DCBOOKS
Malayalam News Literature Website

അച്ഛനും അമ്മയും: സാഹസത്തിന്റെ രണ്ട് കഥകൾ!

മുരളി തുമ്മാരുകുടി

പാടവും പറന്പുമുള്ള പഴയ നായർ തറവാടുകളിലെല്ലാം ഒരു സർപ്പക്കാവും ഉണ്ടായിരുന്നു, പണ്ട്. എന്റെ ചെറുപ്പകാലത്ത് അച്ഛന്റെ വീട്ടിൽ സർപ്പക്കാവുണ്ടായിരുന്നു. എല്ലാ ദിവസവും വൈകിട്ട് അമ്മായി അവിടെ തിരിവെക്കാൻ പോകും. ഞങ്ങൾ കുട്ടികൾക്ക് പകല്തന്നെ അങ്ങോട്ട് പോകാൻ പേടിയാണ്.

എന്റെ ചെറുപ്പകാലത്ത് അമ്മയുടെ വീടായ തുമ്മാരുകുടിയിൽ സർപ്പക്കാവില്ല. ഏകദേശം അന്പത് വർഷം മുൻപ് രണ്ടുവർഷത്തിനിടയിൽ രണ്ടു പശുക്കൾ മരണപ്പെട്ടപ്പോൾ അത് സർപ്പകോപം കൊണ്ടാണെന്ന് അമ്മ അങ്ങ് തീരുമാനിച്ചു. പശുക്കൾ മരച്ചീനിയുടെ ഇല കഴിച്ചതാകാം മരണകാരണം എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരനായ അമ്മാവന്റെ അഭിപ്രായം. പക്ഷേ, അമ്മ എന്തെങ്കിലും പറഞ്ഞാൽ ഉടൻ അതിനെ എതിർക്കുകയും രണ്ടു ദിവസം കഴിഞ്ഞാൽ അമ്മയുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തുകയും ചെയ്യുന്നതായിരുന്നു അമ്മാവന്റെ രീതി.

എന്റെ വല്യച്ഛൻ(അച്ഛന്റെ ചേട്ടൻ) വീട്ടിൽ വന്നപ്പോൾ അമ്മ കാര്യം പറഞ്ഞു. വല്യച്ഛൻ അക്കാലത്ത് പേരുകേട്ട ജ്യോത്സ്യനാണെങ്കിലും അമ്മാവൻ കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് വീട്ടിൽ വരുന്പോൾ ജ്യോതിഷം സംസാരിക്കാറില്ല, അമ്മാവൻ കമ്മ്യൂണിസവും. രണ്ടുപേരും കൃഷിയെപ്പറ്റിയാണ് സംസാരിക്കാറുള്ളത്.

വല്യച്ഛൻ കവടി നിരത്തി. ഗതികിട്ടാതെ നടക്കുന്ന കാരണവന്മാരുടെ ആത്മാവും ഒന്നോ രണ്ടോ ബ്രഹ്മരക്ഷസും കൂടാതെ ഒരു സർപ്പവും പറന്പിൽ ഉണ്ടെന്ന് വല്യച്ഛൻ. അവയെ പിടിച്ചു കുടിയിരുത്തണം.

അത് വലിയൊരു ചടങ്ങാണ്. ആ ചടങ്ങാണ് എന്നെ വിശ്വാസിയിൽ നിന്നും യുക്തിവാദിയാക്കിയത്. ആ കഥ പിന്നീട് പറയാം.

അങ്ങനെ തുമ്മാരുകുടിയിലും ഒരു സർപ്പക്കാവുണ്ടായി. അതിപ്പോഴും അവിടെത്തന്നെയുണ്ട്.

അന്ന് സർപ്പത്തെ കുടിയിരുത്തിയതുകൊണ്ടൊന്നും അമ്മയ്ക്ക് പാന്പുകളോടുള്ള അടിസ്ഥാന വികാരത്തിൽ മാറ്റമുണ്ടായില്ല. പറന്പിൽ പണിയെടുക്കുന്പോൾ പാന്പിനെ കാണുന്നത് വലിയ സംഭവമല്ല. അപ്പപ്പോൾ കൈയിലുള്ള ആയുധം ഉപയോഗിച്ച് അമ്മ അതിനെ നേരിടും. കുട്ടികൾക്ക് കളിച്ചു നടക്കാനുള്ള പറന്പാണ്, അവിടെ വിഷജന്തുക്കൾ ഒന്നും വേണ്ട. വെട്ടൊന്ന്, മുറി രണ്ട്.

അനിയന്റെ കല്യാണം കഴിഞ്ഞ് അധികനാൾ ആകുന്നതിന് മുൻപ് അമ്മ ഒരു ചെറിയ വടിയുമായി വീട്ടിലെ അറയിലേക്ക് പോകുന്നത് അനിയന്റെ ഭാര്യ കണ്ടു. തിരിച്ചു വരുന്പോൾ കടലാസ്സിൽ പൊതിഞ്ഞ എന്തോ കൈയിലുണ്ട്.

“എന്താണമ്മേ അത്?”

“ഓ, ഒരെലി” എന്ന് നിസ്സാരമായി പറഞ്ഞുകൊണ്ട് അമ്മയത് പടിഞ്ഞാറേ പറന്പിലെ പൊട്ടക്കിണറ്റിൽ കൊണ്ടുപോയിട്ടു.

ഏറെ നാൾ കഴിഞ്ഞാണ് അമ്മ ആ സത്യം വെളിപ്പെടുത്തിയത്. “അതൊരു ചെറിയ മൂർഖനായിരുന്നു, അവള് പേടിക്കുമല്ലോ എന്നോർത്താണ് എലിയാണെന്ന് പറഞ്ഞത്.” അന്ന് Textഞങ്ങളുടെ വീട് പുതുക്കിപ്പണിതിട്ടില്ല. മൂർഖനുള്ള വീട്ടിൽ താമസിക്കാൻ പുതിയ മരുമകൾ പേടിച്ചാൽ അത്ഭുതമില്ല. (മൂർഖനെ നിസ്സാരമായി അടിച്ചുകൊല്ലുന്ന അമ്മായിയമ്മയുടെ കൂടെ താമസിക്കാൻ ഒരുപക്ഷേ, കൂടുതൽ പേടിച്ചാലോ).

അതുകൊണ്ടാണ് മൂർഖനെ അടിച്ചു കൊന്നിട്ട് അമ്മ അതിനെ എലിയാക്കിയത്. അതാണ് അമ്മയുടെ സാഹസത്തിന്റെ കഥ. അമ്മയുടെ സർപ്പക്കഥ പറഞ്ഞ സ്ഥിതിക്ക് അച്ഛന്റെ പാന്പുമായുള്ള ഏറ്റുമുട്ടലും കൂടി പറയാതെ കഥ പൂർണ്ണമാവില്ല.

എന്റെ അച്ഛനും അമ്മയും വ്യത്യസ്തമായ ചിന്താരീതികൾ ഉള്ളവരായിരുന്നു. മക്കൾ പഠിച്ചു മിടുക്കരാവണം എന്ന് അമ്മ ആഗ്രഹിച്ചപ്പോൾ മക്കൾ സന്തോഷമായിരിക്കണം എന്ന് മാത്രമാണ് അച്ഛൻ ആഗ്രഹിച്ചത്. ജോലിക്ക് പോകേണ്ട സമയത്ത് പനിയുള്ള മക്കളെ കെട്ടിപ്പിടിച്ചുകിടന്ന് കഥ പറയുന്നതായിരുന്നു അച്ഛന്റെ ശീലമെങ്കിൽ, പ്രസവിച്ചു നാല് ദിവസം കഴിയുന്നതിനു മുൻപ് വീട്ടിലും പറന്പിലും ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യമായിരുന്നു അമ്മയുടേത്. പാടത്തും പറന്പിലും ആയിരുന്നു അമ്മയുടെ ജീവിതമെങ്കിൽ വീടിന്റെ മുറ്റമായിരുന്നു അച്ഛന്റെ അതിര്.

ഉദ്യോഗമണ്ഡലിൽ എഫ് എ സി ടി യിലെ കഫറ്റീരിയയിൽ ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ. അച്ഛൻ പതിവായി ഫാക്ടറിയിൽ പോകാറില്ല എന്ന് പറഞ്ഞല്ലോ. മിക്കവാറും സമയം വെങ്ങോലയിലെ വീട്ടിലായിരുന്നുവെങ്കിലും ഉദ്യോഗമണ്ഡലിൽ ഒരു കന്പനി ക്വാർട്ടേഴ്‌സ് ഉണ്ടായിരുന്നു അച്ഛന്. ജോലിക്ക് പോകുന്ന അപൂർവ സമയങ്ങളിൽ അച്ഛൻ അവിടെ പോയി താമസിക്കും.

ഒരു ദിവസം രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ക്വാർട്ടേഴ്‌സിൽ വന്നു കിടന്നുറങ്ങിയ അച്ഛൻ പുറത്ത് സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ടു. ഉറക്കച്ചടവോടെ ഇറങ്ങിച്ചെല്ലുന്പോൾ അടുത്ത വീട്ടിലെ സ്ത്രീകളെല്ലാം ഒരു ക്വർട്ടേഴ്സിനു മുന്നിലുണ്ട്. “പാന്പ്, പാന്പ്” എന്നവർ വിളിച്ചു പറയുന്നുമുണ്ട്.

പകൽ സമയമായതിനാൽ അടുത്തുള്ള വീടുകളിലെ ആണുങ്ങളെല്ലാം ജോലിസ്ഥലത്താണ്. അച്ഛനെ കണ്ടതോടെ അവർക്ക് ആശ്വാസമായി.

“രാമൻ ചേട്ടാ, സ്വാമിയുടെ വീട്ടിൽ ഒരു പാന്പ്!” അടുത്ത വീട്ടിലെ സ്ത്രീ അച്ഛനോട് പറഞ്ഞു.

അച്ഛനും എന്നെപ്പോലെ പേടിയുടെ അസുഖമുള്ള ആളാണ്. എന്നാൽ ഒരു ഡസൻ സ്ത്രീകൾ മുന്നിൽ നിന്ന് അലമുറയിടുന്പോൾ ആണുങ്ങൾ പേടിച്ച് പിന്നോട്ടുപോകുന്നത് മോശമാണെന്നല്ലേ ഞങ്ങൾ പാവം ആണുങ്ങളെ കാലാകാലമായി പഠിപ്പിച്ചുവെച്ചിരിക്കുന്നത്.

വേറൊരു നിവൃത്തിയുമില്ലാതെ അച്ഛൻ ചോദിച്ചു, “ഒരു വടി കിട്ടുമോ?” (പാടാൻ പെട്ടി വേണം എന്ന ആറാംതന്പുരാനിലെ പപ്പുവിന്റെ ആവശ്യം ഓർക്കുക).

എവിടെ കിട്ടും പെട്ടി? സോറി…വടി?

അച്ഛന്റെ കഷ്ടകാലത്തിന് അടുത്ത വീട്ടിൽ ഒരു വടിയുണ്ടായിരുന്നു. അച്ഛൻ വടിയുമായി വിറയ്‌ക്കുന്ന പാദത്തോടെ സ്വാമിയുടെ വീട്ടിലേക്ക് കയറി, പുറകെ സ്ത്രീകളും.

“ആ അടുക്കളയുടെ അപ്പുറത്തുള്ള ബാത്ത്റൂമിന് മുന്നിലാണ്.” സ്വാമിയുടെ ഭാര്യ പറഞ്ഞു.

അച്ഛൻ അടുക്കളയുടെ മുന്നിലൂടെ ബാത്ത്റൂമിനടുത്തേക്ക് പോയി.

കാര്യം അച്ഛൻ ജോലി കിട്ടിയതിന് ശേഷം പാടത്തൊന്നും ഇറങ്ങാറില്ലെങ്കിലും ചെറുപ്പത്തിൽ ഗ്രാമത്തിൽ വളർന്നതിന്റെ അറിവൊക്കെയുള്ളതിനാൽ സ്വാമിയുടെ കുളിമുറിയോട് ചേർന്നുള്ള ഇറയത്ത് കയറിക്കിടക്കുന്ന പാന്പ് നീർക്കോലിയാണെന്ന് അച്ഛന് വേഗം മനസ്സിലായി. ക്വാർട്ടേഴ്സിന്റെ പിന്നിലൂടെ ഒരു ചെറിയ തോട് ഒഴുകുന്നുണ്ട്. അവിടെനിന്നും കയറിവന്നതാണ് നീർക്കോലി. ക്വാർട്ടേഴ്സിലുള്ള മിക്കവാറും സ്ത്രീകൾ നഗരങ്ങളിൽനിന്നോ തമിഴ്‌നാട്ടിൽനിന്നോ വന്നവരായതിനാൽ അവർക്ക് നീർക്കോലിയെ അത്ര പരിചയമില്ല.

അച്ഛൻ ധൈര്യം വീണ്ടെടുത്തു. അച്ഛനിലെ നടൻ ഉണർന്നു. (ഒരുകാലത്ത് ഉദ്യോഗമണ്ഡലിലെ അറിയപ്പെടുന്ന നടനായിരുന്നു എന്റെ അച്ഛൻ. അച്ഛന്റെ നാടകത്തിന് യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫ് വരെ വന്നു പാടിയിട്ടുണ്ട്. അക്കാലത്ത് റെക്കോർഡഡ് മ്യൂസിക് ഇല്ല, ലൈവ് ആണ്).

“നിങ്ങൾ പുറത്തേക്ക് മാറി നിൽക്ക്”, അച്ഛൻ ആജ്ഞാപിച്ചു. സ്ത്രീകൾ പുറത്തേക്ക് മാറി.

അച്ഛൻ ഒറ്റയടിക്ക് നീർക്കോലിയുടെ നടുവൊടിച്ചു. എന്നിട്ട് അതിനെ വടിയുടെ അറ്റത്ത് കോരിയെടുത്ത് വീടിന്റെ പുറകുവശത്തേക്ക് ഇറങ്ങി. വീടിന്റെ മുന്നിൽ നിന്ന സ്ത്രീകൾ അടിയുടെ ഒച്ചകേട്ട് വീണ്ടും വീട്ടിനകത്തേക്ക് കുതിച്ചു. നോക്കുന്പോൾ പാന്പിനെയും തൂക്കിയെടുത്ത് അച്ഛൻ തോടിനു കരയിൽ നിൽക്കുകയാണ്.

സ്ത്രീകളെ കണ്ടതോടെ അച്ഛൻ പെട്ടെന്ന് പാന്പിനെ തോട്ടിലേക്കിട്ടു. നടുവൊടിഞ്ഞെങ്കിലും ജീവിക്കാൻ പറ്റുമെങ്കിൽ പാവം ജീവിക്കട്ടെ! മാത്രമല്ല, ആ കൂട്ടത്തിൽ നീർക്കോലിയെ കണ്ടാൽ തിരിച്ചറിയുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ അച്ഛന്റെ ഹീറോയിസവും പോയില്ലേ.

അക്കാലമായതുകൊണ്ട് സ്ത്രീകൾ അച്ഛനെ കെട്ടിപ്പിടിക്കുകയോ തോളിലേറ്റുകയോ ചെയ്തില്ല. എങ്കിലും രാമൻ നായർ ഒരു സംഭവമാണെന്ന് അന്ന് വൈകിട്ട് അവർ അവരുടെ കുട്ടികളോടും ഭർത്താക്കന്മാരോടും പറഞ്ഞു. അച്ഛനെ പിറ്റേന്ന് മുതൽ അവർ പുതിയൊരു ബഹുമാനത്തോടെ നോക്കി. അച്ഛൻ അവരുടെ മുന്നിൽ ഞെളിഞ്ഞു നടന്നു.

(നമ്മുടെ വാവ സുരേഷ് ഓരോ പാന്പിനെയും പിടിച്ചതിന് ശേഷം അല്പം ഷോ കാണിക്കുന്പോൾ ഞാൻ അച്ഛനെ ഓർക്കും. ഈ ആളുകളുടെ ആരാധന കിട്ടുക എന്നുപറഞ്ഞാൽ ചെറിയ കാര്യമല്ല. അതൊരു ലഹരിയാണ്).

എന്റെ അച്ഛനും എന്നെപ്പോലെ സുരക്ഷാബോധമുള്ള ആളായിരുന്നു. ആ സംഭവത്തിന് ശേഷം രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് എത്ര വൈകിയാലും അച്ഛൻ വെങ്ങോലയ്ക്ക് പോരും. മറ്റു ക്വാർട്ടേഴ്‌സുകളിൽ ആണുങ്ങളില്ലാത്ത സമയത്ത് അവിടെ തങ്ങാൻ ഒരുന്പെടാറില്ല. അടുത്ത തവണയും നീർക്കോലിതന്നെയാകും വരുന്നതെന്ന് ഒരുറപ്പുമില്ലല്ലോ. ഉള്ള പേര് വെറുതെ കളയേണ്ടല്ലോ.

അങ്ങനെ ധീരനായിത്തന്നെ മറ്റൊരു പാന്പിനെയും തല്ലാതെ അച്ഛൻ റിട്ടയറായി. കഥ കഴിഞ്ഞു… സുരക്ഷിതരായിരിക്കുക, സന്തോഷമായിരിക്കുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.