DCBOOKS
Malayalam News Literature Website

‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്, ഒമ്പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം

ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ കനത്തനാശം വിതച്ച ഗജക്കു പിന്നാലെ ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ആന്ധ്രയിലെ കാക്കിനഡയില്‍ ഇന്ന് ചുഴലിക്കാറ്റ് എത്തിച്ചേരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന് മുന്നോടിയായി ഒമ്പത് ജില്ലകളില്‍ റിയല്‍ ടൈം ഗവര്‍ണര്‍സ് സൊസൈറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, തീരദേശ ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ല, പുതുച്ചേരിയിലെ യാനം ജില്ല എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ദേശീയ, സംസ്ഥാന ദുരിത പ്രതികരണ സേനകള്‍ ഏത് പ്രതിസന്ധിയേയും നേരിടാന്‍ ഒരുങ്ങിയിട്ടുണ്ട്.

തീരദേശ ആന്ധ്ര, വടക്കന്‍ തമിഴ്‌നാട്, ഒഡിഷ, ഝാര്‍ഖണ്ഡ്, തെക്കന്‍ ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമാണെന്നും തെക്കന്‍ ആന്ധ്ര, വടക്കന്‍ തമിഴ്‌നാട്, തീരദേശ പുതുച്ചേരി എന്നീ മേഖലകളില്‍ ശക്തമായ കാറ്റിനും ചെറിയ രീതിയില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ആന്ധ്രാ, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്തനാശം വിതച്ചിരുന്നു.

 

Comments are closed.