DCBOOKS
Malayalam News Literature Website

നോവലിനു പിന്നില്‍; എഴുത്തനുഭവത്തെക്കുറിച്ച് ജുനൈദ് അബൂബക്കര്‍

ജുനൈദ് അബൂബക്കര്‍ രചിച്ച സഹറാവീയം എന്ന പുതിയ നോവലില്‍നിന്ന്

“ചെറിയ ചില്ലുഗ്ലാസ്സിലെ കാപ്പി കയ്യില്‍തന്നിട്ട് അയാള്‍ കിടക്കയിലേക്കു കാലുമടക്കിയിരുന്നു. ബ്രാഹിം മുസ്തഫയെ അടുത്തുകണ്ടപ്പോള്‍ ഒന്‍പതു വയസ്സുകാരിയുടെ ഭയം എന്തെന്നറിയാതെ മനസ്സിലേക്ക് ഒഴുകിനിറഞ്ഞു. അയാളുടെ താടിരോമങ്ങള്‍ പെദര്‍ ബസൂര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നു. ഒമറിന്റെ ബാബായെ, അടുക്കളയില്‍ കൂടെക്കിടക്കാന്‍ വന്ന ആ കടല്‍ക്കിഴവനെ. പക്ഷേ, ആ ഭയമെല്ലാം വര്‍ത്തമാനം തുടങ്ങിയതോടെ ഇല്ലാതായി. എങ്കിലും കുറച്ചുനിമിഷങ്ങളിലെ ആ ഒരനുഭവം അതിന്റെ പ്രയാസം, ഇത്രയും വര്‍ഷങ്ങളായിട്ടും മനസ്സില്‍നിന്നും ഒഴിഞ്ഞുപോയിട്ടില്ലല്ലോ, ഒരു താടിരോമത്തിന്റെ കാഴ്ചയില്‍ പൊളിഞ്ഞു വീഴാവുന്ന ധൈര്യത്തിന്റെ നേര്‍ത്ത പാടയ്ക്കരികില്‍ കിഴവന്റെ ശബ്ദം ഓര്‍ക്കുമ്പോള്‍ കയ്യില്‍ പച്ചമാംസത്തിന്റെ നേര്‍ത്ത ചൂടും ചെവിയില്‍ മുഴങ്ങുന്ന അടക്കിപ്പിടിച്ച ഒച്ചയും. ‘എന്താണ് ഉദ്ദേശ്യം’. അല്ല അയാളുടേതല്ല, ബ്രാഹിം മുസ്തഫയുടെ ശബ്ദമാണ് കേള്‍ക്കുന്നത്. എന്താണ് ഉദ്ദേശ്യമെന്ന്? അയാളെ കാണാന്‍ വന്നതിന്റെയോ, അതോ മൊറോക്കോയിലേക്കു വന്നതിന്റെയോ? എന്താണുദ്ദേശ്യം? എന്താണ് ? എന്താണ് ?

ഉണ്ട്, ഇവിടെയുണ്ട്. പെദര്‍ ബസുര്‍ക്കിനെ മനസ്സില്‍നിന്നും ചവിട്ടിപ്പുറത്താക്കാന്‍, വായ നിറച്ചും പാലൊഴിക്കാത്ത മധുരമിടാത്ത ചൂടുകാപ്പി ഒറ്റവലിക്കു കുടിച്ചു. ചുണ്ടും വായും ശരിക്കും പൊളളിയതോടെ വര്‍ത്തമാനകാലത്തേക്ക് മനസ്സും വന്നു. അല്പം സ്ഥിരതയിലേക്കും.

‘ക്ഷമിക്കണം, ബ്രാഹിം മുസ്തഫ, ചില ദുരനുഭവങ്ങളുടെ ഓര്‍മ്മയിലേക്ക് മനസ്സ് പെട്ടെന്നു വീണുപോയി. ഞാന്‍ പൂര്‍ണ്ണമായും ഇവിടെത്തന്നെയുണ്ട്.’

‘ജെസീക, നീ ആകെ ടെന്‍ഷനിലാണോ? പൊതുവേ പാശ്ചാത്യ ടൂറിസ്റ്റുകളിലൊന്നും കാണാത്തൊരു സ്വഭാവമാണല്ലോ പരിചയമില്ലാത്ത പുരുഷന്മാരുടെ മുന്നില്‍ കാണിക്കുന്ന ഈ വെപ്രാളം. സമാധാനത്തില്‍ കാര്യങ്ങള്‍ സംസാരിക്കാം. നീ എന്തിനാണ് വന്നതെന്നൊരു ഏകദേശരൂപം എനിക്ക് ബെനാനി പറഞ്ഞറിയാം. എന്നാല്‍ നീ പറയുമ്പോള്‍ കൃത്യമായും നിന്റെ ഉദ്ദേശ്യങ്ങള്‍ അറിയുവാന്‍ സാധിക്കും. ഞാന്‍ എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടോയെന്ന് എനിക്കു തീരുമാനിക്കുകയും ചെയ്യാം. അല്ലാതെ സമയം കളയാനുള്ള ഉപാധിയാണെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ പിന്മാറിയിരിക്കും.’

എഴുത്തനുഭവത്തെക്കുറിച്ച് ജൂനൈദ് അബൂബക്കര്‍

സഹറാവികളെപ്പറ്റി ഒരു ഡോക്യുമെന്ററി തയ്യാറാക്കാനാണ് ജെസീക മൊറോക്കോ വഴി തിന്ദൗഫിലേക്ക് യാത്രതിരിക്കുന്നത്. തിന്ദൗഫിലെത്തിക്കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഡോക്യുമെന്ററിയെന്ന സ്വപ്നം ജെസീക ഉപേക്ഷിക്കുന്നുണ്ട്. വല്ലാത്ത ഒരു മടുപ്പിലൂടെയാണ് ആ സമയം അവള്‍ കടന്നുപോകുന്നത്. എന്തുകൊണ്ടെന്ന് പറയാനറിയാത്ത അവസ്ഥ. ആ ഒരു ഭാഗത്തുവച്ച് ഞാനും അതുപോലെ വല്ലാതെ വിരക്തി അനുഭവിച്ചിരുന്നു. നോവല്‍ മുന്നോട്ട് പോകുന്നില്ല. എന്തായിരിക്കും കാരണമെന്ന് യാതൊരു ഊഹവുമില്ല. അവസാന അദ്ധ്യായം വരെ മനസ്സില്‍ക്കുറിച്ച നോവലാണ്. എന്നിട്ടും ആ ഒരു ഭാഗത്ത് വല്ലാതെ സ്റ്റക്കായി. കുറച്ചുനാള്‍ എഴുതാതിരുന്നു. ഒടുവില്‍ ജെസീകയെ അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്തായിരിക്കുമെന്ന് മറ്റൊരു കഥപോലെ എഴുതി. മെന്ററായി ജെസീകയെ സഹായിക്കുന്ന ബ്രാഹിം മുസ്തഫയെക്കുറിച്ചുള്ള ചിന്തകളായിരുന്നു ജെസീകയെ തടസ്സപ്പെടുത്തിയതിനുള്ള ഒരു കാരണം. ബ്രാഹിം മുസ്തഫയും, ജെസീകയും തമ്മില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്ന രീതിയില്‍ വെറുതെ എഴുതിത്തുടങ്ങി. (നോവലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല). കഥാപാത്രത്തിന്റെ മടുപ്പിനുള്ള കാരണം മനസ്സിലാക്കിക്കഴിഞ്ഞാണ് പിന്നീട് സഹറാവീയത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. അതിനുശേഷം ബാക്കി അദ്ധ്യായങ്ങള്‍ പെട്ടെന്നുതന്നെ എഴുതിത്തീര്‍ക്കാന്‍ സാധിച്ചു.”

Comments are closed.