DCBOOKS
Malayalam News Literature Website

ഉണ്ണി ആറുമായുള്ള അഭിമുഖസംഭാഷണം

അഭിമുഖം തയ്യാറാക്കിയത്: പ്രകാശ് മാരാഹി 

നാടോടിക്കഥയുടെ ആധുനികമായ ആഖ്യാനപാടവത്തോടെ വർത്തമാനകാല ഇന്ത്യനവസ്ഥകളെ ഒരെഴുത്തുകാരൻ തന്റെ ഭാവനാസൃഷ്ടിയിലൂടെ കണ്ടെത്തുന്നു എന്നതാണ് ‘പ്രതി പൂവൻകോഴി’ എന്ന നോവലിന്റെ പ്രസക്തി.

ഉണ്ണി ആർ. എന്ന കഥാകൃത്തിന്റെ ആദ്യ നോവൽകൂടിയാണ് ‘പ്രതി പൂവൻകോഴി‘. കാളിനാടകം, കോട്ടയം 17, ഒഴിവുദിവസത്തെ കളി, ഒരു ഭയങ്കര കാമുകൻ, വാങ്ക് തുടങ്ങിയ വായനക്കാർ നെഞ്ചേറ്റിയ കഥാസമാഹാരങ്ങൾക്കു ശേഷം വരുന്ന നോവൽ എന്നൊരു കൗതുകവും ആകാംക്ഷയും വായനക്കാരിലുണ്ടാകുമെന്നത് തീർച്ചയാണ്. കഥയിൽനിന്നു മാറി നോവൽ എന്ന നിലയിൽ ഇതെഴുതാനുള്ള പ്രേരകഘടകങ്ങൾ എന്തൊക്കെയായിരുന്നു എന്നു പറയാമോ ?

ഒരു ചെറുകഥയുടെ ഇത്തിരി വട്ടത്തിൽ നിന്ന് ഈ കഥ പറയുവാൻ കഴിയില്ല എന്ന തോന്നലാണ് പതിമൂന്ന് അദ്ധ്യായങ്ങളിലേക്ക് വളർച്ച പ്രാപിച്ചത്. അപ്പോൾ എനിക്ക് ആ വളർച്ചയെ നോവൽ എന്ന് വിളിക്കാമെന്ന് തോന്നി.

കൊച്ചുകുട്ടൻ എന്ന കേന്ദ്രകഥാപാത്രം പ്രതിനിധാനം ചെയ്യുന്ന ഒരു തലമുറയെപ്പറ്റിയും വ്യതിരിക്തമായി ചിന്തിക്കുന്നവരെപ്പറ്റിയും വളരെ അവധാനതയോടുകൂടിത്തന്നെയുള്ള പല നിരീക്ഷണങ്ങളും ഈ നോവലിൽ ഉണ്ട്. സമകാല ജീവിതത്തെ നിർമമമായി നോക്കിക്കാണാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണോ ഈ എഴുത്ത്?

നിർമ്മമായി നോക്കിക്കാണൽ എന്ന് പറയുവാൻ കഴിയുമോ എന്ന് അറിയില്ല. കൊച്ചുകുട്ടന്റെ പ്രായം ഇതിൽ ഞാൻ പറയുന്നില്ല. അതുകൊണ്ടുതന്നെ അയാൾ പ്രതിനിധീകരിക്കുന്ന തലമുറ എന്റെയോ അതിനുശേഷമുള്ളതോ ആവാം അല്ലെങ്കിൽ അയാളുടെ ആകുലതകൾ വായനക്കാരന്റെ അല്ലെങ്കിൽ വായനക്കാരിയുടെ ആവാം. പ്രധാനമായും കൊച്ചുകുട്ടൻ ശരി തെറ്റുകളെക്കുറിച്ച് ,നീതിയെക്കുറിച്ച് ചിന്തിക്കുന്നു. യുക്തിയില്ലാത്ത ,ശാസ്ത്രവിരുദ്ധമായ പ്രവൃത്തികൾ ശരിയല്ല എന്ന് പറയണമെന്ന് ആഗ്രഹിക്കുന്ന ദുർബ്ബലനായ ഒരു സാധാരണക്കാരനാണ് ഈ മനുഷ്യൻ. അയാളെ ചേർത്തു പിടിക്കാൻ ഒരു പ്രസ്ഥാനമില്ല. അയാൾക്ക് തന്നെ പലതരം കൺഫ്യൂഷനുകൾ ഉണ്ട്. ഭയമുണ്ട്. വേണമെങ്കിൽ ഭീരു എന്നും വിളിക്കാം. എന്നാൽ ചില ബോധ്യങ്ങളുണ്ട്. ചില തോന്നലുകൾ അയാളെ കുഴപ്പിക്കുന്നുണ്ട്. ഈ അവ്യക്തത  തന്നെയാണ് ചുറ്റിലും അയാൾ കാണുന്നതും. ഒരേ സമയം വ്യക്തവും അവ്യക്തവുമായ ഒരു കോണി കയറ്റമായിട്ടാണ് നോവലിന്റെ ഘടന. തീർത്തും അസംബന്ധമായ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ അങ്ങനെ തന്നെ ഇല്ലോജിക്കലായി ഇതിൽ എഴുതാൻ നോക്കിയിട്ടുണ്ട്. അതായത് വായിച്ച് വരുംതോറും ഇത് ലോജിക്കൽ അല്ലല്ലോ എന്ന് വായനക്കാർക്ക് തോന്നണമെന്നാണ് ആഗ്രഹം.ആ തോന്നൽ കിട്ടിയാൽ നോവലിനെ അവർക്ക് പക്ഷപാതിത്വമില്ലാതെ വിലയിരുത്താൻ കഴിഞ്ഞേക്കാം.

ജനാധിപത്യത്തിന്റെ മൗലികമായൊരു അവകാശമാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത്. പ്രതി പൂവൻകോഴിയിൽ ആ ഒരു സ്വാതന്ത്ര്യത്തിന്റെ വാഴ്ത്തുപാട്ടാകുന്നത് ‘കൂവൽ’ എന്ന പ്രതിഷേധസ്വരമാണ്. അതേക്കുറിച്ച് വിശദീകരിക്കാമോ ?

അത് വായനക്കാർ പറയേണ്ടതാണ്.അത് അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയാണ് നല്ലത്. ഇല്ലെങ്കിൽ ആ ആവിഷ്ക്കാരത്തെ തടയലാവും എന്റെ ഉത്തരം.

മതത്തിലെന്നപോലെ രാഷ്ട്രീയത്തിലും വ്യക്തിബന്ധങ്ങളിലും ആഴത്തിൽ വേരോടിത്തുടങ്ങിയിട്ടുണ്ട് ‘അസഹിഷ്ണുത’ എന്ന വികാരം. ഈ നോവലിൽ അമൂർത്തമായി മാത്രം അതവതരിപ്പിക്കുന്നത് ഏതെങ്കിലുമൊരു ഭൗതിക സാഹചര്യത്തെ നേരിടേണ്ടിവരും എന്നു മുന്നിൽക്കണ്ടുകൊണ്ടുതന്നെയാണോ ?

ഭയം ചുറ്റിലും നിലനിൽക്കുന്ന ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു മതഗ്രന്ഥവും നിങ്ങളെ രക്ഷിക്കില്ല. നിങ്ങളുടെ രക്ഷയ്ക്കുള്ളത് ഇന്ത്യൻ ഭരണഘടന മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈ ഭരണഘടനയെ പോലും ചോദ്യം ചെയ്യാൻ മടിയില്ലാത്ത വിധം ഇന്ത്യയിൽ ഫാസിസം വളരുമ്പോൾ അസഹിഷ്ണുത എന്നതൊക്കെ ചെറിയ വാക്കാണ്. അതിലും വലുതായ മറ്റൊന്നിനെ മുന്നിൽ കാണുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ആ സത്യമാണ് ഈ നോവലിലേക്ക് എന്നെ വഴി നടത്തിയത്.

സർഗാത്മക സാഹിത്യത്തിന്റെ പുതിയ പരികല്പനകളായി ഇപ്പോൾ കൊണ്ടാടപ്പെടുന്നത് തികച്ചും അരാഷ്ട്രീയവും കാല്പനികവും കൊളോക്കിയൽ സംസാരരീതിയിലും എഴുതപ്പെടുന്ന രചനകളാണെന്നുള്ള സമീപകാല വിമർശനത്തെ എങ്ങിനെ കാണുന്നു ?

വിമർശനങ്ങളെ അതിന്റെ വഴിക്ക് വിടുക. വിമർശകർ എന്ത് പറയുന്നു എന്നതനുസരിച്ചല്ലല്ലോ എഴുത്തുകാർ എഴുതേണ്ടത്. ഓരോ മനുഷ്യരും അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് എഴുതട്ടെ.

യാഥാർത്ഥ്യത്തെയും ഫാന്റസിയെയും കൂട്ടുപിടിച്ച് ആശയം കടുത്തതെങ്കിലും സുതാര്യമായിത്തന്നെ കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള നിശിതമായൊരു ആഖ്യാനരീതി പ്രതി പൂവൻകോഴിയിൽ ദൃശ്യമാണ്. അധികമാരിലും വിസ്മയകരമായി കണ്ടിട്ടില്ലാത്ത എഴുത്തിന്റെ ഇത്തരം വൈചിത്ര്യങ്ങളെക്കുറിച്ച് പറയാമോ ?

ചോദ്യത്തിലെ പുകഴ്ത്തലിന് നന്ദി.അതിന്റെയൊരു ചമ്മൽ മാറിയിട്ട് ഇതിന് ഉത്തരം പറയാം.

Comments are closed.