DCBOOKS
Malayalam News Literature Website

വേഷങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത ‘നഗ്നയായ പെണ്‍കുട്ടി’

കുപ്പായമിടാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്.

ഒരു നട്ടുച്ച. പൂരമൊഴിഞ്ഞ പറമ്പുപോലെ പുസ്തക പ്രകാശനം കഴിഞ്ഞ തൃശൂര്‍ സാഹിത്യ അക്കാദമി. മുത്തുക്കുട പിടിച്ച മരങ്ങള്‍. ഇലകള്‍ക്കിടയിലൂടെ ഉച്ചവെയിലിന്റെ ലൈറ്റ് ഷോ.

സുഹൃത്ത് രേവതി രൂപേഷിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ ഒരു യാത്രതിരിച്ചു. മോഹന്‍ദാസ് വയലാംകുഴി, ശരത്, ലിജോ പനക്കല്‍, ഗിരീഷ് കുഞ്ഞുകുട്ടന്‍, അശ്വതി, ഹരിപ്രിയ, അജീഷ്, രാജേഷ് മിസ്റ്റീരിയോ തുടങ്ങി ഏകദേശം പന്ത്രണ്ടോളം പേര്‍.

ലക്ഷ്യസ്ഥാനമെത്തിയപ്പോള്‍ ഗേറ്റിനോട് ചാരി നിന്ന് ഒരു കുട്ടി കരയുന്നു. അവള്‍ ഭിന്നശേഷിക്കാരിയാണ്. അവളുടെ നാട് കൊല്ലത്തോ മറ്റോ ആണ്. അവിടെനിന്നും ആരോ വന്നുപോയിരുന്നു. അപ്പോള്‍ അവള്‍ അമ്മയേയും അച്ഛനേയും ഓര്‍ത്തു. അവരെ കാണണമെന്ന് പറഞ്ഞാണ് കരച്ചില്‍. അവളെപ്പോലെ അനേകംപേരുടെ അഭയകേന്ദ്രമാണ് ശ്രീപാര്‍വതിസേവാനിലയം. ഇവിടെ 40 ഓളം സ്‌പെഷ്യല്‍ കുട്ടികളുണ്ട്. അവര്‍ ഭിന്നശേഷിക്കാരാണെന്ന് നമുക്കറിയാം. പക്ഷേ, അവര്‍ക്കറിയില്ല.

സന്ദര്‍ശകരെ അവര്‍ക്ക് ജീവനാണ്. അവരെ കാണാന്‍ വരുന്നവരേക്കാള്‍ അവര്‍ വരുന്നവരെ കാണുന്നു എന്ന് പറയുന്നതാണ് ശരി. കാരണം വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള കഥകളാണ് അവരുടേത്.

കൗതുകം നിറഞ്ഞ കണ്ണുകളോടെ, കുസൃതികളും കൊച്ചുവാര്‍ത്തമാനങ്ങളുമൊക്കെയായി പെട്ടെന്നുതന്നെ കുട്ടികള്‍ സജീവമായി. ഇനി അവരുടെ കലാവിരുന്നാണ്.

‘കണ്ണാംതുമ്പീ പോരാമോ… എന്നോടിഷ്ടം കൂടാമോ… നിന്നെക്കൂടാതില്ലല്ലോ… ഇന്നെന്നുള്ളില്‍ പൂക്കാലം… പൂക്കാലം… പൂക്കാലം…’ മറന്ന വരികള്‍ ഓര്‍ത്തെടുത്ത് അവള്‍ പിന്നെയും പാടി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ ആ പാട്ടിന് കുട്ടിക്കാലത്തിന്റെ മണമാണ്.

‘തട്ടത്തിന്‍ മറയത്തെ പെണ്ണേ’ യുമായി അടുത്തയാള്‍ വരുന്നു…’അനുരാഗത്തിന്‍ വേളയില്‍ വരമായ് വന്നൊരു സന്ധ്യയില്‍’ തൊട്ടുപിന്നാലെ ഒഴുകിപ്പരന്നു. എല്ലാവരും നിവിന്‍ പോളിയുടെ ഫാന്‍സ്.

അതില്‍ കൂടുതല്‍ പാട്ട് പാടിയത് സീതാലക്ഷ്മി എന്ന കുട്ടിയായിരുന്നു. പോരാത്തതിന് നിവിന്‍ പോളിയുടെ ഹിറ്റ് ഡയലോഗും പൂശി അവള്‍ ഞങ്ങളെ നിലംപരിശാക്കി.

‘ഓളാ തട്ടം ഇട്ടുകഴിഞ്ഞാല്‍ എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റൂല്ല’. നിവിന്‍ പോളിയുടെ സിനിമകളും കഥാപാത്രങ്ങളും ഡയലോഗുകളും അവള്‍ക്ക് മനപ്പാഠം. നിവിന്‍ പോളിയെ കാണണം എന്നതാണ് അവളുടെ ഏറ്റവും വലിയ അഭിലാഷം.

പതുക്കെ അവര്‍ അരങ്ങൊഴിഞ്ഞു. ഞങ്ങള്‍ പാടികൊടുക്കണമെന്നായി. കൂട്ടത്തില്‍ പാട്ടുപാടുന്നവര്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരു പരിധിവരെ പിടിച്ചുനിന്നു. പക്ഷേ, പാടാത്തവരെ വെറുതെവിടാന്‍ അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നു. പാടാന്‍ അറിയില്ലാത്തവര്‍ക്ക് വേണ്ടിയാണല്ലോ നടന്‍ പാട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂള്‍കാലം മുതല്‍ മനസ്സില്‍ നിക്കറിട്ടുനില്‍ക്കുന്ന ‘വെള്ളിടത്തുകാരി വെളുത്തിടത്തുകാരി വെള്ളരി പെറ്റത് വെള്ളക്കാരി’ എന്ന പാട്ടുപാടി ഞാന്‍ തടിയൂരി.

അങ്ങനെ വൈകുന്നേരമെത്തി. അതിനിടയില്‍ രേവതിയുടെ ചെവിയില്‍ സീതാലക്ഷ്മി എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളിന്റെ ഫോണ്‍ നമ്പര്‍ അവള്‍ക്ക് വേണം. ഉപായത്തില്‍ പലതും പറഞ്ഞ് രേവതി അവളെ സമാധാനിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അവസാന നിമിഷംവരെ ഫോണ്‍ നമ്പര്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവള്‍. ഞങ്ങള്‍ കബളിപ്പിച്ച് മുങ്ങാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. വിചാരങ്ങളേക്കാള്‍ ശക്തമാണ് വികാരം എന്നതിന്റെ കണ്ണീര്‍നിവേദനം.

എതിര്‍ലിംഗത്തില്‍പ്പെട്ട ഒരു ജീവിയോട് തോന്നിയ ആകര്‍ഷണം അവള്‍ മറച്ചുവെച്ചില്ല. അല്ലെങ്കില്‍ മറച്ചും ഒളിച്ചും പ്രകടിപ്പിക്കാനുള്ളതാണെന്ന സ്‌നേഹമെന്ന സാമൂഹികപാഠാവലി അവള്‍ വായിച്ചിരുന്നില്ല. ആരോ തയ്ച്ചുകൊടുത്ത കുപ്പായത്തില്‍ ഒതുങ്ങാതെ അവള്‍. വേഷങ്ങളും വേഷംകെട്ടുകളുമില്ലാത്ത പൂര്‍ണ്ണനഗ്‌ന. ആ നഗ്‌നതയെ പരിഹസിക്കുന്ന നാണംകെട്ട ലോകം.

അവളുടെ തൊണ്ടയിലെ കടലിരമ്പത്തില്‍, കണ്ണിലെ തിരയില്‍, അതിന്റെ പൊള്ളിക്കുന്ന ചൂടില്‍ ഞാനറിയുന്നു എന്റെ ഒരു ഫേക്ക് പ്രൊഫൈലാണ് ഞാന്‍. തെളിഞ്ഞിരിക്കുന്ന എന്നെ അറിയുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന എന്നെ നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ അറിയിക്കുന്നില്ല. ഞാനെന്നല്ല, നിങ്ങളും.

Comments are closed.