DCBOOKS
Malayalam News Literature Website

തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍…!

 

പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നിന്ന് അവ നമ്മെ തുറിച്ചു നോക്കും. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ ലഭ്യമാണ്.

പുസ്തകത്തിന് അനിത തമ്പി എഴുതിയ അവതാരിക

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മിന്നലുകളും മഴവില്ലുകളും ഞാന്‍ കണ്ടത് തെന്നാഫ്രിക്കയുടെ ആകാശത്തിലാണ്. കേരളത്തില്‍ ജനിച്ച് ഇവിടെത്തന്നെ വളരുന്ന ഒരാളുടെ കാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ടാവും, ആകാശത്തിന്റെ കാര്യമായ കുറവ്. നോക്കുന്നിടത്തെല്ലാം കാഴ്ചയുടെ പരപ്പ് മുടക്കുന്ന ഉയര്‍ന്ന മരങ്ങളും എടുപ്പുകളും. കാണുന്നതൊക്കെ മണ്ണും വെള്ളവും പച്ചയും മാത്രം. മുക്കാലും ഭൂമി. ലേശം ആകാശം. അങ്ങനെയാണ് കണ്ണ് ശീലിക്കുക. ആദ്യമായി കേരളം വിട്ട് തെന്നാഫ്രിക്കയിലെത്തിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. അപാരതയുടെ മിന്നുന്ന വാള്‍ത്തല ഒന്നാഞ്ഞു വീശി, കാഴ്ച മുടക്കുന്ന സകല പച്ചകളെയും എടുപ്പുകളെയും അരിഞ്ഞു വീഴ്ത്തി, ഇരുപുറവും ചക്രവാളത്തോളം വെളിവാക്കിത്തന്നു. ആകാശം ഒരു കുടപോലെ നിവര്‍ന്നു നിറഞ്ഞു, ഭൂമി കുറഞ്ഞു. അങ്ങനെ വിടര്‍ന്ന ആകാശത്തിലാണു ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്തത്ര ഉഗ്രമായ മിന്നല്‍പ്പിണരുകളും പരിപൂര്‍ണ്ണമായ മഴവില്ലുകളും നേര്‍ക്കുനേര്‍ കണ്ടത്. നമ്മുടെ ചെ്രനക്കാള്‍ ഇരട്ടിയെങ്കിലും വലിപ്പമുള്ള പൂര്‍ണ്ണചബ്രിംബം കൈനീട്ടിയാല്‍ തൊടാവുന്നത്ര അടുത്തു കണ്ടത്.

ഇരുപതുവര്‍ഷം മുന്‍പായിരുന്നു എന്റെ തെന്നാഫ്രിക്കന്‍ ജീവിതം, 1999-2000 വര്‍ഷങ്ങളില്‍. ഞാനെത്തുമ്പോള്‍ സ്വതന്ത്ര തെന്നാഫ്രിക്കയിലെ രണ്ടാമത്തെ തിരഞ്ഞെടുപ്പു കഴിഞ്ഞ സമയം. വര്‍ണ്ണവെറിയന്‍ ഭരണത്തില്‍നിന്ന് തെന്നാഫ്രിക്ക സ്വാതന്ത്ര്യം നേടി അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ. രണ്ടാം തവണയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുകയാണ്. നെല്‍സണ്‍ മണ്ടേല പ്രസിഡന്റ് പദം ഒഴിയുന്നു. താബോ എംബെക്കി പുതിയ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നു. നീണ്ട അടിമത്തത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഓര്‍മ്മകളാല്‍ അസ്വസ്ഥവും വല്ലാതെ പ്രതീക്ഷാനിര്‍ഭരവുമായ അന്തരീക്ഷം. ആധുനിക ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ച രാജ്യമാണ്. ഗാന്ധിയെ ഗാന്ധിയാക്കിയ മൂശ. പക്ഷേ, അക്കാര്യത്തില്‍ ഒരുപക്ഷേ, നിയുള്ള സ്മരണയുണ്ടാകാം എന്നതൊഴിച്ചാല്‍ ഇന്ത്യയ്ക്ക് രാഷ്ര്ടീയമായി യൂറോപ്പിനോടോ അമേരിക്കയോടോ ഗള്‍ഫ് രാജ്യങ്ങളോടോ ഉള്ള ബന്ധം തെന്നാഫ്രിക്കയോടിന്നില്ല. ജപ്പാനോടോ തെക്കനേഷ്യന്‍ രാജ്യങ്ങളോടോപോലുമുണ്ട് അതിലും പ്രിയം. വാസ്തവത്തില്‍ ഇന്ത്യയ്ക്ക് വളരെയധികം സ്‌നേഹിക്കാമായിരുന്ന ഒരു രാജ്യമാണ് തെന്നാഫ്രിക്ക എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് വര്‍ണ്ണവെറിയന്‍ ഭരണത്തില്‍നിന്ന് സ്വതന്ത്രയായ, 1994-നുശേഷമുള്ള തെന്നാഫ്രിക്ക. സ്വര്‍ണവും വജ്രവും പ്ലാറ്റിനവും അനേകം ലോഹ അയിരുകളും ഒളിപ്പിച്ച ഖനികളുടെയും പരന്ന ധാന്യവയലുകളുടെയും നിബിഡമായ പഴത്തോട്ടങ്ങളുടെയും ദേശം. അവിടെ ഗാന്ധിക്ക് സമശീര്‍ഷനായ നെല്‍സണ്‍ മണ്ടേലയെന്ന ഒരു അപൂര്‍വ നേതാവ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനം നയിക്കുന്ന കറുത്തവര്‍ഗ്ഗക്കാരുടെ ഭരണം. അവരുടെ കയ്ക്കുന്ന നീണ്ടഭൂതകാലം. പ്രതീക്ഷയുടെ ഭാവി. എന്തുകൊണ്ട് ഇന്ത്യയും തെന്നാഫ്രിക്കയും കുറേക്കൂടി ദൃഢമായി അന്നേ കൈകള്‍ കോര്‍ത്തില്ല എന്നെനിക്കറിയില്ല. മനുഷ്യരുടെ ചേര്‍ച്ചപോലെയാവില്ല രാജ്യങ്ങളുടെ ചേര്‍ച്ച എന്നു കരുതാം. ഇന്ത്യക്കാര്‍ക്ക് തെന്നാഫ്രിക്കക്കാരോട് വൈകാരികമായ ഒരടുപ്പമുണ്ട്. ‘എന്തുകൊണ്ടാണ് ഇന്ത്യക്കാരായ നമ്മുടെ ജീവിതത്തില്‍ തെന്നാഫ്രിക്കയ്ക്ക് ഇത്രമാത്രം ഇടം നേടാനായത്? എന്തുകൊണ്ടാണ് അവിടത്തെ പലപ്രശ്‌നങ്ങളും വൈകാരികമായി നമ്മെ ബാധിക്കുന്നത്? അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള ഐകദാര്‍ഢ്യമാകാം അത്. നമ്മുടെ അയല്‍രാജ്യങ്ങളോടൊന്നും തെന്നാഫ്രിക്കയോടുള്ള ആഴമുള്ള അടുപ്പം തോന്നിയിട്ടില്ല’ എന്ന് അനൂപ് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ശരിയാണ്. തൊട്ടടുത്ത വീടെന്നപോലെ കൈനീട്ടിയാല്‍ തൊടാവുന്നത്ര അടുത്ത് ശ്രീലങ്കയിലെ ജാഫ്‌നയില്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശീയകൊല നടന്നിട്ടുപോലും അനങ്ങിയിട്ടില്ല നമ്മള്‍!

തെന്നാഫ്രിക്കയില്‍നിന്ന് ഞാന്‍ മടങ്ങിപ്പോന്നിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കുറഞ്ഞ നാളില്‍ അവിടത്തെ ജീവിതത്തെപ്പറ്റി ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ കുറുക്കിപ്പറഞ്ഞാല്‍ ഇതാണ്. അളവറ്റ പ്രകൃതിസൗര്യം, പ്രകൃതിവിഭവങ്ങള്‍, അടിമുടി അഴിമതി, ആശയക്കുഴപ്പം. വേദനാകരമായ ഭൂതകാലസ്മരണകള്‍, കിട്ടിയ സ്വാതന്ത്ര്യം സ്വീകരിക്കാനും അനുഭവിക്കാനും തുനിയുന്ന കറുത്തവര്‍ഗ്ഗക്കാരുടെ ക്ലേശങ്ങള്‍. സമ്പത്ത് മിക്കവാറും കൈയടക്കിവച്ചിരിക്കുന്ന വെള്ളക്കാരുടെ തുടരുന്ന സാമ്പത്തികഭരണം. അനിയന്ത്രിതമായി പെരുകുന്ന കുറ്റകൃത്യങ്ങള്‍. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടേതുപോലെ ആഭ്യന്തരകലഹങ്ങള്‍ക്ക് ഇടകൊടുക്കാത്തത്ര ഭദ്രമായ ഒരു ഭരണവ്യവസ്ഥയും സാമ്പത്തികാടിത്തറയും സമരത്താലും സഹനത്താലും ശക്തമായ ഒരു രാഷ്ര്ടീയപാര്‍ട്ടിയും ഉള്ള നാട്. കാര്യങ്ങള്‍ പത്തു പതിനഞ്ച് വര്‍ഷത്തില്‍ മെച്ചപ്പെടുമെന്നും രാജ്യം മെല്ലെ അസ്സല്‍ സ്വാതന്ത്ര്യത്തിലേക്കും സുരക്ഷിതമായ സാമൂഹികജീവിതത്തിലേക്കും അഥവാ അതിനോട് കൂടുതലടുത്തും എത്തുമെന്നും ഞാന്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തും കഥാകാരനുമായ സി. അനൂപ് തെന്നാഫ്രിക്ക സര്‍ശിച്ച് എഴുതിയ ഈ ലേഖനങ്ങള്‍ ഞാന്‍ സാധാരണയിലുമധികം ശ്രദ്ധയോടെയും കൗതുകത്തോടെയും വായിച്ചു. പക്ഷേ, അനൂപ് പറയുന്നു, ‘വംശപരമ്പരകളിലൂടെ അതിദീര്‍ഘകാലത്തെ കീഴാളജീവിതം നല്കിയ പിരിമുറുക്കത്തില്‍നിന്ന് തെന്നാഫ്രിക്കക്കാര്‍ക്ക് സമ്പൂര്‍ണ്ണ മോചനം ഇന്നും സാധ്യമായിട്ടില്ല’ എന്ന്. സങ്കടകരമായ ഒരറിവാണ് അത്.

കീഴാളജീവിതത്തിന്റെ ഉയിര്‍ത്തെഴുന്നേല്പുകളില്‍ ഒരു നിര്‍ണ്ണായകഘടകം കീഴാളാനുഭവത്തോടുള്ള അതനുഭവിച്ചവരുടെ സമീപനമാണെന്നു തോന്നുന്നു, ജാതിവ്യവസ്ഥയിലെന്നപോലെ. തുടരുന്ന വിധേയത്വംപോലെതന്നെ അപകടകരമാണ് കയ്പും ശത്രുതയും. തന്നെയും തന്റെ വര്‍ഗ്ഗത്തെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത വെള്ളക്കാരുടെ അധീശത്വത്തോടാണ് മണ്ടേല പോരാടിയത്. ഇരുപത്തിയേഴു വര്‍ഷം തന്നെ തടവില്‍ പാര്‍പ്പിച്ച, ദ്രോഹിക്കാവുന്ന തരത്തിലെല്ലാം ദ്രോഹിച്ചുകൊണ്ടേയിരുന്ന ഒരു പീഡകവര്‍ഗ്ഗത്തിന്റെ പ്രതിനിധിക്ക് അഭിമുഖം നില്‍ക്കുമ്പോള്‍ ജയില്‍മോചിതനായ മണ്ടേലയ്ക്ക് താനനുഭവിച്ച പീഡനങ്ങള്‍ നല്‍കിയ ഒരു മേല്‍നിലയുണ്ടായിരുന്നു. അത് പക്ഷേ, അദ്ദേഹത്തിന്റെ ജനതയ്ക്ക് വേണ്ടവിധത്തില്‍ ഉണ്ടായില്ലെന്നുവേണം അനുമാനിക്കാന്‍, ജനസംഖ്യയില്‍ മുക്കാലും തങ്ങളായിട്ടുപോലും. വെള്ളക്കാരുടെ ന്യൂ നാഷണലിസ്റ്റ് പാര്‍ട്ടി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സുമായി ഭരണാധികാരം പങ്കിടുന്നതിനെ ‘ചരിത്രഫലിതം’ എന്ന് അനൂപ് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഒരര്‍ത്ഥത്തില്‍ അത് മണ്ടേലയുടെ യോജിപ്പിന്റെയും ഉള്‍ക്കൊള്ളലിന്റെയും ആരോഗ്യകരമായ ശൈലിക്കു ചേരുന്ന ഒരു സഖ്യംതന്നെയാണ്. 2011-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 76.4 ശതമാനമാണ് കറുത്തവംശജര്‍. വെള്ളക്കാര്‍ വെറും 9.1 ശതമാനം. മിശ്രവര്‍ഗ്ഗക്കാര്‍ 8.9 ശതമാനവും, ഏഷ്യക്കാരും മറ്റുള്ളവരും മൂന്ന് ശതമാനവും. നിശ്ശബ്ദമായിതുടരുന്ന അധീശത്വത്തില്‍നിന്ന് അറിവുകൊണ്ടും ആസ്തികൊണ്ടും വിടുതല്‍ നേടാന്‍ ഒരു ജനതയ്ക്ക് എത്രകാലംവേണ്ടിവരും?
അനൂപ് ഒരിടത്ത് ഇങ്ങനെയും പറയുന്നുണ്ട്: ‘ഒറ്റയ്ക്കാവുമ്പോള്‍ കടുത്ത ഏകാന്തതയില്‍ അകപ്പെട്ടാണ് ഓരോ തെന്നാഫ്രിക്കക്കാരനും ജീവിക്കുന്നത.്’ കൂട്ടുജീവിതം സഹജമായ ഒരാഫ്രിക്കന്‍ ജനതയ്ക്ക് ഇതിനെക്കാള്‍ ദയനീയമായ ഒരവസ്ഥ വരാനില്ല എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. തെന്നാഫ്രിക്കന്‍ ജീവിതത്തില്‍ അവിടുത്തെ വെള്ളക്കാരും കറുത്തവര്‍ഗ്ഗക്കാരും തമ്മിലുള്ള മറ്റെല്ലാ അസമത്വങ്ങളെക്കാള്‍, അസന്തുലിതാവസ്ഥകളെക്കാള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന ഒരു പ്രധാന കാര്യം അവര്‍ തമ്മിലുള്ള സാംസ്‌കാരികമായ അകലമാണ്. അകലം എന്നല്ല, ചേര്‍ച്ചയില്ലായ്മ എന്നുമല്ല, വികര്‍ഷണം എന്നുതന്നെ പറയണം. അത് ഭൗതിക സാഹചര്യങ്ങളുടെയോ അറിവിന്റെയോമാത്രം പ്രശ്‌നമല്ല. കറുപ്പിന്റെ ചോദനകളുടെ വിഷയമാണ്, മറ്റു ജനതകളുടെ സംസ്‌കാരത്തെ സമനിലയില്‍ സമീപിക്കാനറിയാത്ത യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. അതുള്ളിടത്തോളം ദക്ഷിണാഫ്രിക്കയിലെന്നല്ല, ലോകത്തൊരിടത്തും കറുപ്പും വെളുപ്പും സംസ്‌കാരങ്ങള്‍ ഇഴുകിച്ചേരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

ചില ഇടങ്ങള്‍, ചില ആളുകള്‍ ഒക്കെ എന്നെ തിരികെ വിളിക്കാറുണ്ട്. തെന്നാഫ്രിക്കയില്‍നിന്ന് തിരികെ വന്നിട്ട് പിന്നീട് പലതവണ ഞാന്‍ പോകാനാഗ്രഹിച്ചിട്ടുണ്ട്, പോയില്ല. ഈ കുറിപ്പുകള്‍ വായിക്കുമ്പോള്‍ എനിക്ക് വീണ്ടും തോന്നുന്നു, പോകണം. കവി പി.പി. രാമചന്‍്ര 1988-ല്‍ എഴുതിയ ‘കറുത്ത ചങ്ങാതിക്ക്’ എന്ന കവിത ഓര്‍മ്മയില്‍ വരുന്നു.

നാം
ഇരുവന്‍കരയില്‍ വസിപ്പോര്‍
നമുക്കു നടുക്കു സമുദ്രം
പിറകില്‍ ചെകുത്താന്‍

നാം
പരസ്പരം കാണാത്തോര്‍
എങ്കിലുമെന്ത്?
നമുക്കൊരേ രാത്രി
നിന്‍ വന്‍കരയില്‍
നിശാനിയമം
എങ്കിലുമെന്ത്?
നീ കുഴിച്ചുമൂടി
അയച്ച കിനാക്കള്‍
എനിക്കു കിട്ടുന്നൂ ഭദ്രം
കിഴക്കു തുടുത്താല്‍
മുറ്റം നിറയെ
വെളുത്ത മാരങ്ങള്‍

നാമിരുകരയില്‍
നടുക്കു സമുദ്രം
പരസ്പരം കാണാത്തോര്‍
എങ്കിലുമെന്ത്?
നമുക്കൊരേ വെണ്മ
നമുക്കൊരേ സൂര്യന്‍

C Anoop-Dakshinafrican Yathrapusthakamയാത്രാവിവരണങ്ങള്‍ മറ്റെഴുത്തുകള്‍പോലെയല്ല. വിദൂരദേശത്തുനിന്നും നാട്ടിലേക്കെഴുതുന്ന ഒരു കത്തുപോലെയാണ് അവ, ഉള്ളടക്കംകൊണ്ടും ഭാഷകൊണ്ടും. ഒരുതരം പകരലും പരിഭാഷയുമുണ്ട് യാത്രയെഴുത്തില്‍. വസ്തുതാപരമായിരിക്കണം, എന്നാല്‍ അതുമാത്രമായാല്‍ പോരാ താനും. എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രയെഴുത്തുകള്‍ക്ക് ഈ സ്വഭാവമുണ്ടെന്നു പറയാം. 1780 കളില്‍ എഴുതപ്പെട്ട പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ വര്‍ത്തമാനപ്പുസ്തകത്തിനും അതേ ധര്‍മ്മമായിരുന്നു. തപോവനസ്വാമികളുടെ ഹിമാലയയാത്രാവിവരണങ്ങളിലും ആ കാലയളവിലെ മറ്റ് യാത്രാവിവരണങ്ങളിലും ആ സ്വഭാവത്തിനാണ് മുന്‍തൂക്കം. പൊറ്റക്കാട്ടിനുശേഷം പിന്നീട്  രവീന്ദ്രന്റെ
യാത്രകളാണ് യാത്രയുടെ സ്വഭാവംകൊണ്ടും ഭാഷയുടെ വിലാസംകൊണ്ടും യാത്രയെഴുത്തില്‍ പുതിയൊരു രാഷ്ര്ടീയവും ലാവണ്യവും സൃഷ്ടിച്ചതെന്നു പറയാം. ഇഷ്ടത്തോടെ വായിക്കുന്ന മറ്റ് പല യാത്രയെഴുത്തുകളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കെ.വി. സുരേന്രാഥും രാജന്‍ കാക്കനാടനും ആഷാമേനോനും സുജാതാദേവിയും റോസി തോമസും പി. വത്സലയും സക്കറിയയും നിത്യചൈതന്യയതിയും മറ്റും. മുസഫര്‍ അഹമ്മദ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അതുവരെ മലയാളം സ്പര്‍ശിച്ചിട്ടില്ലാത്ത അനേകം വാക്ചിത്രങ്ങള്‍ എഴുതി. മാങ്ങാട് രത്‌നാകരന്‍ തന്റെ അ/കവിതാഭാഷയില്‍ പലകുറിപ്പുകള്‍ കുറിച്ചു, ‘ബീന കണ്ട റഷ്യ’ മുതല്‍ നിരവധി വിവരണങ്ങള്‍ കെ. എ. ബീന എഴുതി. എഴുത്തുകാര്‍ മാത്രമല്ല മറ്റ് കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അതൊന്നുമല്ലാത്തവരും ഇന്ന് ധാരാളം യാത്ര ചെയ്യുന്നു, യാത്രാവിവരണങ്ങള്‍ എഴുതുന്നു. പണ്ടേപ്പോലെയല്ല ഇന്നത്തെ ലോകം, പണ്ടേപ്പോലെയല്ല ഇന്നത്തെ യാത്രകളും. ലോകത്തെവിടെനിന്നും തത്സമയം ശബ്ദവും ദൃശ്യവും പകര്‍ത്താനും എവിടേക്കും അയച്ചുകൊടുക്കാനും ഇന്നു കഴിയും. സ്ഥലം, കാലം ഒക്കെ വളരെ ചുരുങ്ങി, എല്ലാം തൊട്ടടുത്തായി. പൊറ്റെക്കാട്ട് ആഫ്രിക്കയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ എഴുത്തല്ലാതെ അവിടത്തെ വിശേഷങ്ങളറിയാന്‍ നമുക്ക് മറ്റധികം മാര്‍ഗ്ഗങ്ങളില്ല. വലിയ തോതില്‍ അജ്ഞരാണ് അന്നു നാം. ഇന്ന് അതല്ല സ്ഥിതി. ആഫ്രിക്കയില്‍ സഞ്ചരിക്കുന്ന ഒരാളിനെക്കാള്‍ അധികം വിശദാംശങ്ങള്‍ ഇവിടെ ഒരു മുറിയിലിരുന്ന് അറിയാന്‍ കഴിയും. ഒരിടത്തേക്കുള്ള യഥാര്‍ത്ഥ സഞ്ചാരത്തെക്കാള്‍ നമ്മുടെ കൈവശമുള്ള സാങ്കേതികവിദ്യാസൗകര്യങ്ങളാണ് അവിടത്തെപ്പറ്റിയുള്ള അറിവിനെ ഇന്നു നിര്‍ണ്ണയിക്കുക. അപ്പോള്‍ അറിവല്ല ഇന്നത്തെ യാത്രയെഴുത്തില്‍ പ്രധാനം. ആളാണ്. അയാളുടെ കണ്ണും കാഴ്ചയും കൗതുകങ്ങളുമാണ്, ചരിത്രബോധവും രാഷ്ര്ടീയബോദ്ധ്യങ്ങളുമാണ്. ഇന്റര്‍നെറ്റിന് ഒരിക്കലും പകരാന്‍ കഴിയാത്ത മനസ്സും മനുഷ്യപ്പറ്റുമാണ്. ഒരേ കൃതി രണ്ടുപേര്‍ പരിഭാഷപ്പെടുത്തിയാലെന്നപോലെയോ അതിലധികമോ ഒരേ നാട് രണ്ടുപേരെഴുതിയാല്‍ വ്യത്യാസമായിരിക്കും. തന്റെ നാടുമായി, രീതികളുമായി എന്തു വ്യത്യാസം എന്ന നിരന്തരമായ താരതമ്യംകൊണ്ടുമാത്രം കാര്യമില്ല.

ആ അര്‍ത്ഥത്തില്‍ യാത്രയെഴുത്തിന് പണ്ടില്ലാതിരുന്ന ഒരു വെല്ലുവിളി, ഒരു സാഹിത്യ ആവിഷ്‌കാരമെന്ന നിലയിലുള്ളതാണ്. യാത്രയില്‍നിന്നുള്ള അറിവും വിവരങ്ങളും ആലോചനകളും കൗതുകങ്ങളും പകരുന്ന എഴുത്ത് എന്നതിനപ്പുറംപോകുന്നു അത്. വിവരങ്ങളുടെ ആധികാരികതയ്ക്ക് പുറമേ ലാവണ്യപരമായ അധിക ഉത്തരവാദിത്വവുംകൂടി ഇന്ന് വന്നുകൂടിയിട്ടുണ്ട്. മുന്‍പ് അതില്ലായിരുന്നുവെന്നല്ല, ഇന്ന് അത് അധികമായിരിക്കുന്നു, കൂടുതല്‍ പ്രധാനമായിരിക്കുന്നു എന്ന്.

അനൂപിന്റെ ഈ തെന്നാഫ്രിക്കന്‍ യാത്രാക്കുറിപ്പുകളെ സാധുവാക്കുന്നത് ഒന്നാമതായി അതിന്റെ ചരിത്രപരവും രാഷ്ര്ടീയവുമായ ശ്രദ്ധയും ഉത്കണ്ഠകളുമാണ് എന്നെനിക്ക് തോന്നുന്നു. ‘ആദ്യമായി തെന്നാഫ്രിക്കയിലെത്തിയ ഇന്ത്യക്കാര്‍; അവരുടെ അടിമസമാനമായ ജീവിതം ഇതൊക്കെ ഓര്‍ക്കാതെ ഈ മണ്ണിലൂടെ യാത്രചെയ്യുന്നതെങ്ങനെ’ എന്ന് യാത്രയിലുടനീളമുള്ള വിചാരം. അതിലാണ് ഈ കുറിപ്പുകളുടെ ഊന്നല്‍. ഗാന്ധിയും ഗാന്ധിയുടെ തെന്നാഫ്രിക്കന്‍ ജീവിതവും അവ വെറുതേ പരാമര്‍ശിക്കപ്പെടുകയല്ല, മറിച്ച് ഗാന്ധിയുടെ തെന്നാഫ്രിക്കന്‍ ജീവിതസര്‍ഭങ്ങള്‍കൊണ്ടാണ് ഈ കുറിപ്പുകള്‍ കൊരുത്തിരിക്കുന്നതുതന്നെ. ഈ കുറിപ്പുകളുടെ പ്രധാനബലം ഗാന്ധിയെന്ന ആ കെട്ടുനാരാണ്. അനൂപിന്റെ എഴുത്തുശൈലികള്‍ കഥാകാരന്റെ ലക്ഷണം വ്യക്തം. ആളുകളുടെ, കാഴ്ചകളുടെ, സര്‍ഭങ്ങളുടെ, വിശദാംശങ്ങളോളം ചെന്നു വിസ്തരിക്കുന്ന രീതി ശ്രദ്ധവിടാതെ വായിക്കാന്‍ കൗതുകം തരുന്നു. തെളിഞ്ഞ സരളമായ ഒഴുക്കുള്ള ഭാഷയും ആ ഒഴുക്കിലെ ചില ആഴങ്ങളും ചില ചുഴികളും മലരികളും ഇരുകരകളുടെ നീങ്ങുന്ന കാഴ്ച്ചകളും ഒഴുക്കില്‍ ബിംബിക്കുന്ന ആകാശവും.

യാത്രയെഴുത്തുകളിലെ ‘നോട്ടം’ വളരെ പഠിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. യാത്രികന്റെ നോട്ടം വെറും നോട്ടമല്ല. അയാള്‍ ഒരാള്‍മാത്രമായിരിക്കാം. എന്നാല്‍ അയാളുടെ നോട്ടം ഒരാളിന്റേതുമാത്രമല്ല. അതിനു പിന്നില്‍ ഒരു വലിയ അധികാരമണ്ഡലമുണ്ട്. ഉദാഹരണത്തിന് സാമ്രാജ്യത്വനോട്ടം, ആണ്‍നോട്ടം, ശാസ്ത്രദൃഷ്ടികൊണ്ടുള്ള നോട്ടം എന്നിങ്ങനെ. സാമൂഹികവ്യവസ്ഥകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഇത്തരം നോട്ടങ്ങളില്‍നിന്നാണ് ആദ്യയാത്രികര്‍ മുതല്‍ ഇന്നോളം ഏതൊരു യാത്രയെഴുത്തും ഉണ്ടാവുന്നത്. ഈ പൊതു ‘മേല്‍’ നോട്ടത്തിന്റെ വലിയ കോണിനുള്ളിലാണ് അനേകം ചെറുകോണുകളില്‍ ‘ഉള്‍’ നോട്ടങ്ങളുണ്ടാകുന്നത്. ഒരാള്‍ എന്ന നിലയില്‍, ദേശം, ലിംഗം, തുടങ്ങിയ സ്വത്വങ്ങളില്‍നിന്നുണ്ടാകുന്ന നോട്ടങ്ങള്‍. അതുപോലെ ധനികരും ദരിദ്രരും പഠിപ്പുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ ഉണ്ടാകുന്ന ഓരോരോ നോട്ടങ്ങള്‍. പിണഞ്ഞും കലര്‍ന്നും കിടക്കുന്ന ഈ നോട്ടങ്ങളിലൂടെയാണ് ഏതു യാത്രയും എഴുതപ്പെടുന്നത്.
ഈ കുറിപ്പുകളില്‍ തെന്നാഫ്രിക്കന്‍ ജനതയോടുള്ള സാഹോദര്യം വ്യക്തമാണ്, അതേ സമയം പുതുലോകക്രമത്തിലേക്കു ചിട്ടപ്പെടാത്ത അഴിഞ്ഞ കറുത്ത ജനതയോടുള്ള വിമര്‍ശവും സഹതാപവും ഉണ്ട്. കെല്പും കൂസലും ഇല്ലാത്തവര്‍ക്ക് അഭിവൃദ്ധിയുമില്ല എന്ന ലോകന്യായം. സ്ത്രീപുരുഷബന്ധത്തിലെ അഴിവ്, സ്ത്രീകളുടെ പുറംജീവിതം, കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മ തുടങ്ങിയ കാര്യങ്ങളില്‍ അനൂപ് ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുടുംബബന്ധങ്ങളിലെ നമ്മുടേതുമായുള്ള വ്യത്യാസം സാംസ്‌കാരിക/പുതുനാഗരിക/സാമ്പത്തിക കാരണങ്ങള്‍കൊണ്ടും കൂടിയാണ്.

മിക്കപ്പോഴും ഈ കുറിപ്പുകളിലെ എഴുത്തുകാരന്‍ മലയാളിയാണ്. മലയാളിയുടെ ദേശരുചികളും പ്രേരണകളുമാണ് അയാളുടെ നോട്ടങ്ങളെ നിര്‍ണ്ണയിക്കുന്നത്. വായിച്ചുകഴിയുമ്പോള്‍ അയാള്‍ക്കൊപ്പം അപരിചിതത്വമില്ലാതെ യാത്ര ചെയ്തുവെന്ന് ഒരു തോന്നല്‍. ആണ്‍മലയാളിയുടെ കുറുമ്പും ആത്മപരിഹാസവും ചെരിനോട്ടവും മുള്ളന്‍ നര്‍മ്മവും ഒക്കെ ചേര്‍ന്ന ഒരു സൗഹൃദസദസ്സിന്റെ ശൈലി പലപ്പോഴും. അത്രയും അത് സത്യസന്ധവുമാണ്. ‘കാണാത്ത സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതു മാത്രമല്ല യഥാര്‍ത്ഥ യാത്ര. നമ്മുടെ നിസ്സാരതയും അറിവില്ലായ്മയും തിരിച്ചറിയാനുള്ള ഗാഢമായ സ്‌നാനംകൂടിയാണത്’ എന്ന് വിനീതനാകുന്ന ഒരാള്‍കൂടിയാണ് അയാള്‍.

ഉപജീവനയാത്രകളോ പലായനങ്ങളോ ഒഴിച്ചാല്‍ മനുഷ്യയാത്രകള്‍ മിക്കവാറും ആത്മീയമാണ്. കാണാത്തതിനോടുള്ള,  ഇന്ദ്രീയങ്ങളാല്‍ അറിയാത്തതിനോടുള്ള അഭിവാഞ്ഛയുടെ പ്രേരണ. നിരന്തരമായിചലിച്ചുകൊണ്ടിരിക്കാന്‍, ഇടം മാറിക്കൊണ്ടിരിക്കാന്‍ ഉള്ള വാസന. അതീതമായതിലേക്കുള്ള ആയല്‍, അപാരതയോടുള്ള അഭിമുഖപരിശ്രമങ്ങള്‍. മനുഷ്യന്റെ യാത്രകളെപ്പറ്റി അനൂപ് പറയുന്നത് ഇങ്ങനെയാണ്: ‘ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ ഏതൊക്കെയോ സ്വരങ്ങള്‍ക്കും നിറങ്ങള്‍ക്കും പുതിയ ആകാശത്തിനും വേണ്ടിയുള്ള ഏകാകിയായ മനുഷ്യന്റെ ഇറങ്ങിപ്പുറപ്പെടലാണ് ഓരോ യാത്രയും. അത് അനാദികാലം മുതല്‍ തുടങ്ങി ഇന്നും തുടരുന്നു. മനുഷ്യന്റെ ആത്മാന്വേഷണത്തിന്റെ പാതകൂടിയാണ് അത്.’
വെറും മനുഷ്യരെ സഞ്ചാരികളാക്കുന്ന ആ അമരപാതയുടെ വിളി. അതു നിലയ്ക്കാതിരിക്കട്ടെ.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.