DCBOOKS
Malayalam News Literature Website

ദൈവം കയ്യൊപ്പ് ചാർത്തിയ എഴുത്ത്

പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ എന്ന പുസ്തകത്തിന് ത്യാഗരാജൻ ചാളക്കടവ് എഴുതിയ വായനാനുഭവം

മൂന്നു പതിറ്റാണ്ടു കാലമായി മലയാളിയുടെ ഹൃദയത്തിൽ താമസമാക്കിയ നടനസൗകുമാര്യമാണ് പ്രേംകുമാർ. നടന്റെ ആയുധം ശരീരമാണ്. ഇക്കാലയളവിനിടയിൽ കാലം, ഒരു ദുർമ്മേദസ്സുകൊണ്ടും പ്രേംകുമാർ എന്ന നടനശരീരത്തെ ആക്രമിച്ചിട്ടില്ല. ആ മനസ്സിലും ദുർമേദസ്സുകൾ കടന്നു ചെന്നിട്ടില്ല. സിനിമയിൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല.
തീരെച്ചെറിയ ഒരു പുൽക്കൊടിക്കും അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്ഥാനമുണ്ട്. ഈ പുസ്തകത്തിന്റെ താളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് അദ്ദേഹം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളെ തിരിച്ചറിയാതെ പോകാനാവില്ല.

ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനം അലങ്കരിച്ചതിനു ശേഷവും അദ്ദേഹം സാധാരണക്കാരെ അറിയുകയും അവരുടെ ഹൃദയവികാരങ്ങളെ തൊട്ടറിയുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര ലോകത്ത് ഇത്രയും സജീവമായ ഒരു താരം മണ്ണിൽ ചവിട്ടി നിൽക്കുന്നത് നമ്മൾക്ക് ഈ പുസ്തകത്തിൽ അനുഭവിച്ചറിയാനാകും. സിനിമയിലെ ‘തമാശ’ക്കാരനായ പ്രേംകുമാറിൽ നിന്നും എത്രയോ വ്യത്യസ്തനാകുന്നു നേരിൽ ഈ മനുഷ്യൻ! “നേരുള്ളവന് ഭാഷയും നേരായ് വരും” എന്നാണ്, മനുഷ്യന്റെ നേർച്ചിത്രമായി, ഈ പുസ്തകത്തിൽ നിറഞ്ഞു തുളുമ്പുന്ന ലാവണ്യാനുഭവങ്ങളെ കുറിച്ച് കവി വി മധുസൂദനൻ നായർ വിശേഷിപ്പിക്കുന്നത്.

1991 മുതൽ മലയാള ചലച്ചിത്ര ലോകത്ത് സജീവമായ പ്രേംകുമാർ നൂറ്റിയൻപതോളം സിനിമകളിൽ അഭിനയിച്ചു. അതിൽ ശ്രദ്ധേയമായ നായകവേഷങ്ങളും ഉൾപ്പെടുന്നു.
സംഭാഷണങ്ങൾ ഉറപ്പിച്ചുപറയുന്നതിന്റെ താളക്രമത്തിലൂടെയാണ് പ്രേംകുമാർ പ്രേക്ഷക Textഹൃദയത്തിൽ തന്റെ  സ്ഥാനം ഉറപ്പിച്ചത്. അതിൽ നർമ്മത്തിന്റെ അപൂർവ്വ സുന്ദരമായ ഔഷധക്കൂട്ട് അരച്ചു ചേർക്കുന്നതിലെ ഔചിത്യബോധമാണ് അദ്ദേഹത്തിന്റെ
മൂന്നു പതിറ്റാണ്ടുകാലത്തെ നവയൗവനത്തിന്റെ രഹസ്യം.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് തിരുവനന്തപുരം ദൂരദർശനിൽ നിന്നുമുള്ള ‘ലംബോ’ എന്ന ഒരു മണിക്കൂർ നീളമുള്ള ടെലിസിനിമയിലൂടെ പ്രേംകുമാർ, സരസനായ ഒരു കവിയായി രംഗപ്രവേശം ചെയ്യുന്നത്. ഓരോ വരിയും ഉറപ്പിച്ചു പറയുന്ന ആ കവിയുടെ ശൈലി തന്നെ തന്റെ

ശൈലിയായി പ്രേംകുമാർ കടമെടുത്തതാവാം, പിന്നീട്. ‘ലംബോ’ എന്ന ടെലിസിനിമയിലെ, വിധിവശാൽ പോലീസുകാരനാവേണ്ടി വന്ന ലംബോധരനിലൂടെ,1993 ൽ പ്രേംകുമാറിനെ ടെലിവിഷൻ രംഗത്തെ മികച്ച നടനായി സർക്കാർ തിരഞ്ഞെടുത്തു.

കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്, പതിമൂന്നാം വയസ്സിൽ ആദ്യമായിട്ട് പ്രേംകുമാർ സ്റ്റേജിൽ കയറുന്നത്. ഒട്ടനവധി റേഡിയോ നാടകങ്ങളിലൂടെയും
രംഗാവതരണങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിലേക്കുള്ള പാത വെട്ടിത്തെളിച്ചു കൊണ്ടേയിരുന്നു. കഴക്കൂട്ടം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ അക്ഷരത്തിന്റെ പൊൻ വെളിച്ചം ആദ്യം പകർന്നു നൽകിയ വള്ളിയമ്മ ടീച്ചർ തൊട്ടുള്ള എല്ലാ ഗുരുക്കന്മാരെയും പ്രേംകുമാർ, “ദൈവത്തിന്റെ അവകാശികളി”ൽ ഓർത്തെടുക്കുന്നു. മാർക്ക് കുറഞ്ഞു പോയതിന് വിങ്ങിക്കരയുന്ന കുട്ടിയെ അരികിൽ വിളിച്ച്, നൂറിൽ നൂറ് മാർക്ക് നൽകി,
ആ കുഞ്ഞിനെ സന്തോഷിപ്പിക്കുന്ന വള്ളിയമ്മ ടീച്ചറിനെ ഏത് മാഷിന് / ടീച്ചർക്ക് അനുകരിക്കാനാവും?

സ്ലേറ്റിന്റെ കറുത്ത പ്രതലത്തിൽ വെളുത്ത ചോക്കു കൊണ്ട്, ടീച്ചർ നൂറിൽ നൂറ് മാർക്ക് കുറിക്കുമ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് വിരിയുന്ന സന്തോഷം ഗ്രന്ഥകാരന്റെ
വിവരണത്തിൽ നമ്മൾ കാണുന്നു. അശോകൻസർ, ഷുഹർബാൻബീവി ടീച്ചർ, അഫ്സാബീവി ടീച്ചർ, കുസുമം ടീച്ചർ, നോറ ടീച്ചർ, സാവിത്രി അമ്മാൾ ടീച്ചർ, തുടങ്ങി വിദ്യാഭ്യാസ കാലത്തെ മുഴുവൻ ഗുരുക്കന്മാരെയും പ്രേംകുമാർ ഇവിടെ ഓർമ്മിച്ചെഴുതുന്നുണ്ട്. ഒരുപക്ഷേ, ആത്മകഥാപരമായ ഒരു ചെറു പുസ്തകത്തിൽ ഇത്രയേറെ ഗുരുഗണങ്ങൾ ഓർമ്മിക്കപ്പെടുന്നത് ആദ്യമായിട്ടാവാം.

പിന്നീട് നാടകവും സിനിമയുമുൾപ്പെടെ, തന്നെ ജീവിതം പഠിപ്പിച്ച എല്ലാവരെയും അദ്ദേഹം ഈ പുസ്തകത്തിന്റെ താളുകളിലേക്ക് കൊണ്ടുവരുന്നു. എന്തിനേറെ പറയുന്നു, സെക്കന്റ്
ഗ്രൂപ്പ് പ്രക്ടിക്കൽ ക്ലാസ്സുകളിൽ മൃതിയടഞ്ഞ പാറ്റകൾക്കും തവളകൾക്കും അദ്ദേഹം ഇവിടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു! ഇത് ആലങ്കാരികമായ ഒരു പ്രവൃത്തി അല്ലെന്ന് പുസ്തകം വായിച്ചു തീരുന്നതോടെ നമ്മൾ തിരിച്ചറിയുന്നു. സഖാവ് പി കൃഷ്ണപിള്ളയെ ഓർമ്മിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് വെളിച്ചം ഏതുവിധത്തിലാണ് കേരളത്തിന്റെ ഊടുവഴികളിലൂടെ നടന്നുനടന്ന് ഇവിടം പ്രകാശം ചൊരിഞ്ഞത് എന്നതിന്റെ ത്രിമാന ചിത്രമുണ്ട്, ഈ പുസ്തകത്തിൽ. സമരമെന്നാൽ പുതുതലമുറയ്ക്ക് ചുംബനസമരം മാത്രമായത് എങ്ങനെയെന്ന് ഇതേ ലേഖനത്തിൽ പ്രേംകുമാർ, ഒരു രാഷ്ട്രീയ നിരീക്ഷകനനെ പോലെ നമുക്ക് കാട്ടിത്തരുന്നു. നാടകകലയുടെ പ്രകാശഗോപുരമായ ജി ശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീറിന്റെ
ഒരേയൊരു നാടകം ‘കഥാബീജം’, സംവിധാനം ചെയ്തപ്പോൾ, അതിൽ പ്രാധാന്യമുള്ള ഒരു വേഷത്തിൽ പ്രേംകുമാർ അഭിനയിച്ചു.

അഭിനയത്തിന്റെയും സംവിധാനത്തിന്റെയും ആദ്യ പാഠങ്ങൾ തിരയുന്ന ഒരാളിന്
പ്രേംകുമാർ കാട്ടിക്കൊടുക്കുക, നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ
പി ബാലചന്ദ്രനെ ആയിരിക്കും. അദ്ദേഹത്തെ നാടകകലയുടെ പൂർണ്ണചന്ദ്രൻ എന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. “ഒരു കാലത്ത് അമച്വർ നാടകവേദിയിലും ക്യാമ്പസ് തീയറ്ററിലുമൊക്കെ വലിയ ചലനം സൃഷ്ടിച്ച ആധുനിക നാടകങ്ങളുടെ അമരക്കാരനായിരുന്നു, പി ബാലചന്ദ്രൻ ” എന്ന പരിചയപ്പെടുത്തൽ പുതുതലമുറയ്ക്ക് അത്ര അറിവില്ലാത്ത കാര്യമായിരിക്കും.

കോളജിൽ തകരാറൊന്നുമില്ലാതെ നന്നായി നടന്നു കൊണ്ടിരുന്ന പ്രീഡിഗ്രി കോഴ്സ് വേരോടെ പറിച്ചെടുത്ത്, സ്കൂളിനോട് കൂട്ടിക്കെട്ടിയപ്പോൾ ഇവിടെ എന്ത് വിപ്ളവമാണ് ഉണ്ടായത് എന്ന് അദ്ദേഹം ഈ പുസ്തകത്തിലൊരിടത്ത് ചോദിക്കുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ തന്നെച്ചൊല്ലി മാത്രം ഘനഗംഭീരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും, പിറ്റേന്ന് രാവിലെ ‘ആയിരപ്പറ’യുടെ ലൊക്കേഷനിൽ വളരെ കൂളായി ഡയലോഗ് പരിശീലിക്കുന്ന ജഗതി ശ്രീകുമാറിനെ ഓർക്കുന്ന ഒരു രംഗമുണ്ട്. നടനായ ജഗതി ശ്രീകുമാറിന്റെയും സംവിധായകനായ ജഗതി ശ്രീകുമാറിൻ്റെയും പെരുമാറ്റങ്ങളിലെ വിവിധമായ വ്യത്യാസങ്ങളെ പ്രേംകുമാർ ഇവിടെ സരസമായി പ്രതിപാദിച്ചിരിക്കുന്നു.

സംവിധായകനായ ജഗതി ശ്രീകമാറിൽ നിന്നും കണ്ണു നനയിക്കുന്ന അനുഭവമുണ്ടായെങ്കിലും, പിന്നീട് ജഗതി സ്വന്തം കൈകൾ ചേർത്തു പിടിച്ച് ക്ഷമാശ്വാസ നടപടിക്ക് വരുന്ന ദൃശ്യം വായനക്കാരന്റെയും കണ്ണു നനയിപ്പിക്കും. ‘ജഗതിച്ചേട്ടൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ‘ എന്ന ലേഖനം പ്രേംകുമാർ എന്ന എഴുത്തുകാരൻ്റെ കുശലവ്യക്തിത്വം വെളിവാക്കുന്നു.
കുട്ടികളെ ശിക്ഷിക്കാൻ വടി പ്രയോഗിക്കേണ്ടി വരുന്നത് ഒരു അദ്ധ്യാപകന്റെ
പരാജയമാണെന്ന് ഒരു ലേഖനത്തിൽ പറയുന്നു. അതുപോലെ, ഒരാൾ നല്ല വ്യക്തിയായി മാറുന്നത് “നിന്നെ പോലെ നിനക്ക് മറ്റു മനുഷ്യരെയും സ്നേഹിക്കാൻ” സാധിക്കുന്ന ഒരു ഹൃദയമുണ്ടാവുമ്പോഴാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

തുടർന്ന് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ കാണുക: ഇനിയും കൃത്യമായി നിർവ്വചിക്കാൻ ബാക്കിയുള്ളതാണ് ദൈവം, സാധാരണ മനുഷ്യരാണ് ദൈവത്തിൻ്റെ നേരവകാശികൾ,
ക്ഷുദ്രങ്ങളായ ചില സിനിമകളും സാഹിത്യത്തിൽ ചിലവയും ചില നാടകങ്ങളും മാരകമായ എൻഡോസൾഫാന് തുല്യമാണ്, വർഷങ്ങളോളം നീണ്ടു പോകുന്ന സീരിയലുകളിലെ കഥാപാത്രങ്ങൾക്ക് കാലമെത്ര കടന്നു പോയാലും ഒരു വളർച്ചയുമുണ്ടാകുന്നില്ല, സർഗ്ഗാത്മകമായി ഉപയോഗിക്കേണ്ട എത്രയോ സമയമാണ് മലയാളി പ്രേക്ഷകർ ഇത്തരത്തിൽപ്പെട്ട ചില സീരിയലുകളിൽ പാഴാക്കുന്നത്, സീരിയൽഭ്രമത്തെ പ്രതിരോധിക്കാൻ സംസ്ക്കാര സമ്പന്നനായ മലയാളി ഒന്നും ചെയ്യുന്നില്ല, അങ്ങനെ തോറ്റ ജനതയായി നമ്മൾ ചരിത്രത്തിൽ അടയാളപ്പെട്ടു പോകും,… അങ്ങനെയങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ
ശൈലീ പ്രയോഗങ്ങൾ. ജന്തു എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ജീവിവർഗ്ഗമല്ല മനുഷ്യൻ എന്ന് അദ്ദേഹം ഒരു ലേഖനത്തിൽ ഊന്നി പറയുന്നു.

കോവിഡ് കാലത്തിനു മുമ്പ്, ബോളിവുഡ്ഡിലെ ‘മാദകസിംഹിണി’യായ നടി ഒരു ഉദ്ഘാടന പരിപാടിക്ക് വന്നപ്പോൾ, അവരെ കാണാനായി യുവാക്കൾ ഒരു പകൽ മുഴുവൻ
കൊച്ചി നഗരമധ്യത്തിൽ ജനദ്രോഹകരമായ രീതിയിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തെ
തികഞ്ഞ രോഷത്തോടെയാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ വിധത്തിലുള്ള അതിരുകവിഞ്ഞ താരാരാധനയെ ഗ്രന്ഥകാരൻ നിശിതമായി എതിർക്കുന്നു. കേരളത്തിലെ ഒരു നാട്ടിൻ പുറത്ത്, എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഒരു ഗ്രന്ഥശാലയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ഒരനുഭവം അദ്ദേഹം ഖേദത്തോടെയും പ്രതിഷേധത്തോടെയും വിശദമാക്കുന്നുണ്ട്.

സദസ്സിൽ ഏറെ പ്രായം ചെന്നവർ മാത്രം ഉപവിഷ്ടരായിരിക്കുന്നു. അവരോടുള്ള ബഹുമാനം
കൃത്യമായും പ്രകടിപ്പിച്ചു കൊണ്ടു തന്നെ, എവിടെ പോയതാണ് ഇവിടുത്തെ ചെറുപ്പക്കാർ എന്ന് പ്രേംകുമാർ സംഘാടകരോട് ചോദിക്കുന്നു. തൊട്ടടുത്തുള്ള തീയറ്ററിൽ ഒരു സിനിമ റിലീസാവുന്ന ദിവസമാണ്. ചിത്രത്തിലെ നായകനടന്റെ കൂറ്റൻ ഫ്ലക്സ് ബോർഡിൽ
മിൽമയുടെ കവർ പാലൊഴിക്കാനാണ് ചെറുപ്പക്കാർ പോയിരിക്കുന്നത് എന്ന് സംഘാടകർ ഉത്തരം നൽകുന്നു. താൻ കൂടി ഭാഗമായ ഒരു മേഖല കാരണമാണ് നാടിന്റെ
അത്രയും സുപ്രധാനമായ ഒരു പരിപാടിക്ക് അവിടെ ചെറുപ്പക്കാരുടെ അസാന്നിധ്യമുണ്ടായത്
എന്നു വന്നപ്പോൾ പോലും പ്രേംകുമാർ എന്ന മനുഷ്യൻ ‘അതിരുകടക്കുന്ന’ താരാരാധനയ്ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നു.

പരസ്യങ്ങളിൽ വീണുരുളുന്ന മലയാളിയെ കുറിച്ച് എഴുതുമ്പോഴും മുല്ലപ്പെരിയാർ വിഷയം അക്കമിട്ടു നിരത്തുമ്പോഴും അദ്ദേഹത്തിന്റെ കൃത്യവും വ്യക്തവുമായ സാമൂഹിക നിരീക്ഷണം
നമ്മൾക്ക് കാണാം വയനാട്ടിലെ സർവ്വജന സ്കൂളിലെ ഷഹല പാമ്പുകടിയേറ്റ് മരിച്ചതിനെ പറ്റി എഴുതുമ്പോഴും മദ്രാസ് ഐ ഐ ടി യിലെ ഫാത്തിമ ലത്തീഫ് മരണത്തിലേക്ക് നടന്നു പോയ വിധം എഴുത്തിലേക്ക് കൊണ്ടുവരുമ്പോഴും വാളയാറിൽ ലൈംഗിക ദുരുപയോഗത്തിന്
ഇരയാക്കപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ ‘ആത്മഹത്യ ചെയ്യപ്പെടുന്നത്’ എഴുതേണ്ടി വരുമ്പോഴും
മുരുകൻ എന്ന തമിഴ് നാട് സ്വദേശി കേരളത്തിൽ വന്ന് ആതുരാലയങ്ങളുടെ അവഗണന കാരണം മരണത്തിന് കീഴടങ്ങുന്നതിനെ പറ്റി സൂചിപ്പിക്കുമ്പോഴും ധാർമ്മികമായ മൂല്യച്യുതിക്കെതിരായ ആത്മരോഷങ്ങളാണ് പ്രേംകുമാറിൽ നിന്നുമുണ്ടാകുന്നത്.

“ദൈവം സ്നേഹമാണ്, അമ്മയും ” എന്ന ലേഖനം സർവ്വ തലത്തിലും ഒരു ക്ലാസ്സിക്ക് രചനയാകുന്നു. ” മഴയത്ത് നനഞ്ഞൊലിച്ച് വീട്ടിലെത്തിയപ്പോൾ കുടയെടുക്കാതെ പോയതെന്തെന്ന് ചോദിച്ച് അച്ഛൻ ദേഷ്യപ്പെട്ടു. ജലദോഷം വരുമെന്നറിയില്ലേയെന്ന് ജ്യേഷ്ഠൻ ശകാരിച്ചു. എല്ലാവരും അവനെ വഴക്കു പറഞ്ഞപ്പോൾ അമ്മ മാത്രം ഓടി വന്ന് അവന്റെ
തല തുവർത്തിക്കൊണ്ട് മഴയെ വഴക്കു പറഞ്ഞു. “ഈ മഴയ്ക്ക് എന്തിൻ്റെ കുഴപ്പമാ, എൻ്റെ കുഞ്ഞ് വീട്ടിലെത്തിയിട്ട് അതിന് പെയ്താൽ പോരായിരുന്നോ?”

പുസ്തകത്തിലെ തീരെച്ചെറിയ ഒരു ഭാഗം മാത്രമാണിത്. ഈ വരികളിലെ മനുഷ്യഭാവം
പുസ്തകത്തിൽ മുഴുവനും നിറയുന്നത് വായനക്കാരന് തൊട്ടറിയാനാകും. എന്തു മാത്രം സാമൂഹിക-സാംസ്ക്കാരിക ഔന്നത്യങ്ങളാവും പ്രേംകുമാർ എന്ന പച്ചയായ
മനുഷ്യസ്നേഹിയെ കാത്തിരിക്കുന്നത് എന്ന് ഈ പുസ്തകത്തിന് അനുബന്ധമായി ചേർത്ത അഭിമുഖത്തിൽ നിന്നും മനസ്സിലാക്കാം. തന്റെകാഴ്ചപ്പാടുകളുടെ തീവ്രത ഇവിടെ വ്യക്തമാക്കപ്പെടുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും, അമേരിക്ക ആസ്ഥാനമായുള്ള വേൾഡ് പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പെർമനന്റ്  ഫെലോയുമായ കെ പി മോഹനൻ പ്രേംകുമാറുമായി നടത്തിയ ഒരു ചാനൽ മുഖാമുഖം ഇവിടെ അക്ഷരരൂപത്തിലേക്ക് മാറ്റിയിരിക്കുന്നു.
‘സാക്ഷരൻ’ എന്ന പ്രയോഗം ഒരൽപം പിഴച്ചുച്ചരിച്ചു പോയാൽ എങ്ങനെ ‘രാക്ഷസൻ’ ആവും എന്നും മലയാളിയെ മുന്നിൽ നിർത്തിക്കൊണ്ട്, ഒരു ചലച്ചിത്ര താരത്തിന്റെ
വർണ്ണപ്പകിട്ടില്ലാതെ പ്രേംകുമാർ എന്ന മനുഷ്യൻ നമുക്ക് കാട്ടിത്തരുന്നു…

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.