DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി ഡി.സി ബുക്‌സ്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്. അറബിഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന പുസ്തകമേളയെ വൈവിധ്യപൂര്‍ണ്ണമാക്കിയത് ഡി.സി ബുക്‌സിന്റെ പങ്കാളിത്തമായിരുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി.സി ബുക്‌സിന്റേത്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി.സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി.സി ബുക്‌സാണ്.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡി.സി ബുക്‌സാണ്. ഡി സി ബുക്‌സിന് ഏകദേശം അമ്പതോളം സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.

റ്റെയ്ല്‍ ഓഫ് ലെറ്റേഴ്‌സ് എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നുള്ള എഴുത്തുകാരടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്നു. ഇന്ത്യയില്‍നിന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍, ചലച്ചിത്രനടനും സംവിധായകനുമായ പ്രകാശ് രാജ്, നന്ദിത ദാസ്,  ശശി തരൂര്‍ചേതന്‍ ഭഗത്, ഡോ. എല്‍.സുബ്രഹ്മണ്യം, ഗൗര്‍ ഗോപാല്‍ ദാസ്, പെരുമാള്‍ മുരുകന്‍റസൂല്‍ പൂക്കുട്ടി, ലില്ലി സിങ്, സോഹാ അലി ഖാന്‍, മനു എസ്.പിള്ളയു.കെ.കുമാരന്‍എസ്. ഹരീഷ്സന്തോഷ് ഏച്ചിക്കാനംദീപാ നിശാന്ത്ഫ്രാന്‍സിസ് നൊറോണ, മനോജ് കെ.ജയന്‍, സിസ്റ്റര്‍ ജെസ്മിഅന്‍വര്‍ അലിആന്‍സി മാത്യു , എരഞ്ഞോളി മൂസ, കെ.വി. മോഹന്‍ കുമാര്‍ ,അബ്ദുള്‍ സമദ് സമദാനി തുടങ്ങി നിരവധി പേര്‍ മേളയില്‍ പങ്കെടുക്കും.

പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, ചര്‍ച്ചകള്‍, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികള്‍, പാചകവേദി, പ്രദര്‍ശനം എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് പ്രവേശനം. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

Comments are closed.