ഥാന സ്വഭാവം പുലര്‍ത്തുന്ന മനുഷ്യനെ ആവിഷ്‌കരിക്കുന്നതിനാണ് താത്പര്യം. ക്രൈം എന്നത് അവരുടെ സ്വഭാവത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. എഴുത്തുകാരന്‍ കഥാപാത്രത്തോട് സഹതപിച്ചുകൊണ്ടുള്ള ഒരു എഴുത്താണ് അവിടെ സംഭവിക്കുന്നത്.

നോവല്‍ സിനിമയാകുമോ ?

പടിഞ്ഞാറേ കൊല്ലം ഉടന്‍ തന്നെ സിനിമയാകുമെന്ന് വിശ്വസിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. സിനിമയുടെ നിര്‍മ്മാണാവകാശം ഇഫോര്‍ എന്റര്‍ടെയ്ന്റ്‌മെന്റിനു നല്‍കിക്കഴിഞ്ഞു.

നോവല്‍, ചെറുകഥ, ജീവചരിത്രം, തിരക്കഥ, യാത്രാവിവരണം തുടങ്ങി പലതരത്തിലുള്ള എഴുത്തുകള്‍. ഒരു പത്രപ്രവര്‍ത്തകനായതുകൊണ്ടാണോ ഇതെല്ലാം സാധിക്കുന്നത്?

ആയിരിക്കാം. കാരണം പത്രപ്രവര്‍ത്തനവും അതിന്റെ ഭാഗമായി നടത്തിയ അനേകം യാത്രകളും ഏറെ സഹായിച്ചിട്ടുണ്ട്. ഒരു ചെറിയ ഫീച്ചറിലോ കോളത്തിലോ ഒതുങ്ങുന്ന കഥകള്‍ക്കപ്പുറം ചില ജീവിതങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന തോന്നലില്‍ നിന്നാണ് പലപ്പോഴും കഥകള്‍ ഉണ്ടാവുക. ഉള്ളിന്റെയുള്ളില്‍ ഈ കഥകളൊക്കെ എഴുതുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനുണ്ട്. വിചിത്രമായ മനുഷ്യരെയും അനുഭവങ്ങളെ കണ്ടെത്തുക, അവയെ പിന്തുടരുക എന്നത് വ്യത്യസ്തമായ ഒരുകാര്യം തന്നെയാണ്. അതിലെ കൗതുകം കണ്ടെത്തി എഴുത്തില്‍ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. അതൊരുതരം പരിശീലനം കൂടിയാണ്.

തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി ഏകദേശം 15 വര്‍ഷത്തോളം തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അവിടത്തെ നഗരപത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ടുമുട്ടിയ നിരവധി ആളുകളുടെ കഥകള്‍ എഴുത്തില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ശംഖുമുഖി എന്ന കഥയുടെ പശ്ചാത്തല യഥാര്‍ത്ഥ സംഭവകഥ തന്നെയാണ്. അതിലെ കുറെ സംഭവങ്ങള്‍ അങ്ങനെ തന്നെ സംഭവിച്ചിട്ടുള്ളതുമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തിനെക്കുറിച്ച്?

തിരക്കഥയെഴുത്തിനെ കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അനുഭവജ്ഞാനം ആയിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. സിനിമക്ക് വേണ്ടിയെഴുതുമ്പോള്‍ അതില്‍ നിരവധി ഘടകങ്ങളുണ്ട്.

പുതിയ എഴുത്തുകള്‍

ചില പുതിയ രചനകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മനുഷ്യജീവിതം ചിത്രീകരിക്കുന്ന കഥകള്‍ മാത്രമേ ഇനി എഴുതൂ. മനുഷ്യര്‍ എഴുതിയുണ്ടാക്കിയ തിയറി പഠിക്കുന്നതിനേക്കാള്‍ മനുഷ്യരാണ് യഥാര്‍ത്ഥ തിയറി എന്ന് വിശ്വസിക്കുന്നു. ഐസ്-196C പോലെയുള്ള കൃതികള്‍ ഇനി എഴുതുമെന്ന് തോന്നുന്നില്ല. മനുഷ്യരുടെ യഥാര്‍ത്ഥജീവിതം ആവിഷ്‌കരിക്കുന്നതിലാണ് അര്‍ത്ഥമെന്ന് കരുതുന്നു.

Comments are closed.