DCBOOKS
Malayalam News Literature Website

ഭൂതകാലത്തെ ചുട്ടു ചാമ്പലാക്കുവാനോ , സ്മരണ മണ്ഡലത്തില്‍ നിന്ന് തൂത്തുകളയുവാനോ ആര്‍ക്കും സാദ്ധ്യമല്ല!

പി.കേശവദേവിന്റെ ‘അയല്‍ക്കാര്‍‘ എന്ന നോവലില്‍ നിന്നും ചില ഭാഗങ്ങള്‍

അദ്ധ്യായം മൂന്ന് മംഗലശ്ശേരിയിലെ കുഞ്ഞന്‍

പക്ഷെ പടിഞ്ഞാറേ കരയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.ശ്രീനാരായണഗുരു സ്വാമികളുടെ “ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിനു പ്രചാരം സിദ്ധിച്ചു എന്നുള്ളതാണ്, പടിഞ്ഞാറേ കരയിലുണ്ടായ പ്രധാന മാറ്റം .അതോടുകൂടി ഈഴവരുടെയിടയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തൃഷ്ണയും, വിദ്യാഭാസത്തിനുവേണ്ടിയുള്ള ആവേശവും ഉണ്ടായി.ഈഴവക്കുട്ടികള്‍ കിഴക്കേ കരയിലെ മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.പടിഞ്ഞാറേ കരയില്‍ ഒരു “ശ്രീനാരായണ ഭജന മഠം “ ഉണ്ടാവുകയും , ആ ഭജന മഠത്തില്‍ പതിവായി യോഗങ്ങള്‍ കൂടുകയും  ചെയ്തു.മാത്രമല്ല, തമ്പുരാക്കന്മാര്‍ക്കു വഴി  മാറിക്കൊടുക്കുകയില്ലെന്നു കുറെ  ഈഴവ ചെറുപ്പക്കാര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

അദ്ധ്യായം  ഇരുപത്തിയേഴ് 

അനന്തമായി പ്രവഹിക്കുന്ന മഹാനദിയാണ് ജീവിതം. ആ ജീവിതപ്രവാഹത്തില്‍ നിന്ന്‍ , മരണത്തിന്റെ നീരാവികള്‍ ഉയര്ന്നുകൊണ്ടിരിക്കും.ആ നീരാവികള്‍ ഘനീഭവിച്ച് മഴയാകും .ആ മഴവെള്ളം ഒലിച്ച് ആ മഹാനദിയില്‍ തന്നെ ലയിക്കും.മരണത്തിന്റെ നീരാവികള്‍ , ജീവിതപ്രവാഹത്തെ ശോഷിപ്പിക്കുന്നില്ല; ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നുമില്ല .

അദ്ധ്യായം  പതിനൊന്ന് 

ഏഴാം ക്ലാസ്സ് പരീക്ഷയില്‍ ജയിച്ച ദിവാകരന്‍ സര്‍ക്കാരുദ്യോഗത്തിനു വേണ്ടി ശ്രമിക്കുകയായിരുന്നു.ഈഴവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കേറുവാന്‍ അന്ന്‍ നിയമപരമായി തടസ്ഥമുണ്ടായിരുന്നെങ്കിലും , അവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുക സാധാരണയായിരുന്നില്ല.അതുകൊണ്ട് ദിവാകരന്‍ നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരു താത്കാലിക നിയമനമാണ് കിട്ടിയത്.ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ രണ്ടു മാസത്തെ അവധിയെടുത്തതിന് പകരമായി ദിവാകരന്‍ നിയമിക്കപ്പെട്ടു.ആ നാട്ടില്‍ അതൊരു സംഭവമായിരുന്നു…ഒരു ഈഴവനു സര്‍ക്കാരുദ്യോഗം കിട്ടുക എന്നത്.

പടിഞ്ഞാറെക്കരയിലെ ഈഴവയുവാക്കന്മാര്‍ തീരുമാനിച്ചു .ദിവാകരന് ഒരു അനുമോദനം കൊടുക്കണമെന്ന്.അതിനു വേണ്ടി കൂടിയ യോഗത്തില്‍ ഗോവിന്ദന്‍ വൈദ്യര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.ഉദ്യോഗം കിട്ടിയ ദിവാകരനെയും ഉദ്യോഗം കൊടുത്ത അധികാരികളെയും അനുമോദിച്ചു പ്രമേയം പാസാക്കിയെങ്കിലും, ഈഴവ ഉദ്യോഗസ്ഥന്മാര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെപ്പറ്റിയായിരുന്നു പ്രസംഗങ്ങള്‍.

യോഗം കഴിഞ്ഞു ദിവാകരനും വാസുവും കൂടി തിരിച്ചു വരുമ്പോള്‍ ചന്തയില്‍ കൂടി നിന്നിരുന്ന നായന്മാര്‍ പരിഹാസമായി ചിരിച്ചു.

“കൊട്ടി വാദ്ധ്യാര് , അനുമോദനം കൊണ്ട് വരുന്നെടാ!” ഒരുത്തന്‍ പറഞ്ഞു.

Text“കത്തീം തേറും എടുതത്തോണ്ട് വാ ,നമുക്കും ഒന്നനുമോദിക്കാം”എല്ലാവരും പൊട്ടിച്ചിരിച്ചു.

ചന്തയുടെ മറ്റൊരു ഭാഗത്ത്‌ നിന്ന്‍ കുട്ടന്‍ ചട്ടമ്പി വിളിച്ചു പറഞ്ഞു.”വെട്ടുകത്തി ഇങ്ങോടു കൊണ്ടുവാടാ!ഈ വെടലകളെയെല്ലാം അരിയട്ടെ.”

ആരും പിന്നെ ഒന്നും പറഞ്ഞില്ല.

അടുത്ത ദിവസം ദിവാകരന്‍ ജോലിയില്‍ പ്രവേശിച്ചു.ക്ലാസ്സില്‍ ചെന്നപ്പോള്‍ അഞ്ചു വിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു.മറ്റുള്ളവരെല്ലാം ഇരുന്നുകൊണ്ട് ബോര്ടിലെക്ക് നോക്കി ചിരിക്കുകയാണ്.ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരുന്നു.

“കൊട്ടിസ്സാര്‍ വരുമ്പോള്‍ ആരും എഴുന്നേല്‍ക്കരുത്.”

ദിവാകരന്‍ ബോര്‍ഡിലേക്കു നോക്കി സ്തബ്ധനായി നിന്നുപോയി. വിദ്യാര്ത്ഥികള്‍ പൊട്ടിച്ചിരിച്ചു.അയാള്‍ക്ക് കരയണമെന്നു തോന്നി.പക്ഷേ , അയാള്‍ കരഞ്ഞില്ല.ബോര്‍ഡില്‍ എഴുതിയിരുന്നതു തൂത്തു കളഞ്ഞിട്ട് അയാള്‍ പഠിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്ത്ഥികള്‍  ഓരോരുത്തരായി ക്ലാസ്സില്‍ നിന്നിറങ്ങി പോകുവാനും തുടങ്ങി.

ദിവാകരന്‍ ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്നു .അമര്‍ത്തിയ ചിരിയോടു കൂടി ഹെഡ്മാസ്റ്റര്‍ ചോദിച്ചു.

“ക്ലാസ്സ് എങ്ങനെയിരിക്കുന്നു?”

“വിദ്യാര്ത്ഥികളില്ലാത്ത ക്ലാസ്സില്‍ എങ്ങിനെ പഠിപ്പിക്കും?”

“വിദ്യാര്ത്ഥികളില്ലെങ്കില്‍ പഠിപ്പിക്കണ്ട.”

“പഠിപ്പിക്കാനല്ലേ എന്നെ നിയമിച്ചത്?”

“എങ്കില്‍ പഠിപ്പിക്കണം.”

“ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികളെല്ലാം ഇറങ്ങിപ്പോകുന്നു.”

“അതിനു ഞാനെന്തു വേണം?”

“അവരോട് പറയണം പോകരുതെന്ന്.”

“ഉം..” ഹെഡ്മാസ്റ്റര്‍ അശ്രദ്ധമായി മൂളി

അന്ന്‍ അങ്ങിനെ കഴിഞ്ഞു.

അടുത്ത ദിവസവും ദിവാകരന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ വിദ്യാര്ത്ഥികള്‍  എഴുന്നേറ്റില്ല .അഞ്ചു

ഈഴവവിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു .പാഠം തുടങ്ങിയപ്പോള്‍ വിദ്യാര്ത്ഥികള്‍  ഇറങ്ങിപ്പോയി.സഹാദ്ധ്യാപകര്‍ മറഞ്ഞുനിന്നു ചിരിക്കുന്നുണ്ടായിരുന്നു.

ദിവാകരന്‍ അന്ന് ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞില്ല.അയാള്‍ മൌനമായിരുന്നതെയുള്ളൂ.

അടുത്ത ദിവസം അയാള്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു ചേറ്റുക്കത്തിയും തേറും മേശമേല്‍ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ നിയന്ത്രണം വിട്ടു പോയി.

“ഏതു വെടലയാടാ ഇതിവിടെ കൊണ്ട് വെച്ചത്?”

 വിദ്യാര്ത്ഥികള്‍  പൊട്ടിച്ചിരിച്ചു.

ദിവാകരന്‍ ചേറ്റുക്കത്തിയും തേറും  എടുത്തുകൊണ്ടു ഹെഡ്മാസ്റ്ററുടെ അടുത്തു ചെന്നു.

“ഇത്..ഇത് തനിക്കിരിക്കട്ടെ..” കത്തിയും തേറും ഹെഡ്മാസ്റ്ററുടെ മുമ്പില്‍ എറിഞ്ഞിട്ട്  അയാള്‍ പുറത്തിറങ്ങി നടന്നു.

അതില്‍പ്പിന്നെ അയാള്‍ ഉദ്യോഗത്തിനു പോയിട്ടില്ല.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി പി.കേശവദേവിന്റെ ‘അയല്‍ക്കാര്‍’ എന്ന കൃതിയും.

tune into https://dcbookstore.com/

 

Comments are closed.