DCBOOKS
Malayalam News Literature Website

പ്രതികാരത്തിന്റെ മധുരം

പുരാതന ഗ്രീസിലെ കോള്‍കിസ് രാജ്യത്തെ ആറ്റീസ് രാജാവിന്റെ മകളായിരുന്നു മീഡിയ. മീഡിയയെ വിവാഹം കഴിച്ചത് വിഖ്യാത നായകന്‍ ജാസന്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറേനാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു രാജാവായ സീറിയോണ്‍ തന്റെ മകളായ ഗ്ലവൂസിനെ ജാസന് വിവാഹം കഴിച്ചു നല്‍കി. ജാസന്റെ ശ്രദ്ധ ഗ്ലവൂസിലേക്ക് മാറി. തന്റെ പ്രണയം നിരസിക്കപ്പെടുന്നത് സഹിക്കവയ്യാതെ മീഡിയ ജാസനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. ജാസന്റെ തീവ്രവേദനയില്‍ മാത്രമേ തന്റെ പ്രതികാരവാഞ്ച സംതൃപ്തിയടയൂ എന്ന് തിരിച്ചറിഞ്ഞ മീഡിയ അതിനു തിരഞ്ഞെടുത്ത വഴി മനുഷ്യജീവിതത്തിലെ ഏറ്റവും വിചിത്രമെന്നോ അസാധാരണമെന്നോ വിളിക്കാവുന്ന ഒന്നാണ്. ജാസന്‍ തീവ്രമായി സ്‌നേഹിക്കുന്ന തങ്ങളുടെ മക്കളെ കൊല്ലാനാണ് മീഡിയ തീരുമാനിച്ചത്. ഗ്രീക്ക് നാടകകാരന്‍ യൂറിപ്പിഡീസിന്റെ വിഖ്യാത നാടകത്തില്‍ മീഡിയ തന്റെ രണ്ട് മക്കളെ കത്തിക്കിരയാക്കുന്നതാണ് പ്രതിപാദ്യവിഷയം. കത്തികൊണ്ട് കുത്തി സ്വന്തം മക്കളെ കൊന്ന് അവരുടെ ചോരയില്‍ കുളിച്ച് ഭര്‍ത്താവിന്റെ നേരെ നോക്കി നില്‍ക്കുന്ന മീഡിയയുടെ ഉള്ളില്‍ അടങ്ങിയത് എന്തുമാത്രം ശക്തമായ തിരകളാവാം. പ്രണയിയുടെ പ്രണയത്തേക്കാള്‍ കരുത്തുറ്റതാണ് പ്രണയിയുടെ തിരസ്‌കാരം. പ്രണയി നിര്‍മ്മിക്കുന്ന മുറിവുകളെക്കാള്‍ ശമിപ്പിക്കാനാകാത്തത് മറ്റൊന്നുമില്ല എന്ന് യൂറിപ്പിഡീസ് മീഡിയയില്‍ പറഞ്ഞു വെയ്ക്കുന്നു. ആ ശമിക്കാത്ത മുറിവുണങ്ങാന്‍ ഭൂമിയിലെ തന്നെ ഏറ്റവും തീവ്രമായ മറ്റൊരു വേദനയെ സ്വയം വരിക്കേണ്ടി വരുന്നു മീഡിയ എന്ന അമ്മയ്ക്ക്.

സ്വന്തം മക്കളെ കത്തിക്കിരയാക്കിക്കൊണ്ട് ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കുന്ന സ്ത്രീ എന്താണ് ജീവിതത്തില്‍ നേടുന്നത് എന്ന ചോദ്യം ‘സാധാരണ ജീവിതം’ നയിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് കൗതുകമുണ്ടാക്കിയെക്കാം. ഗ്ലാഡിയേറ്റര്‍ സിനിമയിലെ നായകന്‍ മാക്‌സിമസ് ഡസിമസ് മെറിഡിയസ് തന്റെ ജീവിതത്തെ സ്വയം നിര്‍വചിക്കുന്നത് ഇങ്ങനെയാണ്.

‘Father to a murdered son, husband to a murdered wife – and I will have my vengeance, in this life or the next.’

മാക്‌സിമസിനെ പോലൊരു മനുഷ്യന്‍ ജീവിതത്തെ നിര്‍വ്വചിക്കുന്നത് തന്നെ പ്രതികാരത്തിനായി ബാക്കി വച്ചിട്ടുള്ള സമയത്തെ കൊണ്ട് മാത്രമാണ്. ജീവിച്ചിരിക്കുന്നത് തന്നെ പ്രതികാരത്തിന്റെ രുചി നുണയാന്‍ മാത്രമായി തീര്‍ന്ന അനേകം അസാധാരണ ജീവിതഗാഥകള്‍ നമുക്ക് മുന്നിലുണ്ട്. അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ കഥാപാത്രം എഡ്മണ്ട് ഡാന്റസ്, വലിയ നിധിയൊക്കെ കിട്ടിയിട്ട് മോണ്ടിക്രിസ്‌റ്റോ പ്രഭുവായി തിരികെ എത്തുമ്പോഴും അയാള്‍ക്ക് സുഖിച്ചു ജീവിക്കാനാകുന്നില്ല. അയാള്‍ക്ക് ജീവിതം ബാക്കിയാകുന്നത് തന്റെ ജീവിതത്തോട് വഞ്ചന നടത്തിയവരോടുള്ള പ്രതികാരം നിര്‍വ്വഹിക്കുന്നതിന് മാത്രമാണ്.
സ്വന്തം അച്ഛന്റെ മരണകാരണം അറിയുന്നതോടെ ഹാംലറ്റിന്റെയും ജീവിതം ബാക്കിയാകുന്നത് അച്ഛന്റെ മരണത്തിനുള്ള പ്രതികാരമായി മാത്രമാണ്. ഇതുവരെ ഉണ്ടായിട്ടുള്ള അനേകം ഹാംലറ്റ് അഡാപ്‌റ്റേഷനുകളില്‍ ഏറ്റവും പുതിയത് ഇംഗ്ലീഷ് നോവലിസ്റ്റ് ഇയാന്‍ മക്ക്വീവന്റെ 2016-ല്‍ പുറത്തിറങ്ങിയ ‘നട്ട്‌ഷെല്‍’ എന്ന നോവലാണ്. ആ നോവലില്‍ പ്രതികാരത്തിന്റെ ഭാവം കൂടുതല്‍ വ്യത്യസ്തമായ ഒരു തലത്തിലാണ് നിലനില്‍ക്കുന്നത്. അതിലെ ഹാംലറ്റിന് സമാനനായ കേന്ദ്രകഥാപാത്രം അമ്മയുടെ ഗര്‍ഭപാത്രത്തിലാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് കുട്ടി കഥപറയുന്ന രീതി സ്വീകരിച്ചിട്ടുള്ള നട്ട്‌ഷെല്ലിലെ ഹാംലറ്റ് ആ ഗര്‍ഭപാത്രത്തില്‍ വച്ചാണ് തന്റെ അമ്മയും ചെറിയച്ഛനും ചേര്‍ന്ന് അച്ഛനെ വധിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നത് കേള്‍ക്കുന്നത്. ഗര്‍ഭപാത്രത്തിലുള്ള ശിശു ശബ്ദങ്ങള്‍ കേള്‍ക്കുന്നതിന്റെ സയന്‍സിന്റെ സൂക്ഷ്മ വിവരണത്തിലൂടെ ഇയാന്‍ മക്ക്വീവന്‍ അതിവിചിത്രമായ ഒരു മനുഷ്യഭാവത്തെ ജനിപ്പിച്ചെടുക്കുന്നു. ഷേക്‌സിപിയറിന്റെ ഹാംലറ്റ് പ്രതികാരത്തിന്റെ ഭാവത്തിലേക്ക് സഞ്ചരിക്കുന്നത് പ്രേതത്തിന്റെ രഹസ്യവിവരണത്തോടെയാണെങ്കില്‍ മക്ക്വീവന്റെ ഹാംലറ്റ് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ തന്റെ ശരീരത്തില്‍ പ്രതികാരത്തിന്റെ ക്രോമസോമുകള്‍ കിളിര്‍ത്തുവിളയുന്നത് തിരിച്ചറിയുന്നു. ജന്മം തന്നെ പ്രതികാരത്തിനു വേണ്ടിയാണ് എന്ന സാഹചര്യം ഏറ്റവും സൂക്ഷ്മതലത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സാധ്യതയാണ് ഏറ്റവും പുതിയ ഹാംലറ്റ് അഡാപ്‌റ്റേഷന്‍ രൂപപ്പെടുത്തുന്നത്.

പ്രതികാരം എന്നത് ഒരു വിഭവമാണ് എന്ന് പറയുന്ന പഴമൊഴികളുണ്ട്. അതിനേറ്റവും രുചിയുണ്ടായിരിക്കുക തണുത്തുറഞ്ഞ നിലയിലായിരിക്കും. എതിര്‍ക്കാനുള്ള സകല ശേഷിയേയും നിര്‍ജലീകരിച്ച് തന്നോട് തെറ്റു ചെയ്തവനെ ഇഞ്ചിഞ്ചായി കൊല്ലുമ്പോഴുള്ള സുഖം മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ആസ്വാദ്യാനുഭവമാണ് എന്ന് ഇതുവരെയുണ്ടായിട്ടുള്ള സാഹിത്യവും കലയും നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തും. ഒരിക്കല്‍ വേദനിച്ചാല്‍, കാരണമില്ലാതെ മുറിവേറ്റാല്‍, ആ മുറിവിന്റെ ശാരീരിക വേദന അതുണങ്ങിയാല്‍ മാറുമായിരിക്കും. പക്ഷെ ഉണങ്ങാതെ കിടക്കുന്ന ഒരു വേദനയുണ്ടാകും. അത് നെഞ്ചിനുള്ളിലാണ്. ഹൃദയത്തിന്റെ മൂലകളിലാണ്. പാതിരാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോള്‍ എരിഞ്ഞു കത്തുന്ന ആ വേദന നെഞ്ചിലാകെ പടര്‍ന്നു പിടിക്കും. അത് ശരീരമാകെ വ്യാപിച്ചു കിടക്കുന്ന ദ്രാവകമായി മാറും. അനുദിനം ആ ദ്രാവകത്തിന്റെ അമ്ലത ശരീരത്തിന്റെ സുഖാവസ്ഥയെ കാര്‍ന്നു തിന്നും. തന്റെ ജീവിതത്തോട് ചെയ്യപ്പെട്ട അനീതിയുടെ പ്രതികാരം സംഭവിച്ചു കാണുംവരെ ആ വേദന അങ്ങനെ തന്നെ തുടരും. ആ വേദനയില്‍ നീറി നീറി മനുഷ്യര്‍ ജീവിച്ചു കൊണ്ടിരിക്കും. അത് മനുഷ്യരെ സാധാരണ മനുഷ്യര്‍ ചെയ്യാത്തത് ചെയ്യിക്കും. സാധാരണ മനുഷ്യന്‍ ചിന്തിക്കാത്തത് ചിന്തിക്കും.

ക്വെന്‍റിന്‍ ടാറന്റിനോയുടെ വിഖ്യാത പ്രതികാര സിനിമ കില്‍ ബില്ലില്‍ നായിക തന്റെ വിവാഹദിനത്തില്‍ നവവരനടക്കം സകലരെയും വെടിവെച്ചുകൊന്ന തന്റെ പൂര്‍വ്വ കാമുകന്‍ ബില്ലിനെയും അയാളുടെ കൂട്ടാളികളെയും ഒന്നൊന്നായി കൊന്നോടുക്കുന്നതാണ് കഥ. ഒരു കൊലയും സാധാരണ സംഭവമല്ല. പൂര്‍ണ്ണമായും അസാധാരണമായി നടക്കുന്ന കൊലപാതകങ്ങളാണ് അവയെല്ലാം. നൂറുകണക്കിനാളുകളെ നായിക ഒറ്റയ്ക്ക് കൊന്നുതള്ളുന്നത് കാണുമ്പോള്‍ സാധാരണ യുക്തി ചോദിച്ചേക്കാം, ഇതെങ്ങനെ നടക്കും എന്ന്. പക്ഷെ, പ്രതികാരത്തിന്റെ തീവ്രതയില്‍ മനുഷ്യന് ചെയ്യാന്‍ പറ്റുന്നത് അതിലും അപ്പുറത്തായിരിക്കും എന്ന് ടാറന്റിനോ സിനിമയിലൂടെ പറയുന്നു. സിനിമയില്‍ ഒരിക്കല്‍ ബില്ലിന്റെ കൂട്ടാളികളില്‍ ഒരാള്‍ നായികയെ ഒരു ശവപ്പെട്ടിയിലാക്കി വലിയ ഒരു കുഴിയെടുത്ത് മണ്ണിട്ടു മൂടുന്നുണ്ട്. വലിയ കുഴിക്കകത്ത് പെട്ടു കിടക്കുമ്പോള്‍ അവള്‍ എങ്ങനെ പുറത്തു വരും എന്ന് കാഴ്ചക്കാരന്‍ ആലോചിക്കും. പക്ഷെ സിനിമയില്‍ അത്ഭുതം സംഭവിക്കുന്നു. അവള്‍ ശവപ്പെട്ടി ഇടിച്ച് പൊട്ടിച്ച് മണ്ണു മാറ്റി പുറത്തു വരുന്നു. കാരണം അവള്‍ക്കിനിയും കൊന്നു തീര്‍ക്കാന്‍ ആളുകള്‍ ഭൂമിയില്‍ ബാക്കിയുണ്ട്.

കില്‍ ബില്‍ എന്ന ചിത്രത്തില്‍ നിന്നും

പ്രതികാരത്തിന്റെ വേര് ഒളിഞ്ഞിരിക്കുന്നത് ഒരു ചെറിയ ബിന്ദുവിലാണ്. അത് അനീതിയാണ്. തന്നോട് ചെയ്ത അനീതിയ്ക്ക് പകരം അത് ചെയ്തയാള്‍ പരിതപിക്കുന്നത് വരെ ആ വേദന തുടരും. ബാക്കി കിടക്കുന്ന പ്രതികാരത്തിന്റെ വേദന മനുഷ്യനെ കുഴിമാടത്തില്‍ പോലും സ്വസ്ഥമായി കിടത്തില്ല. അത് മനുഷ്യനെ കുഴിമാടങ്ങളില്‍ നിന്നും എഴുന്നേല്‍പ്പിച്ചു നടത്തും. ഒരിക്കല്‍ സംഭവിച്ച അനീതിയുടെ ഭാരം, സാധ്യമാകാതെ പോയ പ്രതികാരത്തിന്റെ ബാക്കി തലമുറകളിലൂടെ പോലും സഞ്ചരിക്കും. ചിലപ്പോള്‍ പ്രേതങ്ങളായി. ചിലപ്പോള്‍ ആചാരങ്ങളായി. ചിലപ്പോള്‍ കലാരൂപങ്ങളായി. മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ പ്രേതരൂപത്തെ നോക്കൂ. വധിക്കപ്പെട്ട പ്രണയിയോട് ചെയ്ത അനീതിയുടെ പ്രതികാരം കാലങ്ങള്‍ക്കപ്പുറം ജീവിച്ചു പോന്നവളുടെ മസ്തിഷ്‌കത്തെ പോലും അത് ബാധിക്കുന്നു. കടാങ്കോട്ട് മാക്കം എന്ന തെയ്യം ഉയിര്‍ത്തത് ചെയ്യാനാകാത്ത ഒരു പ്രതികാരത്തിന്റെ ശേഷിപ്പായിട്ടാണ്. പന്ത്രണ്ട് ആങ്ങളമാര്‍ ചേര്‍ന്ന് മാക്കത്തെയും അവളുടെ രണ്ട് മക്കളെയും കൊന്ന് കിണറ്റിലിട്ടപ്പോള്‍ ആര്‍ത്തലച്ചു വന്ന അഗ്‌നി തറവാട് മുടിച്ചതിന്റെ കഥയാണ് കടാങ്കോട്ട് മാക്കത്തിന്റേത്. ചെയ്ത അനീതിയുടെ വിത്തുകള്‍ വടവൃക്ഷമായി വളര്‍ന്ന് സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന വേദനയായി തീരുമ്പോഴാണ് മിത്തുകള്‍ തെയ്യം പോലെയുള്ള ദൈവരൂപങ്ങളെ മനുഷ്യനു മുന്നില്‍ അവതരിപ്പിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഓരോ വര്‍ഷ വും ആടിയോഴിയുന്ന തെയ്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയ ഓരോ പ്രതികാരത്തിന്റെയും ബിംബവല്‍ക്കരണമാണ്.

പ്രതികാരം കൊണ്ട് മാത്രം ശാന്തമാകുന്ന വേദനകളുണ്ട് മനുഷ്യന്. തന്റെ ജീവിതത്തിനു മേലെ പ്രവര്‍ത്തിച്ച അനീതിയുടെ അഹങ്കാരത്തോടുള്ള പ്രതിഷേധമാണത്. ദ്രോഹിക്കപ്പെട്ടതിന്റെ വേദന രണ്ട് തലങ്ങളില്‍ നിലനില്‍ക്കും. ആദ്യത്തേത് ശാരീരികമാണ്. മറ്റൊന്ന് നമ്മുടെ മൂല്യവ്യവസ്ഥയെ ഏല്‍പ്പിക്കുന്ന വേദനയാണ്. ശാരീരികവും വേദന മുറിവുണങ്ങിയാല്‍ മാറും. എന്നാല്‍ മൂല്യവ്യവസ്ഥയില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങുന്ന പ്രക്രിയ അതിസങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണ്ണതയാണ് പ്രതികാരം എന്ന വൈകാരിക വാഞ്ചയെ നിര്‍മ്മിക്കുന്നത്. ഒരുപക്ഷെ മനുഷ്യജീവിതത്തിലെ ഏറ്റവും ആഴമുള്ള വൈകാരിക പ്രക്രിയയായിരിക്കും പ്രതികാരം.

Comments are closed.