DCBOOKS
Malayalam News Literature Website
Rush Hour 2

അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെക്കുറിച്ച് സോണിയ റഫീക്

‘My life too would become a new song, a life as pure and straight forward and simple as a glass of water on a hot day.’ എത്ര ലളിതമാണ് ജീവിതത്തെ കുറിച്ചുള്ള അമോസ് ഓസിന്റെ ആശയം! കഠിനവും സങ്കീര്‍ണ്ണവുമായ ജീവിത പരിസരങ്ങളെ അതിജീവിച്ച ഈ ഇസ്രായേലി എഴുത്തുകാരന് ഒരു ഗ്ലാസ് വെള്ളം പോലെ നിര്‍മ്മലവും ശുദ്ധവുമായി ജീവിതത്തെ കാണാന്‍ സാധിച്ചുവല്ലോ.

ഒരു പുസ്തകമായി വളരുവാനാണ് ചെറുപ്പത്തില്‍ അമോസ് കൊതിച്ചത്; എഴുത്തുകാരനാവാനല്ല. കാരണം, മനുഷ്യര്‍ വരും പോകും; അവരുടെ ജനനവും മരണവും മുറയ്ക്ക് സംഭവിക്കുന്നു, പുസ്തകങ്ങള്‍ മാത്രം ഒരിക്കലും മരിക്കുന്നില്ല. മനുഷ്യരെ ഉറുമ്പുകളെ പോലെ ഞെരിച്ചു കൊല്ലാനാവും. എഴുത്തുകാരെയും കൊല്ലാന്‍ ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ പുസ്തകങ്ങളോ, അവയെ നശിപ്പിക്കാന്‍ എത്രതന്നെ ആസൂത്രിതമായി ശ്രമിച്ചാലും ഒരു കോപ്പിയെങ്കിലും ലോകത്ത് ഏതെങ്കിലുമൊരു ഗ്രന്ഥശാലയുടെ ഒഴിഞ്ഞ കോണിലെ അലമാരക്കുള്ളില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് സുഖമായി ഇരിപ്പുണ്ടാകും.

നല്ലൊരു വായനക്കാരനായ അമോസിന്റെ അച്ഛന്‍, യെഹൂദ ക്ലോസ്‌നര്‍ ഒരിക്കല്‍ തന്റെ ബുക്‌ഷെല്‍ഫിന്റെ ചെറിയൊരു ഭാഗം മകനായി ഒഴിച്ചുകൊടുക്കുകയുണ്ടായി. അന്നുവരെ കിടയ്ക്കരികിലെ സ്റ്റൂളില്‍ കൂട്ടിവച്ചിരുന്ന പുസ്തകങ്ങള്‍ പെറുക്കി നെഞ്ചോട് പുണര്‍ന്നുകൊണ്ട് അമോസ് അവയെല്ലാം ബുക്ക് ഷെല്‍ഫിലേക്ക് മാറ്റി. സ്വന്തം ഇഷ്ടാനുസരണം ഉയരമനുസരിച്ച് പുസ്തകങ്ങള്‍ ഓരോന്നും അതിനുള്ളില്‍ കുത്തിനിര്‍ത്തി. പുസ്തകങ്ങളുടെ കവര്‍ ചുമരിനു നേരെയും പിന്‍ഭാഗം പുറമെ കാണുന്ന രീതിയിലുമാണ് കുഞ്ഞ് അമോസ് അവയെ ഷെല്‍ഫില്‍ അടുക്കി നിര്‍ത്തിയത്. ഉയരമനുസരിച്ച് ഏറ്റവും മുന്‍പില്‍ സ്ഥാനം പിടിച്ചത് കുട്ടികള്‍ക്കുള്ള കവിതകളും കഥകളും അടങ്ങുന്ന ബാലസാഹിത്യ രചനകളായിരുന്നു. ഇത്തരത്തില്‍ ഗര്‍വ്വോടെ എഴുന്നേറ്റു നില്‍ക്കുന്ന പുസ്തകങ്ങള്‍ ഉള്ളവന്‍ ഒരിക്കലുമൊരു കുട്ടിയല്ല, താനും അച്ഛനെപ്പോലെ പുരുഷനായി എന്നുതന്നെ അമോസ് വിശ്വസിച്ചു. ഈ കാഴ്ച കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന അച്ഛന്‍ ഒരു നിമിഷം സ്തബ്ദനായി, പിന്നെ രോഷാകുലനായി, ഒടുവില്‍ നിരാശനും. ”നിനക്കെന്താ ഭ്രാന്താണോ? പൊക്കമനുസരിച്ച് അടുക്കി നിര്‍ത്താന്‍ ഇതെന്താ പട്ടാളക്കാരാണെന്ന് കരുതിയോ?’ പരേഡിനു പോകുന്ന അഗ്‌നിശമന ബാങ്കിലെ അംഗങ്ങളെപ്പോല്‍ വരിവരിയായി നില്‍ക്കുന്ന പുസ്തകങ്ങളെ നോക്കി ലൈബ്രേറിയനായ യെഹൂദ ക്ലോസ്‌നര്‍ ദേഷ്യപ്പെട്ടു. ശേഷം ലൈബ്രറിയില്‍ എങ്ങനെയാണ് പുസ്തകങ്ങള്‍ ക്രമീകരിക്കുക എന്നത് രസകരമായ രീതിയില്‍ മകനു പറഞ്ഞുകൊടുത്തു.

അതിനു ശേഷമാണ് എന്തു കിട്ടിയാലും പല രീതിയില്‍ തിരിച്ചും മറിച്ചും അടുക്കിവയ്ക്കുന്ന ശീലം അമോസ് വികസിപ്പിച്ചെടുത്തത്. എന്നെങ്കിലും ഒരിക്കല്‍ താനൊരു കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടാല്‍ ചില ചില്ലറ സ്വാതന്ത്ര്യങ്ങള്‍ നഷ്ടമാകും എന്നതൊഴിച്ചാല്‍ ബോറഡി കാരണം ഒരിക്കലും വിഷമിക്കില്ലെന്ന് അമോസ് പറയുന്നു. കാരണം കയ്യില്‍ ഒരു ചീട്ടുകെട്ടോ ഒരു പെട്ടി ഡോമിനോസോ തീപ്പെട്ടിക്കൊള്ളികളോ ഒരു പിടി ബട്ടണുകളോ ഉണ്ടെങ്കില്‍ അവയെ അടുക്കിയും ക്രമീകരിച്ചും ദിവസങ്ങള്‍ വിരസമാകാതെ ആസ്വദിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു അയാള്‍ക്കുറപ്പായിരുന്നു. അവയുപയോഗിച്ചു രൂപങ്ങളുണ്ടാക്കിയും ഒന്നൊന്നിനോടു ചേര്‍ത്തും അകത്തിയും വച്ച് പലതരം മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടും ബോറഡി എന്ന അവസ്ഥയെ അമോസ് അതിജീവിക്കുമായിരുന്നു. യെഹൂദ-ഫാനിയ ദമ്പതികളുടെ ഏകമകനായിരുന്നു അമോസ് ഓസ്. അതിനാല്‍, കൂടെ കളിക്കാന്‍ ആരുമില്ലാതെ വളര്‍ന്നവനായതിനാലാണോ ഇതൊരു ശീലമായി മാറിയതെന്നും അദ്ദേഹം പില്ക്കാലത്ത് സംശയിച്ചിരുന്നു. ഏകാന്തത എന്നത് ചുറ്റിക കൊണ്ടുള്ള പ്രഹരം പോലെയാണ്; അത് കണ്ണാടിച്ചില്ലിനെ തവിടുപൊടിയാക്കുകയും ഉരുക്കിനെ കഠിനീകരിക്കുകയും ചെയ്യുന്നു എന്ന് അമോസ് ഓസ് തന്റെ ആത്മകഥയില്‍ പറഞ്ഞുവയ്ക്കുന്നു.

തന്റെ മുത്തച്ഛനിലൂടെയാണ് അമോസ് സ്ത്രീകളെ കുറിച്ച് മനസ്സിലാക്കി തുടങ്ങുന്നത്. മുത്തച്ഛന്റെ വശ്യത അപാരമായിരുന്നു. പ്രായം ചെന്നിട്ടും ആ മനുഷ്യനിലേക്ക് എന്തുകൊണ്ട് സ്ത്രീകളിങ്ങനെ ആകര്‍ഷിതരാകുന്നു എന്നത് അമോസിനെ അതിശയിപ്പിച്ചു. മറ്റ് പുരുഷന്മാര്‍ക്കൊന്നും ഇല്ലാത്ത ആ മഹനീയമായ കഴിവ് എന്താണെന്ന് ഒടുവില്‍ കൊച്ചുമകന്‍ കണ്ടെത്തി. മുത്തച്ഛന്‍ നല്ലൊരു കേള്‍വിക്കാരനായിരുന്നു. അദ്ദേഹം മറ്റുള്ളവരെപ്പോലെ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതായി അഭിനയിക്കുന്ന ഒരുവനായിരുന്നില്ല, തന്റെ മുന്നിലിരിക്കുന്ന സ്ത്രീയുടെ സംസാരത്തില്‍ ഇടക്കുകയറി ഇടപെടുന്നവനും ആയിരുന്നില്ല. അവള്‍ ഉരുകി തീരും വരെ വിസ്മയത്തോടെ കണ്ണുകളില്‍ നോക്കി ശാന്തമായിരിക്കുന്നവനായിരുന്നു.

‘എല്ലാ സ്ത്രീകളും സുന്ദരികളാണ്. ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ, അവരെല്ലാവരും. പുരുഷന്മാര്‍ അന്ധന്മാരാണ്! അസ്സല് കുരുടന്മാര്‍! അവര്‍ അവരെ മാത്രമേ കാണുന്നുള്ളൂ, അല്ല, അവരെപ്പോലും കാണുന്നില്ല ആ പൊട്ടക്കണ്ണന്മാര്‍!’ ഇങ്ങനെ പറഞ്ഞിരുന്ന അദ്ദേഹം ഏതൊരു സ്ത്രീയിലും മറ്റാരും കാണാത്ത അവളുടേതായ സവിശേഷ സൗന്ദര്യം കണ്ടെത്തുന്നതില്‍ മിടുക്കനായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള അമോസ് ഓസിന്റെ ഭാവനകള്‍ രൂപം കൊള്ളുന്നതും മുത്തച്ഛനില്‍ നിന്നായിരുന്നു. ഒരു സ്ത്രീ പുരുഷനില്‍ തിരയേണ്ടുന്ന ഏറ്റവും വലിയ യോഗ്യത മര്യാദ ആണ്; പിന്നെ ഒരല്പം ദയയും. മര്യാദയാണ് ബ്രഡ് എങ്കില്‍ ദയ ബട്ടര്‍ ആകുന്നു എന്ന് ‘എ കെയില്‍ ഓഫ് ലവ് ആന്റ് ഡാര്‍ക്‌നസ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

സാര്‍വത്രികമായ സ്‌നേഹം; എല്ലാവര്‍ക്കും എല്ലാവരോടുമുള്ള സ്‌നേഹം അത് നിങ്ങള്‍ യേശുക്രിസ്തുവിനു വിട്ടുകൊടുക്കൂ സ്‌നേഹം അല്ലെങ്കില്‍ പ്രണയം എന്നാല്‍ ഉദാരതയോ കനിവോ അല്ല. വൈരുദ്ധ്യങ്ങളുടെ വിചിത്രമായ സങ്കലനമാണത്, സ്വാര്‍ഥതയുടെയും സമര്‍പ്പണത്തിന്റെയും കൂടിച്ചേരലാണ് പ്രണയം. വല്ലാത്തൊരു വിരോധാഭാസം തന്നെ! ‘Love isn’t something you choose. You catch it like a disease, you get rapped in it like a disaster’. നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി പ്രണയിക്കുന്നുവെങ്കില്‍ അയാളുടെ തൂവാലയെ പോലും നിങ്ങള്‍ പ്രണയിക്കും എന്ന് അമോസ് ഓസ് വിശ്വസിച്ചു.

മുപ്പത്തെട്ടാം വയസ്സില്‍ വിഷാദരോഗത്തിനടിമപ്പെട്ട് ആത്മഹത്യ ചെയ്ത അമ്മയോട് അമോസ് എന്ന പന്ത്രണ്ടുകാരന് ദേഷ്യമായിരുന്നു. താനൊരു മോശം കുട്ടിയായതുകൊണ്ടാവും അമ്മ തന്നെ വിട്ടു പോയതെന്നു അവന്‍ വിശ്വസിച്ചു. അമ്മ പറഞ്ഞതെല്ലാം അനുസരിച്ചിരുന്നെങ്കില്‍, മുന്തിയ മാര്‍ക്ക് വാങ്ങി ജയിച്ചിരുന്നെങ്കില്‍, ഇപ്പോഴും അമ്മ തനിക്കൊപ്പം ഉണ്ടാകുമായിരുന്നു എന്നോര്‍ത്ത് അവന്‍ സ്വയം ശപിച്ചു. പിന്നീട് ആ ദേഷ്യം അച്ഛനോടായി, എന്തെന്നാല്‍, ഇത്രയും സുന്ദരിയും മിടുക്കിയുമായൊരു ഭാര്യയെ വെറുതെ മരിക്കാന്‍ വിട്ട പുരുഷന്‍ വിഡ്ഢിയാണ്. ഈയാമ്പാറ്റകള്‍ ദീപത്തോടെന്നപോലെ ഉഗ്ര സ്വഭാവമുള്ള പുരുഷന്മാരിലേക്ക് അതിവേഗം ആകര്‍ഷിക്കപ്പെടുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ക്ക് വീരപുരുഷനെയോ കൊടുങ്കാറ്റുപോലെ പ്രണയം വീശുന്നവനെയോ ആവശ്യമില്ല എന്നത് അമോസ് അറിയുന്നത് അമ്മയില്‍ നിന്നു തന്നെയാണ്; അവര്‍ക്കുണ്ടായിരുന്ന പുരുഷസൗഹൃദങ്ങള്‍ അവലോകനം ചെയ്തപ്പോള്‍ കിട്ടിയ ഉള്‍കാഴ്;. സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദം പോലെ മഹത്തായ മറ്റൊരു ബന്ധവുമില്ല. അത് ഒരു പ്രണയ ബന്ധത്തെക്കാള്‍ എത്രയോ അപൂര്‍വവും അമൂല്യവുമാണ്. സൗഹൃദത്തെ താരതമ്യം ചെയ്യുമ്പോള്‍ പ്രണയം എത്രയോ പ്രാകൃതവും വിലക്ഷണവുമായ വികാരമാണ്. സൗഹൃദം വലിയൊരളവില്‍ പരസ്പര അവബോധമുണ്ടാക്കുന്നു, അത് ഒരുവനെ ഉദാരമനസ്‌കനും ഉപചാരശീലമുള്ളവനുമാക്കുന്നു. മിതത്വസുന്ദരമായ സമ്പര്‍ക്കമാണ് സൗഹൃദം.

2018 ഡിസംബറില്‍ മരണപ്പെട്ട അമോസ് ഓസ് വളരെ മുന്‍പു തന്നെ സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ചു പലയിടങ്ങളിലും പരാമര്‍ശിച്ചിടുണ്ട്. സ്വര്‍ഗ്ഗവും നരകവും ഒരുവന്റെ ഉള്ളിലാണ്. നമ്മുടെ വീടുകളില്‍, ഓരോ മുറിയിലും നാം സ്വര്‍ഗ്ഗത്തെയും നരകത്തെയും കാണുന്നു; ഓരോ വാതിലിനു പിന്നിലും, ഓരോ പുതപ്പിനടിയിലും. ചെറു കുടിലത കൊണ്ട് ഒരുവന്‍ മറ്റൊരുവന് നരകമാകുന്നു. അതുപോലെ ഒരല്പം അനുകമ്പയാല്‍ മനുഷ്യര്‍ തങ്ങളില്‍ സ്വര്‍ഗ്ഗങ്ങളും കണ്ടെത്തുന്നു. പുസ്തകമാകാന്‍ കൊതിച്ച ആ ബാലന്‍ നാല്പതോളം പുസ്തകങ്ങള്‍ ലോക സാഹിത്യത്തിനു സമ്മാനിച്ചുകൊണ്ട് ഉഷ്ണദിനത്തിലെ ഒരു ഗ്ലാസ് വെള്ളം പോലെ നിലകൊള്ളുന്നു.

Comments are closed.