DCBOOKS
Malayalam News Literature Website

നോവലെഴുത്തിന് പിന്നില്‍; ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു

“പാതിരാക്കാറ്റില്‍ പാലപ്പൂവിന്റെ മണം ഒഴുകിവരുമ്പോള്‍ ജാലകം തുറന്നു കൂരിരിട്ടും നിലാവും നിറഞ്ഞ തിരുവാതിര കളിക്കുന്ന തൊടിയിലേക്കു നോക്കി സുന്ദരയക്ഷിയെക്കാത്ത് ഉറങ്ങാതിരുന്ന രാത്രികള്‍ എത്ര!

മന്ത്രവാദികളുടെയും വെളിച്ചപ്പാടന്മാരുടെയും ഗോസായിമാരുടെയും ഭ്രാന്തന്മാരുടെയും ചുഴലിദീനക്കാരുടെയും ബാധ കൂടിയവരുടെയും ലോകം അതു വേറെ.

ഇതാണ് എന്റെ ആദിമലോകം. ഇവിടെനിന്നാണ് ഞാന്‍ വരുന്നത്. പകല്‍വെളിച്ചവും പക്ഷിമൃഗാദികളും വൃക്ഷലതാദികളും നിറഞ്ഞ നേര്‍ലോകത്തിലല്ല, കൂരിരുട്ടും നിലാവും ആ നിഗൂഢലോകത്തിലാണ് എന്റെ മനസ്സ് പിറന്നു വളര്‍ന്നത്. ആ ലോകത്തിന്മേല്‍ നിയന്ത്രണാധികാരമുള്ള ഒരു മന്ത്രവാദിയായിത്തീരണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ക്കേ എനിക്കു കലശലായതില്‍ എന്തത്ഭുതം?

എന്റെ മോഹം കേട്ട് അമ്മൂമ്മ കോപിച്ചു:’ മന്ത്രവാദം പഠിക്യേ? ഞ്ഞി അതിന്റെ കൊറവും കൂട്യേ ള്ളൂ. ബാക്കി വികൃതിത്തരം എല്ലാം തെകഞ്ഞു. വേണ്ടാത്തേനൊന്നും പോണ്ട. അവസാനം ഗോയിന്നക്കുറുപ്പിനെപ്പോലെ മൂത്രം മുട്ടിച്ചാവും.

തുടര്‍ന്ന് അമ്മൂമ്മ ഗോവിന്ദക്കുറുപ്പ് എന്ന ഉഗ്രമാന്ത്രികന്റെ ദുരന്തകഥ പറഞ്ഞു.

ശത്രുസംഹാരത്തിനായി നെയ്യുറുമ്പിനെ ഹോമിച്ച ഗോവിന്ദക്കുറുപ്പ് ഒടുവില്‍ പ്രാണി ശാപമേറ്റ് മൂത്രംമുട്ടി നേരത്തോടുനേരം തറയില്‍ കിടന്നുരുണ്ടു ചക്രശ്വാസം വലിച്ചാണ്രേത മരിച്ചത്. ഏറെനാള്‍ അയാളുടെ പ്രേതം നാട്ടുകാരെ ശല്യം ചെയ്തു. ഒടുവില്‍ വൈക്കത്തുകാരന്‍ ഒരു നമ്പൂതിരി വന്ന് ഒന്‍പത് ദിവസം ഉഗ്രകര്‍മ്മം നടത്തി. കാഞ്ഞിരപ്പലകയില്‍ ഒന്‍പത് ആണിയടിച്ച് ആവാഹിച്ചാണത്രേ ആ ദുരാത്മാവിനെ ചോറ്റാനിക്കര കീഴ്ക്കാവിലേക്ക് കൊണ്ടുപോയത്. കഥ കേട്ടു പേടിച്ചുവിറച്ച് ഞാന്‍ കിടന്നുറങ്ങി. എങ്കിലും മന്ത്രവാദിയാകണം എന്ന മോഹം അടങ്ങിയില്ല…”

(ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ എന്ന കൃതിയില്‍ നിന്നും)

ചിദംബരസ്മരണയില്‍ മന്ത്രവാദി എന്ന അധ്യായത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയിരിക്കുന്ന ഒരു ഭാഗമാണിത്. മന്ത്രവാദം പഠിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ഒരു നാടന്‍ മന്ത്രവാദിക്ക് ശിഷ്യപ്പെടുന്നതും പിന്നീട് ഭയപ്പെട്ട് പിന്മാറുന്നതുമായ ഒരു അനുഭവചിത്രീകരണമാണ് എഴുത്തുകാരന്‍ പങ്കുവെക്കുന്നത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് 18-ാം വയസ്സില്‍ എഴുതിയ നോവലായ ഹിരണ്യം ഇപ്പോള്‍ ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ്.

നോവലെഴുത്തിന് പിന്നിലെ പശ്ചാത്തലം വിശദീകരിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

“കൗമാരകാലത്ത് ഒരു താത്പര്യവും ജിജ്ഞാസയും തോന്നി മന്ത്രവാദം പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ദുര്‍മന്ത്രവാദം പഠിക്കുന്നതിനായി നാട്ടിലെ ഒരു നാടന്‍ മന്ത്രവാദിയുടെ അടുത്ത് ശിഷ്യനായി ചേര്‍ന്നു. രാത്രിയില്‍ മന്ത്രവാദം നടത്താന്‍ പോകുന്ന സ്ഥലങ്ങളില്‍ കൂടെച്ചെല്ലുക, സഹായിക്കുക തുടങ്ങിയവയായിരുന്നു എന്റെ ജോലി. പിന്നീട് അദ്ദേഹത്തിന് കടുത്ത മനോരോഗം ഉണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ ഭയപ്പെട്ട് പോകാതെയായി. ആ മന്ത്രവാദിയും അയാളുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയും പിന്നീട് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ അനുഭവങ്ങളുടെ ഓര്‍മ്മയിലാണ് മന്ത്രവാദി എന്നൊരു അധ്യായം ഞാന്‍ ചിദംബരസ്മരണയില്‍ എഴുതിയത്. എന്നാല്‍ 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ 18-ാമത്തെ വയസ്സില്‍ ഇതേ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവലും എഴുതിയിരുന്നു. പല പ്രമുഖ വാരികകള്‍ക്കും അയച്ചുകൊടുത്തെങ്കിലും ആരും പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍, 1977-ല്‍ വീക്ഷണം വാരികയിലാണ് ഹിരണ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ഈ നോവലിന്റെ കാര്യം വിസ്മരിക്കപ്പെട്ടു. കൈയെഴുത്തുപ്രതിയും എന്റെ പക്കല്‍നിന്ന് കളഞ്ഞുപോയി. ഇപ്പോള്‍ 44 വര്‍ഷങ്ങള്‍ക്കു ശേഷം ഹിരണ്യമെന്ന മാന്ത്രിക നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്.”

Comments are closed.