DCBOOKS
Malayalam News Literature Website

ഡാർക്ക്‌ നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്

ഡി യേശുദാസ്

ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ്  ) എന്ന പുസ്തകത്തിന് ഡി യേശുദാസ് എഴുതിയ വായനാനുഭവം.

ആദർശ് എസ് എഴുതിയ നോവലാണ് ” ഡാർക്ക്‌ നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്”. രസകരമായി വായിച്ചു പോകാവുന്ന മികച്ച നോവലാണ്. അതും ക്രൈം ത്രില്ലർ. കുറ്റാന്വേഷണ നോവൽ. ഒറ്റയിരുപ്പിനിരുന്നു വായിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ക്രൈം ത്രില്ലർ എന്ന് പറഞ്ഞാൽ സൈബർ ലോകത്തെ സംബന്ധിച്ചാണ്.” ഡാർക്ക്‌ നെറ്റ് ” അതൊരു വിചിത്രമായ അനുഭവമാണ്.

വിജ്ഞാനപ്രദവും ഭാവനയുടെ സമഗ്രത. കേരള പശ്ചാത്തലം. പല രാജ്യങ്ങളുടെ ബന്ധം. പല താല്പര്യത്തോടെ പല ലയറിൽ നടക്കുന്ന പലതരം അന്വേഷണം. ട്വിസ്റ്റോടു ട്വിസ്റ്റ്. ആരും സംശയത്തിന്റെ മുൾമുനയിൽ നിന്ന് Textഒഴിയുന്നില്ല. സൈബർ ലോകത്തെ ഇരുണ്ട ലോകം. പണത്തിന്റെ, ലൈംഗികതയുടെ, പീഡാരതിയുടെ, പകയുടെ, ലഹരിയുടെ, സ്വാർത്ഥതയുടെ ഒരു മറുലോകം. എല്ലാത്തിലുമുണ്ട് വൻവിപണി. ഏതു ക്രൂരതയും ഇവിടെ വിനോദമാണ്. ആരും ആരെയും ചൂഷണം ചെയ്യും. ആർക്കും ആരിൽ നിന്നും ഒളിച്ചു കഴിയാം. എത്ര അടുത്ത ബന്ധമാണെങ്കിലും രഹസ്യം സൂക്ഷിക്കാം. തമ്മിലറിയാതെ വഞ്ചിക്കാം. അങ്ങനെയുള്ള ഒരു ഇരുണ്ടലോകത്തിന്റെ ത്രസിപ്പിക്കുന്ന നോവൽ.

നമ്മൾ കാണുന്നതൊന്നുമല്ല ലോകം എന്ന് ഈ പുസ്തകവും നമ്മോട് പറയുന്നു. ഒരർത്ഥത്തിൽ ഡിജിറ്റൽ അധോലോകത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന അറിവുകൾ ഇതിലുണ്ട്. എന്നാൽ പ്രബോധനപരത എന്നൊന്നില്ല. തികഞ്ഞ ശാസ്ത്രബോധം പുലർത്തുന്ന കൃതി.

പൊതുവെ, പുരുഷന്മാരാണല്ലോ ഇത്തരം നോവലിൽ അന്വേഷണ ഉദ്യോഗസ്ഥരായി വരുക. ഇവിടെ മുഖ്യ അന്വേഷണോദ്യോഗസ്ഥ ശിവന്തികയാണ്. മീഡിയ പ്രവർത്തക ശിഖ, അനസൂയ എന്നിവരും മുഖ്യ സ്ഥാനത്താണ്. ഇവിടെ സ്ത്രീ പുരുഷഭേദചിന്ത ഒട്ടുമേയില്ല . അവരുടെ ഇടപെടലിൽ ഈഗോ പ്രവർത്തിക്കുന്നില്ല. ആരോഗ്യകരമായ ഒരു തുല്യതാസങ്കൽപം ഏറെ ശ്രദ്ധേയമായ ഘടകമാണ്. മാത്രവുമല്ല, മനസ്സിൽ നിന്ന് ഒരു കഥാപാത്രവും അത്രവേഗം ഒഴിഞ്ഞു പോവുകയുമില്ല.

ഈജിപ്ഷ്യൻ പിരമിഡുകളിലൂടെ സഞ്ചരിച്ച് സദാ ഗുണ്ടാപ്രവർത്തനത്തിലോളം നീണ്ടു കിടക്കുന്ന അതിവിസ്തൃതമായ ഒരു ക്യാൻവാസ് ഈ നോവലിൽ കാണാം. ഈ പുസ്തകം ആരെയും നിരാശപ്പെടുത്തുകയില്ല. രസിപ്പിക്കും,ചിന്തിപ്പിക്കും , ത്രില്ലടിപ്പിക്കും, അമ്പരപ്പിക്കും.

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.