DCBOOKS
Malayalam News Literature Website
Rush Hour 2

യാത്രാനുഭവങ്ങളെക്കുറിച്ച് ടി.ഡി രാമകൃഷ്ണന്‍

യാത്രകള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. യാത്രകള്‍ ചെയ്യാന്‍ ഏറെയിഷ്ടവുമാണ്. അടുത്തിടെ ഒമാനിലെ സലാലയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഒരു യാത്ര ഇന്നും ഓര്‍മ്മിക്കുന്നു.

അവിടെ ഒരു പ്രത്യേക സ്ഥലത്ത് ഗ്രാവിറ്റി അനുഭവപ്പെടില്ല. ഒരു കയറ്റത്തില്‍ കാര്‍ ഒന്നു പതിയെ തള്ളിക്കൊടുത്താല്‍ തനിയെ കയറിപ്പോകും എന്ന അവസ്ഥയിലുള്ള സ്ഥലം. എങ്കില്‍ അവിടെ പോയ്ക്കളയാം എന്നു തീരുമാനിച്ചു. താമസസ്ഥലത്തു നിന്നും ഒന്നര മണിക്കൂറോളം കാറില്‍ സഞ്ചരിച്ചാലാണ് അവിടെയെത്തുക. ഞാനും മൂന്നു സുഹൃത്തുക്കളും കൂടി യാത്രയാരംഭിച്ചു. കുറേ ദൂരം പിന്നിട്ടു. എന്തുകൊണ്ടോ പോകേണ്ട റോഡിലേക്ക് തിരിയാന്‍ വിട്ടുപോയി. നേരെയുള്ള റോഡില്‍ കുറേയേറെ ദൂരം സഞ്ചരിച്ചാല്‍ മാത്രമേ ഇനി യുടേണ്‍ എടുത്ത് തിരികെയെത്താന്‍ സാധിക്കൂ. സാരമില്ല, കുറച്ച് മുന്നോട്ട് പോയാല്‍ മതിയല്ലോ.. പോകാമെന്ന് വിചാരിച്ച് വീണ്ടും യാത്രയാരംഭിച്ചു. അപ്പോഴതാ വഴിയില്‍ മിലിട്ടറിയുടെ സുരക്ഷാപരിശോധന. എന്തോ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള പരിശോധനയാണ്. പെട്ടെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കരയാന്‍ തുടങ്ങി. അയാളുടെ കൈവശമുള്ള വിസയുടെ കാലാവധി തീര്‍ന്നതാണത്രെ. പരിശോധന നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് നൂറു ശതമാനവും ഉറപ്പായിരുന്നു. എന്തുചെയ്യണമെന്നറിയില്ല, കൂടെയുണ്ടായിരുന്ന ഞാനും ഏറെ വേവലാതിപ്പെട്ടു. ഭയാശങ്കകളോടെയാണ് ഞങ്ങള്‍ ചെക്കിങ് പോയിന്റില്‍ എത്തിയത്.

എന്തായാലും പരിശോധനാവേളയില്‍ കുഴപ്പമൊന്നും സംഭവിച്ചില്ല. ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടു. അത്രനേരവും കാറിലിരുന്ന് അനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല. ഗ്രാവിറ്റിയില്ലാത്ത അവസ്ഥ കാണാന്‍ പോയ ഞങ്ങള്‍ ആ ചെറിയ സമയം കൊണ്ട് കാറിലിരുന്ന് അനുഭവിച്ചത് മറ്റൊരു തരം ഗ്രാവിറ്റിയില്ലായ്മയായിരുന്നു.

Comments are closed.