DCBOOKS
Malayalam News Literature Website

കൊറോണയും കെന്‍ജി മിയാസാവയും: അമല്‍ എഴുതുന്നു

കെന്‍ജി മിയാസാവ. വയസ് നാല്‍പ്പത്തിനാല്. എത്രയോ വര്‍ഷങ്ങളായി ടോക്യോയില്‍ എബിസു എന്ന ആഡംബരനഗര ഭാഗത്തെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയാണ്. രാവിലേ ഒന്‍പതരയോടെ എത്തും. രാത്രി പന്ത്രണ്ടോടെ എല്ലാം അടച്ചുപൂട്ടി അപ്പാര്‍ട്ട്മെന്‍റിലേക്ക് പോകും. സൈക്കിളിലാണ് പോക്കും വരവും. മുറിയിലെത്തിയാല്‍ രാത്രി രണ്ട് രണ്ടര വരെ സാക്കേയോ ബിയറോ കുടിച്ചിരിക്കും. ഉറങ്ങും. പിറ്റേന്ന് എട്ടരക്ക് എണീക്കും. യന്ത്രം പോലെ ഇതിങ്ങനെ തുടരുന്നു. ആഴ്ചയില്‍ രണ്ട് ദിനം അവധി. വളരെ വൈകിയാണ് കല്യാണം കഴിച്ചത്. അത് കേട്ട് ഞാന്‍ ചിരിച്ചു. ഈയിടെ ഒരു നിരാശ പുള്ളി പ്രകടിപ്പിച്ചു തുടങ്ങി. ചുമ്മാ ദേഷ്യം. ഇടക്ക് പുറത്തേക്ക് പോയി ഒറ്റക്ക് നില്‍പ്പ്. ജോലി സമയത്ത് ഒട്ടും പാടില്ലാത്ത വൈന്‍ കുടി. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ഏക ആളാണ്‌ മിയാസാവ. അത് കൊണ്ട് സംഗതി എന്താന്ന്‍ ചോദിച്ചപ്പോള്‍ എന്നോട് തുറന്നു പറഞ്ഞു. ഭാര്യ ഗര്‍ഭിണിയാണ്. വേറേ ആരുമില്ല സഹായത്തിനും മറ്റും. എന്നാലും അവധി എടുക്കില്ല. ജോലി സ്ഥലത്ത് സേവനം അത്യന്താപേക്ഷിതമാണ്. പിന്നേ ഫുക്കുഷിമ ആണവനിലയമല്ലേ ഇത്, ഞാന്‍ ചിരിച്ചു.

കുറേ നാള്‍ കഴിഞ്ഞപ്പോ ഒരു പെണ്‍കുഞ്ഞ് ജനിച്ച കാര്യം വന്നു പറഞ്ഞു. ഭാര്യ പ്രസവിച്ച സമയത്ത് അവധി എടുക്കാന്‍ ശ്രമിക്കാതെ പുറമേ ചിരിച്ചു ജോലി ചെയ്ത മിയാസാവ കുഞ്ഞ് വന്നതോടെ ആകെമാറി. എന്നോട് മാത്രം ജോലി പ്രശ്നമാണ് നിരാശയാണ് എന്ന് രഹസ്യമായി പറയും. അവധി ദിനങ്ങളെ ഇത്രയും പ്രണയിച്ച, കാത്തിരുന്ന കാലം ജീവിതത്തില്‍ ഇല്ല പോലും. പക്ഷേ ഭക്ഷണ ശാലയിലെ മറ്റ് എട്ടൊന്‍പത് ജപ്പാനീസുകാരോട് അത്യന്തം ആവേശത്തോടെ ജോലിക്കായി സ്വയം സമര്‍പ്പിച്ച്‌ തന്നെ പെരുമാറും. എന്തൊരു മനുഷ്യരാണ് ഇവര്‍.. ക്രേസി വർക്കഹോളിക്. ഞാന്‍ ചിരിച്ചു. പിന്നെ മൊബൈലില്‍ മകളുടെ ഫോട്ടോകള്‍ കൊണ്ട് വന്ന് കാണിക്കും. കുഞ്ഞ് മിയാസാവച്ചാന്‍. രാജകുമാരി എന്നൊക്കെ പറഞ്ഞ് ചിരിയും കളിയുമാണ്. ഇപ്പോ മോസ്റ്റ് ഹാപ്പി മാൻ. ജോലിയല്ല വലുത്. അതിനോടൊപ്പം കളിക്കുന്നതാണ് എന്നൊക്കെ നിരന്തരം പറയും. ജോലി വിടണം. വിടുന്നു. എന്നാല്‍ ജോലിയാണ് ജീവിതം. ജോലിയേ ജീവന്‍ ഇങ്ങനെ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഓടി നടന്ന് ഉപചാര വാക്കുകള്‍ പറയുന്നു. ഓര്‍ഡര്‍ എടുക്കുന്നു. ഭക്ഷണം വിളമ്പുന്നു.

സാമൂഹികവ്യാപനം തടഞ്ഞ് കൊറോണയെ ചെറുക്കാനായി ലോകം മുഴുവൻ വീട്ടിലിരുന്ന് നല്ലതിനും തീയതിനും സമയം വിനിയോഗിക്കവേ പോലും ഞങ്ങള്‍ ജോലി ചെയ്ത് കൊണ്ടിരുന്നു.

എന്താണ് നടക്കുന്നത്. ഞാന്‍ മിയാസാവയോട് ആയിടെ ചോദിച്ചു.

എണ്ണിയാലൊടുങ്ങാത്തത്ര ഭക്ഷണശാലകളുള്ള മഹാനഗരമാണ് ടോക്യോ. ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളും അവരുടെ ഭക്ഷണക്കടകള്‍ സ്ഥാപിച്ച നഗരം. ലക്ഷക്കണക്കിന്‌ മനുഷ്യരാണ് മിയാസാവയെയും എന്നെയും പോലെ ഭക്ഷണശാലകളില്‍ തൊഴിലെടുത്ത് ജീവിക്കുന്നത്. അണുകുടുംബവ്യവസ്ഥയും, ഏകാന്തതയും നന്നേ ചെറിയ അപ്പാര്‍ട്ട്മെന്‍റ് ജീവിതവും അധികസമയജോലിയും കാരണം ഇവിടത്തെ പൊതുസമൂഹം ഹോട്ടലുകളെ സ്വന്തം വീട് പോലെയാണ് കാണുന്നത്. ദിവസവും സ്ഥിരമായി അങ്ങേയറ്റം വൈവിധ്യപൂര്‍ണ്ണമായ ജപ്പാനീസ് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്‌ സര്‍വ്വ സാധാരണം. വൃത്തിയും വിശ്വസ്തതയും നൂറ്റൊന്ന് ശതമാനം ആയതിനാല്‍ ആരോഗ്യപ്രശ്നമൊന്നും ലോകത്തില്‍ ആയുസ്സില്‍ ഒന്നാംസ്ഥാനം കയ്യാളുന്ന രാജ്യമായ ജപ്പാനിലെ ആളുകള്‍ക്ക് അധികമില്ല. എല്ലാ ഹോട്ടലിലും എപ്പോഴും തിരക്ക്. കൊറോണ ലോകം മുഴുവന്‍ വ്യാപിച്ചപ്പോഴും സ്കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി നല്‍കുകയും ആഭ്യന്തരമായി പലവിധ മുന്‍കരുതലുകള്‍ കൈക്കൊണ്ട് തുടങ്ങുകയും ചെയ്തെങ്കിലും പൊതുജനജീവിതം യാതൊരു വിലക്കുകളും ഇല്ലാതെയെന്ന പോലെ മുന്നോട്ട് പോയി. കാരണം മാസ്ക് ധരിക്കലും വ്യക്തിപരിസരപാരിസ്ഥിതിക ശുചീകരണവും സാമൂഹിക അകലവും നിയമപരിപാലനവും കുഞ്ഞുന്നാള്‍ മുതലേ രക്തത്തില്‍ അലിഞ്ഞവരാണെന്നത് തന്നെ. പക്ഷേ രാജ്യമൊന്നാകെ സ്വപ്നം കണ്ട 2020 ടോക്യോ ഒളിംപിക്സ് മാറ്റി വയ്ച്ചതിന് പിന്നാലേ ടോക്യോ നഗരത്തില്‍ പെട്ടന്ന്‍ കൊറോണ രോഗികളുടെ എണ്ണവും മരണങ്ങളും ഉയരാന്‍ തുടങ്ങി. ഈ വൈറസ് സാധാരണ പോലെയല്ലെന്ന് ജനങ്ങളും ഗവണ്മെന്‍റും മനസിലാക്കി ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങി. ഉറ്റ ചങ്ങാതിയായ അത്ഭുതങ്ങളുടെ രാജാവായ അമേരിക്ക നേരിടുന്ന പതനമാണ് ജപ്പാനെ ഭയപ്പെടുത്തിയത് എന്ന് മിയാസാവ തമാശ പറഞ്ഞു. പക്ഷേ ജോലിയെ ജീവന്‍റെ ജീവനായി കാണുന്ന അധ്വാനശീലരായ ആള്‍ക്കാരെ ഒരിക്കലും അങ്ങനെ വീട്ടിലിരുത്താന്‍ കഴിയില്ല. ഉദാഹരണം, നമ്മുടെ റസ്റ്റോറന്‍റ്. ഇപ്പോഴും തുറന്നിരിക്കുന്നു. ആളുകള്‍ വരുന്നു. അയാള്‍ വീണ്ടും പുറമേ സന്തോഷം നടിച്ച് അകമേ നിരാശനായി. മിയാസാവയുടെ ഇച്ഛയും ഡോക്ടറുടെ കല്‍പനയും ഒന്നാകാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

ജോലി ചെയ്തില്ലെങ്കില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ആളുകളുടെ നാടാണ്. പോരാത്തതിന് വ്യക്തിസ്വാതന്ത്ര്യം അങ്ങേയറ്റം. ലോകരാജ്യങ്ങള്‍ ചെയ്യുന്നത് പോലെ നിര്‍ബന്ധിത ലോക്ക് ഡൌന്‍, വീട്ടിലിരുത്തല്‍ ഒന്നും നടക്കില്ല. അങ്ങനെയാണ് പ്രധാനമന്ത്രിയും മേയറും ജനങ്ങളോട് കഴിയുമെങ്കില്‍ വീട്ടില്‍ത്തന്നെ ഇരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികളും പരമാവധി അവസരം നല്‍കി. നിയമങ്ങള്‍ അങ്ങേയറ്റം പാലിക്കുന്ന ആളുകള്‍ ആയതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൌകര്യമുള്ളവരും അല്ലാത്തവരും പുറത്ത് വരല്‍ കുറവായി. വലിയൊരു ശതമാനം പേര്‍ സ്വമനസ്സാലേ ഗവണ്മെന്റ്നോട്‌ സഹകരിച്ചു. സൗജന്യ മാസ്കും കുടുംബത്തില്‍ ആളൊന്നിന് എഴുപതിനായിരം രൂപയും ഗവണ്മെന്റ് പ്രഖ്യാപിച്ചു. വീട്ടില്‍ അച്ഛനമ്മമാരും പത്ത് സഹോദരങ്ങളും ഉണ്ടായിരുന്നെങ്കില്‍ എത്ര കാശ് വന്നേനെയെന്നു മിയാസാവ വെറുതേ തമാശ പറഞ്ഞു. അടിയന്തരാവസ്ഥ എന്നാണ് പേരെങ്കിലും ഇതെന്ത് അടിയന്തരാവസ്ഥ എന്ന് ഞാനും തമാശ തിരിച്ചു കൊടുത്തു ചിരിച്ചു. മെട്രോയും ബസും ടാക്സിയും ട്രെയിനും നിമിഷം തെറ്റാതെ ഓടുന്നു. നാല് കോടി മനുഷ്യര്‍ ദിവസവും ടോക്യോയില്‍ മെട്രോയില്‍ മാത്രം തിങ്ങിവിങ്ങി സഞ്ചരിക്കുന്നു എന്നാണ് കണക്ക്. സകല കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. സുഖമമായ ജനജീവിതം. ഇല്ല, ഇതൊരു മായാനഗരമാണ്. പെട്ടന്ന് പ്രത്യക്ഷപ്പെടാനും അതേ പോലെ അപ്രത്യക്ഷമാകാനും കഴിയുന്ന നഗരം. കണ്ണുകളെ വിശ്വസിക്കണ്ട. മിയാസാവ നിരാശയോടെ ചിരിച്ചു. തിരക്കിന് ഉടനേ കുറേക്കൂടി കുറവ് വന്നു. ഡിസ്നി ലാന്‍ഡ് അടച്ചു. മ്യൂസിയങ്ങളും ടോക്യോ ടവറും ഏകാന്തതയിലായി. പൂത്തുലയുന്ന സാക്കുറ മരങ്ങളെ കാണാന്‍ ആരുമില്ലാതായി. ഏകാന്തമായ ജീവനുകള്‍ കൂടുതല്‍ ഏകാന്തമായി. കൃത്യമായി ഓടുന്ന വണ്ടികളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. യഥേഷ്ടം ഇരുന്ന്‍ പുസ്തകം വായിച്ച് ഞാന്‍ ജോലിസ്ഥലത്തെക്ക് പോയി.

അങ്ങനെ കോവിഡ് അടിയന്തരാവസ്ഥ കുറച്ചു കൂടി നീട്ടി. പാച്ചിങ്കോ ഗെയിം സെന്‍ററുകളും വമ്പന്‍ മാളുകളും പ്രവര്‍ത്തനം നിര്‍ത്തി വച്ച് സഹകരിച്ചു. മദ്യശാലകളും ഹോട്ടലുകളും സ്വയമേ തന്നെ അടച്ചു തുടങ്ങി. തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഏഴ് മണിക്ക് ശേഷം മദ്യം വിളമ്പുന്നില്ല. പരമാവധി എട്ട് മണി, ഒന്‍പത് മണി വരെ പ്രവര്‍ത്തനം. മദ്യം സകല സൂപ്പര്‍മാര്‍ക്കറ്റിലും ചെയിന്‍ സ്റ്റോറുകളിലും ഉള്ളതിനാല്‍ അതൊരു പ്രശ്നമല്ല. നമ്മുടെ റസ്റ്ററന്‍റില്‍ തിരക്ക് തീരെ കുറഞ്ഞു. ജോലി ഒട്ടും ഇല്ലാത്തതിനാല്‍ എല്ലാവരിലും അസ്വസ്ഥത പെരുകുന്നത് കണ്ടു. കൊറോണ വ്യാപനം തടയാനായി എന്ന് പറഞ്ഞ് അങ്ങനെ മാനേജ്മെന്‍റ് ഒരു തീരുമാനം എടുത്തു. ജോലിക്കാരുടെ എണ്ണം കുറയ്ക്കാം. ഉള്ളവരുടെ ജോലി സമയവും കുറയ്ക്കാം. റസ്റ്ററന്‍റ് അടക്കണ്ട. താല്‍ക്കാലിക ജോലിക്കാരെ തല്‍ക്കാലം വേണ്ട. അങ്ങനെ ഞാന്‍ ഉള്‍പ്പെടുന്ന കുറേപ്പേരോട് ഇനി തല്‍ക്കാലം വരണ്ട എന്ന് പറഞ്ഞു. മാനേജ്മെന്‍റിനെ സഹായിക്കും വിധം മിയാസാവ പറഞ്ഞു എനിക്കു വളരെ സമ്മതം. എന്‍റെ ജോലി സമയം നേരേ കാല്‍ ഭാഗമാക്കൂ.

ഞാന്‍ ചിരിച്ചില്ല. ജോലി പോയി. എന്‍റെ ചിരി മാഞ്ഞു. അനേകം അവധി ദിനങ്ങള്‍ ലഭിച്ച മിയാസാവ അങ്ങേയറ്റം സമ്പുഷ്ടന്‍. സന്തുഷ്ടന്‍. വിശ്രമവും കുടുംബത്തിനൊപ്പം സന്തോഷത്തോടെ ഇരിക്കലും ആണ് സ്വര്‍ഗ്ഗം എന്ന് പറയുന്നു. അത് ഈ വൈകിയ വേളയില്‍ ഒരു വൈറസ് കാരണം മനസിലാക്കുന്നു പോലും. കുഞ്ഞിന്‍റെ ചിരി. കളി. സംസാരം. പാചകം. ഭാര്യയെ സഹായിക്കല്‍. വീട് വൃത്തിയാക്കല്‍. ഒരിടത്തിരുന്ന് വായന, ചുമ്മാ ചിന്തിക്കല്‍. ബാല്‍ക്കണിയില്‍ പൂന്തോട്ടം സ്ഥാപിക്കല്‍. ടീവി കാണല്‍. കുട്ടിക്കാലത്തെ പാഷനായിരുന്ന പിയാനോ പഠനം. വ്യായാമം. ആസ്വദിച്ചുള്ള കുളി. ബന്ധുക്കളെ വിളിച്ച് സംസാരം. അടുത്തുള്ള പാര്‍ക്കില്‍ കുഞ്ഞിനേയും കൊണ്ട് പോയി കിളികളോട് കളി. എന്തിന്‌ കുഞ്ഞിനെ വയറ്റത്ത് കിടത്തി സുഖമായ ഉറക്കം ..ഒക്കെ തുടങ്ങി പോലും. നല്ലത്, ഞാന്‍ പറഞ്ഞു.

ജപ്പാനില്‍ ഫെബ്രുവരിയിലായിരുന്നു ആദ്യ കോവിഡ് മരണം, ഇത് വരെ 16000പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ മേയ് 15 വരെ മരണം 710. ലോകത്തിലെ അവിശ്വസനീയമായ നിലയില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലത്ത്, ഒരു ലക്ഷത്തോളം പേര്‍ക്ക് ഉറപ്പായും രോഗം പ്രതീക്ഷിച്ച സ്ഥാനത്ത് ഇത്രയും നിയന്ത്രണം സാധിച്ചതിന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അധ്വാനത്തിനും ശാന്തതയ്ക്കും അനുസരണയ്ക്കും ഉത്തമഉദാഹരണങ്ങളായ ഈ രാജ്യത്തിന്‍റെ എല്ലാമായ ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചു. അതിന് പിന്നാലേ തെരുവുകള്‍ വീണ്ടും സജീവമായി. തിരക്ക് വര്‍ദ്ധിച്ചു. റസ്റ്ററന്‍റില്‍ ആഴ്ചയില്‍ ഒരു ദിവസം ജോലിക്ക് വന്നോളാന്‍ എനിക്ക് സന്ദേശം കിട്ടി. ആദ്യം മിയാസാവയെ ബന്ധപ്പെട്ടു. അയാള്‍ ചിരിക്കുകയാണ്. ഇപ്പോഴത്തെ ഈ ജീവിതം പോലെ മതി. പഴയത് പോലെ ഇനി ജോലിമാത്രം എന്ന രീതി വയ്യ. കുറച്ചു മണിക്കൂര്‍ ജോലിക്ക് വരും. ബാക്കി സമയം വീട്ടില്‍ കുഞ്ഞിനൊപ്പം ഇരിക്കാന്‍ തീരുമാനിച്ചു. കൊറോണയുടെ സംഹാരത്തില്‍ വേദനയുണ്ട്. അത് ലോകത്തിനു നല്‍കിയ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് വിഷമിക്കുന്നു. ഈ കാലവും കടന്നു പോകും. പെട്ടന്ന് ഇതിനു മരുന്ന് കണ്ടെത്തി ലോകം സുഖം പ്രാപിക്കട്ടെ. കൊറോണ നല്‍കിയ/പഠിപ്പിച്ച ചെറിയൊരു പാഠം ഉള്‍ക്കൊണ്ട് മിയാസാവ ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു.

Comments are closed.