DCBOOKS
Malayalam News Literature Website

സ്‌കാര്‍ഫിന്റെ നീല

ആ പുസ്തകത്തിലെ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫിന് എന്തുതരം നീലയാണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളു. അത് കാര്യമാക്കേണ്ട, എന്തെന്നാല്‍ മറ്റ് ചില പോരായ്മകളുമുണ്ട് അതിനു പിന്നില്‍. ഉദാഹരണം, അവളുടെ മുഖത്തെ ചിരിയും കണ്ണുകളിലെ ഭാവവും ഞാന്‍ മാത്രമാണറിഞ്ഞത്. പക്ഷെ എനിക്കറിയാം, ഒരിക്കലുമത് നിങ്ങളോട് പറഞ്ഞു ഫലിപ്പിക്കുവാന്‍ എനിക്കാവില്ലെന്ന്. ഞാന്‍ കണ്ടരീതിയില്‍ അത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ എനിക്കാവില്ല.

ചില കാര്യങ്ങള്‍ എഴുത്തുകാരനുതന്നെ അജ്ഞാതമായിരിക്കും. എന്റെ കഥാപാത്രമായ, ലോല്‍വ് സ്റ്റീനിന്റെ ചില നേരത്തെ പെരുമാറ്റം അങ്ങിനെ സംഭവിച്ചതാണ്. റ്റാറ്റിയാനയും കൂട്ടരും ബില്യാര്‍ഡ്‌സ് കളിച്ച പാര്‍ട്ടിയ്ക്കിടെ ലോല്‍വ് സ്റ്റീന്‍ മുന്നിട്ടിറങ്ങുന്ന ചില സാഹസികതകള്‍ എന്നെ അമ്പരപ്പിച്ചിരുന്നു. വിദൂരതയില്‍ നിന്നെന്നപോലെ ഒരു വയലിന്‍ വായന വീടിനുള്ളില്‍ കേള്‍ക്കുന്നു. ലോല്‍വ് സ്റ്റീനിന്റെ ഭര്‍ത്താവാണത് വായിക്കുന്നത്. അവളുടെ ചില വിചിത്ര മനോഭാവങ്ങള്‍, അത്താഴത്തിനിടെ അവളും ജാക്ക്‌സ് ഹോള്‍ഡുമായുള്ള രഹസ്യ ഉടമ്പടികള്‍ ഒക്കെ പുസ്തകത്തിന്റെ അന്ത്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എനിക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ സാധിക്കില്ല. എന്തെന്നാല്‍ അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ലോല്‍വ് സ്റ്റീനിനോടൊപ്പമായിരുന്നു, അന്നേരം അവള്‍ക്കുതന്നെ അറിയില്ലായിരുന്നു അവളെന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും. അവളുമായി അടുപ്പമുണ്ടാക്കുവാന്‍ ജാക്ക്‌സ് ഹോള്‍ഡിനെപ്പോലുള്ളൊരുവളെ ഇടനിലക്കാരിയായി ഉപയോഗിച്ചതില്‍ അന്ന് ബ്ലാങ്കോട്ട് എന്നെ വിമര്‍ശിച്ചിരുന്നു. അവിടെ ഒരു ഇടനിലക്കാരിയുടെ ആവശ്യമേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്കവളുടെ മേല്‍ സ്വധീനമുറപ്പിക്കുവാനായി അവളെ മറ്റൊരു കഥാപാത്രവുമായോ പ്രവര്‍ത്തിയുമായോ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു, എങ്കില്‍ മാത്രമേ എനിക്കവളെ കേള്‍ക്കുവാനും കാണുവാനും സാധിക്കുമായിരുന്നുള്ളൂ. അവളൊരിക്കലും എന്നോടോപ്പം സഞ്ചരിച്ചില്ല, ഒരു രാജ്യതന്ത്ര പ്രതിനിധിയെപ്പോലെ ഏറെ അകലത്തിലായിരുന്നു.

ഒരു ചെറിയ കുറിപ്പുപോലും സമ്പൂര്‍ണ്ണമായൊരു വസ്തുവാണ്, ഒറ്റമാനത്തില്‍ സഞ്ചരിക്കുന്ന ഒന്ന്. ഒറ്റയായ തിരഞ്ഞെടുപ്പുകള്‍ക്ക് അത് നിന്നുകൊടുക്കുകയില്ല. ഒരു പുസ്തകത്തിന്റെ അവസാനത്തില്‍ ഒരു കഥാപാത്രം ഞാന്‍ ഉദ്ദേശിക്കാത്ത മറ്റൊരു കഥാപാത്രത്തെയാണ് പ്രേമിച്ചതെങ്കില്‍, അത് മാറ്റിയെഴുതുവാന്‍ ഞാന്‍ ശ്രമിക്കാറില്ല, ഒരു പുസ്തകത്തിന്റെയും ഭൂതകാലം ഞാന്‍ തിരുത്താറില്ല, ഞാന്‍ ഭാവി മാത്രമേ ഭേദപ്പെടുത്താറുള്ളൂ. ഞാന്‍ ഉദ്ദേശിച്ച രീതിയിലുള്ള പ്രണയമല്ല പുസ്തകത്തില്‍ സംഭവിക്കുന്നതെന്ന് കണ്ടാല്‍, ഞാന്‍ അതിന്റെ വഴിക്ക് സഞ്ചരിക്കും. ഉപേക്ഷിക്കപ്പെട്ട പ്രണയം തെറ്റാണെന്ന് ഞാന്‍ പറയില്ല; അത് മരണപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ലോല്‍വ് സ്റ്റീനിന്റെ വീട്ടിലെ പാര്‍ട്ടി കഴിയുമ്പോള്‍ അവിടത്തെ ചുമരുകളുടെയോ ഉദ്യാനത്തിന്റെയോ ഒന്നും നിറം മാറുന്നില്ല, എല്ലാം പഴേപടിതന്നെ നിലനില്ക്കുന്നു. എന്നാല്‍ എന്താണ് മാറാന്‍ പോകുന്നതെന്ന് ആരും അറിയുന്നുണ്ടായിരുന്നില്ല. എഴുത്തിനെക്കുറിച്ച് ഞാന്‍ ഒരുപാട് സംസാരിച്ചു. പക്ഷെ എനിക്കിപ്പൊഴും അറിയില്ല അതെന്താണെന്ന്.

(ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാര്‍ഗരറ്റ് ഡ്യൂറാസിന്റെ (1914-1996) ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ കുറിപ്പുകളില്‍ ഒന്നാണ് ‘സ്‌കാര്‍ഫിന്റെ നീല’. സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്തതാണ് ഈ പുസ്തകം. ഒരു നോവലെന്നോ ജേണലെന്നോ വര്‍ഗ്ഗീകരിക്കുവാനാവാത്ത പ്രാക്റ്റിക്കാലിറ്റീസ്, മാര്‍ഗരറ്റ് ഡ്യൂറാസിന്റെ ചിന്തകളുടെ ഉപാഖ്യാനങ്ങളാണ്. )

Comments are closed.