DCBOOKS
Malayalam News Literature Website

ആസിഡ് ഫ്രെയിംസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് എ ലജന്‍ഡ്

(ബാലന്‍ വേങ്ങരയുടെ ആസിഡ് ഫ്രെയിംസ് എന്ന നോവലില്‍ നിന്നും)

“ഇല ഒബ്‌സര്‍വേറ്ററിയിലെ സീറ്റിലിരുന്നതും സീറ്റു പിന്നിലേക്ക് മറിഞ്ഞു. അവളുടെ കണ്ണുകള്‍ ആകാശത്തിനുനേരേ തിരിഞ്ഞു. ലൈറ്റ് അണഞ്ഞതും ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തെളിഞ്ഞു. ഇലയ്ക്ക് ആകാശത്തേക്ക് ഉയരുന്നതായി തോന്നി. അവള്‍ അടുത്ത സീറ്റില്‍ കിടന്ന നോഹയുടെ കൈത്തലം പരതിയെങ്കിലും നിരാശയായിരുന്നു ഫലം. അവള്‍ ആകാശത്തേക്കു കുതിച്ചുയര്‍ന്നു. ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും വ്യാഴവും മറികടന്ന് സൗരയൂഥത്തിനു പുറത്തേക്ക് പാഞ്ഞു. ആകാശഗംഗയും ഗാലക്‌സിയും മറികടന്നു. വാല്‍നക്ഷത്രങ്ങള്‍ വഴിമാറി. എണ്ണമറ്റ ഗാലക്‌സികള്‍ കാഴ്ചയില്‍ മിന്നിയകന്നു. ഒടുവില്‍ ലോലമായ ഒരു പ്രതലം അവളുടെ വഴിമുടക്കി. അതിതീവ്രമായ പ്രകാശത്തില്‍ ഒരു വിള്ളല്‍ ദൃശ്യമായി. വിള്ളലിലെ സുഷിരത്തിലൂടെ അവള്‍ നോക്കിയതും അസംഖ്യം ഗോളങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ എണ്ണമറ്റ പ്രപഞ്ചങ്ങള്‍ അവളുടെ നേത്രഗോളത്തിലെ റെറ്റിനയില്‍ അമാനുഷിക കാഴ്ചയൊരുക്കി.

എന്‍ട്രി ടിക്കറ്റ് എടുത്ത് ഹൈഡന്‍ പ്ലാനിറ്റേറിയത്തിലെ സ്റ്റാര്‍ തിയേറ്ററിലേക്ക് ഉയരുമ്പോള്‍ ഇല നോഹയോട് പറഞ്ഞിരുന്നു, എനിക്ക് തലചുറ്റുന്നു. ഗോളാകൃതിയുള്ള പ്ലാനിറ്റേറിയത്തിലേക്കുള്ള സര്‍പ്പിളാകൃതിയിലുള്ള വഴി. താഴെ ബിഗ്ബാങ് തിയേറ്ററിന്റെ മങ്ങിയ കാഴ്ചകള്‍…”

ബാലന്‍ വേങ്ങര എഴുതുന്നു…

ഞാനൊരിക്കലും വിശ്വസിക്കുന്നില്ല, സ്റ്റീഫന്‍ ഹോക്കിങ് മരണപ്പെട്ടെന്ന്. വയനാട്ടില്‍ ഇരുന്നു ഹോക്കിങ്ങിനെ നേരില്‍ സന്ദര്‍ശിക്കുന്നതു ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു. എന്റെ ഓരോ അംശത്തിലും സ്റ്റീഫന്‍ മിടിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹത്തെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്. എഴുതുന്നതെല്ലാം മനസ്സില്‍ കുറെ കാലം താലോലിച്ചു നടക്കാറുണ്ട്. മൂന്നു വര്‍ഷത്തോളമാണ് ഉണര്‍വിലും ഉറക്കത്തിലും ഞാന്‍ സ്റ്റീഫന്റെ കൂടെ നടന്നത്. ഞാന്‍ എന്നെത്തന്നെ മറന്നുപോയ നിമിഷങ്ങളുണ്ടായി. ഒടുവില്‍ ഇല എന്ന പെണ്‍കുട്ടിയെ രൂപപ്പെടുത്തി, അവളിലൂടെ അദ്ദേഹത്തെ ഞാന്‍ ആരാധിച്ചു. ആരും ജന്മനാല്‍ പൂര്‍ണ്ണരല്ലെന്നും പ്രവൃത്തിയും ആത്മവിശ്വാസവുമാണ് അവരെ പൂര്‍ണ്ണരാക്കുന്നതെന്നും തിരിച്ചറിഞ്ഞു.

ശാസ്ത്രസമസ്യകള്‍ നിര്‍ദ്ധാരണം ചെയ്യുന്ന ഒരാള്‍ ഇത്ര ലളിതമായി എങ്ങനെ ലോകത്തെ കീഴടക്കുന്ന പുസ്തകമെഴുതി എന്ന അന്വേഷണമാണ് നോവലിന്റെ രചനയിലേക്കു വഴി തെളിയിച്ചത്. സയന്‍സിനെ അടുത്തറിയാത്തവര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റീഫന്റെ പ്രചോദിതമായ ജീവിതത്തെ പരിചയപ്പെടുത്താനാണു ശ്രമിക്കുന്നത്. കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരാണ് എന്നതാണ് ഏറെ വെല്ലുവിളിയായത്. ജീവിച്ചിരിക്കുന്നവരെ കുറിച്ച് എഴുതുമ്പോള്‍ അവരുടെ മനോവിചാരങ്ങളെ വിശകലനം ചെയ്യാനാവില്ല. അവരുടെ യഥാര്‍ത്ഥ പേരുകളാണ് ഉപയോഗിക്കുന്നത്. ഒരു കലാകാരനെ നോവലിലേക്കു കൊണ്ടണ്ടുവരുന്നതുപോലെ എളുപ്പമല്ല സയന്റിസ്റ്റിനെ കൊണ്ടണ്ടുവരുന്നത്. ഇത് ഒരു ലജന്റിന്റെ ബ്രീഫ് ഹിസ്റ്ററിയാണ്-അതുകൊണ്ടണ്ടുതന്നെ വിഖ്യാതനായ ശാസ്ത്രജ്ഞന് മലയാളത്തിന്റെ സമര്‍പ്പണമാണിത്.

രോഗം കണ്ടുപിടിച്ചശേഷം രണ്ടു വര്‍ഷം മാത്രമേ ജീവിക്കൂ എന്നതിനെ അതിശയിപ്പിച്ചു പടിപടിയായി അദ്ദേഹത്തിന്റെ ജീവിതവും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ബ്രീഫ് ഹിസ്റ്ററി എന്ന ഒറ്റപ്പുസ്തകം ലോകാത്ഭുതമായതും എന്നെ ത്രസിപ്പിച്ചിരുന്നു. ജെയിന്‍ പ്രണയത്തില്‍ മഹതിയായി. തളര്‍ന്നു കിടക്കുമ്പോഴും വാര്‍ദ്ധക്യത്തിലും ദൈവത്തെ കൂട്ടുപിടിക്കാത്ത മനസ്സും പ്രചോദനമായി. ജീവന്‍ ജോബ് തോമസും സാബു ജോസും നോവല്‍ വായിച്ചു നിര്‍ദേശങ്ങള്‍ നല്‍കി. എന്നിട്ടും നോവല്‍ പുറത്തിറങ്ങും മുമ്പ് സ്റ്റീഫന്‍ അകന്നുപോയ വിഷമം ഞാന്‍ ആരോടു പറയാന്‍. ഞാനെത്ര മെയില്‍ അയച്ചിട്ടുണ്ട്. ഒന്നിനും മറുപടി തരാതെ ഒരു വാക്കുപോലും പറയാതെ അങ്ങ് യാത്രയായി. എന്റെ ഓരോ തളര്‍ച്ചയിലും ഓരോ പരാജയത്തിലും നൂറു മടങ്ങ് കരുത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എനിക്കും മാനവരാശിക്കും നല്‍കിയ ആ മനക്കരുത്ത്. സ്റ്റീഫന്‍ ഹോക്കിങ്; അങ്ങേയ്ക്ക് മരണമില്ല, നേരില്‍ കാണാതെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്റെ മനസ്സില്‍ മരണമില്ല.

 

Comments are closed.