DCBOOKS
Malayalam News Literature Website

ശരീരത്തിന്റെ ട്രാജഡി

ഓരോ രോഗവും ഓരോ കഥയാണ് എന്ന് ലോകത്തിനു പറഞ്ഞു കൊടുത്തത് ഹിപ്പോക്രാറ്റിസ് ആണ്. കഥയ്ക്കും പരിണാമഗുപ്തിയുണ്ട്, രോഗത്തിനും പരിണാമഗുപ്തിയുണ്ട്. ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിക്കുന്ന തുടക്കമുണ്ട്, നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയുണ്ട്, ആ കാലത്തെ സംഘര്‍ഷങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ രണ്ടു വിധത്തില്‍ അവസാനിക്കാവുന്ന ക്ലൈമാക്‌സും ഉണ്ട്. ചിലപ്പോള്‍ അത് മരണത്തിലേക്ക് എത്തിക്കുന്ന ട്രാജഡിയായിരിക്കും. അല്ലെങ്കില്‍ സന്തോഷം തരുന്ന വിമുക്തിയായിരിക്കും. ഒരു വ്യക്തിയുടെ ശരീരത്തിലെ രോഗത്തിന്റെ ഒരു സ്വാഭാവിക ചരിത്രത്തിന്റെ വിശദീകരണമോ വര്‍ണ്ണനയോ എന്ന നിലയില്‍ ആ കാലത്ത് പത്തോളജി എന്നറിയപ്പെട്ട അറിവിന്റെ വിഭാഗത്തിന് ഹിപ്പോക്രാറ്റിസ് നാന്ദി കുറിച്ചത് ഈ ആശയത്തിലൂടെയാണ്.

പക്ഷെ ആധുനിക വൈദ്യത്തിലെ രോഗചരിത്രം രോഗിയെ കുറിച്ച് ഏറ്റവും കുറഞ്ഞ വിവരം മാത്രം അടയാളപ്പെടുത്തും. നാല്പത്തഞ്ചു വയസുള്ള ഒരു പുരുഷന്‍ എന്ന് ഒരു രോഗിയെ കുറിച്ച് പറഞ്ഞു കൊണ്ട് ആ ശരീരത്തിലെ രോഗത്തെ പ്രതിപാദിക്കുന്ന ചരിത്രം പരീക്ഷണത്തിന് ഉപയോഗിക്കപ്പെടുന്ന ഒരു എലിയെക്കാള്‍ അധികമായി ആ മനുഷ്യനെ കണക്കാക്കുക പോലുമില്ല. ഒരു മനുഷ്യന്‍ എങ്ങനെ ജീവിച്ചു വന്നു എന്നോ അയാളുടെ മാനസിക ജീവിതത്തിന്റെ ചരിത്രമെന്തായിരുന്നു എന്നോ ഒന്നും ആ വിവരണങ്ങളില്‍ ആരും അടയാളപ്പെടുത്താറില്ല. കാരണം ഒരാളുടെ മാനസികജീവിതം വ്യക്തിയുടെ ശാരീരിക രോഗാവസ്ഥയിലേക്ക് കാര്യമായി ഓഹരി നല്‍കുന്നുണ്ട് എന്ന് ആരും കരുതുന്നില്ല എന്നതു തന്നെ.

എന്നാല്‍ ന്യൂറോളജിയുടെയും മനശാസ്ത്രത്തിന്റെയും കഥ അതല്ല. വ്യക്തിയുടെ മാനസിക ജീവിതത്തിന്റെ ചരിത്രം മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂറോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും അവരുടെ രോഗികളുടെ വിശദമായ മാനസിക ജീവിതത്തിന്റെ ചരിത്രം എഴുതി സൂക്ഷിക്കുന്നവരായിരുന്നു. ആധുനിക കാലം പക്ഷെ ആ രീതിയെ പതിയെ കൈയ്യൊഴിഞ്ഞ ഒന്നാണ്.

പക്ഷെ ആ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ച പലരുമുണ്ട്. ആ വഴിയില്‍ നമ്മുടെ കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ഒലിവര്‍ വൂള്‍ഫ് സാക്‌സ് എന്ന ഇംഗ്ലീഷ് ന്യൂറോളജിസ്റ്റ്. തന്റെ മുന്നില്‍ ചികത്സയ്ക്കായി എത്തിയ അനേകം മസ്തിഷ്‌ക രോഗികളുടെ മാനസിക ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത് ഒലിവര്‍ സാക്‌സ് പതിനാലോളം പുസ്തകങ്ങള്‍ എഴുതി. എല്ലാം ലോകം മുഴുവന്‍ ആര്‍ത്തിയോടെ വായിച്ചു. മനുഷ്യന്റെ മസ്തിഷ്‌കത്തിനത്ത് നിലനില്‍ക്കുന്ന നിഗൂഢങ്ങളായ നിലവറകളെയും അവയില്‍ ഒളിച്ചിരിക്കുന്ന പവിഴങ്ങളെയും അതിനേക്കാള്‍ ഭീതിതമായ ഭൂതങ്ങളെയും സാധാരണ മനുഷ്യര്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. ആ കൗതുകങ്ങള്‍ ലോകമെമ്പാടും അനേകം സിനിമകള്‍ക്കും നാടകങ്ങള്‍ക്കും കഥകള്‍ക്കും സ്വാധീനശക്തിയായി. മനുഷ്യര്‍ എങ്ങനെയാണ് തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വിചിത്രവും ദുരിതപൂര്‍ണ്ണവുമായ സാഹചര്യങ്ങളില്‍ അതിജീവിക്കുന്നത് എന്നതിന്റെ സൂക്ഷ്മചരിത്രമാണ് അദ്ദേഹത്തിന്റെ ഓരോ വിവരണവും. മസ്തിഷ്‌കം നിര്‍മ്മിക്കുന്ന അതിനിഗൂഢ സമുദ്രത്തിലൂടെ സാധാരണ മനുഷ്യന്‍ തന്റെ പായ്ക്കപ്പല്‍ കൊണ്ട് യാത്രചെയ്യുന്ന ആധുനിക ഒഡീസികളുടെ അനുഭവങ്ങളാണ് അവ ഓരോന്നും. മനുഷ്യന്റെ കാഴ്ചപ്പാട്, ഓര്‍മ്മ, വ്യക്തിത്വം എന്നിവയെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ തരുന്നു അവയോരൊന്നും.

ഒലിവര്‍ വൂള്‍ഫ് സാക്‌സ്

ഒലിവര്‍ സാക്‌സിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയത് The Man Who Mistook His Wife for a Hat എന്ന ബെസ്റ്റ് സെല്ലറാണ്. ആ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം തന്നെ സ്വന്തം ഭാര്യയെ തന്റെ തൊപ്പിയായി തെറ്റിദ്ധരിച്ച ഒരു സംഗീതാധ്യാപകന്റെ കഥയാണ്. ഡോ. പി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സ്‌കൂളിലെ സംഗീതാധ്യാപകന്‍ സാക്‌സിന്റെ അടുത്ത് തനിക്ക് എന്തൊക്കെയോ കാഴ്ചയുടെ പ്രശ്‌നങ്ങളുണ്ട്, എന്താണ് എന്ന് മനസിലാകുന്നില്ല എന്ന് പറഞ്ഞാണ് എത്തിയത്. അദ്ദേഹം കണ്ണ് ഡോക്ടര്‍മാരെ പലരെയും കണ്ടിരുന്നു, ആരും കാഴ്ചയ്ക്ക് ഒരു കുഴപ്പവും കണ്ടെത്തിയില്ല. പക്ഷെ ക്ലാസില്‍ അയാള്‍ക്ക് പലപ്പോഴും കുട്ടികളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. മുന്നിലെത്തുന്ന പലരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല.

സാക്‌സ് അയാള്‍ക്ക് കാഴ്ചയുടെ ചില ടെസ്റ്റുകള്‍ നല്‍കി. ആദ്യം കുറെ ജ്യാമിതീയ രൂപങ്ങള്‍ നല്‍കി. അവയെല്ലാം വളരെ കൃത്യമായി, സാധാരണ മനുഷ്യരേക്കാള്‍ വിദഗ്ധമായി ഡോ. പി തിരിച്ചറിഞ്ഞു. പിന്നെ ചില ചിത്രങ്ങള്‍ നല്‍കി. അപ്പോഴാണ് പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. ഒരു വലിയ ചിത്രം കണ്ടാല്‍ അതിനെ മുഴുവനായും ആ മനുഷ്യന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ചിത്രത്തില്‍ നദിയുണ്ട്, വീടുണ്ട്, മനുഷ്യരുണ്ട്, എന്നൊക്കെ തിരിച്ചറിയാമെങ്കിലും ആ ചിത്രത്തെ പൂര്‍ണ്ണ രൂപത്തില്‍ കാണാനാകുന്നില്ല. പലരുടെയും മുഖങ്ങള്‍ ഡോ. പി തിരിച്ചറിയുന്നുണ്ട്, പക്ഷെ അതും മറ്റൊരു വിചിത്രമായ രീതിയിലാണ്. മുഖം മുഴുവനായി കണ്ടിട്ടല്ല. ഉദാഹരണത്തിന് ഐന്‍സ്‌റ്റൈന്റെ ചിത്രം കാണിച്ചാല്‍ ആ മുഖത്തെ തലമുടിയുടെയും മീശയുടെയും പ്രത്യേകത കണ്ടിട്ടാണ് അത് തിരിച്ചറിയുന്നത്. കാണുന്നത് ആ തലമുടിയും മീശയും പ്രത്യേകം പ്രത്യേകം ആണ് എന്ന് സാരം. പരിശോധനയുടെ അവസാനം ഒലിവര്‍ സാക്‌സ് ഡോ. പിക്ക് ഒരു തണ്ടോടു കൂടിയ റോസാപ്പൂവ് നീട്ടി. ഇതെന്താണ് എന്ന് ചോദിച്ചു. അദ്ദേഹം ഒരു ബൊട്ടാണിസ്‌റ്റോ ഒരു മോര്‍ഫോളജിസ്‌റ്റോ ഒരു സ്‌പെസിമെന്‍ കൈകാര്യം ചെയ്യുമ്പോലെ ആ പൂവ് കൈയിലെടുത്തു. ‘ഒരു നീണ്ട പച്ച തണ്ടില്‍ ബന്ധിപ്പിച്ചു വച്ചിരിക്കുന്ന, മടക്കി ചുരുളാക്കപ്പെട്ടിട്ടുള്ള ഒരു ചുവന്ന രൂപം.’ ഡോ. പി പറഞ്ഞു.

‘അതെ പക്ഷെ അതെന്താണ്?’ ഒലിവര്‍ സാക്‌സ് ചോദിച്ചു. ജ്യാമിതീയ രൂപം ഉള്‍ക്കൊള്ളാത്തതു കൊണ്ടും കൂടുതല്‍ സങ്കീര്‍ണ്ണമായ സിമട്രിയുള്ളത് കൊണ്ടും തനിക്ക് അത് എന്താണ് എന്ന് തിരിച്ചറിയാനാകുന്നില്ലെന്നും ചിലപ്പോള്‍ പൂവ് പോലെ എന്തെങ്കിലും ആയിരിക്കും എന്നും അയാള്‍ പറഞ്ഞു. അതൊന്നു മണത്തു നോക്കിക്കൂടേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ അത് മണത്തു. ആ നിമിഷം അയാള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. മനോഹരമായിരിക്കുന്നു. ഇതൊരു റോസാപ്പൂവാണ് എന്നയാള്‍ ഉച്ചത്തില്‍ പറഞ്ഞു.

ആ ദിവസം ഒലിവര്‍ സാക്‌സിന്റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരമാണ് അയാള്‍ തന്റെ തൊപ്പി തിരഞ്ഞത്. അതാ തൊപ്പി ഇരിക്കുന്നു, അതെടുത്തോളൂ എന്ന് പറഞ്ഞത് കേട്ട് അയാള്‍ താന്‍ കണ്ട തൊപ്പിയിലേക്ക് കൈ നീട്ടി. അതിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ അത് അയാളോടൊപ്പം ഡോക്ടറെ കാണാനെത്തിയ അയാളുടെ ഭാര്യയുടെ തലയായിരുന്നു. അങ്ങനെയാണ് സ്വന്തം ഭാര്യയെ തൊപ്പിയാണെന്ന് തെറ്റിദ്ധരിച്ച സംഗീതാധ്യാപകന്റെ കഥ പിറന്നത്. വിഷ്വല്‍ അഗ്‌നോസിയ എന്ന അവസ്ഥയാണ് ഡോ. പി യെ ബാധിച്ചിരിക്കുന്നത് എന്ന് ഒലിവര്‍ സാക്‌സ് പടിപടിയായി മനസിലാക്കി. അങ്ങാതിരിക്കുന്ന ഒരു വസ്തുവിനെയും തിരിച്ചറിയാന്‍ അയാള്‍ക്കാകില്ല. എന്നാല്‍ വസ്തു അനങ്ങുന്നുണ്ടെങ്കില്‍ അയാള്‍ക്ക് അനക്കത്തിന്റെ സ്വഭാവം വച്ച് തിരിച്ചറിയാനാകുന്നു എന്ന വിചിത്ര കാര്യം കൂടി സാക്‌സ് കണ്ടെത്തി. ക്ലാസില്‍ അനങ്ങാതിരിക്കുന്ന കുട്ടികളെ അയാള്‍ക്ക് തിരിച്ചറിയാനാകില്ല, അതേ സമയം എന്തെങ്കിലും തരം ചലനം ഉണ്ടാക്കുന്ന കുട്ടിയെ അയാള്‍ തിരിച്ചറിയും. ഓരോ വ്യക്തിയുടെ അനക്കവും തമ്മിലുള്ള വ്യത്യാസത്തെ സംഗീതത്തിലെ ഓരോ താളവ്യത്യാസത്തെയും തിരിച്ചറിയുന്നതു പോലെയാണ് ഒരു സംഗീതാധ്യാപകനായ ഡോ. പി തിരിച്ചറിയുന്നത് എന്ന് സാക്‌സ് കണ്ടെത്തി. കാഴ്ചയെ പ്രോസസ് ചെയ്യുന്ന ഭാഗത്തുണ്ടാകുന്ന തകരാറിനെ അതിജീവിക്കാന്‍ മസ്തിഷ്‌കം തന്നെ കണ്ടെത്തുന്ന അത്ഭുതകരമായ കുറുക്കു വഴിയാണ് അത്.

ഡോ. പി യുടെ ഈ വിചിത്ര കഥ ഒലിവര്‍ സാക്‌സ് എഴുതി പ്രസിദ്ധീകരിച്ചത് 1985 ലാണ്. തൊട്ടടുത്ത വര്‍ഷം തന്നെ വിഖ്യാത സംഗീതജ്ഞന്‍ മൈക്കല്‍ നെയ്മാന്‍ The Man Who Mistook His Wife for a Hat എന്ന പേരില്‍ തന്നെ ആ കഥ ഓപ്പറയാക്കി അവതരിപ്പിച്ചു.

Comments are closed.