DCBOOKS
Malayalam News Literature Website

ഒരു ദലിത് മലയാളി സ്ത്രീയുടെ ആശയലോകം

ബിന്ദു അമ്മിണിയുമായി താഹ മാടായി നടത്തിയ അഭിമുഖസംഭാഷണം

ചിലര്‍ കാണിക്കുന്ന വ്യക്തിപരമായ ധീരതകളാണ് ചില സന്ദര്‍ഭങ്ങളില്‍ ചരിത്രത്തെ പുരോഗമനപരമായി മുന്നോട്ടു കൊണ്ടുപോയത്. സംഭവബഹുലമായ പലതരം പോരാട്ടങ്ങളിലൂടെയാണ് ലോകത്ത് തുല്യത എന്ന ആശയം വേരോട്ടമുണ്ടാക്കുന്നത്. പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാനും വിദ്യാഭ്യാസം നേടാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും വലിയ പ്രക്ഷോഭങ്ങള്‍തന്നെ നടത്തേണ്ടി വന്നിട്ടുണ്ട്. അടികൊണ്ടവര്‍ കെമാറിത്തന്ന വഴികളിലൂടെ പിന്‍തലമുറ പിന്നീട് നടന്നുപോയി. ഈയടുത്ത് വീണ്ടും ലിംഗതുല്യത, നവോത്ഥാനം തുടങ്ങിയ ജനാധിപത്യ ആശയങ്ങള്‍ ഏറെ വലിയ സംവാദമണ്ഡലമായി കേരളത്തില്‍ ഉയര്‍ന്നുവന്നത് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല സന്ദര്‍ശനമാവാം എന്ന ുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിലെവിധിയെത്തുടര്‍ന്നാണ്. ആചാരവാദികളും ലിംഗതുല്യതയ്ക്കു വാദിക്കുന്നവരും നേര്‍ക്കുനേര്‍ നിന്ന ചരിത്ര സന്ദര്‍ഭം.

കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ആ സാമൂഹിക സന്ദര്‍ഭത്തില്‍ അക്രമകാരികളുടെ കണ്ണില്‍പ്പെടാതെ ‘അതിസാഹസികമായി’ ശബരിമല സന്നിധാനം സന്ദര്‍ശിച്ച രണ്ടു സ്ത്രീകളില്‍ ഒരാളാണ്, ബിന്ദു അമ്മിണി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി കാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അദ്ധ്യാപികയായ, നിയമവിഷയങ്ങളില്‍ അവഗാഹമുള്ള ബിന്ദു അമ്മിണി തുല്യത എന്ന അവകാശം ഉയര്‍ത്തിപ്പിടിച്ചു. കീഴാളസ്ത്രീജീവിതത്തിലെ തീവ്രമായ അനുഭവങ്ങളും വിദ്യാഭ്യാസപരമായ ഉണര്‍വ്വുകളും ബിന്ദുവിനെ തുല്യത എന്ന അവകാശത്തിനുവേണ്ടിയുള്ള പോരാളിയാക്കിത്തീര്‍ത്തു. ബിന്ദു അമ്മിണിയുമായി നടത്തുന്ന ഈ സംഭാഷണം ഇതിനകം മാധ്യമങ്ങളും പൊതുസമൂഹവും ഏറെ വിശദീകരിച്ച ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചല്ല; അതുകൊണ്ടാണ് ബിന്ദുവിനോടൊപ്പം സന്നിധാനം കയറിയ കനകദുര്‍ഗയെ ഈ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താഞ്ഞത്. വീട്, സമൂഹം, സമുദായം,ജാതി, മതം, പുരുഷന്മാര്‍, കലാലോകം തുടങ്ങിയ മണ്ഡലങ്ങളില്‍ ബിന്ദു പുലര്‍ത്തുന്ന ആലോചനാലോകമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്; വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ വിട്ടുകളഞ്ഞ ഒരു ദലിത് മലയാളി സ്ത്രീയുടെ ആശയ ലോകം.

താഹ മാടായി: എന്‍.സി.ഇ.ആര്‍.ടി (നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ്) യുടെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ‘മാറുമറയ്ക്കല്‍ സമരം’ ഉള്ള ഭാഗം നീക്കം ചെയ്തിരിക്കയാണല്ലോ. ഒരു അദ്ധ്യാപിക എന്ന നിലയില്‍ ഈ സംഭവത്തെ എങ്ങനെ കാണുന്നു?

ബിന്ദു അമ്മിണി: സത്യത്തില്‍ ഇതിനു മുന്‍പ് ഒരുപാട് രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തില്‍ ന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ അറിയാനുള്ള അവകാശത്തില്‍ നേരിട്ട് കൈ കടത്തുന്ന അനുഭവം മുന്‍പുണ്ടായിരുന്നില്ല. ചരിത്രത്തിലെ അറിവുകളെ നിഷേധിക്കുന്ന തരത്തില്‍ ഭരണകൂടം വന്നിരിക്കയാണിത്. ശരിക്കും ഇത് പ്രതിഷേധിക്കപ്പെടേണ്ടതാണ്. ഒട്ടേറെ പാഠപുസ്തകങ്ങളുണ്ടായിട്ടുപോലും, അതൊന്നുമില്ലാതിരുന്ന പഴയ തലമുറയുടെയത്ര ചരിത്രബോധം ആര്‍ജിച്ചു വരാത്തവരെന്നു തോന്നാവുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത് എന്ന വിമര്‍ശനം എനിക്കുണ്ട്. സംഘ്പരിവാര്‍ ശക്തികള്‍ തന്നെയാണ് ഇതിന്റെ പിന്നിലുള്ളത്. ഇത്തരമൊരു സമീപനം മുന്‍പോട്ടു കൊണ്ടുപോകാന്‍ അനുവദിച്ചുകൂടാത്തതാണ്. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്.

എപ്പോഴും ചരിത്രം പഠിപ്പിക്കുന്നത് ആണധികാരം ഉത്പാദിപ്പിക്കുന്ന രാഷ്രീയമാണെന്നാണോ? നമ്മുടെ പാഠപുസ്തകങ്ങള്‍ അങ്ങനെയാണോ?

തീര്‍ച്ചയായും. പുതിയ കാലം ഒരുപാട് മാറിയിട്ടുണ്ട്. നമ്മുടെ നിയമങ്ങള്‍ മാറി,വാള്യൂസ് മാറി. മൊറാലിറ്റി മാറി…ഇതൊക്കെ മാറി എന്നു പറയുമ്പോഴും നമ്മള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു മൂല്യബോധം എന്നു പറയുന്നത് ആണ്‍കോയ്മയുടേതായ ഒരു മൂല്യബോധംതന്നെയാണ്. മതപഠനങ്ങള്‍ ആയാലും
പാഠപുസ്തകമായാലും പ്രൈമറിതലംതൊട്ട് നാം പെണ്‍കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്നത് ‘അവള്‍ വളരെ ഒതുങ്ങി ജീവിക്കേണ്ടവള്‍’ എന്നാണ്. ”ഒരു പ്രായം കഴിഞ്ഞാല്‍ നിങ്ങള്‍ ബിഹേവ് ചെയ്യേണ്ടത് ഇങ്ങനെയാണ്” എന്നാണു പഠിപ്പിക്കുന്നത്. ആണ്‍കോയ്മ അംഗീകരിച്ചു കൊടുക്കുന്ന ഒരു രീതിയാണ് ഇവിടെ പിന്തുടരുന്നത് എന്നുതന്നെയാണു പറയേണ്ടിവരുന്നത്.

കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ വായിക്കുമ്പോള്‍, അല്ലെങ്കില്‍ ചരിത്രപുസ്തകം വായിക്കുമ്പോള്‍ അത്തരത്തിലുള്ള ചരിത്രമാണ് വായിക്കുന്നത് എന്ന തോന്നലുണ്ടായിട്ടുണ്ടോ?

അങ്ങനെയുള്ളൊരു തോന്നല്‍ എന്റെ ഹൈസ്‌കൂള്‍ തലം മുതലേ വന്നിട്ടുള്ളൂ. പ്രീഡിഗ്രിതലം മുതല്‍ വ്യത്യസ്ത മതങ്ങളെക്കുറിച്ചു പഠിക്കണം എന്നാഗ്രഹിച്ച ആളാണ് ഞാന്‍. എന്റെ വ്യക്തിപരമായ ഒട്ടേറെ തീക്ഷ്ണമായ അനുഭവങ്ങള്‍ കാരണം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഒരാലോചനയാണു നടന്നത്.അങ്ങനെയുള്ള വായനയാണു പിന്നീട് നടക്കുന്നത്.

ഒരു ദലിത് സ്ത്രീ എന്ന നിലയില്‍ എങ്ങനെയാണ് സാമൂഹികമായ കരുത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുന്നത്, വിദ്യാഭ്യാസത്തിലൂടെയാണോ?

വിദ്യാഭ്യാസത്തിലുപരിയായി സമൂഹത്തില്‍നിന്ന് നേരിടേണ്ടിവന്നിട്ടുള്ള ഒരുപാട് അനുഭവങ്ങളില്‍നിന്നാണ് ശരിക്കും ഞാന്‍ മാറിത്തീരുന്നത്. മാത്രമല്ല, ദലിത് കുടുംബങ്ങളില്‍ മറ്റു ജാതിക കുടുംബങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി സ്വാതന്ത്യമുണ്ട്. സാമ്പത്തികസ്വാതന്ത്യവുമുണ്ട്. ഇങ്ങോട്ടു ചീത്തവിളിക്കുന്നവരെ തിരിച്ച് ചീത്ത വിളിക്കാന്‍ ദലിത് സ്ത്രീകള്‍ക്ക് ഊര്‍ജമുണ്ട്.

ഒരു ദലിത്‌സ്ത്രീ, ഒരു ഫെമിനിസ്റ്റ്-ഇതിലേതാണ് സ്ത്രീ എന്ന നിലയില്‍ താങ്കള്‍ സ്വയം അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്?

ഞാന്‍ ഇത് രണ്ടും അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലിത് എന്ന ഐഡന്റിറ്റിയിലും സ്ത്രീ എന്ന ഐഡന്റിറ്റിയിലും ഒരുപോലെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുക ഏതിനെന്നു ചോദിച്ചാല്‍ ദലിത് എന്നുതന്നെ പറയും.

സൈബര്‍ അക്രമത്തിന് ഏറെ വിധേയമായല്ലോ. അത് തളര്‍ത്തിയോ? ശരിക്കും അതിലെ ഭാഷ നിന്ദാസൂചകമാണല്ലോ…

സംസ്‌കാര സമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുലസ്ത്രീകുലപുരുഷന്മാരുടെ ഫെയ്‌സ്ബുക്ക് കമന്റുകള്‍ കണ്ടില്ലേ? സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് സംസ്‌കാര ശൂന്യത തെളിയിക്കുന്നവയാണ
ല്ലോ അവ. എന്നാല്‍ ഇതു കണ്ട് വിശ്വാസിസമൂഹം എന്നു പറയുന്നവര്‍ ആനന്ദിക്കുന്നു. എനിക്കു വന്നിട്ടുള്ള പേരുവയ്ക്കാത്ത കത്തുകള്‍ വൃത്തികെട്ടവയാണ്. സംസ്‌കാരം ചിലരെ ഒന്നും പഠിപ്പിച്ചില്ല എന്നു
തോന്നുംവിധം നിന്ദ്യമായത്. ഈ അടുത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിനു വിധേയമായ ഒരാള്‍ ഞാനാവും. സംശയമില്ല. അപ്പോഴും ആക്രമിക്കുന്നവരുടെ സംസ്‌കാരം മറ്റുള്ളവര്‍ക്കു ബോധ്യപ്പെടുമല്ലോ എന്നുള്ളത് നല്ല കാര്യമായി എനിക്കു തോന്നുന്നു. ബൈബിളില്‍ പറയുന്നതുപോലെ എനിക്കെ
തിരേ വരുന്ന കല്ലുകള്‍കൊണ്ട് ഞാന്‍ അടിത്തറ പണിയും. അല്ലാതെ തളര്‍ന്നുവീഴില്ല…

 

ബിന്ദു അമ്മിണിയുമായി താഹ മാടായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക.

Comments are closed.