DCBOOKS
Malayalam News Literature Website

ശബരിമലയിലെ ഇടതുപക്ഷത്തെ വിലയിരുത്താനുള്ള മാനദണ്ഡം തെരഞ്ഞെടുപ്പല്ല

കോടതിവിധിയെ നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക്, പ്രാകൃതമതബോധത്തിന്റെ നുകംപേറുന്നവരുടെ വോട്ടുകള്‍ നഷ്ടമായെന്നുവരാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് ഇടതുപാര്‍ട്ടികളും ഗവണ്‍മെന്റും സ്വീകരിക്കേണ്ട സമീപനത്തെ വിലയിരുത്താനുള്ള മാനദണ്ഡം തിരഞ്ഞെടുപ്പും വോട്ടുമല്ല. അടിസ്ഥാനമൂല്യങ്ങളോടും ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധതയ്ക്കു നല്‍കേണ്ടി വരുന്ന വിലയാണ് വോട്ടുചോര്‍ച്ചയെന്ന ക്ഷമാപണരഹിതവും നിര്‍ഭയവുമായ സമീപനമാണ് ഇടതുപാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ശബരിമലയിെല ഇടതുപക്ഷ സമീപനെത്ത വിലയിരുത്താനുള്ള മാനദണ്ഡം തെരഞ്ഞടുപ്പല്ല.

പ്രശസ്ത സാമൂഹികചിന്തകന്‍ ജെ.രഘു എഴുതിയ ലേഖനം

അടിസ്ഥാനപരമായ സാമൂഹികമാറ്റങ്ങള്‍ എക്കാലവും യാഥാസ്ഥിതിക സമൂഹത്തിന്റെ എതിര്‍പ്പും അപ്രീതിയും സമ്പാദിച്ചിട്ടുണ്ട്. അടിമകള്‍ അടിമത്തത്തെ സ്വാതന്ത്ര്യമായി കണ്ടിരുന്ന, സതിസമ്പ്രദായത്തെ അതിന്റെ ഇരകളായ സ്ത്രീകള്‍ പവിത്രമായി ആരാധിച്ചിരുന്ന, വിധവാവിവാഹ നിരോധനത്തെ വിധവകള്‍തന്നെ പൂജിച്ചിരുന്ന, പെണ്‍ഭ്രൂണഹത്യ ദൈവികമാണെന്നു കരുതിയിരുന്ന, ബ്രാഹ്മണദാസ്യം അഭിമാനമായി കരുതിയിരുന്ന, നമ്പൂതിരി സംബന്ധം ആഭിജാത്യമായി കരുതിയിരുന്ന, ജാതിവിവേചനം കര്‍മഫലമാണെന്നു കരുതിയിരുന്ന ഒരു ഭൂതകാലമാണു നമ്മുടേത്. ഈ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ക്കെതിരേ, ഇന്ത്യന്‍ സമൂഹത്തിനുള്ളില്‍ നിന്ന് അഗാധതലസ്പര്‍ശിയായ വിപ്ലവങ്ങളുണ്ടായിട്ടില്ലയെന്നതും ഒരു വസ്തുതയാണ്. ഈ ഭൂതകാലജീര്‍ണനകളെ ഭാഗികമായെങ്കിലും പരാജയപ്പെടുത്തിയത് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ആവിഷ്‌കരിച്ച നിയമങ്ങളാണ്. സതി നിരോധിക്കുന്ന നിയമത്തിനെതിരേ തെരുവിറങ്ങിയവരില്‍ അധികവും സ്ത്രീകളായിരുന്നു. നമ്മുടെ സ്വകാര്യവും പവിത്രവുമായ വിശ്വാസാചാര ജീവീതത്തിലേക്കു നുഴഞ്ഞു കയറുന്ന ഒരു ‘വൈദേശികശക്തി’ യായിട്ടാണ് ശരാശരി ഇന്ത്യാക്കാര്‍ നിയമത്തെ വീക്ഷിച്ചിരുന്നത്. നിയമവാഴ്ചയോടുള്ള വെറുപ്പിനെയും ഭയത്തെയും സ്വാതന്ത്ര്യാനന്തരകാലത്തേക്കു വ്യാപിപ്പിക്കുന്നതില്‍ ദേശീയപ്രസ്ഥാനവും ഒരു പങ്കു വഹിച്ചിട്ടുണ്ട്.

ശാസ്ത്രീയാവബോധം, മതേതരത്വം, യുക്തിചിന്ത എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്നതിന് നെഹ്‌റു സ്വീകരിച്ച സമീപനങ്ങള്‍, പൂര്‍ണമായ അര്‍ത്ഥത്തില്‍ വിജയിക്കാതിരുന്നതിനു കാരണം നിയമവാഴ്ചയോട് ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഈ ഭയമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍, വിവിധ മതങ്ങളുടെ പഴഞ്ചന്‍ ആചാരങ്ങളെ നവീകരിക്കുന്നതിന് ഭരണകൂടവും കോടതിയും സ്വീകരിച്ച നടപടികളെ വിശ്വാസി സമൂഹംതന്നെയാണ് എതിര്‍ത്തു തോല്പിച്ചത്. എന്നാല്‍, സമൂഹപുരോഗതിയുടെ ദീര്‍ഘകാല താത്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ-അതിന്റെ സംഖ്യാബലം എത്രതന്നെ വലുതായാലും-ക്ഷുദ്രമായ ഭാവുകത്വത്തെയും ജീവിതവീക്ഷണത്തെയും നിര്‍ഭയം നിരാകരിക്കുകയാണു വേണ്ടത്. പുരോഗമന-ഇടതുപ്രസ്ഥാനങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ മൗലിക പരിവര്‍ത്തനവും പുരോഗതിയുമാണെങ്കില്‍, അതിനു ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ ഈ പശ്ചാത്തലത്തിലാണു വിലയിരുത്തേണ്ടത്. സ്ത്രീ-പുരുഷസമത്വമെന്ന മൗലികമായ ഒരു ദര്‍ശമാണ് ഈ കോടതിവിധി ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീ -പുരുഷസമത്വമെന്ന ആദര്‍ശത്തിനെതിരേ തെരുവിറങ്ങി എന്നതും ഒരു വസ്തുതയാണ്. ആര്‍ത്തവംപോലെയുള്ള ശാരീരികപ്രക്രിയകളെ ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തില്‍ കാണാന്‍ പഠിപ്പിക്കുന്ന പ്രാകൃതമായ മതബോധം ഈ സ്ത്രീകളുടെ ലോകബോധത്തെ അത്രമേല്‍ സ്വാധീനിച്ചിരുന്നു എന്നതാണ് അതിനു കാരണം. ഈ മതബോധത്തിനു കീഴടങ്ങുകയും കോടതിവിധിയെ നിരാകരിക്കുകയുമാണോ പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്?

കോടതിവിധിയെ നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക്, പ്രാകൃതമതബോധത്തിന്റെ നുകംപേറുന്നവരുടെ വോട്ടുകള്‍ നഷ്ടമായെന്നുവരാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് ഇടതുപാര്‍ട്ടികളും ഗവണ്‍മെന്റും സ്വീകരിക്കേണ്ട സമീപനത്തെ വിലയിരുത്താനുള്ള മാനദണ്ഡം തിരഞ്ഞെടുപ്പും വോട്ടുമല്ല.അടിസ്ഥാന മൂല്യങ്ങളോടും ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധതയ്ക്കു നല്‍കേണ്ടി വരുന്ന വിലയാണ് വോട്ടുചോര്‍ച്ചയെന്ന ക്ഷമാപണരഹിതവും നിര്‍ഭയവുമായ സമീപനമാണ് ഇടതുപാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.

ആധുനികവും ശാസ്ത്രീയവുമായ ജീവിതവീക്ഷണവും മൂല്യവും ഉറച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍, ദുരാചാരങ്ങള്‍ക്കെതിരായ തത്ത്വാധിഷ്ഠിത സമീപനങ്ങളോട് ശരാശരി ജനതയ്ക്കു പെട്ടെന്ന് പൊരുത്തപ്പെടാനാവാതെ വരുന്നത് സ്വാഭാവികമാണ്. തത്ത്വാധിഷ്ഠിത നിലപാടുകള്‍ക്കു നല്‍കേണ്ടി വരുന്ന അനിവാര്യമായ വിലയായിട്ടാണ് ഇതിനെ ഇടതുപക്ഷം കാണേണ്ടത്.

ശബരിമലയിലെ സുപ്രീംകോടതി വിധിയും സംസ്ഥാന ഗവണ്‍മെന്റും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടും ഇടതുപക്ഷത്തുതന്നെയുള്ള ഗണ്യമായൊരു വിഭാഗത്തിന് സ്വീകാര്യമായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇതില്‍ ചെറിയൊരു വിഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോ ബി.ജെ.പിക്കോ വോട്ടു ചെയ്തിരിക്കാനും സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കേണ്ട സമീപനമെന്തായിരിക്കണം? അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള ശരാശരി ജനതയുടെ ആഭിമുഖ്യത്തെ വിമര്‍ശിക്കാതെയും മുറിവേല്പിക്കാതെയും ഒരു സമൂഹത്തിനും പുരോഗമിക്കാനാവില്ല. കേരളസമൂഹത്തിന്റെ ദീര്‍ഘകാലതാത്പര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ശബരിമലയുടെ പേരിലുണ്ടായതായി പറയപ്പെടുന്ന താല്‍ക്കാലിക തെരഞ്ഞെടുപ്പ് നഷ്ടത്തെ ഒരു പരാജയമായി കാണാന്‍ കഴിയില്ല. ആധുനികതയും വിശ്വാസവും തമ്മിലുളള അനിവാര്യ സംഘര്‍ഷത്തില്‍, ഇടതുപാര്‍ട്ടികള്‍ ആധുനികതയ്‌ക്കൊപ്പമാണു നില്‍ക്കേണ്ടത്. ലോകത്തെവിടെയും ആധുനിക താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ശരാശരി ജനതയുടെ അവികസിത-ഫ്യൂഡല്‍ മനോഭാവങ്ങള്‍ക്കു മുമ്പില്‍ അനഭിമതരായിട്ടുണ്ട് എന്നതു നിഷേധിക്കാനാവില്ല. ശരാശരി ജനതയുടെ അപ്രീതിയെ ഭയന്ന്, പുരോഗമനപ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആധുനികതാമൂല്യങ്ങള്‍ ഉപേക്ഷിച്ചിരുന്നുവെങ്കില്‍, മനുഷ്യസമൂഹം ഇന്നും മധ്യയുഗത്തിന്റെ മതാന്ധതയില്‍നിന്ന് മുക്തമാകുമായിരുന്നില്ല. യുക്തി, ശാസ്ത്രം, മതേതരത്വം, നിയമവാഴ്ച, ജനാധിപത്യം, ഭരണഘടന തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആരംഭത്തില്‍ ശരാശരി ജനതയുടെ നിരാസത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. നവോത്ഥാനം, പ്രബുദ്ധത, ശാസ്ത്രീയ വിപ്ലവം എന്നീ മഹാപ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍, അവര്‍ക്കു ചുറ്റുമുള്ള ശരാശരി ജനതയുടെ താത്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും മുന്‍ഗണന നല്‍കിയിരു ന്നുവെങ്കില്‍, ലോകചരിത്രത്തിന്റെ ഗതി എന്താകുമായിരുന്നു? ശരാശരി ജനതയുടെ ശീലങ്ങളെയും വിശ്വാസങ്ങളെയും മുറിപ്പെടുത്താന്‍, ഗലീലിയോയും ന്യൂട്ടനും റൂസ്സോയും വോള്‍ട്ടയറും ഡാര്‍വിനും ധൈര്യപ്പെട്ടതുകൊണ്ടാണ് ആധുനിക ലോകം സാധ്യമായത്. താല്‍ക്കാലികമായി വിശ്വാസം വ്രണപ്പെട്ട ശരാശരി ജനതയുടെ ദീര്‍ഘകാല താത്പര്യങ്ങളെ സംരക്ഷിച്ചതും ആചാരലംഘകരായിരുന്നു…

തുടര്‍ന്നു വായിക്കാം

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.