DCBOOKS
Malayalam News Literature Website

കോവിഡ് 19 പടര്‍ന്നാല്‍?

🚻കോവിഡും സമൂഹവ്യാപനവും🚻

തുടക്കത്തിൽ കോവിഡ് 19 വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗം ആയിരുന്നു. പിന്നീട് അത് വുഹാൻ പ്രവിശ്യക്കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി. ക്രമേണ ലോക രാജ്യങ്ങൾ ഓരോന്നായി കോവിഡ് കീഴടക്കാൻ തുടങ്ങി. ഇന്ത്യയും കേരളവുമടക്കം. ഇന്ന് നമ്മുടെ കൈയെത്തും ദൂരത്ത് കോവിഡ് വൈറസ് ഉണ്ട്. നമ്മുടെ ചെറിയ ഒരു അശ്രദ്ധക്ക്‌ കാതോർത്ത്. ആക്രമിക്കാൻ, കീഴടക്കാൻ!

ഇന്ത്യയിലെ കോവിഡ് വ്യാപനം എങ്ങനെയാണ് സംഭവിക്കാവുന്നത് ?

മൂന്നു ഘട്ടങ്ങൾ ആയി കോവിഡ് വ്യാപനം നമുക്ക് തരംതിരിക്കാം.

🔸ഒന്നാം ഘട്ടം – കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർക്ക് മാത്രം അണുബാധയുണ്ടാകുന്നു.

🔸രണ്ടാം ഘട്ടം :- നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പർക്കം വന്നവർക്ക് (പ്രൈമറി കോൺടാക്റ്റുകൾ) .

🔸മൂന്നാം ഘട്ടം : – രോഗികളുമായി സമ്പർക്കം വന്നവരുമായി സമ്പർക്കം വന്നവർക്ക് (secondary contacts). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം (local spread) എന്ന് കണക്കാക്കാം.

🚫ഇതിന് പുറത്തേക്ക് ഉള്ള വ്യാപനത്തെ സമൂഹ വ്യാപനം ആയും കണക്കാക്കാം. സമൂഹ വ്യാപനം തുടങ്ങി കഴിഞ്ഞാൽ ഒരു രോഗിയുടെ അണുബാധയുടെ സ്രോതസ്സ് പലപ്പോഴും കണ്ടെത്താൻ കഴിയില്ല. സമൂഹത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും രോഗം കണ്ടെത്തി തുടങ്ങും. രോഗികളുടെ എണ്ണവും മരണങ്ങളും പതിന്മടങ്ങ് വർദ്ധിക്കും

 ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻ്റെ സ്ഥിതി ഇപ്പോൾ എന്താണ്?

ഇതുവരെ അണുബാധയുള്ള രാജ്യത്തേക്ക് യാത്ര ചെയ്തവർക്കും, രോഗികളുമായി നേരിട്ട് സമ്പർക്കം വന്നവർക്കും മാത്രമാണ് രോഗം ഉണ്ടെന്ന് തെളിഞ്ഞത്.

അപ്പോൾ നമ്മൾ സുരക്ഷിതരാണോ? യാത്ര ചെയ്തവരും അവരുടെ കുടുംബവും ശ്രദ്ധിച്ചാൽ പോരെ?

പോര. ഇന്ത്യയിൽ കോവിഡിനായുള്ള പരിശോധനകൾ ചെയ്യുന്നത് വളരെ കുറച്ചു പേർക്കു മാത്രമാണ്. സംശയമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവരിലും മാത്രം. അത് കൊണ്ട് ചെറിയ ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോകാം. അതു കൊണ്ട് ഇപ്പോൾ സ്ഥിരീകരിച്ച എണ്ണം രോഗികൾ മാത്രമേ രാജ്യത്തുള്ളൂ എന്ന് വിശ്വസിച്ച് ഇരുന്നു കൂടാ. സമൂഹ വ്യാപനത്തിലൂടെ കോവിഡ് ഇന്ത്യയുടെ എത് മൂലയിലും എത്താം.

സമൂഹ വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടാകാം എന്ന് അനുമാനിക്കാൻ കാരണങ്ങൾ ഉണ്ടോ?

ലോകത്ത് ഇതുവരെ ഉണ്ടായ കോവിഡിൻ്റെ രീതി പരിശോധിച്ചാൽ ഓരോ പോസിറ്റീവായ രോഗിക്കു ചുറ്റും നിരവധി രോഗികൾ ആരോഗ്യ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നുവെന്നാണ് മനസ്സിലാകുന്നത്. ഒരു മരണം കോവിഡ് കാരണം സംഭവിച്ചാൽ അതിന് ചുറ്റിപ്പറ്റി നിരവധി രോഗികൾ ഉണ്ടായിരിക്കണമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.

ഈ അനുമാനങ്ങൾ നേരത്തേ നിരവധി രോഗികൾ ഉണ്ടായ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വ്യാപന രീതിയിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ലക്ഷണങ്ങൾ ഇല്ലാത്തവരും രോഗം പകർത്തും എന്നുള്ളതും യഥാർത്ഥ രോഗികളുടെ എണ്ണവും കണക്കിലെ എണ്ണവും തമ്മിലുള്ള അന്തരം കൂട്ടും.

ഇവിടെ സമൂഹ വ്യാപനം നടക്കുന്നുണ്ടോ എന്ന തെളിവിനായി രണ്ടോ മൂന്നോ അഴ്ച്ചകൾ കാത്തു നിൽക്കേണ്ടി വരും. അതിനു മുൻപ് ഇടപെടാതിരിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ഇങ്ങനെ നിഷ്ക്രിയമായി കാത്തിരുന്ന രാജ്യങ്ങളുടെ സ്ഥിതി നമ്മുടെ മുന്നിൽ തെളിവായുണ്ട്.

സമൂഹ വ്യാപനം സംഭവിക്കുന്നത് തടയാൻ അല്ലെങ്കിൽ കുറക്കാൻ നമുക്കെന്തൊക്കെ ചെയ്യാൻ കഴിയും?

1. വ്യക്തികളും കുടുംബവും

🔹കോവിഡിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കുക.

🔹ലക്ഷണങ്ങൾ ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക.

🔹ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ വീട്ടിൽ കഴിയുക.

🔹സമൂഹത്തിലെ കൂടിച്ചേരലുകളും, യാത്രകളും നിരുൽസാഹപ്പെടുത്തുക.

🔹സന്ദർശകരെ ഒഴിവാക്കുക.

🔹വ്യക്തി ശുചിത്വ മാർഗ്ഗങ്ങൾ (കൈ കഴുകൽ, ചുമ ശുചിത്വം) പരമാവധി നടപ്പിലാക്കുക.

🔹അത്യാവശ്യം വേണ്ട മരുന്നുകൾ എങ്ങനെ ലഭിക്കും, ആശുപത്രിയിൽ പോകാനുള്ള വാഹന സൗകര്യം എങ്ങനെ ആണ് തുടങ്ങിയ വസ്തുതകൾ അറിഞ്ഞു വെക്കുക, വിളിക്കാനുള്ള ഫോൺ നമ്പർ എഴുതി വെക്കുക.

🔹രോഗം പിടിപെട്ടാൽ അപകട സാധ്യത ഏറ്റവും കൂടുതലുള്ള കുടുംബാംഗങ്ങളെ തിരിച്ചറിയുക. അവരിലേക്ക് അണുബാധ എത്താതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. അവരെ പൊതു ലോകത്തു നിന്ന് പരമാവധി മാറ്റി നിർത്തുക.

2. പരീക്ഷ, സ്കൂൾ, കോളേജ്?

🔺കഴിയുന്നതും സ്കൂളുകൾക്കും കോളേജുകൾക്കും അവധി കൊടുക്കുക.

🔺സ്വയം സുരക്ഷാ നടപടികൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുക.

🔺രോഗിയുമായി സമ്പർക്കം വന്ന കുട്ടികളെ തിരിച്ചറിയുക, അവർക്ക് മറ്റു കുട്ടികളുമായി സമ്പർക്കം വരാതെ നോക്കുക.

🔺എന്തെങ്കിലും ലക്ഷണമുള്ള കുട്ടികൾ സ്കൂളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.

3. മത, രാഷ്ട്രീയ, ഇതര സംഘടനകൾ

എല്ലാ കൂട്ടം ചേരലുകളും ഒഴിവാക്കുക. കൂട്ട പ്രാർഥനകൾ നിരുൽസാഹപ്പെടുത്തുക.

സമൂഹത്തിലെ താഴെതട്ടിലുള്ളവർക്കും വീടുകൾ ഇല്ലാത്തവർക്കും ക്വാറൻറൈനോ ഐസൊലേഷനോ ആവശ്യമായി വരികയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുക.

4. ജോലി സ്ഥലങ്ങൾ

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക.

എന്തെങ്കിലും ലക്ഷണം ഉള്ളവർ ഓഫീസിൽ വരുന്നത് വിലക്കുക.

അവർക്ക് ശമ്പളത്തോട് കൂടിയ അവധി നടപ്പിൽ വരുത്തുക.

വ്യക്തി ശുചിത്വത്തിന് ആവശ്യമായുള്ള സംവിധാനങ്ങൾ ഓഫീസുകളിൽ ഒരുക്കുക.

കൂടുതൽ ആളുകൾ സ്പർശിക്കാൻ ഇടയുള്ള ഉള്ള വാതിലിന്റെ ഹാൻഡിൽ, മേശ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കുക.

5. പൊതു ആരോഗ്യ സംവിധാനങ്ങൾ

🔰രോഗികളുമായി സമ്പർക്കം വന്നവരുടേയും രോഗമുള്ള രാജ്യങ്ങൾ സന്ദർശിച്ചവരുടേയും ലിസ്റ്റുകൾ പുതുക്കി കൊണ്ടിരിക്കുക.

🔰രോഗം സ്ഥിരീകരിച്ച വരെ ഐസൊലേറ്റ് ചെയ്യുക.

🔰നേരിട്ട് സമ്പർക്കത്തിൽ വന്നവരെയെല്ലാം ക്വാറൻറൈൻ ചെയ്യുക.

🔰ഫോൺ വഴിയുള്ള ഉള്ള മോണിറ്ററിംഗ് പ്രോത്സാഹിപ്പിക്കുക.

🔰പൊതു ജനത്തിനും രോഗികൾക്കുമായുള്ള നിർദ്ദേശങ്ങൾ കൃത്യമായി എത്തിക്കുക, അനുസരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

🔰പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയുള്ള രോഗികളുടെ വർധനവ് മുൻകൂട്ടി കണ്ട് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുക. പ്രത്യേകിച്ചും ഐസൊലേഷൻ സംവിധാനങ്ങൾ.

🔰രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ്, മൃതശരീരം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി നിർത്തുക.

ഇവിടെ നമ്മൾ ശ്രമിക്കുന്നത് രോഗം ഉൻമൂലനം ചെയ്യാനൊന്നുമല്ല. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ വേഗത കുറയ്ക്കാൻ. ഒരു അണക്കെട്ട് പൊട്ടിയാൽ ഉണ്ടാകുന്ന ആഘാതവും ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പതുക്കെ വെള്ളം തുറന്നു വിടുന്നതിന്റെ ആഘാതവും തമ്മിലുള്ള വ്യത്യാസമില്ലേ ? അതു തന്നെയാണ് കോവിഡിന്റെ കാര്യത്തിലും നാം ശ്രമിക്കേണ്ടത്.

എഴുതിയത്: Dr Shameer Vk
Info Clinic

Comments are closed.