DCBOOKS
Malayalam News Literature Website

മതത്തില്‍നിന്നുള്ള പരിവര്‍ത്തനങ്ങള്‍

ഏഷ്യയില്‍ ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ സ്ത്രീ എന്ന ഖ്യാതി നേടിയ കെ.ജാമിദ ബീവിയുമായി പി.ടി മുഹമ്മദ് സാദിഖ് നടത്തിയ അഭിമുഖസംഭാഷണം

ജാമിദ ടീച്ചര്‍ എന്ന കെ. ജാമിദ ബീവി പഠിച്ചതു മുഴുവന്‍ മത വിദ്യാലയങ്ങളിലാണ്. പഠിപ്പിച്ചതു മുഴുവന്‍ മതപാഠങ്ങളാണ്. ഖുര്‍ആനും ഹദീസും പ്രാര്‍ഥനകളും. പഠിക്കുന്ന കാലത്തുതന്നെ മതസംബന്ധമായി അനേകം സംശയങ്ങളുണ്ടായി. സംശയങ്ങളെ അധ്യാപകര്‍ അടിയും അപമാനവും നല്‍കിയാണ് ദൂരികരിച്ചത.് പഠിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ പഴയ സംശയങ്ങള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നു വരാന്‍ തുടങ്ങി. ഗ്രന്ഥങ്ങള്‍ പരതി അവയ്‌ക്കൊക്കെ പിന്നീട് സ്വയം ഉത്തരം കണ്ടെത്തി. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് സ്ത്രീകള്‍ക്കും നേതൃത്വം നല്‍കാം എന്നു സ്വയം ബോധ്യപ്പെടുകയും 2018 ജനുവരി 26-ന് അത് നടപ്പിലാക്കുകയും ചെയ്തു. അതിനുശേഷം അവര്‍ ആദ്യനബി വചനങ്ങളെ തള്ളിക്കളഞ്ഞു. പിന്നീട് ഖുര്‍ആനിനെ തള്ളിപ്പറഞ്ഞു. ഒടുവില്‍ തീര്‍ത്തും യുക്തിവാദിയായി. ഇപ്പോള്‍ യുട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രേഷകരുള്ള യുക്തിവാദ പ്രാസംഗികയാണ് ജാമിദ.

ഈ യാത്രയില്‍ ജാമിദ അനുഭവിച്ച ദുരിതങ്ങള്‍ ഏറെയാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടു. പലതരം പീഡനങ്ങള്‍. രണ്ടു തവണ വീടു കയറി ആക്രമണം. ടിപ്പറിടിച്ചു വധിക്കാന്‍ ശ്രമം. സോഷ്യല്‍ മീഡിയയിലെ ഭീഷണിയും അപമാനവും വേറെ. ശവത്തിനു മുകളില്‍ ജാമിദയുടെ തല പിടിപ്പിച്ച ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ജൂതന്മാരുടെ പിണിയാളെന്ന ആരോപണം ആദ്യംതന്നെ പതിച്ചു. സംഘപരിവാറിന്റെ പാവയെന്നും യുക്തിലാദികളുടെ കളിപ്പാട്ടമെന്നും വിളികള്‍ പിന്നെയും കേട്ടു. എങ്കിലും തന്റെ ബോധ്യങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ് ജാമിദ ടീച്ചര്‍.

പി.ടി. മുഹമ്മദ് സാദിഖ്: കുട്ടിക്കാലവും കുടുംബത്തിന്റെ മതപരായ ഒരു പശ്ചാത്തലവും എങ്ങിനെയായിരുന്നു?

കെ. ജാമിദ ബീവി: ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ വട്ടക്കാവിലാണ്. ഒരു പക്കാ കുഗ്രാമം. ബാപ്പ ചെറുപ്പത്തിലേ മരിച്ചു. ഞങ്ങള്‍ പതിമൂന്നു മക്കളാണ്. ഞാന്‍ പതിമൂന്നാമത്തെ ആളാണ്, മൂന്നു പേര്‍ മരിച്ചു. ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളുമൊക്കെ സഹിച്ചാണ് വളര്‍ന്നത്. മൂത്ത സഹോദരിയുടെ ഭര്‍ത്താവിന് പാളയം പള്ളിയില്‍ പ്യൂണായി ജോലി കിട്ടി. അവര്‍ കുടുംബ സമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. അവര്‍ ഞങ്ങളെ ഓരോരുത്തരെയായി തിരുവനന്തപുരത്തേക്ക് പറിച്ചു നടുകയാണ് ചെയ്തത്.

എന്റെ സമയം വന്നപ്പോള്‍ സഹോദരങ്ങള്‍ക്കിടയില്‍ പ്രശ്‌നമായി. ഞാനൊരു പെണ്‍കുട്ടിയാണ്. പഠിപ്പിക്കണം, കെട്ടിക്കണം. എന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയാറായില്ല. സഹോദരങ്ങളൊക്കെ മുജാഹിദ് ആശയക്കാരാണ്. എന്നെ എറണാകുളം പുല്ലേപ്പടിയിലെ ഒരു യതീംഖാനയില്‍ ആക്കി. പത്താംക്ലാ
സു കഴിഞ്ഞപ്പോള്‍ മൂത്ത സഹോദരി എന്നെ മലപ്പുറം എടവണ്ണ ജാമിഅ നദവിയ്യ അറബിക് കോളേജില്‍ കൊണ്ടുപോയി ചേര്‍ത്തു. അവിടെ അഞ്ചു വര്‍ഷം പഠിച്ചു. പിന്നീട് തിരുവനന്തപുരം സലഫി അക്കാദമിക് കോളജില്‍ ബാക്കി പഠിച്ചു. ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി.

പഠിക്കുമ്പോള്‍ സംശയങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നോ? അധ്യാപകരുടെ പ്രതികരണം എങ്ങിനെയായിരുന്നു?

പഠിക്കുന്ന കാലത്തുതന്നെ ആശയപരമായും ആദര്‍ശപരമായും പലതരം സംശയങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു. പലപ്പോഴും പല ചോദ്യങ്ങള്‍ക്കും പ്രഹരമായിരുന്നു മറുപടി. അധ്യാപകരുടെ ഭാഗത്തു നിന്നു തൃപ്തികരമായ സംശയ നിവാരണമുണ്ടായില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ നമ്മളെ പല കാര്യങ്ങളില്‍നിന്നും അകറ്റി നിര്‍ത്തുക, ചെയ്യാത്ത തെറ്റിനു മാരകമായി ശിക്ഷിക്കുക. മുന്‍വൈരാഗ്യത്തോടുകൂടി പെരുമാറുക എന്നിങ്ങനെയായിരുന്നു അവരുടെ പ്രതികരണം.

കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അധ്യാപകര്‍ അടിക്കാറുണ്ടോ?

എന്റെ ക്ലാസില്‍ നന്നായി വരയ്ക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടി ഒരു ചിത്രം ബോര്‍ഡില്‍ വരിച്ചിട്ടു. ഒറ്റമുണ്ടുടുത്ത് ഒരു അധ്യാപകന്‍ നിന്നു പഠിപ്പിക്കുന്ന ചിത്രമായിരുന്നു. അധ്യാപകന്‍ വന്നു കയറിയപാടെ ഈ ചിത്രം കണ്ടു. അദ്ദേഹം ഒരു വടിയെടുത്തു കൊണ്ടുവന്നു എന്നെ പൊതിരെ തല്ലി. ആരാണ് ചെയ്തതെന്ന് അദ്ദേഹം അന്വേഷിച്ചില്ല. ക്ലാസിലെ റിബല്‍ ഞാനായതുകൊണ്ടാകും. കുറേയൊക്കെ അടി കൊണ്ടു. സഹിക്കാന്‍ പറ്റാതായപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്ക്കു കയറിപ്പിടിച്ചു. ഇനിയെന്നെ അടിക്കരുത്, അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്നു പറഞ്ഞു.

ഞാനാണെങ്കില്‍ കോളേജില്‍ തീര്‍ത്തും അനാഥയായിരുന്നു. എന്നെ നോക്കാനും കാണാനുംആരും വരാറില്ല. അങ്ങിനെയുള്ളൊരാള്‍ ഞാന്‍ മാത്രമേയുള്ളു. എനിക്കു ചോദിക്കാനും പറയാനും ആരുമില്ല. മറ്റു കുട്ടികളെയൊക്കെ കാണാന്‍ എല്ലാ വ്യാഴാഴ്ചയും വീട്ടില്‍നിന്നു ആളുകള്‍ വരും. വെള്ളിയാഴ്ച കോളേജ് അവധിയാണ്. അവരെ വീട്ടിലേക്കു കൊണ്ടുപോകും. ചിലപ്പോള്‍ രണ്ടാം ശനിയും ഞായറും അവധിയാകും. എല്ലാവരും പോയിക്കഴിഞ്ഞാല്‍, മിക്ക ആഴ്ചകളിലും ഞാന്‍ തനിച്ചാകും. എനിക്കു വീടും കൂടുമില്ല. എല്ലാ കുട്ടികളുടേയും രക്ഷിതാക്കള്‍ ഫോണ്‍ വിളിക്കും. എനിക്കു അങ്ങിനെ വിളിക്കാനും ആരുമില്ല. എന്നോട് എന്തും ചെയ്യാന്‍ പറ്റുമെന്ന നിലപാടായി അധ്യാപകര്‍ക്ക്. അപ്പോള്‍ എനിക്ക് അവരോട് പ്രതികരിക്കേണ്ടി വന്നു.

ഉസ്താദ് ചെറുപ്പക്കാരനാണ്. അവിവാഹിതന്‍. ഞാനും അയാളും തമ്മില്‍ രണ്ടോ മൂന്നോ വയസ്സിന്റെ വ്യത്യാസമേ കാണൂ. എനിക്ക് ഇരുപത്തൊന്നു വയസ്സാണ്. ഒറ്റമുണ്ട് ഉടുത്താണ് അദ്ദേഹം വരിക. മേശപ്പുറത്ത് കയറിയിരിക്കും. കാലിന്റെ മുകളില്‍ കാലു കയറ്റിവെക്കും. പെണ്‍കുട്ടികള്‍ക്ക് അതു കാണുന്നത് അരോചകമാണ്. അതിലുള്ള പ്രതിഷേധമായിരുന്നു ആ ചിത്രം.

പിന്നീട് എപ്പോഴാണ് മതം പഠിപ്പിക്കാന്‍ തീരുമാനിക്കുന്നത്?

പഠനം കഴിഞ്ഞു, വിവാഹമായി. എനിക്കു തീരെ ഇഷ്ടമില്ലാത്ത ഒരു വിവാഹമായിരുന്നു അത്. ഭര്‍ത്താവ് തമിഴ്‌നാട്ടുകാരനാണ്. പ്രായത്തിലും വലിയ വ്യത്യാസം. എല്ലാവരും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു അവകാശമോ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലെന്നു എനിക്കു മനസ്സിലായി. മൂന്നു മനോരോഗികളുള്ള ഒരു വീടായിരുന്നു അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്തെ ഒരു വാടകവീട്ടിലായിരുന്നു ഭര്‍ത്താവിന്റെ കുടുംബം താമസിച്ചിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അദ്ദേഹം. ആ ബന്ധത്തില്‍ പൊരുത്തപ്പെട്ടുപോകാന്‍ ഞാന്‍ ഒരുപാടു ബുദ്ധിമുട്ടി. സഹോദരങ്ങളെ സമീപിച്ച് എനിക്കു പറ്റുന്നില്ലെന്നു പല വട്ടം പറഞ്ഞു. വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ ഞാന്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. സ്ത്രീധനം ചോദിച്ചു വീട്ടുകാര്‍ പീഡിപ്പിക്കുമായിരുന്നു.

അഡ്ജസ്റ്റു ചെയ്തു പോകാനാണ് വീട്ടകാര്‍ പറഞ്ഞത്. വീട്ടില്‍ ഒരാള്‍ വിവാഹമോചനം ചെയ്തു വന്നു നില്‍ക്കുന്നത് മറ്റു കുട്ടികളുടെ വിവാഹത്തെയൊക്കെ ബാധിക്കുമെന്നായിരുന്നു അവരുടെ ന്യായം. തിരുവനന്തപുരത്ത് സലഫി സെന്ററില്‍ ചെന്നു എന്റെ അധ്യാപകനോട് വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞത്, ഒരു വിവാഹമോചനം നടക്കുമ്പോള്‍ അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുമെന്നായിരുന്നു. അദ്ദേഹവും പറഞ്ഞു, അഡ്ജസ്റ്റ് ചെയ്തു പോകാന്‍. പുരുഷന്‍ ചെളി കാണുമ്പോള്‍ ചവിട്ടും, വെള്ളം കാണുമ്പോള്‍ കഴുകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ചുരുക്കത്തില്‍ എല്ലായിടത്തും എനിക്കൂ നീതി നിഷേധിക്കപ്പെട്ടു. ഒരു മുസ്‌ലിം സ്ത്രീക്ക് പുരുഷനെ ഒഴിവാക്കണമെങ്കില്‍ ഒരുപാട് പരിമിതികളുണ്ട്. ആരെ സമീപിച്ചാലാണ് എനിക്ക് എന്റെ അവകാശം നേടിയെടുക്കാന്‍ പറ്റുക എന്നെനിക്ക് അറിയില്ലായിരുന്നു. അകപ്പെട്ടുപോയാല്‍ അതില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണെന്നാണ് നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്. അതോടെ, എന്തിലെങ്കിലും എന്‍ഗേജ്ഡ് ആകാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഹോം ട്യൂഷന്‍ ഒരു സ്‌കോപ്പുള്ള സംഗതിയാണ്. ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പല വീടുകളില്‍ പോകാന്‍ തുടങ്ങി. എല്ലാ വിഷയങ്ങളും എടുക്കുമായിരുന്നു. പിന്നീട് ഇസ്ലാമിക വിഷയങ്ങള്‍ മാത്രം എടുക്കാന്‍ പലരും നിര്‍ദേശിച്ചു. സലഫി സെന്ററില്‍ കുട്ടികളെ മദ്രസാ വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള ജോലിയുമായി. അവിടെ തന്നെ ചെറിയ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കി. ആഴ്ചയില്‍ ഒരു ദിവസം ഖുര്‍ആന്‍ ക്ലാസ് മാത്രം എടുക്കും. ഒരു വീടു കേന്ദ്രീകരിച്ചു കുറേ സ്ത്രീകളെ സംഘടിപ്പിച്ച്, ഖുര്‍ആനും ഹദീസും പ്രാര്‍ഥനകളും പഠിപ്പിക്കും. റമദാനിലെ തറാവീഹ് നമസ്‌കാരത്തിനു നേതൃത്വം നല്‍കും. പല വീട്ടുകാരും അതിനുള്ള സൗകര്യം ഒരുക്കി തന്നു. ഇതിനിടെ ചില ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു.

അന്നൊക്കെ ഏതെങ്കിലും ഇസ്ലാമിക സംഘടനയിലുണ്ടായിരുന്നോ?

അന്നു ഞാന്‍ മുജാഹിദ് സംഘടനയിലാണുള്ളത്. സംഘടനയില്‍ പിന്നീട് അടിയായി. ജിന്നു ഗ്രൂപ്പും ഔദ്യോഗിക ഗ്രൂപ്പുമായി പിളര്‍ന്നു. ഇവര്‍ക്കൊന്നും ആത്യന്തികമായി പരലോകലക്ഷ്യമല്ല മുന്നിലുള്ളതെന്നു എനിക്കു തോന്നി. ഇവര്‍ക്കൊക്കെ വേണ്ടത് അധികാരവും പണവും മാത്രമാണ്. അതിന്റെ പേരില്‍ കിട്ടുന്ന പ്രശസ്തിയാണ് ഇവര്‍ക്ക് പ്രധാനം. ഇതില്‍ വേറെ കഴമ്പൊന്നുമില്ലെന്നത് ഇവരില്‍നിന്നുതന്നെ കിട്ടുന്ന പാഠമാണ്. അതോടെ, ഒരു സംഘടനയിലും അംഗത്വമില്ലാതെ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. സുന്നി, ജമാഅത്തെ ഇസ്ലാമി മദ്രസകളിലൊക്കെ പഠിപ്പിക്കാന്‍ വിളിച്ചു. അവിടെയൊക്കെ പോയി ഞാന്‍ പഠിപ്പിച്ചു. ആ കാലത്താണ് തൗഹീദ് ജമാഅത്ത് എന്ന പി. ജൈനുല്‍ ആബിദീന്റെ സംഘടനയുമായി ബന്ധപ്പെടുന്നത്. അദ്ദേഹം വ്യത്യസ്തമായ ചിന്താഗതിയുള്ള ആളായിരുന്നു. അവരുടെ മദ്രസകളിലും എന്നെ പഠിപ്പിക്കാന്‍ വിളിച്ചു. തിരുവനന്തപുരത്തെ തമിഴ് മുസ്ലിംകള്‍ക്കിടയില്‍ അത്യാവശ്യം സ്വാധീനമുള്ള സംഘടനയാണിത്. ഭക്തരും സമ്പന്നരുമാണ് അവര്‍. ലളിതമായ ജീവിതം നയിക്കുന്നവര്‍. അങ്ങിനെ, എല്ലാ സംഘടനകളുടേയും മദ്രസകളില്‍ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. മോശമില്ലാത്ത ശമ്പളം എല്ലായിടത്തു നിന്നും ലഭിച്ചിരുന്നു.

തുടര്‍ന്നു വായിക്കാം

കെ.ജാമിദ ബീവിയുമായി പി.ടി.മുഹമ്മദ് സാദിഖ് തയ്യാറാക്കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം മെയ് ലക്കം പച്ചക്കുതിരയില്‍

Comments are closed.