DCBOOKS
Malayalam News Literature Website

നവോത്ഥാനത്തെക്കുറിച്ച് നിങ്ങളെന്തു കരുതി?

പീറ്റര്‍ ബര്‍ഗര്‍ പറയുംപോലുള്ള സാംസ്‌കാരികമായ ഒരുപുനരുജ്ജീവനത്തെയാണ് പൊതുവേ നാം ‘നവോത്ഥാനം’ എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ, ഈ സംജ്ഞ ആദ്യമായി ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെട്ടത് യൂറോപ്പില്‍ മദ്ധ്യകാലത്തിനു ശേഷം, പതിന്നാലു മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ നീണ്ട, സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവും സാമ്പത്തികവുമായ പുനരുജ്ജീവനത്തെയാണ്. അവിടത്തെ ക്ലാസ്സിക്കല്‍ കൃതികളിലേക്കും പാരമ്പര്യത്തിലേക്കും തിരിച്ചു ചെന്ന് അവയില്‍നിന്ന് ധൈഷണികവും തത്ത്വചിന്താപരവും സൗന്ദര്യാത്മകവുമായ ഊര്‍ജ്ജം നേടിയാണ് ഈ പുനരുജ്ജീവനം നടന്നതെന്നു നമുക്കറിയാം. മദ്ധ്യകാലമൂല്യങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള വിമുക്തിയും വ്യക്തിയെ കേന്ദ്രമാക്കുന്ന ഒരു സമീപനവും പ്രകൃതിയിലും ഭൗതികലോകത്തിലുമുള്ള പുതിയ ഒരു ജിജ്ഞാസയും ഇക്കാലത്ത് വളര്‍ന്നു വന്നു. ഗ്രീസ്സിന്റെയും റോമിന്റെയും ക്ലാസ്സിക്കല്‍ പൈതൃകം വീണ്ടും കണ്ടെത്തപ്പെട്ടു. മാര്‍പ്പാപ്പയെയും റോമാസാമ്രാജ്യത്തെയും കേന്ദ്രമാക്കിയുള്ള സാര്‍വത്രികവീക്ഷണം ചോദ്യംചെയ്യപ്പെട്ടു. പ്ലാറ്റോണിക് തത്ത്വചിന്ത ക്രിസ്തുമതത്തെ സ്വാധീനിച്ചു. പല തലങ്ങളില്‍ പല കാലങ്ങളിലായി നടന്ന പരിവര്‍ത്തനങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ആകത്തുകയെ
യാണ് ‘നവോത്ഥാനം’എന്ന പദം കൊണ്ട് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാന്‍ ശ്രമിച്ചത്. ആധുനികത, പുരോഗതി ഇവയിലേക്കുള്ള യൂറോപ്പിന്റെ നീക്കമായും അത് ആഘോഷിക്കപ്പെട്ടു.

എന്നാല്‍ ഈ സംജ്ഞ സൂചിപ്പിക്കുന്ന വിജയഭാവം ഇന്നു സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഭൗതികലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങള്‍, സ്വകാര്യമൂലധനത്തില്‍ അധിഷ്ഠിതമായ വാണിജ്യ പരിശ്രമങ്ങള്‍, ദേശങ്ങളുടെ ജനനം, നഗര ജീവിതത്തിന്റെ പുനരുത്ഥാനം, ഭാഷാസാഹിത്യങ്ങളുടെ വളര്‍ച്ച, മതസ്ഥാപനങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്കു വര്‍ദ്ധിച്ച പങ്ക്, പൗരോഹിത്യത്തിലെ പരിഷ്‌കരണങ്ങള്‍, സാമ്രാജ്യത്വത്തിന്റെയും പോപ്പിന്റെ അധികാരത്തിന്റെയും അനുക്രമമായ ക്ഷയം, ഒപ്പംതന്നെ ദേശങ്ങള്‍ക്കകത്ത് ഭൂസ്വത്തും വാണിജ്യസമ്പത്തും കയ്യിലുള്ള വരേണ്യവര്‍ഗങ്ങളുടെ നെടുനായകത്വം ഇവയെല്ലാം അക്കാലത്തെ നിര്‍വ്വചിച്ച ചില സവിശേഷതകളായിരുന്നു. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ ഷൂള്‍ മിഷേലെ (Jules Michelet: History of France), ജേക്കബ് ബര്‍ക്ക്ഹാര്‍ട്ട് (Jacob Burckhardt: The Civilization of the Renaissance) എന്നീ ചരിത്രകാരന്മാര്‍ പറയുംപോലെ അക്കാലത്ത് ലോകവും മനുഷ്യനും പുതുതായി കണ്ടുപിടിക്കപ്പെട്ടെങ്കില്‍ അത് ക്ലാസ്സിക്കുകളുടെ സ്വാധീനത്തില്‍ കലയിലും സാഹിത്യത്തിലും സംഭവിച്ച പരിവര്‍ത്തനങ്ങളില്‍തന്നെയാണ് അന്വേഷിക്കേണ്ടത്. ഇറ്റലിയില്‍ അവിടെത്തന്നെ റോം, വെനീസ്, ഫ്‌ലോറെന്‍സ് എന്നീ നഗരങ്ങളില്‍മാത്രം സംഭവിച്ച ഒരു ഉയിര്‍ത്തെഴുന്നേല്പായിട്ടാണ് ആദ്യകാലത്ത് നവോത്ഥാനം വ്യാഖ്യാനിക്കപ്പെട്ടതെങ്കിലും പിന്നീട് യൂറോപ്പില്‍ ചെറുതും വലുതുമായ ഒട്ടേറെ കേന്ദ്രങ്ങള്‍ അതിന്നുണ്ടായിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്; ഒപ്പംതന്നെ സ്ത്രീപുരുഷതുല്യതയെപ്പറ്റിയും മറ്റുമുള്ള അതിന്റെ പല അവകാശവാദങ്ങളും ചോദ്യംചെയ്യപ്പെട്ടിട്ടുമുണ്ട്.

പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നടന്നതും അതേ മാതൃകയില്‍ തന്നെ മറ്റു രാജ്യങ്ങളില്‍ നടക്കേണ്ടതുമായ ഒരു പ്രസ്ഥാനമാണ് നവോത്ഥാനം എന്ന പടിഞ്ഞാറന്‍ പണ്ഡിതരുടെയും അവരുടെ ഇന്ത്യന്‍ശിഷ്യന്മാരുടെയും സങ്കല്പനം ഇന്നു സ്വീകാര്യമല്ലാതായിട്ടുണ്ട്. ആ സങ്കല്പനത്തിനു പിന്നിലുള്ളത് സംസ്‌കാരത്തെ സംബന്ധിച്ച ഒരു ശ്രേണീകൃതവീക്ഷണമാണ്. പടിഞ്ഞാറാണ് എല്ലാ പുരോഗതിയുടെയും കേന്ദ്രം എന്നും അതിന്നൊപ്പമെത്താനാണ് മറ്റു നാടുകള്‍ ശ്രമിക്കേണ്ടതെന്നും ഇന്നത്തെ യൂറോപ്പ് അഥവാ അമേരിക്ക എന്നതാണ് നാളെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എത്തിച്ചേരേണ്ട അവസ്ഥയാണെ
ന്നുമുള്ള കാഴ്ചപ്പാടാണ് അത്. ഏതാണ്ട് ക്രീറ്റന്‍ ഹെല്ലെനിക് സംസ്‌കാരങ്ങളുടെ കാലത്തുതന്നെ സിന്ധു നദീതട സംസ്‌കാരം (അതിന്റെ നിര്‍മ്മാതാക്കളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ അവിടെ നില്‍ക്കട്ടെ) നിലനിന്നിരു
ന്നു എന്നും ക്രിസ്തുവിനും എത്രയോ മുന്‍പ് വേദങ്ങളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും രാമായണ മഹാഭാരതങ്ങളും പാര്‍ശ്വര്‍, കപിലര്‍, മഹാവീരന്‍, ഗോശാല, പതഞ്ജലി, ചാര്‍വാകന്‍, അജിതകേശകമ്പിളി തുടങ്ങിയ ചിന്തകരും ജൈന ബുദ്ധ ദര്‍ശനങ്ങളും ഉണ്ടായി എന്നും ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലത്തു തന്നെ നാഗാര്‍ജുനനും മഹായാനബുദ്ധമതവും തന്ത്രവും പുരാണങ്ങളും പഞ്ചതന്ത്രവും പ്രജ്ഞാപരിമിതയും ശങ്കരനും ഷഡ്ദര്‍ശനങ്ങളും രാമാനുജനും മറ്റും ഉണ്ടായി എന്നും, ക്രിസ്ത്വബ്ദം നാല് മുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകള്‍ ഇന്ത്യന്‍ ശില്പവാസ്തുകലകളുടെ ഗുപ്ത, ചാലൂക്യ,രാഷ്ട്രകൂട, പല്ലവ, ചോള, രജ്പുത്, ഹൊയ്‌സലശൈലികളുടെ സുവര്‍ണ്ണകാലം ആയിരുന്നു എന്നും ക്രിസ്ത്വബ്ദം ആറും ഏഴും നൂറ്റാണ്ടില്‍ സാമൂഹ്യസമത്വം സ്വപ്നം കണ്ട തമിഴ് ശൈവരും പതിനൊന്നുപന്ത്രണ്ടു നൂറ്റാണ്ടോടെ ജാതിവര്‍ഗവംശ ലിംഗ വിവേചനങ്ങള്‍ ഇല്ലാത്ത ചെറിയ മാതൃകാസമൂഹങ്ങള്‍ സൃഷ്ടിച്ച കന്നഡ വീരശൈവരും തുടര്‍ന്ന് തെലുങ്ക്, മറാഠി, ഗുജറാത്തി, ബ്രജ്, രാജസ്ഥാനി, ഭോജ്പുരി, ബനാറസി, ആസ്സമിയാ, ബംഗ്ലാ, ഒഡിയാ, പഞ്ചാബി, മലയാളം തുടങ്ങിയ ഭാഷകളിലും മനുഷ്യതുല്യതയില്‍ ഊന്നിയ ആയിരക്കണക്കിന് ഭക്തിസൂഫി പാരമ്പര്യങ്ങളില്‍ പെട്ട ദാര്‍ശനികകവികള്‍ ഉയര്‍ന്നു വന്നുവെന്നും ഓര്‍ക്കുകയും ഹെയിന്റിഹ് സിമ്മര്‍ ചെയ്യുംപോലെ അക്കാലങ്ങളിലെ പാശ്ചാത്യലോകത്തിന്റെ സ്ഥിതിയുമായി ഇതിനെ താരതമ്യം ചെയ്യുകയും മാത്രം മതി ഈ വീക്ഷണം പൊളിഞ്ഞു പോകാന്‍.

യൂറോപ്യന്‍ നവോത്ഥാനം എന്ന, ക്ലാസിക്കുകളിലേക്കുള്ള പിന്മടക്കത്തിന്റെയും ക്രിസ്തു മതനവീകരണത്തിന്റെയും സംയുക്തത്തെ ഇന്ത്യന്‍ നവോത്ഥാനവുമായി താരതമ്യപ്പെടുത്തുന്നതില്‍, അവ തമ്മിലുള്ള ചില ബാഹ്യസമാനതകള്‍ക്കപ്പുറം വലിയ യുക്തിയുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യനവസ്ഥയില്‍, ഏകകാലത്തു സംഭവിച്ച ഏകശിലാരൂപമായ ഒറ്റ നവോത്ഥാനം എന്നതിനെക്കാള്‍ പല കാലത്ത് പലയിടങ്ങളില്‍ പല മാതിരി സംഭവിച്ച നവോത്ഥാനതരംഗങ്ങളുടെ ഒരു പരമ്പര എന്ന സങ്കല്പമാവും അനുയോജ്യം. ഉദാഹരണത്തിന് ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍, പഴയ ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ത്തു കളഞ്ഞ ജാതിവ്യവസ്ഥയെയും ഹിംസാധിഷ്ഠിതമായ രാജാധികാരത്തെയും നീതിരഹിതമായ ബ്രാഹ്മണപൗരോഹിത്യത്തെയും മതത്തിന്റെ പേരിലുള്ള ദുരാചാരങ്ങളെയും വേദാധികാരത്തെയും യജ്ഞസംസ്‌കാരത്തെയും ചോദ്യംചെയ്ത സമത്വോന്മുഖവും മാനുഷികവുമായ ബുദ്ധധര്‍മ്മത്തിന്റെ ഉദയവുംവ്യാപനവും ഒരു വലിയ നവോത്ഥാനമായിരുന്നു. തക്ഷശില മുതല്‍ താമ്രലിപ്തിവരെയുള്ള , വിജ്ഞാനകേന്ദ്രങ്ങള്‍കൂടിയായ, നഗരങ്ങളും റോം മുതല്‍ ചൈനവരെ ഇന്ത്യ നേടിയ പ്രശസ്തിയും അശോകനും ചന്ദ്രഗുപ്തനും ശിലാദിത്യനും മറ്റും മറുനാടുകളിലേക്കയച്ച ധര്‍മ്മപ്രചാരകര്‍ക്ക് ഏഷ്യ മുഴുവന്‍ ലഭിച്ച സ്വീകാര്യതയും ഭൗതിക ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും നവാങ്കുരങ്ങളും എല്ലാം ചേര്‍ന്നാണ് ആ കാലഘട്ടത്തെ ഒരു പുനരുജ്ജീവനയുഗമാക്കിയത്. അതേ സമയത്തു തന്നെ ഗ്രീസ്സില്‍ സോക്രട്ടീസും ചൈനയില്‍ ലാവോസുവും കണ്‍ഫ്യൂഷ്യസ്സും പോലുള്ള സ്ഥിതവ്യവസ്ഥാ വിമര്‍ശകരായ ചിന്തകര്‍ ഉയര്‍ന്നു വന്നു എന്നും കാണേണ്ടതുണ്ട്. വിവേകത്തിലും സദാചാരത്തിലും കരുണയിലും അഹിംസയിലും അധിഷ്ഠിതമായ ഒരു ഹ്യൂമനിസമാണ് ബുദ്ധന്‍ പ്രചരിപ്പിച്ചത്.

പുരോഹിത മാധ്യസ്ഥമില്ലാതെ തന്നെ വ്യക്തികള്‍ക്കു ബോധോദയം സാധ്യമാണെന്ന അദ്ദേഹത്തിന്റെ വിപ്ലവകരമായ നിലപാടാണ് പിന്നീട് ഭക്തിപ്രസ്ഥാനകാലത്ത് ബസവയും നാമദേവനും മുതല്‍ കബീറും ലാല്‍ ദെദ്ദുംവരെയുള്ളവര്‍ക്കു വെളിച്ചമായത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ എന്ന യഹൂദബ്രാഹ്മണ സങ്കല്പം തിരസ്‌കരിച്ച് എല്ലാ ജനങ്ങളും സമസൃഷ്ടരാണെന്ന ഹ്യൂമനിസ്റ്റ് ഭാവന സ്വീകരിക്കുകയാണ് ക്രിസ്തുവും ബുദ്ധനും മുഹമ്മദ് നബിയും അവരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടവരും ചെയ്തത്. അങ്ങനെ മതത്തെയും ജാതിയെയും പീഡനയന്ത്രമാക്കുന്നവര്‍ക്കെതിരായ ഒരു കലാപമനോഭാവം, നൈതികമായ ഒരു ആത്മീയത, കിഴക്കും പടിഞ്ഞാറും രൂപംകൊണ്ടു. പിന്നീടിങ്ങോട്ട് രാമകൃഷ്ണനും വിവേകാനന്ദനും ഗാന്ധിയും ശ്രീനാരായണഗുരുവും വരെയുള്ളവര്‍ക്കു വഴി തുറന്നത് ഈ സമതാദര്‍ശനമാണെന്നു കാണാം.

തുടര്‍ന്നു വായിക്കാം

കെ.സച്ചിദാനന്ദന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 മെയ് ലക്കം പച്ചക്കുതിരയില്‍

 

Comments are closed.