DCBOOKS
Malayalam News Literature Website

സൈബറിടത്തിലെ ഇരുണ്ട ലോകവും അപകടങ്ങളും

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഡാർക്ക് നെറ്റ് ( ആദര്‍ശ് എസ്  )  എന്ന പുസ്തകത്തിന് അൻഷിദ് വയനാട് എഴുതിയ വായനാനുഭവം.

ഡാർക്ക് നെറ്റ് എന്ന നോവൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സൈബറിടത്തിലെ ഇരുണ്ട ലോകത്തെ അപകടങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഡാർക്ക് വെബ്, ഡീപ്പ് വെബ്, റെഡ് റൂം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഇന്റർനെറ്റിലെ നാമറിയാത്ത ഇടങ്ങളിൽ നടക്കുന്ന തീവ്രവാദം, ആയുധക്കച്ചവടം, മയക്കുമരുന്ന് വിൽപ്പന, ചൈൽഡ് പോണോഗ്രഫി തുടങ്ങിയ അധാർമിക പ്രവർത്തനങ്ങളെയും അതിന്റെ ഫലമായി സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഈ നോവൽ നമ്മോട് പറയുന്നു. 2020 -ലെ ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതിയാണ് ആദർശ് എസ് രചിച്ച ഡാർക്ക് നെറ്റ് എന്ന കുറ്റാന്വേഷണ നോവൽ.

343 പേജുകൾ അടങ്ങുന്ന ഈ നോവൽ ഒരുപാട് ലെയറുകളിലായാണ് കഥ പറഞ്ഞു പോകുന്നത്. ഇന്റർനെറ്റിന്റെ Textആഴവും വ്യാപ്തിയും, അതിന്റെ ഇരുട്ടറുകളിൽ മറഞ്ഞിരിക്കുന്ന അപകടമേഖലകളും, ഇന്റർനെറ്റിന്റെ നാമറിയാത്ത സാദ്ധ്യതകളും ഉൾപ്പെടെ കുറെയേറെ പുതിയ അറിവുകൾ ഈ നോവൽ നമ്മളോട് പറയുന്നു.

ഈജിപ്തിൽ പുരാവസ്തുക്കളെ കുറിച്ചും പിരമിഡുകളെ കുറിച്ചും ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ അനന്തമൂർത്തിയുടെ കേരളത്തിലേക്കുള്ള വരവും ഡാർക്ക് നെറ്റിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സംഘടനയിൽ നിന്ന് അദ്ദേഹത്തിന് വന്ന ഭീഷണിയും അദ്ദേഹത്തിന്റെ മരണവും കേരള പോലീസിന്റെ അന്വേഷണവുമെല്ലാമാണ് ഈ നോവലിന്റെ ഇതിവൃത്തം. കഥ വിശദീകരിക്കുന്നില്ല. അതിനു സാധ്യവുമല്ല. ഇതിന്റെ സസ്പെൻസും രസവുമെല്ലാം വായനക്കാരാണ് തീരുമാനിക്കേണ്ടത്. ആകാംക്ഷ നിറഞ്ഞ ഒരുപാട് സന്ദർഭങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. ആരാണ് കുറ്റവാളി എന്ന് ഒരു പിടിയും തരാതെ വായനക്കാരെ ആകാംക്ഷയോടെ മുൾമുനയിൽ നിർത്തുന്ന എഴുത്തുകാരൻ പലപ്പോഴും പല സാധ്യതകളും നമ്മുക്ക് മുന്നിലേക്ക് ഇട്ട് തരുമ്പോൾ അതൊക്കെ ശരിയാണെന്ന് നാം ഉറച്ചു വിശ്വസിച്ചു പോകും. ആ നിമിഷത്തിൽ നമ്മുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചു കൊണ്ട് അപ്രതീക്ഷിതമായ ഉത്തരങ്ങളിലേക്ക് നോവൽ നമ്മെ കൊണ്ട് പോകും.

വ്യക്തമായ ഭാഷയിൽ ആർക്കും വായിച്ചു പോകാൻ സാധിക്കുന്ന രീതിയാണ് എഴുത്തിൽ സ്വീകരിച്ചിട്ടുള്ളത്. 62 അധ്യായങ്ങളുള്ള നോവലിൽ തിയറി,മാസ്റ്റർ,മേജർ, സിദ്ധാർത്ഥൻ , അഖില, അലൻ, ശിവന്തിക, അനസൂയ, സിയാവുദ്ദീൻ, അരവിന്ദ്, അഭിലാഷ്, എബി, വിനായകൻ തുടങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്. ക്രൈം ഫിക്ഷൻ മേഖലയിലെ സീരിയൽ കില്ലിംഗ് പോലുള്ള പതിവ് മേഖലകളിൽ നിന്ന് മാറി വേറിട്ടൊരു പ്രമേയം ആണ് ഡാർക്ക് നെറ്റ് വായനക്കാരന് മുന്നിൽ വെയ്ക്കുന്നത്. സൈബറിടങ്ങളിലെ അപകടം നിറഞ്ഞ ഇത്തരം മേഖലകളെ കുറിച്ച് സംസാരിക്കുമ്പൾ തന്നെ അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും വളരെ വിശദമായി തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു സാധാരണക്കാരന് അവന്റെ കൈയിലിരിക്കുന്ന മൊബൈൽ ഫോണിലൂടെ ഡാർക്ക് നെറ്റിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയുമെന്നും അത് എങ്ങനെയെന്നുമൊക്കെ നോവലിൽ പറഞ്ഞത് പുതിയ അറിവുകളായിരുന്നു. കഥയിൽ യുക്തിക്ക് പ്രാധാന്യം കൊടുക്കാൻ കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നതും അഭിനന്ദനാർഹമാണ്. പല കഥാപാത്രങ്ങളും നിഗൂഢതയുടെ പരിവേഷമണിഞ്ഞവരാണ്. ട്വിസ്റ്റ്, സസ്പെൻസ് ഇതൊക്കെ ആവോളം നോവലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സാങ്കേതിക വിശദീകരണങ്ങൾ വരുന്ന ചില സ്ഥലങ്ങളിൽ ചെറിയൊരു ലാഗിംഗ് അനുഭവപ്പെട്ടു. പക്ഷെ ആ വിശദീകരണങ്ങൾ നോവലിന് അനിവാര്യവും വായനക്കാരന് പുത്തനറിവുമാണ്. നോവൽ തുടങ്ങുന്നത് ഹേബയിൽ നിന്നാണ്. ആദ്യ അധ്യായത്തിൽ മിസ്സിംഗ് ആകുന്ന ഹേബയെ അവസാന അധ്യായങ്ങളിൽ കുറച്ചു മാത്രം പരാമർശിച്ചു പോകുന്നത് ചെറിയൊരു മിസ്സിംഗ് ആയി തോന്നി. ഒരുപാടു കഥാപാത്രങ്ങൾ വന്നു പോകുന്ന ഈ നോവലിൽ എല്ലാവരെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നത് പേജുകളുടെ എണ്ണം കൂട്ടിയേക്കും എന്നത് കൊണ്ടാകാം എഴുത്തുകാരൻ ഹേബയെ കുറിച്ച് അധികം പറയാതിരുന്നത്.

എഴുത്തുകാരന്റെ പ്രഥമ രചനയാണിത്. 370 രൂപ വിലയുള്ള ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് നാലു പതിപ്പുകളിലെത്തി എന്നതും ഇതിന്റെ മേന്മ വിളിച്ചു പറയുന്നു. ക്രൈം ത്രില്ലറുകളിലെ ഇത്തരം വ്യത്യസ്ത പ്രമേയങ്ങൾ എക്കാലവും വായനക്കാർ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നത്തിൽ സംശയമില്ല. ആദർശിന്റെ ഇനിയും ഇതുപോലുള്ള മികച്ച രചനകൾക്കായി കാത്തിരിക്കുന്നു.

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.